TopTop

തലയോട്ടികളുടെ ഗ്രാമത്തില്‍ എത്തിയപ്പോഴുള്ള ആദ്യത്തെ ത്രില്ല് ഒക്കെ മാറി, പതിയെ പേടി വന്നു തുടങ്ങി

തലയോട്ടികളുടെ ഗ്രാമത്തില്‍ എത്തിയപ്പോഴുള്ള ആദ്യത്തെ ത്രില്ല് ഒക്കെ മാറി, പതിയെ പേടി വന്നു തുടങ്ങി

തലയോട്ടികളുടെ ഗ്രാമം (Skull Village) എന്നറിയപ്പെടുന്ന ഒരു ഗ്രാമമുണ്ട്. ഗ്രാമത്തിലെ വിചിത്രമായ ആചാരങ്ങളും അതിന് പിന്നിലെ ചരിത്രവും കേട്ടിട്ട് പേടിയാണ് തോന്നിയത്. നമ്മള്‍ ജീവിക്കുന്ന ഈ ലോകത്തില്‍ നമ്മള്‍ അറിയാത്ത കുറേ മനുഷ്യര്‍, അവരുടെ വിചിത്രമായ ജീവിത രീതികള്‍, അമ്പരപ്പ് ഉണര്‍ത്തുന്ന അനുഷ്ഠാനങ്ങള്‍, ഭീതിയുണര്‍ത്തുന ആചാരരീതികള്‍ എന്നിവ നേരിട്ടറിഞ്ഞ ആ ഗ്രാമത്തിലൂടെയുള്ള യാത്ര മറക്കുവാന്‍ കഴിയില്ല. മരണാനന്തരം മൃതദേഹം മറവു ചെയ്യുകയോ ശവദാഹം നടത്തുകയോ ചെയ്യാതെ, കാറ്റും വെളിച്ചവും കൊടുത്തു തുറന്ന ഒരു മുളക്കൂട്ടില്‍ കിടത്തിയിരിക്കുന്ന കാഴ്ചകള്‍ എന്നിലെ ജിജ്ഞാസയെ ഭീതിയാല്‍ കവചം ചെയ്തു.

വളരെ അപ്രതീക്ഷിതമായാണ് ഇന്തോനേഷ്യയിലെ ട്രൂണ്യാന്‍ (Trunyan) എന്ന ഗ്രാമത്തില്‍ എത്തിപ്പെട്ടത്. ഈ ഗ്രാമത്തില്‍ എത്തിയപ്പോള്‍ ആദ്യം ശ്രദ്ധയില്‍പ്പെട്ടത് തെരു മെനയാന്‍ (Teru Menyan) എന്ന വൃക്ഷത്തിന്റെ താഴെ നിര്‍മിച്ചിരിക്കുന്ന മുള കൊണ്ടുള്ള ഒരു കൂടാണ്. അതിനകത്ത് ഒരു മൃതദേഹം നഗ്‌നമായി കിടത്തിയിരിക്കുന്നു. പ്രകൃതി തന്നെ നേരിട്ട് ശരീരം അഴുക്കി കളയും എന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം. അസ്ഥികൂടം പ്രത്യക്ഷമാകുന്നതുവരെ ദേഹങ്ങള്‍ അങ്ങനെ തുറസ്സായി കിടത്തും. പിന്നീട് അസ്ഥികളും തലയോട്ടിയും കൂട്ടില്‍ നിന്നും പെറുക്കി എടുത്ത് കുറേ ദൂരെയുള്ള ശിലകൊണ്ടു നിര്‍മിച്ച അള്‍ത്താരയില്‍ സൂക്ഷിക്കും. അവിടെ തന്നെ പത്താം നൂറ്റാണ്ടില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള ഒരു അമ്പലവും ഉണ്ട്.

ഈ ഗ്രാമത്തെ കുറിച്ച്:


ഇന്‍ഡോനേഷ്യയിലെ ഒരു സജീവ അഗ്‌നിപര്‍വതമായ മൗണ്ട് അഗ്ങ് (Mount Agung) ന്റെ താഴ്വാരത്തിലാണ് ഈ ഗ്രാമം. ബത്തൂര്‍ എന്നറിയപ്പെടുന്ന ഒരു നദി കടന്നു വേണം ഇവിടെ എത്തിപ്പെടാന്‍. പുറം ലോകവും ആയി ഒരു ബന്ധവും ഇല്ലാതെ, ആധുനികതയുടെ ഒരു കണിക പോലും സ്പര്‍ശിക്കാതെ ചുറ്റും സംഭവിച്ചു കൊണ്ടിരിക്കുന്ന യാതൊന്നിനെയും കുറിച്ച് അറിയാതെ, ഒറ്റപെട്ടു കഴിയുന്ന ഒരു സമൂഹം. നീയോലിത്തിക് യുഗത്തില്‍ പൂര്‍വികര്‍ പിന്തുടര്‍ന്ന് വന്ന ഒരു സമ്പ്രദായം ഒരു മാറ്റവും ഇല്ലാതെ ഇപ്പോഴും തുടര്‍ന്ന് പോരുന്നു. ഈ ആചാര പ്രകാരം മൃതദേഹം മുളംകൂട്ടില്‍ അടക്കപെടണം എങ്കില്‍ ആ വ്യക്തി വിവാഹിത(ന്‍) ആയിരിക്കണം എന്ന് നിര്‍ബന്ധം ഉണ്ട്. അല്ലാത്തവരുടെ ദേഹങ്ങള്‍ അവര്‍ കത്തിച്ചു കളയും.

