TopTop
Begin typing your search above and press return to search.

കേരളത്തിന്റെ 'നെതര്‍ലാന്‍ഡ്‌സി'ലേക്ക് വരുന്നോ?

കേരളത്തിന്റെ

വെള്ളിയാഴ്ച്ച ദിവസങ്ങളില്‍ ആണ് ഓഫ് ഡേ. അങ്ങനെ ഒരു വെള്ളിയാഴ്ച എത്തിയപ്പോള്‍ ഒരു തോന്നല്‍, ഏതായാലും വേറെ പരിപാടിയില്ല എന്നാല്‍ പിന്നെ എങ്ങോട്ടെങ്കിലും കറങ്ങാന്‍ പോയിക്കൂടേ? യാത്രയെ അത്രയേറെ സ്‌നേഹിക്കുന്നത് കൊണ്ടായിരിക്കാം ആദ്യം തന്നെ യാത്ര എന്ന ചിന്ത മനസ്സിലേക്ക് കടന്ന് വന്നത്. അങ്ങനെ മനസിലിട്ട് കുറെ സ്ഥലം കറക്കി നോക്കിയിട്ട് അവസാനം കുമരകം പക്ഷി സങ്കേതം തന്നെ തിരഞ്ഞെടുത്തു.

അവിടെ പോയവര്‍ക്ക് അറിയാം അതിന്റെ ഭംഗി, നിശ്ശബ്ദത, പക്ഷികളുടെ ശബ്ദം, കായലിന്റെ ഭംഗി അങ്ങനെ അങ്ങനെ പറഞ്ഞാല്‍ തീരില്ല. രാവിലെ എട്ട് മണിക്ക് വീട്ടില്‍ നിന്നും ഇറങ്ങി കോട്ടയം ബേക്കര്‍ ജംഗ്ക്ഷനില്‍ എത്തി. അവിടെ നിന്ന് കുമരകം പോകുന്ന ബസ്സില്‍ കയറി കവണാറ്റിങ്കരക്ക് (പക്ഷി സങ്കേതം) ടിക്കറ്റ് എടുത്തു. എന്‍ട്രി ഫീ ഇന്ത്യകാര്‍ക്ക് 50 രൂപയും വിദേശികള്‍ക്ക് 150 രൂപയുമാണ് ചാര്‍ജ്.

അതുകൊണ്ട് മാത്രം തീര്‍ന്നില്ല, ടിക്കറ്റ് എടുത്ത് കുറച്ച് മുന്നോട്ട് ചെല്ലുമ്പോള്‍ ഗാര്‍ഡ്‌സ് ഉണ്ട്. അവര്‍ക്ക് ചിലപ്പോള്‍ നമ്മുടെ പേരും ഫോണ്‍ നമ്പറും നല്‍കേണ്ടി വരും. ചിലപ്പോള്‍ ഐഡി പ്രൂഫ് ചോദിക്കും. അതും കഴിഞ്ഞ് മുന്നോട്ട് പോകുമ്പോള്‍ തന്നെ നമുക്ക് ഏകദേശം അറിവുകള്‍ ലഭിക്കും, മുന്നിലുള്ള നടപ്പാതയിലൂടെ അങ്ങ് നടന്നാല്‍ മതിയാകും. കുറച്ച് നടക്കാന്‍ ഉണ്ട്.


പക്ഷികളുടെ ശബ്ദവും ഇടയ്ക്ക് മൊത്തതിലുള്ള ഒരു മൂകതയും ചിവീടുകളുടെ കരച്ചിലുമൊക്കെ ആസ്വാദിച്ച് പതിയെ നടന്നു. സ്വസ്ഥമായിട്ട് നടക്കാന്‍ ആഗ്രഹിക്കുന്ന പലര്‍ക്കും ഇവിടെ ഇഷ്ടപ്പെടും. സമുദ്രനിരപ്പിന് താഴെ സ്ഥിതി ചെയ്യുന്ന് കൊണ്ട് മാത്രമല്ല കുമരകത്തെ കേരളത്തിന്റെ 'നെതര്‍ലാന്‍ഡ്‌സ്' എന്ന് വിളിക്കുന്നതെന്ന് അവിടുത്തെ പ്രകൃതിഭംഗി കണ്ടാല്‍ മനസിലാവും.

കുറച്ച് മുന്നോട്ട് ചെന്നപ്പോള്‍ ഒരു ചേട്ടന്‍ പക്ഷിസങ്കേതിനുള്ളിലെ തോട്ടിലൂടെ ഒരു വള്ളത്തില്‍ കരിക്കുമായിട്ട് ടൂറിസ്റ്റുകളെ നോക്കി നില്‍ക്കുന്നു. നല്ല കരിക്ക്! നടന്നു മടുത്തവര്‍ക്ക് ഒരു ആശ്വാസം, പിന്നെ ക്ഷീണവും അകറ്റാം. അങ്ങനെ ഞാന്‍ ആ ചേട്ടന്റെ കയ്യില്‍ നിന്ന് ഒരു കരിക്ക് മേടിച്ചു കുടിച്ച്, പുള്ളിയുമായി കമ്പനി അടിച്ചിരുന്നു കുറച്ചു നേരം.

