Top

ടിക്കറ്റ് റദ്ദാക്കിയാല്‍ പണം തിരികെ ലഭിക്കാന്‍ പുതിയ സംവിധാനവുമായി ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍

ടിക്കറ്റ് റദ്ദാക്കിയാല്‍ പണം തിരികെ ലഭിക്കാന്‍ പുതിയ സംവിധാനവുമായി ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍

ടിക്കറ്റ് റദ്ദാക്കിയാല്‍ പണം തിരികെ ലഭിക്കാന്‍ പുതിയ സംവിധാനവുമായി ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍. അംഗീകൃത ഏജന്റുമാര്‍ വഴി ബുക്ക് ചെയ്ത ടിക്കറ്റിന്റെ പണം തിരികെ കിട്ടാന്‍ ഒറ്റത്തവണ പാസ്വേഡ് (ഒടിപി) അടിസ്ഥാനമാക്കിയുള്ള റീഫണ്ട് സംവിധാനമാണ് ഐആര്‍സിടിസി അവതരിപ്പിച്ചിരിക്കുന്നത്.

ടിക്കറ്റ് റദ്ദാക്കുകയോ വെയ്റ്റിംഗ് ലിസ്റ്റില്‍ തന്നെ തുടരുകയോ ചെയ്താല്‍ ടിക്കറ്റെടുകുന്ന സമയത്ത് യാത്രക്കാരന്‍ നല്‍കുന്ന മൊബൈല്‍ നമ്പറിലേക്ക് ഒടിപി ലഭിക്കും. ഇത് ഏജന്റിന് നല്‍കിയാല്‍ റീഫണ്ട് തുക ലഭിക്കും. പണം താമസമില്ലാതെ ലഭിക്കാനും എത്രരൂപ തിരികെ ലഭിക്കുമെന്നത് അറിയാനും പുതിയ സംവിധാനത്തിലൂടെ സാധിക്കും.

നിലവില്‍ ചാര്‍ട്ടുകള്‍ തയ്യാറാക്കുന്നതിന് മുമ്പ് വരെ ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കാനുള്ള സൗകര്യം റെയില്‍വെ നല്‍കുന്നുണ്ട്. ബുക്ക് ചെയ്തിരിക്കുന്ന ഓരോ ക്ലാസുകള്‍ അനുസരിച്ച് റദ്ദാക്കല്‍ ചാര്‍ജ് നല്‍കി ഐആര്‍സിടിസി വെബ്‌സൈറ്റ് വഴി ഇ-ടിക്കറ്റുകള്‍ റദ്ദാക്കാന്‍ സാധിക്കും.

സ്ഥിരീകരിച്ച ടിക്കറ്റ് 48 മണിക്കൂറിനുള്ളിലോ ട്രെയിന്‍ പുറപ്പെടുന്നതിന് 12 മണിക്കൂര്‍ മുമ്പോ റദ്ദ് ചെയ്താല്‍ ഓരോ ക്ലാസ്സിനും നിശ്ചയിച്ചിട്ടുള്ള ഏറ്റവും കുറഞ്ഞ തുകയ്ക്ക് വിധേയമായി 25 ശതമാനം നിരക്ക് ഐആര്‍സിടിസി ഈടാക്കും.

സ്ഥിരീകരിച്ച ടിക്കറ്റ് 12 മണിക്കൂറില്‍ താഴെ ട്രെയിന്‍ പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുമ്പും റദ്ദാക്കിയാല്‍ നിശ്ചയിച്ചിട്ടുള്ള ഏറ്റവും കുറഞ്ഞ തുകയ്ക്ക് വിധേയമായി 50 ശതമാനമായി നിരക്ക് വര്‍ദ്ധിക്കും.

എസി ഫസ്റ്റ് ക്ലാസ് / എക്‌സിക്യൂട്ടീവ് ക്ലാസിന് 240 രൂപയാണ് നിരക്ക്, എസി 2 ടയര്‍ / ഫസ്റ്റ് ക്ലാസിന് 200 രൂപ, എസി 3 ടയര്‍ / എസി ചെയര്‍ കാര്‍ / എസി 3 ഇക്കോണമിക്ക് 180 രൂപ, സ്ലീപ്പറിന് 120 രൂപ എന്നിങ്ങനെയാണ് നിരക്ക്.

റിസര്‍വേഷന്‍ ചാര്‍ട്ടുകള്‍ തയ്യാറാക്കിയതിനുശേഷം ഇ-ടിക്കറ്റുകള്‍ റദ്ദാക്കാന്‍ സാധിക്കില്ല. കൂടാതെ ടിക്കറ്റ് റദ്ദാക്കാതിരിക്കുകയോ അല്ലെങ്കില്‍ ട്രെയിന്‍ പുറപ്പെടുന്നതിന് അരമണിക്കൂര്‍ മുമ്പ് വരെ ടിഡിആര്‍ ഓണ്‍ലൈനില്‍ ഫയല്‍ ചെയ്യാതിരിക്കുകയോ ചെയ്താലും ഇ-ടിക്കറ്റുകള്‍ക്ക് റീഫണ്ട് ലഭിക്കില്ല. സ്ഥിരീകരിച്ച തത്കാല്‍ ട്രെയിന്‍ ടിക്കറ്റുകള്‍ റദ്ദുചെയ്താലും പണം തിരികെ ലഭിക്കില്ല.


Next Story

Related Stories