കൊവിഡ് പശ്ചാത്തലത്തില്‍ നടത്തിയ വെര്‍ച്വല്‍ കേരള ട്രാവല്‍ മാര്‍ട്ടില്‍ നടന്നത് ഏഴായിരത്തോളം വാണിജ്യ കൂടിക്കാഴ്ചകള്‍. കൊവിഡാനന്തര സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനും സംസ്ഥാനത്തിന്റെ സല്പേര് വര്‍ധിപ്പിക്കാനും ടൂറിസം വ്യവസായത്തിന് നേതൃത്വപരമായ പങ്ക് വഹിക്കാനാകുമെന്ന് കെടിഎം തെളിയിച്ചതായി സംഘാടകര്‍ പത്രക്കുറിപ്പില്‍ അവകാശപ്പെട്ടു.
മുന്‍കാലങ്ങളില്‍ നടത്തിയതു പോലെ എല്ലാവര്ക്കും നേരിട്ട് പങ്കെടുക്കാവുന്ന കേരള ട്രാവല്‍ മാര്‍ട്ട് ഈ വര്‍ഷം തന്നെ നടത്തുന്ന കാര്യം സജീവ പരിഗണനയിലാണെന്ന് സമാപന സമ്മേളനത്തില്‍ സംസാരിക്കവെ സംസ്ഥാന ടൂറിസം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്ജ് പറഞ്ഞു. വെര്‍ച്വല്‍ കെടിഎം വന്‍വിജയമായെങ്കിലും സമ്പൂര്‍ണ കെടിഎമ്മിന്റെ പ്രാധാന്യം കുറയുന്നില്ല. കൊവിഡിനു ശേഷമുള്ള കേരളത്തെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ ഏറ്റവും അനുയോജ്യമായ വേദിയാണ് കെടിഎം. വെല്ലുവിളികളെ തരണം ചെയ്ത് തിരിച്ചു വരാന്‍ ടൂറിസം വകുപ്പും കെടിഎം സൊസൈറ്റിയും അവര്‍ പറഞ്ഞു.
കൊവിഡാനന്തര സാഹചര്യത്തില്‍ ആഭ്യന്തര ടൂറിസത്തിനാണ് ഊന്നല്‍ നല്‍കിയതെങ്കിലും കേരളത്തിലെ ടൂറിസം മേഖലയില്‍ അന്താരാഷ്ട്ര വിപണിയ്ക്ക് താത്പര്യം കുറഞ്ഞിട്ടില്ലെന്നതിന്റെ തെളിവാണ് വെര്‍ച്വല്‍ കെടിഎമ്മെന്ന് കെടിഎം സൊസൈറ്റി പ്രസിഡന്റ് ബേബി മാത്യു സോമതീരം അഭിപ്രായപ്പെട്ടു. മാര്‍ച്ച് അഞ്ച് മുതല്‍ പത്ത് വരെ വെബ്സൈറ്റിലൂടെ പൊതുജനങ്ങള്‍ക്ക് വെര്‍ച്വല്‍ കെടിഎം കാണാനും സെല്ലേഴ്സുമായി ആശയവിനിമയം നടത്താനും സൗകര്യമൊരുക്കിയിരുന്നു. ഇതു വഴി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആള്‍ക്കാരിലേക്ക് കേരള ടൂറിസത്തിന്റെ ആകര്‍ഷണീയത എത്തിക്കാന്‍ സാധിച്ചുവെന്നും ബേബി മാത്യു കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയടക്കം 38 രാജ്യങ്ങളില്‍ നിന്നായി 700 ലധികം ബയേഴ്സാണ് കെടിഎമ്മില്‍ പങ്കെടുത്തത്.159 അന്താരാഷ്ട്ര ബയേഴ്സും 542 ആഭ്യന്തര ബയേഴ്സുമാണ് പങ്കെടുത്തത്. അഞ്ച് ദിവസമായി നടന്ന കെടിഎമ്മില്‍ ദിവസം തോറും ശരാശരി ആയിരത്തിലധികം വാണിജ്യ കൂടിക്കാഴ്ചകള്‍ നടന്നു. വിദേശബയേഴ്സുമായുള്ള 2660 കൂടിക്കാഴ്ചകളും 4175 ആഭ്യന്തര ബയേഴ്സുമായുള്ള കൂടിക്കാഴ്ചകളുമാണ് നടന്നത്. ഓണ്‍ലൈന്‍ ചാറ്റിലൂടെയുള്ളതും കൂടി കണക്കിലെടുത്താല്‍ അമ്പതിനായിരത്തിനടുത്താകും ആശയവിനിമയങ്ങള്‍.
ഏറ്റവും കൂടുതല്‍ വിദേശ ബയര്‍മാര്‍ രജിസ്റ്റര്‍ ചെയ്തത് യുഎസ്എയില്‍ നിന്നും യുകെയില്‍ നിന്നുമാണ്. ഇതു കൂടാതെ ബ്രസീല്‍, ജര്‍മ്മനി, സ്പെയിന്, കാനഡ, മെക്സിക്കോ, ഒമാന്‍, യുഎഇ, ആസ്ട്രേലിയ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും സജീവ പങ്കാളിത്തം മാര്‍ട്ടിലുണ്ടായിരുന്നു. മഹാരാഷ്ട്രയില്‍ നിന്നാണ് ആഭ്യന്തരവിഭാഗത്തില്‍ ഏറ്റവുമധികം ബയര്‍മാരെത്തിയത്. ഡല്‍ഹി, ഗുജറാത്ത്, ഹൈദരാബാദ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതല്‍ ബയര്പ്രാതിനിധ്യം ഉണ്ടായത്.