TopTop
Begin typing your search above and press return to search.

കണ്ണൂരിന്റെ കിഴക്കന്‍ മലയോരമേഖലയുടെ സൗന്ദര്യവും സാഹസികതയും അനുഭവിക്കാന്‍ 'സ്‌നോ ഫോറസ്റ്റ്'

കണ്ണൂരിന്റെ കിഴക്കന്‍ മലയോരമേഖലയുടെ സൗന്ദര്യവും സാഹസികതയും അനുഭവിക്കാന്‍ സ്‌നോ ഫോറസ്റ്റ്

സുന്ദരമല്ലാത്തതൊന്നും പ്രകൃതിയിലില്ല, അത് കണ്ടെത്താന്‍ വൈകുന്നതാണ് മനുഷ്യന്റെ പരിമിതി. മറഞ്ഞിരിക്കുന്ന ആ മഹാ സൗന്ദര്യങ്ങളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യവുമായി, കണ്ണൂര്‍ ചെറുപുഴയില്‍ സ്ഥാപിതമായ ഹില്‍വ്യൂ & ഇക്കോ ടൂറിസം സൊസൈറ്റി തങ്ങളുടെ പ്രവര്‍ത്തനത്തിന്റെ പുതിയ മേഖലകളിലേക്ക് കടക്കുകയാണ്. 'പശ്ചിമഘട്ടത്തിലേക്ക് വരൂ..' എന്ന ടാഗ് ലൈനോട് കൂടിയാണ് 'സ്‌നോ ഫോറസ്റ്റ്' എന്ന ടൂറിസം പദ്ധതി സൊസൈറ്റി അവതരിപ്പിച്ചിരിക്കുന്നത്.

കണ്ണൂര്‍ ജില്ലയുടെ കിഴക്കന്‍ മലയോരമേഖല അതീവ സുന്ദരവും പ്രകൃതിയാല്‍ അനുഗ്രഹീതവുമാണ്. ആകാശം ചുംബിച്ചു നില്ക്കുന്ന മലനിരയും ചെങ്കുത്തായ ഇറക്കങ്ങളും കോടമഞ്ഞിന്റെ നനുത്ത കുളിരും വലുതും ചെറുതുമായ വെള്ളച്ചാട്ടങ്ങളും ഇരമ്പിയാര്‍ത്തൊഴുകുന്ന തേജസ്വിനി പുഴയും അപൂര്‍വ്വ സസ്യങ്ങളും വന്യമൃഗങ്ങളും എല്ലാം കൊണ്ട് ഒരപൂര്‍വ്വ അനുഭവ കേന്ദ്രമാണ് ഈ മലയോര പ്രദേശങ്ങള്‍. പായ് വഞ്ചിയും ഫൈബര്‍ വള്ളങ്ങളും സാഹസികതയുടെ മറ്റൊരു അനുഭൂതിയാകുന്നു.
കേരളത്തിന്റെ ടൂറിസം ഭൂപടത്തില്‍ കണ്ണൂര്‍ ജില്ലയിലെ കിഴക്കന്‍ മലയോര മേഖലയെ ആടയാളപ്പെടുത്താന്‍ പോകുന്ന ഹില്‍വ്യൂ & ഇക്കോ ടൂറിസം സൊസൈറ്റിയുടെ ടൂറിസം പദ്ധതിയുടെ പേരും ലോഗോയും ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, സാഹിത്യകാരന്‍ സി. വി ബാലകൃഷ്ണന്‍, നടനും എംഎല്‍എയുമായ മുകേഷ്, സംവിധായകന്‍ ആഷിക് അബു, നടന്‍ സന്തോഷ് കീഴാറ്റൂര്‍, തുടങ്ങിയ കേരളത്തിന്റെ സാമൂഹിക - സാംസ്‌കാരിക - ചലച്ചിത്ര - രാഷ്ട്രീയ രംഗത്തെ 20 ഓളം പ്രമുഖര്‍ ഓണ്‍ലൈന്‍ വഴിയാണ് പ്രകാശനം ചെയ്തത്.

2019ല്‍ രൂപവത്കരിച്ച സൊസൈറ്റി ചെറുപുഴ, പെരിങ്ങോം- വയക്കര, കാങ്കോല്‍-ആലപ്പടമ്പ, എരമം-കുറ്റൂര്‍ എന്നീ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ടൂറിസത്തോടൊപ്പം കാര്‍ഷിക മേഖലയെയും കൂട്ടിയിണക്കിയുള്ള പ്രവര്‍ത്തനമാണ് ഉദ്ദേശിക്കുന്നത്. പാര്‍ക്കുകള്‍, ഹോംസ്റ്റേകള്‍, ട്രെക്കിംഗ്, റിവര്‍ വാട്ടര്‍ റാഫ്റ്റിങ്, ഫാമുകള്‍, അഡ്വവഞ്ചര്‍ ടൂറിസം തുടങ്ങിയവ ഉണ്ടാവുമെന്ന് ഹില്‍വ്യൂ & ഇക്കോ ടൂറിസം സൊസൈറ്റി പറയുന്നു.
ചെറുപുഴ പഞ്ചായത്തിലുള്‍പ്പെട്ട കൊട്ടത്തലച്ചിമല, ജോസ്ഗിരി തിരുനെറ്റിക്കല്ല്, ഉദയഗിരി പഞ്ചായത്തിലെ താബോര്‍ കുരിശുമല, വാട്ടര്‍ റാഫ്റ്റിങ് സൗകര്യമുള്ള കാര്യങ്കോട്, രയരോം പുഴകള്‍, സ്വകാര്യ സംരംഭകരുടെ ജൈവ കാര്‍ഷിക ഉത്പന്നങ്ങള്‍ വിളയിക്കുന്ന കൃഷിയിടങ്ങള്‍, നാടന്‍ മലയോര വിഭവങ്ങള്‍, ആയുര്‍വേദം - കളരി - മര്‍മ്മം തുടങ്ങിയ പരമ്പരാഗത ആരോഗ്യ പരിപാലന ശീലങ്ങള്‍, ഗോത്ര വിഭാഗങ്ങളുടെ കലകളും അവരുടെ കരകൗശല ഉത്പന്നങ്ങളും തുടങ്ങി പ്രകൃതിയോടിണങ്ങിയ വൈവിധ്യങ്ങള്‍ സഞ്ചാരികള്‍ക്ക് പരിചയപ്പെടുത്തുക എന്നതാണ് ടൂറിസം സൊസൈറ്റിയുടെ ലക്ഷ്യം.

Next Story

Related Stories