Top

ചൈനക്കാരെ 'പിടിക്കാന്‍' കേരള ടൂറിസം

ചൈനക്കാരെ

ചൈനീസ് സഞ്ചാരികളെ ആകര്‍ഷിക്കാനൊരുങ്ങി കേരള ടൂറിസം. ലോകത്തെ 48 ഓളം രാജ്യങ്ങളില്‍ നടത്തിയ 'ചൈന റെഡി' പദ്ധതി കേരള ടൂറിസത്തിലൂടെ ഇന്ത്യയിലും നടപ്പാക്കാന്‍ പോവുകയാണ്. പദ്ധതിയുടെ ഭാഗമായി പ്രതിവര്‍ഷം 150 ദശലക്ഷം വിനോദസഞ്ചാരികളെയാണ് ചൈനയില്‍ നിന്നും വിദേശരാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കുന്നത്. ചൈനീസ് വിനോദസഞ്ചാരികളുടെ രീതികള്‍ മനസിലാക്കാനും ഈ സഞ്ചാരികളെ ആകര്‍ഷിക്കുന്ന തരത്തില്‍ അവരുടെ ഇഷ്ടങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്താനും കേരള ടൂറിസം വിനോദസഞ്ചാര വ്യവസായ പങ്കാളികളെ ഉള്‍പ്പെടുത്തി ശില്പശാലകള്‍ സംഘടിപ്പിച്ചിരുന്നു.

ചൈനീസ് സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി കേരളത്തെ മാറ്റുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് തിരുവനന്തപുരത്ത് ചൈന റെഡി പ്രോഗ്രാം സംഘടിപ്പിച്ചത്. ചൈനീസ് ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനുള്ള മാര്‍ഗങ്ങളാണ് പ്രധാനമായും ചര്‍ച്ചചെയ്തത്. 'ചൈനീസ് വിനോദസഞ്ചാരികള്‍ ഏറെ ഇഷ്ടപ്പെടുന്ന രാജ്യമാണ് ഇന്ത്യയെന്നും കേരളത്തിനും ചൈനയ്ക്കുമിടയില്‍ ചരിത്രപരവും സാംസ്‌കാരികവുമായ അഗാധ ബന്ധമുണ്ടെന്നും' വെല്‍കം ചൈന ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ മാര്‍ക്കസ് ലീ പറഞ്ഞു. എന്നാല്‍ കേരളം ഇപ്പോഴും ചൈനക്കാരുടെ ഇഷ്ട വിനോദ സഞ്ചാര കേന്ദ്രമായി മാറിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മൂന്ന് ലക്ഷം ചൈനീസ് വിനോദ സഞ്ചാരികള്‍ മാത്രമാണ് 2018-ല്‍ ഇന്ത്യ സന്ദര്‍ശിച്ചത്. കേരളത്തിലെ ഏതൊക്കെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ചൈനക്കാരെ ആകര്‍ഷിക്കാനാകും, അവര്‍ക്കായി എന്തൊക്കെ സൗകര്യങ്ങള്‍ ഒരുക്കണം തുടങ്ങിയ കാര്യങ്ങളെ കുറിച്ച് അറിയാനായി കോവളം, ആലപ്പുഴ, തെക്കാഡി, മുന്നാര്‍, കൊച്ചി തുടങ്ങിയ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഡെസ്റ്റിനേഷന്‍ ഓഡിറ്റ് നടത്താനൊരുങ്ങുകയാണ് ടൂറിസം വകുപ്പ്.

കേരളത്തിലെ നാല്പതോളം ഹോട്ടല്‍ പ്രതിനിധികളെയും ടൂര്‍ ഓപ്പറേറ്റര്‍മാരെയും പങ്കെടുപ്പിച്ചാണ് ശില്പശാല നടത്തിയത്. ഇതുവരെ 48 രാജ്യങ്ങളില്‍ നടത്തിയിട്ടുള്ള ചൈന റെഡി പ്രോഗ്രാം ഇതാദ്യമായാണ് കേരള ടൂറിസം വഴി ഇന്ത്യയില്‍ നടത്തുന്നത്. ഇതോടനുബന്ധിച്ച് ചൈനീസ് പ്രതിനിധികള്‍ക്കായി കേരളത്തിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളെ കൂട്ടിയിണക്കി ഒക്ടോബര്‍ ഒന്നു മുതല്‍ അഞ്ചുവരെ യാത്രാപരിപാടിയും സംഘടിപ്പിക്കും.


Next Story

Related Stories