കഴിഞ്ഞ വര്‍ഷങ്ങളിലുണ്ടായ ശക്തമായ കടല്‍ ക്ഷോഭത്തില്‍ തകര്‍ന്ന ശംഖുമുഖത്തിനെ തിരിച്ച് കൊണ്ടുവരുമെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്. നിലവില്‍ റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെന്നും റോഡ് വികസനത്തിന് 5 കോടിയുടെ പദ്ധതിയാണ നടപ്പില്‍ വരുത്താന്‍ പോകുന്നതെന്നും മന്ത്രി അറിയിച്ചു.
തുടര്‍ച്ചയായ കടല്‍ക്ഷോഭങ്ങളാണ് ശംഖുമുഖത്തെ തകര്‍ത്ത് തുടങ്ങിയത്. കടല്‍ക്ഷോഭങ്ങള്‍ തീരവും റോഡുമെല്ലാം തകര്‍ത്തോടെ ബീച്ചിലേക്ക് സന്ദര്‍ശകര്‍ എത്താതായി. രണ്ട് വര്‍ഷത്തിലേറെയായി ശംഖുമുഖം ബീച്ചിന്റെ തകര്‍ച്ച തുടങ്ങിയിട്ടുണ്ട്. പൂര്‍ണമായും തകര്‍ന്നതോടെ ശംഖുമുഖം റോഡിന്റെ ഭാഗങ്ങള്‍ കെട്ടിയടച്ചു.
വിഴിഞ്ഞം പോര്‍ട്ട് പദ്ധതിയ്ക്കായി കടല്‍ കയറിയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കാരണം ഇപ്പുറത്തെ തീരമായ ശംഖുമുഖം ഉള്‍പ്പടെയുള്ള തീരങ്ങളിലേക്ക് കടല്‍ കയറുന്നതെന്നാണ് പ്രദേശവാസികള്‍ ആരോപിക്കുന്നത്. ബീച്ചിലേക്ക് സന്ദര്‍ശകര്‍ കുറഞ്ഞതോടെ പ്രദേശത്തെ കച്ചവടക്കാരുടെയും ഇതുമായി ബന്ധപ്പെട്ട് ഉപജീവനം നയിച്ചവരും ഇപ്പോള്‍ കടുത്ത പ്രതിസന്ധിയിലാണ്.