TopTop

വേളിയിലെ 'തുരങ്കങ്ങളും പാലങ്ങളും' ഒക്കെ കടന്ന് ഇനി 'കേരള റെയില്‍വെ'യുടെ തീവണ്ടി കൂകി പായും!

വേളിയിലെ

വേളി ടൂറിസ്റ്റ് വില്ലേജില്‍ പുതിയൊരു റെയില്‍വെ സ്റ്റേഷന്‍ ഒരുങ്ങുകയാണ്. എന്നാല്‍ ഈ സ്‌റ്റേഷന്‍ ഇന്ത്യന്‍ റെയില്‍വെയുടെ അല്ല കേരള സര്‍ക്കാരിന്റെ സ്വന്തം റെയില്‍വെ സ്‌റ്റേഷനായിരിക്കും ഇത്. മനസിലായില്ല അല്ലേ.. അതായത് വേളിയില്‍ എത്തുന്ന ടൂറിസ്റ്റുകള്‍ക്കായി ഒരു റെയില്‍വെ സ്‌റ്റേഷനും റെയില്‍വെ യാത്രയും ഒരുക്കുകയാണ് കേരള ടൂറിസം വകുപ്പ്‌. പദ്ധതി വിഷുവിന് ഉദ്ഘാടനം ചെയ്യുമെന്നാണ് കഴിഞ്ഞ ദിവസം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്.

രണ്ട് കിലോമീറ്റര്‍ ദൂരത്തില്‍ മിനി ട്രെയിനില്‍ സഞ്ചരിക്കാന്‍ സാധിക്കും. വേളി ടൂറിസ്റ്റ് വില്ലേജിന്റെ കവാടത്തില്‍ തന്നെയാണ് മിനി റെയില്‍വെ സ്റ്റേഷന്‍ പണി കഴിപ്പിച്ചിരിക്കുന്നത്. പരമ്പരാഗത രീതിയിലുള്ള റെയില്‍വേ സ്റ്റേഷനും പഴയ 'ആാം സിഗ്നലുകളുമൊക്കെയായിരിക്കും വേളിയില്‍ സ്ഥാപിക്കുന്നത്. ഇതിനോട് അടുത്ത് തന്നെ ഒരു കൃത്രിമ തടാകവും പണികഴിപ്പിച്ചിട്ടുണ്ട്. കൃത്രിമ മലകളും തുരങ്കങ്ങളും കൂടാതെ റെയില്‍വെ പാലങ്ങളും തയ്യാറായി കഴിഞ്ഞു.

ഗാര്‍ഡുമാരും മറ്റും ഭക്ഷണത്തിനും പാനീയത്തിവും മറ്റുമായി സ്റ്റാളുകളും സ്റ്റേഷനില്‍ ഉണ്ടാവും. വൈദ്യുതിയില്‍ നിയന്ത്രിക്കുന്ന ട്രെയിന്‍ ഓപ്പറേറ്റ് ചെയ്യാന്‍ ജോലിക്കാരുണ്ടാകും. പഴയ ആവി എഞ്ചിന്റെ മാതൃകയിലുള്ള എഞ്ചിന്‍ ഉപയോഗിക്കുന്നൃ ട്രെയിനില്‍ നിന്ന് കൃത്രിമമായി ആവി പുകയും വരും. 15 കി.മീ ആണ് പരമാവധി വേഗത. 25 മിനിറ്റാണ് ട്രെയിനില്‍ യാത്ര ചെയ്യാന്‍ സാധിക്കുക. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ട്രെയിനില്‍ യാത്ര ചെയ്യാന്‍ കഴിയും.

സോളാര്‍ വൈദ്യുതി കൊണ്ട് ചാര്‍ജ് ചെയ്യുന്ന ബാറ്ററിയിലാകും ട്രെയിനിന്റെ പ്രവര്‍ത്തനം. മിനിയേച്ചര്‍ റെയില്‍വേ സ്റ്റേഷനടക്കമുള്ള സംവിധാനങ്ങളെല്ലാം സൗരോര്‍ജത്തിലാണ് പ്രവര്‍ത്തിക്കുക. അധിക വൈദ്യുതി കെഎസ്ഇബി ഗ്രിഡിലേക്ക് നല്‍കാനാണ് തീരുമാനം. ഇതിനായി ട്രെയിനിന്റെ മുകള്‍ ഭാഗത്തും സോളാര്‍ പാനലുകള്‍ സ്ഥാപിക്കും. ഈ രീതിയിലുള്ള രാജ്യത്തെ തന്നെ ആദ്യ മിനിയേച്ചര്‍ റെയില്‍വേ സംവിധാനമായിരിക്കും വേളിയിലേത്.

മാര്‍ച്ച് രണ്ടാംവാരത്തില്‍ പരീക്ഷണ ഓട്ടം നടക്കും. ഏപ്രില്‍ ആദ്യവാരം ജനങ്ങള്‍ക്കായി റെയില്‍വെ തുറന്ന് കൊടുക്കാമെന്നാണ് അധികൃതര്‍ കരുതുന്നത്. കേരള ടൂറിസം വകുപ്പ്, 30 കോടി രൂപയുടെ വികസനം വേളി വില്ലേജില്‍ നടത്തുന്നതിന്റെ ഭാഗമാണ് റെയില്‍വെ പദ്ധതിയും. ഒന്‍പത് കോടിയാണ് വേളി റെയില്‍വെ പദ്ധതിയുടെ ചിലവ്.


Next Story

Related Stories