വിഡ് മഹാമാരിയില്‍ പ്രതിസന്ധിയിലായ സംസ്ഥാന ടൂറിസം മേഖല പതിയെ കരകയറിവരാനുള്ള ശ്രമങ്ങളിലാണ്. ടൂറിസത്തെ തിരിച്ച് കൊണ്ടുവരാന്‍ സര്‍ക്കാര്‍ തലത്തിലും ഒട്ടേറെ പദ്ധതികള്‍ എത്തുന്നുണ്ട്. ഇത്തരത്തിലുള്ള ഒന്നായിരുന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്ത ജലഗതാഗത മേഖലയിലെ ഹൈബ്രിഡ് ക്രൂയിസ് വെസ്സല്‍ ബോട്ടുകള്‍ വാട്ടര്‍ ടാക്സികള്‍. വാട്ടര്‍ ടാക്സിക്കൊപ്പം ആധുനിക സുരക്ഷ- സാങ്കേതിക വിദ്യയോട് കൂടിയാ യാത്രബോട്ടും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു.
സംസ്ഥാന ജലഗതാഗത വകുപ്പിന് കീഴിലാണ് പൊതുജനങ്ങള്ക്കായിട്ടുള്ള വാട്ടര്‍ ടാക്സി സര്‍വ്വീസ് ആരംഭിച്ചിരിക്കുന്നത്. യാത്രക്കാര്‍ക്ക് അതിവേഗം ലക്ഷ്യസ്ഥാനത്ത് എത്താനാവുന്ന ആധുനിക സുരക്ഷാ സംവിധാനങ്ങളോടെയുള്ള, 10 പേര്‍ക്ക് വീതം സഞ്ചരിക്കാവുന്ന നാല് കാറ്റമറൈന്‍ ബോട്ടാണ് ആദ്യഘട്ടത്തില്‍ എത്തുന്നത്. 3 കോടി 14 ലക്ഷം രൂപയാണ് ആദ്യഘട്ടത്തിന്റെ മൊത്തം ചിലവ്. ഇതില്‍ ആദ്യത്തെ ബോട്ടാണ് കഴിഞ്ഞദിവസം ആലപ്പുഴയില്‍ നീറ്റിലിറക്കിയത്.
ജലഗതാഗത വകുപ്പ് പുറത്തിറക്കിയ 9400050325, 9400050322 എന്ന ഈ മൊബൈല്‍ നമ്പറിലൂടെയാണ് വാട്ടര്‍ ടാക്സി ബുക്ക് ചെയ്യേണ്ടത്. ആലപ്പുഴയില്‍ എവിടെ നിന്നും ബോട്ടിനായി വിളിക്കാം. കൂടുതല്‍ ടാക്സികള്‍ വരുമ്പോള്‍ പ്രത്യേകം നമ്പരുകളാവും. ഓണ്‍ലൈന്‍ ടാക്സി സംവിധാനം പോലെയാക്കുന്നതും പരിഗണിക്കുന്നുണ്ട്. ബാക്കിയുള്ള മൂന്ന് ബോട്ടുകളില്‍, നവംബറില്‍ ഒരു ടാക്സിയും ഡിസംബറില്‍ രണ്ടു ടാക്സികളും സര്‍വീസാരംഭിക്കും. എറണാകുളം-വൈക്കം, ആലപ്പുഴ-കോട്ടയം തുടങ്ങിയ റൂട്ടുകളിലാണ് അതുവരുക.
വാടക നല്കി സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കാവുന്ന ബോട്ടിന് മണിക്കൂറില്‍ 1500 രൂപയാണ് വാടക. അരൂരിലെ ഷിപ്പ് യാര്‍ഡില്‍ ജലഗതാഗത വകുപ്പ് തന്നെ നിര്‍മിച്ച വാട്ടര്‍ ടാക്സിയുടെ - 175 എച്ച് പി ഡീസല്‍ എന്‍ഞ്ചിന്‍, സ്വീഡിഷ് നിര്‍മിതമാണ്. 15 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ (35 കി.മീറ്റര്‍) വരെ സഞ്ചരിക്കാനാവുന്ന ബോട്ടാണ് നിര്‍മിച്ചത്. 50 ലക്ഷം രൂപയാണ് ഒരു ബോട്ടിന്റെ നിര്‍മാണച്ചെലവ്. കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നവഗതി മറൈന്‍ ആണ് ബോട്ടുകള്‍ നിര്‍മ്മിച്ചത്.