Pengiriman ceremonies എന്ന് അറിയപ്പെടുന്ന ഈ പ്രത്യേക മരണാനന്തര സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ സ്ത്രീകള്‍ക്ക് അനുവാദം ഇല്ല. അറിയാതെ എങ്കിലും ഒരു സ്ത്രീ പങ്കെടുത്താല്‍ അത് അപശകുനം ആയും, ആ ഗ്രാമം തന്നെ പ്രകൃതി നശിപ്പിച്ചു കളയും എന്ന അന്ധവിശ്വാസങ്ങളും അവിടെ നിലനില്‍ക്കുന്നുണ്ട്. ഭൂകമ്പങ്ങളോ അഗ്‌നി പര്‍വത സ്‌ഫോടനങ്ങളോ ഉണ്ടായേക്കാം എന്ന് ഭയപ്പെടുത്തിയും സ്ത്രീകളെ പാടേ മാറ്റി നിര്‍ത്തപ്പെട്ടിരിക്കുന്നു. എന്തൊക്കെയായാലും ഈ ആചാരങ്ങള്‍ വിശ്വാസ പ്രമാണങ്ങളും ആര് ഉണ്ടാക്കിയതാണെന്നോ എന്തിനാണെന്നോ തെളിയിക്കുന്ന രേഖകള്‍ ഒന്നും തന്നേ ഇല്ല.

'തെരു മെനയാന്‍' മരത്തില്‍ നിന്നും ഉണ്ടാവുന്ന ഒരു പ്രത്യേക സുഗന്ധം അഴുകിയ ശരീരത്തിന്റെ രൂക്ഷമായ ദുര്‍ഗന്ധം ഇല്ലാതാക്കുന്നുണ്ട്. തെരു മെനയാന്‍ എന്ന വാക്കിന്റെ അര്‍ത്ഥം സുഗന്ധമുള്ള വൃക്ഷം എന്നാണ്. പക്ഷെ എനിക്ക് തോന്നിയത് അവിടുത്തെ ചിലയിടങ്ങളില്‍ അന്തരീക്ഷത്തിലും കാറ്റിലും മറ്റും പച്ച മാംസത്തിന്റെ മണം തങ്ങി നില്‍ക്കുന്നുണ്ട് എന്നാണ്. ആ ഗ്രാമത്തിനു ട്രൂണ്യാന്‍ എന്ന പേര് ലഭിച്ചതും ആ മരത്തിന്റെ പേരില്‍ നിന്നാണ്. അതിന്റെ ശരിയായ സുഗന്ധം എന്താണ് എന്ന് എനിക്ക് മനസിലാക്കാന്‍ പറ്റിയില്ല. കാരണം ഞാന്‍ കണ്ട എല്ലാ മരത്തിനു കീഴേയും മരണകൂടുകള്‍ ഉണ്ടായിരുന്നു. ഹോറര്‍ മൂവീസിനോട് പണ്ട് തൊട്ടേ ഇഷ്ടമുള്ളമുള്ളതു കൊണ്ട് ആകെ ഒരു ത്രില്ലിലായിരുന്നു അവിടെ ചെന്ന് ബോട്ട് ഇറങ്ങിയത്. അധികം സഞ്ചാരികള്‍ ഇല്ലാത്തത് കൊണ്ട് ആകെ ഒരു മൂകതയും. പിന്നെ പിന്നെ ത്രില്ല് ഒക്കെ മാറി പേടി വന്നു തുടങ്ങി.


ഒരു പക്ഷെ നമ്മുടെ ഇടയില്‍ മരണാനന്തര ചടങ്ങുകള്‍ക്ക് കൊടുക്കുന്ന ആദരവും പ്രാധാന്യവും മനസ്സില്‍ ഉള്ളത് കൊണ്ടോ അല്ലെങ്കില്‍ ഇത്തരത്തില്‍ ഇതിന് മുന്‍പ് ഒരുപാട് മൃതദേഹങ്ങള്‍ നേരിട്ട് കാണാത്തതു കൊണ്ടോ എന്നറിയില്ല ചെറിയൊരു സങ്കടവും തോന്നാതിരുന്നില്ല. കാരണം ഒരുകാലത്ത് ആരുടെയൊക്കെയോ പ്രിയപെട്ടവരായി ജീവിച്ചിരുന്നവര്‍, മരണാനന്തരം ഇതുപോലെ സഞ്ചാരികളില്‍ ഭീതി നിറച്ചു അവരുടെ ക്യാമറയ്ക്ക് മുന്നില്‍ ഉറങ്ങി കിടക്കുന്ന ഒരു കാഴ്ച...

(ട്രൂണ്യാന്‍ ഗ്രാമത്തില്‍ നിന്നുള്ള പല ചിത്രങ്ങളും കാണിക്കുന്നതില്‍ ബുദ്ധിമുട്ടുള്ളതിനാല്‍ ഒഴിവാക്കുന്നു)


തഫ്നിത ഫൈസല്‍

തഫ്നിത ഫൈസല്‍

ടെക്കി, ട്രാവലര്‍, ട്രെക്കര്‍

Next Story

Related Stories