ഇടയ്ക്ക് ആ ചേട്ടന്റെ ചോദ്യം 'കായലില്‍ കറങ്ങാന്‍ താല്‍പര്യം ഉണ്ടോ? 'എന്ന്.. വള്ളത്തില്‍ കറങ്ങാന്‍ 350രൂപ.. അപ്പോള്‍ എന്റെ കയ്യില്‍ അത്രയും പൈസ ഉണ്ടായിരുന്നത് കൊണ്ടും ആവശ്യത്തിന് അധികം സമയം ഉള്ളതുകൊണ്ടും വള്ളത്തിലെ കറക്കം അങ്ങ് ഉറപ്പിച്ചു. പക്ഷി സങ്കേതിനുള്ളിലൂടെ വള്ളത്തില്‍ ഒന്ന് കറങ്ങി ശേഷം ആ ചേട്ടന്‍ തിരിച്ച് കയറിയ സ്ഥലത്ത് തന്നെ കൊണ്ടുവന്ന് ഇറക്കി.


അവിടെ നിന്ന് വീണ്ടും പക്ഷിസങ്കേതത്തിന്റെ ബാക്കി ഭാഗം കാണാന്‍ നടത്തം തുടങ്ങി. അങ്ങനെ ഏകദേശം നടപ്പാതയുടെ അറ്റത്ത് എത്തി. അവിടെ നിന്നാ വേമ്പനാട് കായലിന്റെ നല്ല വിശാലമായ മനോഹരമായ കാഴ്ചകളാണ് ദൃശ്യമാവുക. അവിടുത്തെ മര തണലുകള്‍, കായല്‍ കാറ്റും അനുഭവിച്ച് വേമ്പനാടിന്റെ ഭംഗിയും ആസ്വദിച്ച് ഇരിക്കാന്‍ പറ്റിയ ഒരു ഇടമാണ്.

കുറച്ച് കൂടി മുന്നോട്ട് പോയി യുടേണ്‍ പോലെ തിരിഞ്ഞ് നടന്നാല്‍ വാച്ച് ടവര്‍ കാണാന്‍ സാധിക്കും. പക്ഷി സങ്കേതം വിശദമായി കാണാന്‍ ഇതിലും നല്ലൊരു മാര്‍ഗ്ഗമില്ല. വാച്ച് ടവറില്‍ പോയിട്ട് തിരികെ കായലിന്റെ ദൃശ്യം ഒന്നുകൂടി ആസ്വാദിക്കാന്‍ എത്തി. എന്തോ തിരികെ പോരാന്‍ തോന്നില്ല അത്രക്ക് ഭംഗി! ഇന്ന് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലങ്ങളില്‍ ഒന്നാണ് ഇവിടം. ഇപ്പോള്‍ കൂടെ കൂടെ പോകാറുണ്ട് എത്ര കണ്ടാലും മതിവരില്ല. അവിടെ അത്രയ്ക്ക് എന്തോ ആകര്‍ഷിക്കുന്നുണ്ട്.


എങ്ങനെ എത്തിച്ചേരാം?

കുമരകം എന്ന് പറയുന്നത് ഒറ്റ സ്ഥലമല്ല. വേമ്പനാട്ട് കായലിന്റെ തീരത്തായി ഉള്ള ചെറിയ ദ്വീപുകള്‍ ചേര്‍ന്ന പ്രദേശത്തെയാണ് കുമരകം എന്ന് വിളിക്കുന്നത്. കോട്ടയത്ത് നിന്ന് 15 കി.മീ ദൂരമുണ്ട് കുമരകത്തേക്ക്. ബസ് സൗകര്യങ്ങള്‍ യഥേഷ്ടമുണ്ട്. പക്ഷി സങ്കേതതിലേക്കാണ് പോകേണ്ടതെങ്കില്‍ കുമരകം, കവണാറ്റിങ്കരയിലാണ് എത്തേണ്ടത്. എറണാകുളത്ത് നിന്ന് വരുന്നവര്‍ക്ക് ആലപ്പുഴ ചേര്‍ത്തല വഴിയും കുമരകത്ത് എത്താന്‍ സാധിക്കും.

ആലപ്പുഴയില്‍ നിന്നും മുഹമ്മയില്‍ നിന്നും കുമരകത്തേക്ക് സര്‍ക്കാരിന്റെ ബോട്ട് സര്‍വീസുണ്ട്. വളരെ തുച്ഛമായ ടിക്കറ്റ് നിരക്കില്‍ കായല്‍ സൗന്ദര്യം ആസ്വാദിച്ചുള്ള ബോട്ടിംഗും നടത്താന്‍ ഈ യാത്രയില്‍ സാധിക്കും. ചേര്‍പ്പുങ്കല്‍ ജട്ടിയില്‍ നിന്നും കുമരകത്തേക്ക് ബോട്ട് സര്‍വീസുണ്ട്.

അടുത്തുള്ള പ്രധാന റെയില്‍വെ സ്റ്റേഷന്‍ കോട്ടയമാണ്.

കോച്ചിന്‍ അന്തരാഷ്ട്ര വിമാനത്താവളം എണ്‍പത് കി.മീ അകലെയാണ്.

വിഷ്ണു വിജയന്‍

വിഷ്ണു വിജയന്‍

കോട്ടയം സ്വദേശി, ട്രാവലര്‍

Next Story

Related Stories