TopTop
Begin typing your search above and press return to search.

ഒരു ഒന്നൊന്നര ഇരട്ടച്ചങ്കുള്ള 'ചേറാടി കറിയ'യുടെ കാട്ടുസാമ്രാജ്യത്തിലെത്തിയ മൂന്ന് ഭ്രാന്തന്മാര്‍

ഒരു ഒന്നൊന്നര ഇരട്ടച്ചങ്കുള്ള ചേറാടി കറിയയുടെ കാട്ടുസാമ്രാജ്യത്തിലെത്തിയ മൂന്ന് ഭ്രാന്തന്മാര്‍

പണ്ട്.. പണ്ടെന്ന് പറയുമ്പോ ഒരു പത്ത് പന്ത്രണ്ട് കൊല്ലം മുമ്പാണ്.. വയനാട്ടിലെ പുല്‍പ്പള്ളി പഴശ്ശിരാജ കോളേജില്‍ നിന്ന് ക്ലാസ് കട്ട് ചെയ്ത് ഒരാഴ്ച ഒന്ന് കാടുകയറി. കാടെന്ന് പറഞ്ഞാ കണ്ട ആപ്പ ഊപ്പ കാടൊന്നുമല്ല, ആനയും പുലിയും കാട്ടുപോത്തും മാനും മ്ലാവുമൊക്കെയുള്ള അസല് കാട്. നിലമ്പൂരും വയനാടും കുടകും ഗുഡല്ലൂരും ഒക്കെ കാടുകയറി ഇഞ്ചിയും കുരുമുളകും, കാപ്പിയും തെയിലയുമൊക്കെ കൃഷി ചെയ്ത് നൂറുമേനി വിളവെടുത്ത് കാഞ്ഞിരിപ്പള്ളിയിലെയും പാലയിലെയും അച്ചായന്മാരിലെ ഒരു പിന്മുറക്കാരന്‍ മസനഗുഡി കാട്ടില്‍ ഇരട്ടച്ചങ്കും വിരിച്ച് കൃഷി ചെയ്യുന്നുണ്ടേ.. കൃഷിയെന്ന് പറഞ്ഞാ ഇഞ്ചിക്കൃഷി. അങ്ങോട്ടാണ് പോക്ക്. വിളവെടുക്കുന്ന സമയമായത് കൊണ്ട് നമ്മുടെ ഇരട്ടച്ചങ്കന്‍ അവിടെയുണ്ട്. കൊച്ചുവെളുപ്പാന്‍ കാലത്തെ സുല്‍ത്താന്‍ബത്തേരിയിലേക്ക് വണ്ടി കയറി. അങ്ങോട്ട് ഒരു മണിക്കൂറുണ്ട് യാത്ര. പതിവുപ്പോലെ ഇരളം എത്തിയപ്പോള്‍ നമ്മുടെ സഹ്യപുത്രന്‍ മണിയന്‍ മുളങ്കാട്ടില്‍ രാജാവിനെ പോലെ നടക്കുന്നത് കണ്ടിരുന്നു (നാട്ടുകാരുടെ പ്രിയപ്പെട്ട കാട്ടാന മണിയന്‍ കഴിഞ്ഞവര്‍ഷം ചെരിഞ്ഞു). ബത്തേരി ഗ്യാരേജില്‍ നിന്ന് ആനവണ്ടിക്ക് ('മ്മടെ കെഎസ്ആര്‍ടിസി) ഗുഡല്ലൂര്‍ക്കുള്ള ബസ് പിടിച്ചു. രണ്ട് മണിക്കൂറോളം എടുക്കുന്ന ആ യാത്രയില്‍ കൂടെയുള്ളത് സെമിനാരിയുടെ മതില്‍ ചാടിവന്ന എബിന്‍, വെറോരാള്‍ തൃശ്ശൂര്‍ നിന്നുള്ള വക്ക് പൊട്ടിയ സംഗീത് പിന്നെ മൊത്തതില്‍ പിരിപ്പോയ നമ്മളും (സഹമുറിയന്മാരാണ്..). അങ്ങനെ നീലഗിരിയുടെ ഭാഗമായ ഊട്ടിയുടെ താഴെയുള്ള മസനഗുഡി ലക്ഷ്യമാക്കിയുള്ള ഗുഡല്ലൂര്‍ ബസിലെ യാത്ര തുടങ്ങി.

