TopTop

കൊറോണ ഭീതിയില്‍ വിദേശികള്‍ക്കുള്ള വിസ നിരോധനം; ഇന്ത്യന്‍ ടൂറിസം മേഖല പ്രതിസന്ധിയില്‍

കൊറോണ ഭീതിയില്‍ വിദേശികള്‍ക്കുള്ള വിസ നിരോധനം; ഇന്ത്യന്‍ ടൂറിസം മേഖല പ്രതിസന്ധിയില്‍

കൊറോണ വൈറസിന്റെ വ്യാപനത്തെ ചെറുക്കുന്നതിനായി വിദേശ സന്ദര്‍ശകര്‍ക്ക് വിസ നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്താനുള്ള സര്‍ക്കാര്‍ തീരുമാനം വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ഇന്ത്യയിലെ ഹോട്ടലുടമകളും ട്രാവല്‍ ഓപ്പറേറ്റര്‍മാരും മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍, രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 140 ആയി ഉയര്‍ന്നിട്ടുണ്ട്. മൂന്നു പേര്‍ മരണപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായില്ലെങ്കില്‍ കൂടുതല്‍ കടുത്ത നടപടികളിലേക്ക് രാജ്യത്തിന് നീങ്ങേണ്ടി വരും.

ഇന്ത്യയിലേക്കുള്ള എല്ലാ വിസകളും കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്ന വിസാ വിലക്ക് ഏപ്രില്‍ 15 വരെ നിലനില്‍ക്കുമെന്നാണ് ഇതുവരെയുള്ള തീരുമാനം. മാത്രമല്ല താജ്മഹല്‍ ഉള്‍പ്പടെയുള്ള രാജ്യത്തെ ചരിത്ര സ്മാരകങ്ങളെല്ലാം അടയ്ക്കാന്‍ ടൂറിസം മന്ത്രാലായം നിര്‍ദേശം നല്‍കി കഴിഞ്ഞു. ഈ മാസം 31 വരെയാണ് ഈ കേന്ദ്രങ്ങളെല്ലാം അടയ്ക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കൂടാതെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം തന്നെ അടച്ചിട്ടുണ്ട്.

അത് സ്വാഭാവികമായും ഏറ്റവും കൂടുതല്‍ ബാധിക്കുക ടൂറിസം മേഖലയെയാണ്. ദശലക്ഷക്കണക്കിന് ആളുകള്‍ ടൂറിസ്റ്റ് മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. ആഭ്യന്തര ടൂറിസമാണ് ഇന്ത്യയില്‍ വലുതെങ്കിലും പ്രതിവര്‍ഷം 10 ദശലക്ഷം വിദേശ വിനോദ സഞ്ചാരികളെ രാജ്യം സ്വാഗതം ചെയ്യുന്നുവെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. രാജസ്ഥാന്‍ മരുഭൂമിയാണ് പലരുടെയും ഇഷ്ട കേന്ദ്രം. ഇത്തവണ ഇന്ത്യയില്‍ ആദ്യം കോവിഡ് സ്ഥിരീകരിച്ചവരില്‍ ചില ഇറ്റാലിയന്‍ സ്വദേശികള്‍ രാജസ്ഥാന്‍ സന്ദര്‍ശിച്ചവരാണ്.

ടൂറിസ്റ്റ്, ബിസിനസ് യാത്രകള്‍ ഈ വര്‍ഷം ഇതിനകംതന്നെ കുത്തനെ ഇടിഞ്ഞ അവസ്ഥയിലാണ്. അതിനു പുറമെ വിസ നിരോധനം കൂടിയാകുമ്പോള്‍ അത് 'എക്കാലത്തെയും താഴ്ന്ന നിലയിലേക്ക്' കൂപ്പുകുത്തും. ഹോട്ടല്‍ ഒക്യുപ്പന്‍സി 20 ശതമാനമായി കുറഞ്ഞു, വിസ നിരോധനം മാസങ്ങളോളം തുടരുകയാണെങ്കില്‍ ഹോസ്പിറ്റാലിറ്റി വ്യവസായത്തില്‍ കനത്ത പ്രതിസന്ധി സൃഷ്ടിക്കും. കുറഞ്ഞത് രണ്ട് പാദങ്ങളിലെങ്കിലും സാമ്പത്തിക വളര്‍ച്ചയില്‍ ഗണ്യമായ ഇടിവ് പ്രതീക്ഷിക്കുന്നതായി സര്‍ക്കാരും വ്യവസായ വൃത്തങ്ങളും സൂചിപ്പിക്കുന്നു.

ലോകമെമ്പാടുമുള്ള പല കായിക മത്സരങ്ങളും ഇതിനകം തന്നെ നിര്‍ത്തലാക്കിയിട്ടുണ്ട്. ടൂറിസം രംഗത്തിന് പിന്തുണയേകുന്ന കായിക മത്സരങ്ങള്‍ റദ്ദാക്കിയത്തോടെ ആരാധകരും വിദേശത്തേക്കുള്ള ടിക്കറ്റുകള്‍ റദ്ദുചെയ്തുതുടങ്ങി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വരാനിരിക്കുന്ന മത്സരങ്ങള്‍ ആളൊഴിഞ്ഞ സ്റ്റേഡിയത്തില്‍ നടത്താന്‍ തീരുമാനമായി. രാജ്യത്തെ പ്രധാന ആഭ്യന്തര ക്രിക്കറ്റ് മത്സരമായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് വിസാ നിരോധനം വന്നതോടെ ഏപ്രില്‍ 15 വരെ നീട്ടിവച്ചിരിക്കുകയാണ്.


Next Story

Related Stories