TopTop
Begin typing your search above and press return to search.

മലരിക്കല്‍ 'പിങ്ക് വാട്ടര്‍ ലില്ലി ഫെസ്റ്റിവല്‍'; ആംസ്റ്റര്‍ഡാമിലെ ടുലിപ് ഫെസ്റ്റിവല്‍ പോലെ കോട്ടയവും ലോക ടൂറിസത്തില്‍ ഇടം നേടുമോ?

മലരിക്കല്‍ പിങ്ക് വാട്ടര്‍ ലില്ലി ഫെസ്റ്റിവല്‍; ആംസ്റ്റര്‍ഡാമിലെ ടുലിപ് ഫെസ്റ്റിവല്‍ പോലെ കോട്ടയവും ലോക ടൂറിസത്തില്‍ ഇടം നേടുമോ?

ആംസ്റ്റര്‍ഡാമിലെ ടുലിപ് ഫെസ്റ്റിവലിലെ കുറിച്ച് കേട്ടിട്ടില്ലേ? ലോകത്തിലെ സഞ്ചാരികള്‍ മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ ടുലിപ് വസന്തം കാണാന്‍ നെതര്‍ലാന്‍ഡ്‌സിന്റെ ഈ തലസ്ഥാന നഗരിയിലേക്ക് ഒഴുകും. അതുപോലെ കോട്ടയത്തെ മലരിക്കലിലേക്ക് 'പിങ്ക് വാട്ടര്‍ ലില്ലി' വസന്തം കാണാന്‍ അടുത്ത വര്‍ഷം മുതല്‍ ലോക സഞ്ചാരികള്‍ കൂട്ടത്തോടെ എത്തി തുടങ്ങിയാലും അതിശയപ്പെടേണ്ട കാര്യമില്ല. പിങ്ക് വാട്ടര്‍ ലില്ലി എന്ന് കേട്ടപ്പോള്‍ ചെറിയൊരു സംശയം ഉണ്ടായെങ്കില്‍ അധികം തലപുകയ്‌ക്കേണ്ടന്നേ.. നമ്മടെ ആമ്പല്‍ പൂവിനെ കുറിച്ചാണ് പറഞ്ഞത് കെട്ടോ..

മലരിക്കലിലെ ആമ്പല്‍ വസന്തം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സോഷ്യല്‍ മീഡികളില്‍ ഹിറ്റാണ്. സാമൂഹിക മാധ്യമങ്ങള്‍ ഹിറ്റാക്കിയ ടൂറിസ്റ്റ് പ്ലേസ് എന്ന് മലരിക്കലിലെ വിശേഷിപ്പിക്കാം. കഴിഞ്ഞ വര്‍ഷം 80,000ഓളം ആളുകളായിരുന്നു മലരിക്കല്‍ സന്ദര്‍ശിച്ചത്. ഇവിടുത്തെ 120ഓളം വരുന്ന പ്രാദേശിക വള്ളക്കാര്‍ക്ക് 12 ലക്ഷം രൂപ വരുമാനവുമുണ്ടായി. ഇതേ തുടര്‍ന്ന് കേരള സര്‍ക്കാര്‍, ആംസ്റ്റര്‍ഡാമിലെ ടുലിപ് ഫെസ്റ്റിവല്‍ പോലെ മലരിക്കലിലെ ആമ്പല്‍ വസന്തത്തെ മാറ്റുമെന്ന് പറഞ്ഞിരുന്നു.
എന്നാല്‍ ഇത്തവണ കോവിഡ് മഹാമാരിയില്‍ ടൂറിസം മേഖല പ്രതിസന്ധിയില്‍ ആയതിനെ തുടര്‍ന്ന് മലരിക്കലിലെ ഉള്‍പ്പടെയുള്ള പല പദ്ധതികളും റദ്ദ് ചെയ്യേണ്ടി വന്നിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ നിലവില്‍ പ്രദേശത്തേക്ക് ഒരാള്‍ പോലും വരാതിരിക്കാനുള്ള കര്‍ശന നിയന്ത്രണമാണുള്ളത്. പോലീസ് പെട്രോളിങും നടത്തുന്നുണ്ട്. ഇതേ തുടര്‍ന്നാണ് സഞ്ചാരികളിലേക്ക് ഓണ്‍ലൈനായി മലരിക്കലിലെ ആമ്പല്‍ വസന്തം എത്തിക്കാനുള്ള പദ്ധതി അധികൃതര്‍ ആവിഷ്‌കരിച്ചത്.