യാത്ര തുടങ്ങിയപ്പോഴുണ്ടടാ ബസിലെ എല്ലാവരും ഞങ്ങളെ നോക്കുന്നു. എന്നാഡാ ഉവേ!.. എന്ന് ചോദിക്കാന്‍ വാ പൊളിച്ചപ്പോഴാണ് ഞങ്ങളെയല്ല നോക്കുന്നത് ഞങ്ങള്‍ക്ക് മുന്നില്‍ ആദ്യമായിട്ട് മഴ കാണുന്നവരെപ്പോലെ ഷട്ടറും തുറന്ന് വച്ച് മഴ ആസ്വാദിക്കുന്ന സായിപ്പിനെയും മദാമയെയുമാണ് നോക്കുന്നതെന്ന് മനസിലായത്. ആ.. കുറച്ച് കഴിഞ്ഞപ്പോ ഞങ്ങളും ആ മഴയങ്ങ് സുഖിക്കാന്‍ തുടങ്ങി. ദേഹത്തുവീണ മഴത്തുള്ളികള്‍ ആ തണുപ്പത്ത് (ഒന്നാമത്തെ ഈ വയനാടന്‍ പ്രദേശങ്ങള്‍ തണുപ്പാ ആ കൂട്ടത്തില്‍ ഡിസംബറിലെ കാര്യം പറയണോ?) പണിയായെങ്കിലും യാത്രയുടെ ഒരു ഹരത്തില്‍ നമ്മള് അത് ഒന്നും വകവെച്ചില്ല. പാട്ടവയലിലെ ചെക്ക്‌പോസ്റ്റ് കഴിഞ്ഞ് തമിഴ്‌നാട് അതിര്‍ത്തി കടന്നത്തോടെ ആനവണ്ടിക്കും ആവേശമായി. കാടിന്റെ ഓരത്തൂടെ തന്നെയാണ് യാത്ര. തെയിലത്തോട്ടങ്ങളും മറ്റ്കൃഷിയിടങ്ങളും ഒക്കെ കടന്നുപൊയ്‌കൊണ്ടിരിക്കുന്നു. ഈ റോഡില്‍ ഒക്കെ ഇടക്കിടെ വന്യമൃഗങ്ങള്‍ ഇറങ്ങുന്നയിടമാണ്.

പേരറിയാത്ത സുന്ദരമായ വഴികളിലൂടെ ഒക്കെ കടന്നുപോയി ഉച്ചക്ക് മുമ്പ് തന്നെ ഗുഡല്ലൂര്‍ എത്തി. 'മനുഷ്യനെപ്പോലെ വിശക്കുന്നു' എന്ന് തോന്നിയപ്പോള്‍ ഏറ്റവും നല്ലതെന്ന് തോന്നിയ ഒരു ഹോട്ടലില്‍ കയറി അറുബോറന്‍ ഭക്ഷണവും കഴിച്ച് മസനഗുഡി എങ്ങനെ എത്തിപ്പറ്റാമെന്നുള്ള അന്വേഷണത്തിലായി. അങ്ങോട്ട് ബസില്ലെന്നും ജീപ്പ് കിട്ടുമെന്നും അറിയാന്‍പ്പറ്റി. മനസിലാകാന്‍ പറ്റാത്ത ഏതോ ഭാഷയില്‍ എഴുതിവച്ച ഒരു ജീപ്പില്‍ കയറിപ്പറ്റി. നാട്ടുകാരായ യാത്രക്കാരാടൊപ്പം ഞങ്ങളും ആ ജീപ്പില്‍ കുലുങ്ങികുലുങ്ങി യാത്രതുടങ്ങി. വീതികുറഞ്ഞ റോഡ് നല്ലതായിരുന്നുവെങ്കിലും അതിന്റെ വശങ്ങള്‍ താഴ്ന്നതായത്‌കൊണ്ട് ബൈക്കും ഓട്ടോയും പോലുള്ള വണ്ടികള്‍ക്ക് അപകടമാണ്. കാടിന്റെ ഭംഗി ആസ്വാദിച്ച് നമ്മള് ഇങ്ങനെ പോവുകയാണ്. പക്കാ കാടാണ്.. ഫോറസ്റ്റുകാര്‍ തേക്ക് വളര്‍ത്തുന്ന കാട് അല്ല.. സൊയമ്പന്‍ കാട് തന്നെയാ. നീലഗിരിയുടെ സ്വന്തം ഉദ്ദകമണ്ഡലത്തിലേക്കുള്ള റോഡാണിത്. മനസിലായില്ലെ ഊട്ടി പാതയാണെന്ന്..

