TopTop
Begin typing your search above and press return to search.

ഇനി കൊച്ചിയില്‍ നിന്നും മൂന്നാറിലേക്ക് അരമണിക്കൂര്‍

ഇനി കൊച്ചിയില്‍ നിന്നും മൂന്നാറിലേക്ക് അരമണിക്കൂര്‍

ഇനി കൊച്ചിയില്‍ നിന്ന് അരമണിക്കൂര്‍ കൊണ്ട് കോടമഞ്ഞ് മൂടിയ മേഘപാളികള്‍ക്കിടിയിലൂടെ മൂന്നാറില്‍ പറന്നിറങ്ങാം. എന്താ വിശ്വാസം വരുന്നില്ലേ? എന്നാല്‍ വിശ്വസിച്ചേ പറ്റൂ.. കൊച്ചിയില്‍ നിന്ന് മൂന്നാറിലേക്ക് ഹെലികോപ്റ്റര്‍ ടാക്‌സി സര്‍വീസ് ആരംഭിക്കുന്നതിന്റെ ഭാഗമായിട്ടുള്ള ആദ്യ ട്രയല്‍ റണ്‍ വിജയകരമായി കഴിഞ്ഞ ദിവസം പൂര്‍ത്തിയാക്കിയതായി ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ അഴിമുഖത്തോട് പറഞ്ഞു. മാത്രമല്ല മൂന്നാറിലേക്ക് പുതിയ വമ്പന്‍ ടൂറിസ്റ്റ് പദ്ധതികളും തയ്യറാവുകയാണെന്ന് എംഎല്‍എഅറിയിച്ചു..

ടൂറിസം വികസനത്തിന്റെ ഭാഗമായിട്ടാണ് മൂന്നാറിലേക്ക് ഹെലി ടാക്‌സി സര്‍വീസ് ആരംഭിച്ചതെന്നാണ് എസ് രാജേന്ദ്രന്‍ പറഞ്ഞത്. 'ഈ സര്‍വീസ് ട്രയല്‍ റണ്ണായിരുന്നു. ബാക്കിയുള്ള നാല് ട്രയല്‍ റണ്ണുകള്‍ കൂടി പൂര്‍ത്തിയാക്കിയ ശേഷം മാര്‍ച്ച് എഴോട് കൂടി ഹെലി ടാക്‌സി സര്‍വീസ് തുടങ്ങാനാണ് തീരുമാനം. തുടര്‍ച്ചയായി സര്‍വീസ് നടത്താനാണ് തീരുമാനം. ആവശ്യമെങ്കില്‍ ഹെലി ആംബുലന്‍സ് സൗകര്യവും ഒരുക്കും. കൂടാതെ ടൂറിസത്തിന്റെ ഭാഗമായി ഇടുക്കിയില്‍ ഒരു മാസ്റ്റര്‍ പ്ലാനും തയ്യാറായി വരുന്നു. ഒരു മിനി എയറോഡ്രോമും 40 പേര്‍ക്ക് സഞ്ചരിക്കാവുന്ന എയറോക്രാഫ്റ്റും പദ്ധതിയുണ്ട്. മൂന്നാര്‍ മേഖലയിലാണ് കൂടുതല്‍ ആളുകള്‍ എത്തുന്നത് എന്നതുകൊണ്ട് പ്രദേശത്തോടെ അടുത്ത് തന്നെ എയറോഡ്രോം വരുമെന്നാണ് വിചാരിക്കുന്നത്. കൂടുതല്‍ കാര്യങ്ങള്‍ ചര്‍ച്ചയിലാണ്.' എന്നും അദ്ദേഹം വ്യക്തമാക്കി.

ഹെലി ടാക്‌സി സര്‍വീസിന്റെ ആദ്യ ട്രയല്‍ റണ്‍ ഫെബ്രുവരി 29നായിരുന്നു നടന്നത്. കൊച്ചിയില്‍ നിന്ന് രാവിലെ പത്ത് മണിക്ക് പുറപ്പെട്ട ഹെലികോപ്റ്റര്‍ 10.30ന് മൂന്നാറിലെ ഹാരിസണ്‍ മലയാളം തേയില കമ്പനിയുടെ ലോക് ഹാര്‍ട്ട് മൈതാനത്ത് എത്തി. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ബോബി ചെമ്മണ്ണൂരിന്റെ എന്‍ഹാന്‍സ് ഏവിയേഷന്‍ ഗ്രൂപ്പും സംയുക്തമായാണ് ഹെലി ടാക്‌സി സര്‍വീസ് നടത്തുന്നത്.

