Top

എഴുപതുകാരിയായ അമ്മയോടൊപ്പം അച്ഛന്റെ സ്‌കൂട്ടറില്‍ ഇന്ത്യ മുഴുവന്‍ ചുറ്റികറങ്ങിക്കൊണ്ടിരിക്കുന്ന ഒരു മകന്‍ / വീഡിയോ

എഴുപതുകാരിയായ അമ്മയോടൊപ്പം അച്ഛന്റെ സ്‌കൂട്ടറില്‍ ഇന്ത്യ മുഴുവന്‍ ചുറ്റികറങ്ങിക്കൊണ്ടിരിക്കുന്ന ഒരു മകന്‍ / വീഡിയോ

എഴുപതുകാരിയായ അമ്മയോടൊപ്പം അച്ഛന്റെ സ്‌കൂട്ടറില്‍ ഇന്ത്യ മുഴുവന്‍ ചുറ്റികറങ്ങിക്കൊണ്ടിരിക്കുന്ന ഈ മകന്‍. തന്റെ കോര്‍പറേറ്റ് ജോലി ഉപേക്ഷിച്ചാണ് ഇദ്ദേഹം തന്റെ അമ്മയെ ലോകം കാണിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. മൈസൂര്‍ സ്വദേശിയായി ഡി. കൃഷ്ണകുമാര്‍ എന്ന മുപ്പത്തിയൊമ്പതുകാരനാണ് തന്റെ അമ്മ ചൂഡാരത്‌നത്തെയെക്കൊണ്ട് സ്‌കൂട്ടറില്‍ സ്ഥലങ്ങള്‍ കാണാന്‍ ഇറങ്ങിയിരിക്കുന്നത്.

മൈസൂരിലെ ഒരു വലിയ കുടുംബത്തിലെ അംഗമായ കൃഷ്ണകുമാര്‍ ഓര്‍മ്മ വച്ച നാള്‍ മുതല്‍ കാണുന്നത് നിറയെ ആളുകളുള്ള ആ വീട്ടില്‍ രാവിലെ മുതല്‍ രാത്രി വരെ അടുക്കളയില്‍ ജോലികള്‍ ചെയ്ത് കഴിയുന്ന അമ്മയേയാണ്. അച്ഛന്റെ മരണത്തിന് ശേഷം തീര്‍ത്തും ഒറ്റപ്പെട്ട് അടുക്കളയിലേക്ക് ഒതുങ്ങിയ അമ്മയെ കണ്ടതിന് ശേഷമാണ് കൃഷ്ണകുമാര്‍ അവര്‍ക്ക് ഒരു മാറ്റം വേണമെന്ന് ചിന്തിക്കുന്നത്.

വിദ്യാഭ്യാസത്തിന് ശേഷം ബാംഗ്ലൂരില്‍ ഒരു കോര്‍പറേറ്റ് കമ്പനിയില്‍ ജോലി ചെയ്യുന്നതിനിടെയാണ് കൃഷ്ണകുമാറിന്റെ അച്ഛന്‍ മരിക്കുന്നത്. ആ സമയത്ത്, ഏതെങ്കിലും പുണ്യസ്ഥലങ്ങള്‍ കാണാന്‍ പോകാന്‍ ആഗ്രഹമുണ്ടോയെന്ന് അമ്മയോട് ചോദിപ്പോള്‍ ലഭിച്ച മറുപടി വളരെ അടുത്തുള്ള സ്ഥലങ്ങള്‍ പോലും താന്‍ കണ്ടിട്ടില്ലെന്നായിരുന്നു. തുടര്‍ന്നാണ് തന്നെക്കൊണ്ട് കഴിയാവുന്നയിടങ്ങളൊക്കെ അമ്മയെ കൊണ്ടുപോയി കാണിക്കണമെന്ന് കൃഷ്ണകുമാര്‍ നിശ്ചയിക്കുന്നത്.

അതിനായി ആദ്യം ജോലിയുപേക്ഷിച്ചു. പിന്നെ ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് അച്ഛന്‍ നല്‍കിയ ബജാജിന്റെ സ്‌കൂട്ടറില്‍ അമ്മയുമായി യാത്ര തിരിച്ചു. ആദ്യം കേരളം, പിന്നെ തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഗോവ, ഛത്തീസ്ഗഢ്, ഒറീസ, ജാര്‍ഖണ്ഡ്, ബീഹാര്‍, പശ്ചിമബംഗാള്‍, സിക്കിം, അസം, മേഘാലയ, മണിപ്പൂര്‍, മിസോറാം, ത്രിപുര, നാഗാലാന്റ്, അരുണാചല്‍ പ്രദേശ് ഇങ്ങനെ ഇന്ത്യയുടെ മിക്ക പ്രദേശങ്ങളും ആ പഴയ സ്‌കൂട്ടറില്‍ അവരൊരുമിച്ച് സഞ്ചരിച്ചു.

നേപ്പാള്‍, ഭൂട്ടാന്‍, മ്യാന്‍മറിലും അവര്‍ എത്തിയിരുന്നു. 2018 ജനുവരിയില്‍ തുടങ്ങിയ യാത്ര ഇപ്പോഴും തുടരുകയാണ്. ഇവരുടെ യാത്ര സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്രയും നന്ദി ഫൗണ്ടേന്റെ സിഇഒ മനോജ് കുമാറും കൃഷ്ണകുമാറിനനെ അഭിനന്ദിച്ച് എത്തുകയും മറ്റും ചെയ്തിരുന്നു.

ആനന്ദ് മഹീന്ദ്ര, കൃഷ്ണകുമാറിന് ഒരു കാര്‍ സമ്മാനം നല്‍കാനാഗ്രഹിക്കുന്നതായിട്ടാണ് ട്വിറ്ററിലൂടെ അറിയിച്ചത്. കൃഷ്ണകുമാറിന് അമ്മയുമായി കൂടുതല്‍ സുരക്ഷിതമായി യാത്ര നടത്താന്‍ വേണ്ടിയാണ് കാര്‍ നല്‍കുന്നത്.







Next Story

Related Stories