TopTop
Begin typing your search above and press return to search.

ആലപ്പുഴയിലെ പഴയ രത്‌ന പണ്ടകശാല നവീകരിച്ചു ഹെറിറ്റേജ് മ്യൂസിയമാക്കുന്നതുള്‍പ്പടെയുള്ള ഒമ്പത് പുതിയ പദ്ധതികള്‍ക്ക് കൂടി നാളെ തുടക്കമിടുന്നു

ആലപ്പുഴയിലെ പഴയ രത്‌ന പണ്ടകശാല നവീകരിച്ചു ഹെറിറ്റേജ് മ്യൂസിയമാക്കുന്നതുള്‍പ്പടെയുള്ള ഒമ്പത് പുതിയ പദ്ധതികള്‍ക്ക് കൂടി നാളെ തുടക്കമിടുന്നു

ആലപ്പുഴ പട്ടണത്തെ പുനരുജ്ജീവിപ്പിക്കാനും അതിന്റെ 'സുവര്‍ണ്ണകാലം' വീണ്ടെടുക്കാനുമുള്ള സമഗ്രമായ ശ്രമമാണ് ആലപ്പുഴ പൈതൃക പദ്ധതി. അതു പ്രകാരം വിവിധ ഘട്ടങ്ങളിലായുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. 20 മ്യൂസിയങ്ങള്‍, 11 സ്മാരകങ്ങള്‍, 5 പൊതുഇടങ്ങള്‍ എന്നിവയുടെ പുനരുദ്ധാരണ, നവീകരണ, സംരക്ഷണ പ്രവര്‍ത്തനങ്ങളാണ് പൈതൃക പദ്ധതി വഴി നടപ്പാക്കുക. ഇതുമായി ബന്ധപ്പെട്ട ചില പദ്ധതികള്‍ക്ക് ഇതിനകം തുടക്കം കുറിച്ചുകഴിഞ്ഞിട്ടുണ്ട്. യാണ്‍ മ്യൂസിയം, ലിവിങ് കയര്‍ മ്യൂസിയം, മ്യൂസിയം ഓഫ് കയര്‍ ഹിസ്റ്ററി, മ്യൂസിയം ഓഫ് ലേബര്‍ മൂവ്‌മെന്റ് എന്നിവയാണവ. ഇവയുടെ നിര്‍മാണ പ്രവര്‍ത്തനം അന്തിമഘട്ടത്തിലാണ്.

പൂര്‍ത്തിയായ നാല് പദ്ധതികളുടെ ഉദ്ഘാടനവും ഒമ്പത് പുതിയ പദ്ധതികളുടെ നിര്‍മാണോദ്ഘാടനവുമാണ് നാളെ നടക്കുന്നത്. ആലപ്പുഴയുടെ പഴയ പോര്‍ട്ട് ഓഫീസ് സമുച്ചയത്തിനോടു ചേര്‍ന്നുകിടക്കുന്ന ഏകദേശം 10 ഏക്കര്‍ വരുന്ന സ്ഥലത്ത് പോര്‍ട്ട് മ്യൂസിയത്തിനു വേണ്ടി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം, 30 കോടി രൂപ ചെലവില്‍ നടത്തിയ കനാലുകളുടെ ഒന്നാംഘട്ട പുനരുദ്ധാരണം പൂര്‍ത്തിയായതിന്റെ പ്രഖ്യാപനം, ഗുജറാത്തിലെ പോര്‍ബന്ദറില്‍ നിന്നും ആലപ്പുഴയിലെത്തിയ ഹലായ് സമുദായത്തിന്റെ ആരാധനാലയമായ ശൗക്കര്‍ മസ്ജിദ് നവീകരിച്ച് സംരക്ഷിത ആരാധനാകേന്ദ്രമാക്കി മാറ്റുന്നതിന്റെ പ്രഖ്യാപനം, നഗരപ്രദേശങ്ങളില്‍ ഇടതൂര്‍ന്ന പ്രാദേശിക വനം നിര്‍മിക്കാന്‍ ജാപ്പനീസ് സസ്യശാസ്ത്രജ്ഞനായ അകിര മിയാവാക്കി മുന്നോട്ടുവച്ച ആശയം മുന്‍നിര്‍ത്തി പോര്‍ട്ട് മ്യൂസിയത്തിനു സമീപത്തായി മിയാവാക്കി വനം നിര്‍മിക്കുന്ന പദ്ധതിയുടെ പൂര്‍ത്തീകരണ പ്രഖ്യാപനം എന്നിവയാണവ.