ഓണം വാരാഘോഷവും പുലികളിയും ഓണ്‍ലൈനിലായതുപോലെ മലരിക്കലെ ആമ്പല്‍ വസന്തത്തിനും ഇ- കാഴ്ചയൊരുക്കും. 'പിങ്ക് വാട്ടര്‍ ലില്ലി ഇ-ഫെസ്റ്റിവല്‍' ആയി ആമ്പല്‍പ്പാടത്ത് ഷൂട്ട് ചെയ്ത ചിത്രങ്ങളും വീഡിയോയും ഓണ്‍ലൈനിലൂടെ പ്രദര്‍ശിപ്പിക്കുമെന്നാണ് മലരിക്കല്‍ ടൂറിസം സൊസൈറ്റി അറിയിച്ചിരിക്കുന്നത്. ഷൂട്ട് ചെയ്ത ചിത്രങ്ങളും വീഡിയോകളും ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്യും. ഓരോ ദിവസത്തെയും ഷൂട്ട് ലൈവായി ഓണ്‍ലൈനില്‍ നല്‍കും.
ലോകമെമ്പാടുമുള്ളവര്‍ക്ക് മലരിക്കലില്‍ എത്തി ആമ്പല്‍ ഫെസ്റ്റ് കാണുന്ന അനുഭൂതി അതേപടി പകരുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മാത്രമല്ല അടുത്ത സീസണില്‍ വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനും ഇതുവഴി സാധിക്കും. 'പിങ്ക് വാട്ടര്‍ ലില്ലി ഫെസ്റ്റിവലി'ന്റെ പേരിലാവും ആഗോള ടൂറിസം രംഗത്ത് കോട്ടയവും കേരളവും ഇനി ചിലപ്പോള്‍ അറിയപ്പെടുക. ഔദ്യോഗിക വെബ്സൈറ്റുകള്‍ വഴി മലരിക്കലിലെ വീഡിയോകള്‍ ഉടന്‍ തന്നെ ഓണ്‍ലൈനില്‍ സംപ്രക്ഷേപണം ചെയ്യുമെന്നാണ് ടൈംസ് ട്രാവല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കോട്ടയത്തിനും കുമരകത്തിനും നടുവില്‍ സ്ഥിതി ചെയ്യുന്ന മലരിക്കല്‍ ഗ്രാമത്തിലെ വെള്ളം കയറികിടക്കുന്ന നെല്‍പാടങ്ങളില്‍ ജൂലൈ ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലാണ് ആമ്പല്‍ വിരിയുന്നത്. ആയിരക്കണക്കിന് ആമ്പല്‍ പൂക്കള്‍ വിരിഞ്ഞ് പാടം മുഴുവല്‍ ആമ്പല്‍ വസന്തമായിരിക്കും ഈ സീസണില്‍ ഉണ്ടാവുക. പാടത്തിലേക്ക് വള്ളത്തിലും, അരികിലൂടെ നടന്നും സന്ദര്‍ശകര്‍ക്ക് ആമ്പല്‍ വസന്തം ആസ്വാദിക്കാന്‍ സാധിക്കും. പുലര്‍ച്ചെയാണ് ആമ്പല്‍ വസന്തം കാണാന്‍ അനുയോജ്യം.
സെപ്റ്റംബര്‍ മാസം അവസാനത്തോട് കൂടി ഈ പാടത്തെ വെള്ളം വറ്റിച്ച് നെല്‍ കൃഷി ഇറക്കുന്നതോട് കൂടി ആ വര്‍ഷത്തെ ആമ്പല്‍ വസന്തത്തിനും അവസാനമാകും. കോട്ടയത്ത് നിന്ന് ഇല്ലിക്കല്‍- കാഞ്ഞിരം വഴി മലരിക്കലില്‍ എത്താം. ആലപ്പുഴ, എറണാകുളം ജിലക്കളില്‍ നിന്ന് വരുന്നവര്‍ക്ക് ചേര്‍ത്തല വഴി ഇല്ലിക്കല്‍ എത്തി പോകാന്‍ സാധിക്കും.
Next Story

Related Stories