മൂന്നാറിന്റെ ആകാശ ദൃശ്യം

തലശ്ശേരി സ്വദേശിയും ദുബായില്‍ ഉദ്യോഗസ്ഥനുമായ ഫഹദും ഭാര്യ സിജിനയും മൂന്ന് മക്കളുമായിരുന്നു ട്രയല്‍ റണ്ണിലെ ആദ്യ വിനോദസഞ്ചാരികള്‍. എസ് രാജേന്ദ്രന്‍, ദേവികുളം സബ് കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍, ദേവികുളം പഞ്ചായത്ത് പ്രസിഡന്റ് പി കെ സുരേഷ് കുമാര്‍ തുടങ്ങിയവരും തോട്ടം തൊഴിലാളികളുടെ കുട്ടികളും ചേര്‍ന്നായിരുന്നു ഹെലി ടാക്‌സിയില്‍ എത്തിയ ആദ്യ വിനോദസഞ്ചാരികളെ വരവേറ്റത്.

ടൂറിസ്റ്റുകള്‍ക്ക് ഹെലി ടാക്‌സി സര്‍വീസിലൂടെ കൊച്ചിയില്‍ നിന്ന് മൂന്നാറിലേക്കും തിരിച്ചും യാത്ര ചെയ്യാന്‍ സാധിക്കും. രാവിലെ 11 മണിയോടെ ആദ്യ യാത്രക്കാരുമായി മൂന്നാറിലെത്തുന്ന ഹെലികോപ്ടര്‍ വൈകുന്നേരം 4 വരെ പ്രദേശത്ത് വിനോദസഞ്ചാരികള്‍ക്കായി ലോക്കല്‍ സര്‍വീസ് നടത്തും. തേക്കടി-ഇടുക്കി-മൂന്നാര്‍-കൊച്ചി റൂട്ടിലാണ് സര്‍വീസ് നടത്താനുള്ള പ്രഥമ തീരുമാനം.

9500 രൂപയാണ് കൊച്ചിയില്‍ നിന്നും തിരിച്ചുമുള്ള നിരക്ക്. ഇത് കൂടാതെ 10 മിനിറ്റിന് 3500 രൂപ നിരക്കില്‍ മൂന്നാറിന്റെ ആകാശ കാഴ്ചകള്‍ ആസ്വാദിക്കാനും സൗകര്യമുണ്ട്. ഒരേ സമയം 6 പേര്‍ക്ക് സഞ്ചരിക്കാവുന്ന ഹെലികോപ്റ്ററാണിത്. ഹെലി ടാക്‌സി സര്‍വീസിന് രണ്ടുദിവസം സ്പില്‍ ഡിസ്‌കൗണ്ടും നല്‍കിയിട്ടുണ്ട്.

ഹെലി ടാക്‌സി സര്‍വീസിനായി എത്തുന്ന സന്ദര്‍ശകരുടെ എണ്ണം വര്‍ദ്ധിക്കുന്നതനുസരിച്ച് നെടുമ്പാശേരിയില്‍ നിന്നും കൂടതല്‍ സര്‍വ്വീസുകള്‍ ആരംഭിക്കാനാണ് തീരുമാനം. ഹെലികോപ്റ്റര്‍ ഇറങ്ങാനായി ലോക് ഹാര്‍ട്ട് മൈതാനം കൂടാതെ പഴയ മൂന്നാറിലെ ഹൈ ആള്‍ട്ടിറ്റിയൂഡ് സ്റ്റേഡിയവും പരിഗണനയിലുണ്ട്.

ചിത്രങ്ങള്‍ - സുരേഷ് ദേവികുളം ഫേസ്ബുക്കില്‍ പങ്കുവച്ചത്‌


Next Story

Related Stories