Top

2020 മാർച്ചിൽ കേരള ടൂറിസം ലക്ഷ്യമിടുന്നത് 10 മുതൽ 12 ശതമാനം വരെ വരുമാന വളർച്ച

2020 മാർച്ചിൽ കേരള ടൂറിസം ലക്ഷ്യമിടുന്നത് 10 മുതൽ 12 ശതമാനം വരെ വരുമാന വളർച്ച

2020 മാർച്ച് വരെയുള്ള വരുമാനത്തില്‍ 10 മുതല്‍ 12 ശതമാനം വരെ വളർച്ചയാണ് കേരള ടൂറിസം ലക്ഷ്യമിടുന്നത്. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തെ അതിജീവിച്ച് കേരളം കൂടുതല്‍ ഊര്‍ജ്ജത്തോടെ സാധാരാണ നിലയിലേക്ക് തിരിച്ചുവരുന്നതാണ് ടൂറിസം രംഗത്തെ പ്രതീക്ഷകള്‍ക്ക് കൂടുതല്‍ ചിറകുമുളക്കാന്‍ കാരണം. വെള്ളപ്പൊക്കം കനത്ത നാശനഷ്ടം സൃഷ്ടിച്ചിട്ടും കഴിഞ്ഞ വര്‍ഷം സഞ്ചാരികളുടെ വരവില്‍ 6% വർദ്ധനവ് രേഖപ്പെടുത്തി.

2018 ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ പ്രളയം സംസ്ഥാനത്തെ മുച്ചൂടും മൂടിയപ്പോള്‍ ഏറ്റവുംകൂടുതല്‍ ബാധിച്ച മേഖലകളിലൊന്നാണ് ടൂറിസം. ടൂറിസം ഹോട്ട്-സ്പോട്ടായ കൊച്ചിയും, ഹൌസ് ബോട്ടുകള്‍ക്കും കായലുകൾക്കും പേരുകേട്ട അലപ്പുഴയും വെള്ളപ്പൊക്കത്തിന്റെ ആഘാതം ഏറ്റവുംകൂടുതല്‍ അനുഭവിക്കുകയും, അവിടുത്തെ ടൂറിസം വ്യവസായം അപ്പാടെ സ്തംഭിക്കുകയും ചെയ്തിരുന്നു. എന്നിട്ടും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപിയിലേക്ക് 12 ശതമാനം സംഭാവന ചെയ്തുകൊണ്ട് വിനോദസഞ്ചാര മേഖല കരുത്ത് കാട്ടി.

'കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ പ്രളയത്തിനുശേഷം 2019 ജനുവരി മുതൽ ടൂറിസം രംഗം പൂർണ്ണമായും തിരിച്ചുവന്നു. ആദ്യ പാദത്തിൽമാത്രം സഞ്ചാരികളുടെ വരവില്‍ 8.07 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. 41,90,468 പേര്‍ ഇക്കാലത്ത് കേരളം സന്ദര്‍ശിച്ചപ്പോള്‍ കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 38,77,712 ആയിരുന്നു. നിലവിലെ ട്രെൻഡുകൾ നോക്കുമ്പോൾ ഈ സാമ്പത്തിക വർഷത്തിലും 10-12 ശതമാനം വളർച്ച പ്രതീക്ഷിക്കുന്നു'വെന്ന് കേരള ടൂറിസം ഇൻഫർമേഷൻ ഓഫീസർ സൂരജ് പി കെ പറഞ്ഞു.

പ്രളയമുണ്ടായിട്ടും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് സഞ്ചാരികളുടെ വരവിലും വരുമാനത്തിലും വര്‍ദ്ധനവുണ്ടായിരുന്നു. 2017ല്‍ വരുമാനം 28,740 കോടി രൂപയായിരുന്നത് 2018-ല്‍ 36,520 കോടിയിലധികമായി. ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തിലും ആരോഗ്യകരമായ കുതിച്ചുചാട്ടം ഉണ്ടായതോടെ 10 നഗരങ്ങളെ ബന്ധപ്പെടുത്തിക്കൊണ്ട് കൂടുതല്‍ ക്രിയാത്മകമായ മാർക്കറ്റിംഗ് കാമ്പെയ്ൻ ആരംഭിക്കാൻ ഒരുങ്ങുകയാണ് കേരള ടൂറിസം. ഓഗസ്റ്റ് അവസാനം മുതൽ ആരംഭിച്ച കേരളത്തിന്റെ ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ (സിബിഎൽ) ആദ്യ പതിപ്പ് ടൂറിസത്തിന് കൂടുതല്‍ ഉത്തേജനം നല്‍കുമെന്ന് സൂരജ് പ്രത്യാശ പ്രകടിപ്പിച്ചു. ഐ‌പി‌എൽ ഫോർമാറ്റിലാണ് ബോട്ട് ലീഗ് വിഭാവനം ചെയ്തിരിക്കുന്നത്.


Next Story

Related Stories