TopTop
Begin typing your search above and press return to search.

വേളിക്കായലോരത്തൂടെയുള്ള 'ട്രെയിന്‍' ഒരു മാസത്തിനകം, കൂടെ ആര്‍ട്ട് കഫെയും അര്‍ബന്‍ - ഇക്കോ പാര്‍ക്കുകളും

വേളിക്കായലോരത്തൂടെയുള്ള ട്രെയിന്‍ ഒരു മാസത്തിനകം, കൂടെ ആര്‍ട്ട് കഫെയും അര്‍ബന്‍ - ഇക്കോ പാര്‍ക്കുകളും

വേളി ടൂറിസം വില്ലേജ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ്. സന്ദര്‍ശകരുടെ ആവശ്യങ്ങള്‍ക്കനുസൃതമായി 3.60 കോടി രൂപ ചെലവഴിച്ചുള്ള ടൂറിസം ഫെസിലിറ്റി സെന്റര്‍, 9.98 കോടി രൂപയുടെ കണ്‍വന്‍ഷന്‍ സെന്റര്‍, അനുബന്ധ സൗകര്യവികസനത്തിനായി 7.85 കോടിയുടെ പദ്ധതി എന്നിവയും നടപ്പിലാക്കുമെന്ന് വേളി ടൂറിസം വില്ലേജിലെ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം ടൂറിസം മന്ത്രി കടകംപളളി സുരേന്ദ്രന്‍ വ്യക്തമാക്കി.

9.50 കോടി രൂപ ചെലവില്‍ പ്രധാന പാര്‍ക്കിനോടു ചേര്‍ന്ന് ആര്‍ട്ട് കഫെ സ്ഥാപിക്കും. ഡിജിറ്റല്‍ മ്യൂസിയം ഉള്‍പ്പെടയുള്ള സൗകര്യങ്ങളാണ് ഇതോടൊപ്പം ഉണ്ടാകുക. വേളിയില്‍ തന്നെ അര്‍ബന്‍ വെറ്റ്ലാന്‍ഡ് നേച്ചര്‍ പാര്‍ക്കും വരികയാണ്. ടൂറിസ്റ്റ് വില്ലേജിന് എതിര്‍വശമുള്ള 10 ഏക്കറോളം പ്രദേശത്താണ് പ്രകൃതി സംരക്ഷണം കൂടി ലക്ഷ്യമാക്കുന്ന പദ്ധതി രൂപകല്‍പന ചെയ്യുന്നത്. അര്‍ബന്‍ - ഇക്കോ പാര്‍ക്കുകളും ഇവിടെ തുടങ്ങുന്നു.
ആംഫിതിയറ്റര്‍ ഉള്‍പ്പെടയുള്ള സംവിധാനങ്ങള്‍ക്കായി 4.99 കോടി രൂപ അനുവദിച്ചു. പ്രദേശത്തെ തീരപാത വികസനത്തിനായി 4.78 കോടി രൂപയുടെ പദ്ധതിയുമുണ്ട്. കുട്ടികളുടെ പാര്‍ക്കിന്റെ നവീകരണം പൂര്‍ത്തിയാക്കാനായി. നിലവിലുള്ള നീന്തല്‍ക്കുളവും പാര്‍ക്കും നവീകരിക്കുന്നതിനും അനുമതി നല്‍കി. കാനായി കുഞ്ഞിരാമന്‍ നിര്‍മിച്ച കലാവിസ്മയമായ ശംഖ് സംരക്ഷണവും പരിസരത്ത് സൗരോര്‍ജ്ജ വിളക്ക് സ്ഥാപനവും നടത്തി.
വിനോദസഞ്ചാര സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി മൂന്ന് സ്പീഡ് ബോട്ട്, അഞ്ച് പെഡല്‍ ബോട്ട്, ഒരു സഫാരി ബോട്ട്, 100 ലൈഫ് ജാക്കറ്റുകള്‍ എന്നിവ വാങ്ങും. കെ. ടി. ഡി. സിയുടെ ഫണ്ട് വിനിയോഗിച്ച്് 50 ലൈഫ് ബോയ് സ്വന്തമാക്കാനായി. ഇവിടെയുള്ള ഫ്ളോട്ടിംഗ് റസ്റ്ററന്റ് 70 ലക്ഷം രൂപ ചെലവാക്കി നവീകരിക്കുകയും ചെയ്തു. 56 കോടിയിലധികം രൂപയുടെ വികസന പദ്ധതികളാണ് വേളിയില്‍ നടപ്പിലാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
വേളിക്കായലോരത്തൂടെയുള്ള മിനിയേച്ചര്‍ ട്രെയിന്‍ സര്‍വീസ് ഒരു മാസത്തിനകം പ്രവര്‍ത്തന സജ്ജമാകുമെന്നും മന്ത്രി പറഞ്ഞു. രണ്ട് കിലോമീറ്ററാണ് ഒരു ട്രിപ്പിന്റെ ദൈര്‍ഘ്യം. കുട്ടികളെ ആകര്‍ഷിക്കാനായാണ് കൗതുകം നിറയ്ക്കുന്ന പുതുസംരംഭമെന്ന് പരീക്ഷണ യാത്രയും അനുബന്ധ സൗകര്യങ്ങളും വിലയിരുത്തിയ ടൂറിസം മന്ത്രി വ്യക്തമാക്കി.
സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യ ട്രെയിന്‍ സര്‍വീസാണിത്. സ്റ്റേഷന്‍ ഉള്‍പ്പടെ സൗരോര്‍ജ്ജത്തിലാണ് പ്രവര്‍ത്തിക്കുക. ബംഗളുരുവില്‍ നിന്നാണ് മൂന്ന് കോച്ചുകളും എഞ്ചിനും എത്തിച്ചത്. രണ്ട് ജീവനക്കാരടക്കം 48 പേര്‍ക്ക് സഞ്ചരിക്കാം. ഒമ്പത് കോടി രൂപയുടെ പദ്ധതിയാണിത്.
Next Story

Related Stories