മസനഗുഡിയെത്തിയെപ്പോള്‍ ഉച്ച കഴിഞ്ഞു. തണുപ്പാണെങ്കില്‍ കൂടുതലുമാണ്. ഇവിടെ നിന്ന് നീണ്ട് വളഞ്ഞ് പുളഞ്ഞ് കിടക്കുന്ന റോഡ് കണ്ടപ്പോള്‍ ഊട്ടി വളരെ അടുത്താണ് എന്നാണ് കരുതിയത്. പക്ഷെ അവിടെ നിന്ന് 25 കി.മീ ദൂരത്തിലധികമുണ്ട് ഊട്ടിയിലേക്ക്. മസനഗുഡിയില്‍ നിന്ന് ഞങ്ങള്‍ക്കിനി പോകേണ്ടത് സിങ്കാര എസ്‌റ്റേറ്റിലേക്കാണ് (എസ്‌റ്റേറ്റ് എന്ന് കേട്ട് തെറ്റിദ്ധരിക്കരുത്. വലിയ കാടാണ്. അതിന്റെ ചില ഭാഗങ്ങള്‍ കൃഷിയ്ക്ക് വേണ്ടി പാട്ടത്തിന് കൊടുക്കാറുണ്ട്). സിങ്കാര എസ്റ്റേറ്റിന്റെ ഒരു ഭാഗത്താണ് എബിന്റെ സുഹൃത്തും ബന്ധുവുമായ സിജിന്‍ എന്ന കോതമംഗലം സ്വദേശിയുടെ തോട്ടമുള്ളത്. കൊടുംവനത്തിനുള്ളില്‍ ഏകദേശം പതിമൂന്ന് ഏക്കറോളം വരുന്ന ഇഞ്ചിത്തോട്ടം. ഒരു മണിക്കൂറിലധികം കാത്തിരുന്നപ്പോള്‍ ബോലേറോ ജീപ്പുമായ സിജിന്‍ എത്തി.

സിജിനെപ്പറ്റി പറയുവാണെങ്കി, തനി അച്ചായന്‍, മൂക്കുമുട്ടെ കള്ളുകുടിയ്ക്കും, മൂക്കു നിലത്തുമുട്ടുന്ന രീതിയില്‍ മണ്ണില്‍ പണിയെടുക്കും. വേണ്ടിവന്നാല്‍ നെഞ്ചത്ത് ഡബിള്‍ ബാരല്‍ ഗണ്ണ് വച്ച് ഒറ്റയാന്റെ കണ്ണില്‍ നോക്കി വെടിപൊട്ടിക്കാന്‍ പറ്റുന്ന ചേറാടി കറിയയുടെ ചെറുപ്പമാണെന്ന് കൂട്ടിക്കോ.. (ഒരു എരുവിന് അങ്ങ് തള്ളിയതാ..) നമ്മടെ ഈ ഇരട്ടച്ചങ്കന് ഇടങ്കൈയിലെ തള്ളവിരല്‍ ഇല്ല. തോട്ടപൊട്ടിയതാണെന്നും പന്നിയെ വെടിവയ്ക്കാന്‍ പോയപ്പോള്‍ അബദ്ധം പറ്റിയതാണെന്നും അതല്ല പാമ്പുകടിച്ചപ്പോ അറ്റക്കൈയ്ക്ക് പെരുവിരല്‍ മുറിച്ചിട്ടതാണെന്നുമൊക്കെ കഥയുണ്ട്. കഥയാണേ.. വാസ്തവം എന്താണെന്ന് പുള്ളിക്ക് അറിയാം. നമ്മള് ചോദിക്കാന്‍ പോയില്ല. അങ്ങനെ പരിചയപ്പെടലിന് ശേഷം തോട്ടത്തില്‍ പോവുന്നതിന് മുമ്പായി പച്ചക്കറിയും വെള്ളവും മറ്റ് സാധനങ്ങളും കൂട്ടത്തില്‍ കള്ളും ബിയറും ഒക്കെ വാങ്ങി വണ്ടിയില്‍ നിറയ്ക്കാനുള്ള പണി തുടങ്ങി.