ഇവ കൂടാതെ ഒമ്പത് പുതിയ പദ്ധതികള്‍ക്ക് കൂടി നാളെ തുടക്കമിടുകയാണ്. നാലുകോടി രൂപ ചെലവില്‍ നടത്തുന്ന ആലപ്പുഴ ബീച്ചിന്റെ സൗന്ദര്യവല്‍ക്കരണം, ബീച്ചില്‍ സ്ഥിതിചെയ്യുന്ന 150 വര്‍ഷം പഴക്കമുള്ള കടല്‍പ്പാലത്തിന്റെ പുനരുദ്ധാരണം, മരിടൈം സിഗ്‌നല്‍ മ്യൂസിയത്തിന്റെ നിര്‍മാണം, സേത്ത് ബ്രദേഴ്‌സ് കമ്പനിയുടെ രത്‌ന പണ്ടകശാല നവീകരിച്ചു ഹെറിറ്റേജ് മ്യൂസിയമാക്കുന്ന പദ്ധതി, സ്റ്റേറ്റ് കയര്‍ കോര്‍പ്പറേഷനുവേണ്ടി നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം, നഗരത്തിലെ പഴയകാല മധുരകമ്പനി ഗോഡൗണില്‍ ആരംഭിക്കാന്‍ പോകുന്ന കേരളത്തിലെ ആദ്യ സമഗ്ര ഗാന്ധി മ്യൂസിയത്തിന്റെ നിര്‍മാണം, 14 കോടി രൂപ ചെലവില്‍ നടത്തുന്ന രണ്ടാംഘട്ട കനാല്‍ പുനരുദ്ധാരണ പദ്ധതി, ലിയോ പതിമൂന്നാമന്‍ മാര്‍പ്പാപ്പയുടെ സ്മരണയ്ക്കായി കൊച്ചി രൂപത എഡി 1888ല്‍ സ്ഥാപിച്ച ലിയോ സ്‌കൂള്‍ കെട്ടിട സമുച്ചയം സംരക്ഷിച്ച് സ്മാരകമായി നിലനിര്‍ത്തുന്ന പദ്ധതി, നവീകരിച്ച പോര്‍ട്ട് ഓഫീസ് സമുച്ചയത്തില്‍ ആരംഭിക്കുന്ന പോര്‍ട്ട് മ്യൂസിയത്തിന്റെ നിര്‍മാണം എന്നിവയാണവ.
ഇവ കൂടി പൂര്‍ത്തിയാകുന്നതോടെ നഷ്ടപ്രതാപം വീണ്ടെടുത്ത് പൂര്‍ണമായ അര്‍ത്ഥത്തില്‍പൈതൃക നഗരമായി മാറാന്‍ ആലപ്പുഴയ്ക്ക് സാധിക്കും. കേരളത്തിന്റെ ടൂറിസം വികസനത്തില്‍ വലിയ മുന്നേറ്റമായിരിക്കും ഈ മാറ്റം സൃഷ്ടിക്കുക. ആലപ്പുഴയുടെ പ്രതാപ കാലഘട്ടത്തിലെ സ്മാരകങ്ങള്‍ പലതും പൂര്‍ണ്ണമായും തകര്‍ച്ചയിലായിരുന്നു. വിനോദസഞ്ചാരികള്‍ ഇവിടെയുള്ള ചരിത്രസ്മാരകങ്ങളും ആരാധനാലയങ്ങളും സന്ദര്‍ശിക്കാറുണ്ടായിരുന്നുവെങ്കിലും, കനാലുകളുടെ മലിനീകരണവും അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മയും അവരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടാക്കി. ഇത് ആലപ്പുഴയുടെ ടൂറിസം സാധ്യതയെ ദോഷകരമായി ബാധിച്ചു. അതിനൊരു പരിഹാരമെന്ന നിലയിലാണ് 2017ല്‍ 'ആലപ്പുഴ പൈതൃക പദ്ധതി'ക്ക് രൂപം കൊടുത്തത്.

Next Story

Related Stories