ഫൈബര്‍ റീഇന്‍ഫോര്‍സ്ഡ് പ്ലാസ്റ്റിക് (എഫ്.ആര്.പി) മെറ്റീരിയല്‍ ഉപയോഗിച്ച് നിര്‍മ്മിച്ച് ബോട്ടില്‍ സുരക്ഷക്കായി ലൈഫ് ജാക്കറ്റുകള്‍, ലൈഫ് ബോയി, അഗ്നി ശമന യന്ത്രം, ഹള്ളില്‍ വെള്ളം കയറിയാല്‍ പുറം തള്ളാനുള്ള ഓട്ടോമാറ്റിക് സംവിധാനം എന്നിവയുമുണ്ട്. 300 ലിറ്ററാണ് ബോട്ടിന്റെ ഫ്യുവല്‍ കപ്പാസിറ്റി. ബോട്ടില്‍ ഒരു ഡ്രൈവര്‍ കം സ്രാങ്ക്, ലാസ്കര്‍ തുടങ്ങി മൂന്ന് ജീവനക്കാരുണ്ടാകും. യാത്രാബോട്ടുകളെ അപേക്ഷിച്ച് കൂടുതല്‍ വേഗത്തില്‍ ലക്ഷ്യസ്ഥാനത്തേക്ക് എത്തിച്ചേരാന്‍ കഴിയുമെന്നതാണ് വാട്ടര്‍ ടാക്സിയുടെ പ്രത്യേകത.
വാട്ടര്‍ ടാക്സിയോടൊപ്പം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത യാത്രബോട്ടില്‍ 100 പേര്‍ക്ക് ഒരേ സമയം സഞ്ചരിക്കാവുന്ന ആധുനിക രീതിയിലുള്ള ജലയാനമാണ്. 20.5 മീറ്റര്‍ നീളിവും 7.5 മീറ്റര്‍ വീതിയും 7 നോട്ടിക്കല്‍ മൈല്‍ വേഗതയുള്ള ബോട്ടിന് ഏറ്റവും പുതിയ സാങ്കേതിക വിദ്യകളാണ് ഉപയോഗിച്ചിരിക്കുന്നത്. 14 കോടിയോളം ചെലവില്‍ 7 ബോട്ടുകള്‍ക്കാണ് ഭരണാനുമതി നല്‍കിയത്. അതില്‍ ആദ്യത്തെ ബോട്ടാണ് ഇപ്പോള്‍ സര്‍വീസ് ആരംഭിച്ചിരിക്കുന്നത്.
ജലഗതാഗതത്തില്‍ കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നതിനു വേണ്ടി ചെലവ് കുറഞ്ഞതും, വളരെ സുരക്ഷിതവും, ആധുനിക സൗകര്യങ്ങളോടും കൂടിയ യാത്രാ മാര്‍ഗ്ഗം പൊതുജനങ്ങള്‍ക്ക് നല്‍കുക എന്ന ആശയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ആവിഷ്ക്കരിച്ചിട്ടുളള വിവിധ പദ്ധതികളില്‍ ഒന്നാണ് 100 പാസഞ്ചര്‍ കപ്പാസിറ്റിയുളള കറ്റാമറൈന്‍ ബോട്ട്.
സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് വാട്ടര്‍ ടാക്സി സര്‍വീസ് ഉദ്ഘാടനം നടത്തുന്നത്. റോഡ് ഗതാഗതത്തിലെന്ന പോലെ ജല ഗതാഗതത്തിലുപയോഗിക്കുന്ന ഈ വാട്ടര്‍ ടാക്സി സര്‍വീസുകളും യാത്രബോട്ടുകളും ജല ഗതാഗത മേഖലയുടെ വികസനത്തിനെന്ന പോലെ വിനോദ സഞ്ചാര മേഖലയിലും പുതിയ ഉണര്‍വു പകരുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.