രണ്ടുമൂന്നാഴ്ച കൂടുമ്പോള്‍ സിജിന്‍ വണ്ടിയുമായി വന്ന് സാധനങ്ങള്‍ മേടിക്കാറുണ്ടെന്ന് പറഞ്ഞു. തോട്ടത്തിലേക്ക് ഇരുപത് കി.മീനോട് അടുത്തുണ്ട്. എപ്പഴും ഒന്നും വരാന്‍ പറ്റില്ല വഴി ഒക്കെ ഒരു കണക്കാണ്. സാധനങ്ങള്‍ എല്ലാം ആയപ്പോ സിജിന്‍ ഞങ്ങളെയും കൊണ്ട് മസനഗുഡി പോലീസ് സ്‌റ്റേഷനിലേക്ക് വിട്ടു. അവിടുന്ന് പുതിയതായി ചാര്‍ജ് എടുത്ത സുഹൃത്ത് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെയും ഒരു കോണ്‍സ്റ്റബിളിനെയും കൂട്ടിയായിരുന്നു യാത്ര. ജീപ്പ് ചുരം പോലെ ചുറ്റിക്കറങ്ങി മുകളിലേക്ക് കയറിയപ്പോഴാണ് സിജിന്‍ പറയുന്നത്. നമ്മള് തോട്ടത്തിലേക്കല്ല. ഏഷ്യയിലെ ആദ്യത്തെ ആദ്യത്തെ ഭൂഗര്‍ഭ അണക്കെട്ടിലേക്കാണ് പോകുന്നതെന്ന്. പോലീസ് കൂടെയുള്ളത് കൊണ്ട് സാധാരണക്കാരുടെ മുന്നില്‍ അടഞ്ഞുക്കിടക്കുന്ന വാതിലുകള്‍ ഞങ്ങള്‍ക്ക് മുമ്പില്‍ തുറന്നു. ഈ അണക്കെട്ടിന് പുറത്തേക്ക് മൂന്നാല് വാതിലുകളുണ്ട്. മലയുടെ മുകളിലേക്ക് കി.മീകള്‍ സഞ്ചരിച്ചാല്‍ ഓരോ വാതിലിന്റെയും മുന്നിലെത്താം. മൂന്നെണ്ണത്തിന്റെ മുമ്പില്‍ വരെ എത്തി.

ഇതിനുള്ളില്‍ കടന്നാല്‍ ഡാമിന്റെ ഉള്ളിലൂടെ താഴേക്കും മുകളിലേക്കുമുള്ള കുത്തനെയുള്ളതും ഇടുങ്ങിയതുമായ പടികള്‍ കാണാം. ഈ പടിക്കെട്ടുകള്‍ ഡാമിലെ ജോലിക്കാന്‍ ഉപയോഗിക്കുന്നതാണെന്ന് കേട്ടപ്പോ ആന്ധാളിച്ചുപ്പോയി. അത്രക്ക് കുത്തനെയുള്ള വഴുക്കലുള്ള പടിക്കെട്ടാണിത്. വളരെ അപകടം പിടിച്ച പടികള്‍. ഡാമിന്റെ പുറത്താമെങ്കില്‍ അതിലും വല്യ കാഴ്ചയാണുള്ളത്. ഡാമിന്റെ നിര്‍മ്മാണ ഘട്ടത്തില്‍ തൊഴിലാളികളെയും സാധനങ്ങളും മറ്റും എത്തിക്കാനായിട്ടുള്ള വിഞ്ചിന്റെ പാളം കണ്ടപ്പോള്‍ കണ്ണ്തള്ളിപ്പോയി. ഒരു ആറുപത് ഡിഗ്രി കുത്തനെയുള്ള മലഞ്ചെരുവില്‍ റെയില്‍വെട്രാക്ക് പോലെ ഇട്ടിരിക്കുകയാണ്. ഇതില്‍ നാലഞ്ച് ആളുകളെ കൊണ്ടുപോകാന്‍ കഴിയുന്ന തരത്തിലെ പെട്ടിപോലുള്ള ഒരു ബോക്‌സ്. ഇതിന്റെ അടിയിലുള്ള പല്‍ചക്രങ്ങള്‍ പാളത്തില്‍ കൊളുത്തിപ്പിടിച്ചാണ് മുകളിലേക്ക് പൊയ്‌കൊണ്ടിരുന്നത്. ഇന്ന് അത് പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ കൂടിയും വളരെ അപകടകരമായ ഒന്നായിരുന്നു ഇതെന്ന് കാണുമ്പോള്‍ തന്നെ മനസിലാവും. നിര്‍മ്മാണ ഘട്ടത്തില്‍ വിഞ്ചില്‍ സഞ്ചരിച്ച് അപകടത്തില്‍പ്പെട്ടവരുടെയും മരണമടഞ്ഞവരുടെയും രേഖകള്‍ ഡാമിന്റെ ഓഫീസിലുണ്ടെന്നാണ് പറയുന്നത്. ഡാം കാഴ്ചകള്‍ക്ക് ശേഷം പോലീസുകാരെ ഒരു നന്ദി പറഞ്ഞ് തിരിച്ചുകൊണ്ടുപോയിവിട്ടു. തോട്ടത്തിലേക്ക് ഇനിയുമുണ്ട് കിലോമീറ്ററുകള്‍.

തോട്ടത്തിലേക്കുള്ള കാട്ടുപാതയില്‍ കയറിപ്പോഴാണ് മനസിലായത്. ഇനി റോഡ് ഒന്നുമില്ല സ്ഥിരം പോയി തെളിഞ്ഞുകിടക്കുന്ന വഴിയിലൂടെ അങ്ങ് പോവുകയാണെന്ന്. പോകുന്നപോക്കില്‍ മാനും മ്ലാവും ചില കാട്ടുമൃഗങ്ങളെയുമൊക്കെ കണ്ടു. സന്ധ്യയായിട്ടില്ലെങ്കിലും കാട്ടില്‍ കയറിയതുകൊണ്ടും സൂര്യപ്രകാശം കുറഞ്ഞതുകൊണ്ടും ജീപ്പിന്റെ ലൈറ്റ് ഇട്ടാല്‍ മാത്രമെ ഞങ്ങള്‍ക്ക് മുന്നോട്ട് പോകാന്‍ കഴിയുമായിരുന്നുള്ളൂ. ചീവിടുകളുടെ ഒച്ചയും കാട്ടുമൃഗങ്ങളുടെ മുള്‍ച്ചയും ഒക്കെ കേട്ട് വന്യമായ ആ കാനന സൗന്ദര്യങ്ങള്‍ ആസ്വാദിച്ച് യാത്ര തുടര്‍ന്നു. ഒടുവില്‍ വൈദ്യുതി കമ്പികള്‍ കൊണ്ട് വേലികെട്ടിയ കാടിന് നടുവിലുള്ള ആ തോട്ടത്തിലേക്ക് കയറി. സോളാര്‍ പാനല്‍വഴി ഉത്പാദിപ്പിക്കുന്ന വൈദ്യുതി ബാറ്ററിയില്‍ ശേഖരിച്ച് രാത്രിയില്‍ വേലിയിലെ വൈദ്യുതി കമ്പിയില്‍ കടത്തിവിട്ടാണ് തോട്ടത്തിലുള്ളവര്‍ വന്യജീവികളെ പേടിക്കാതെ സുരക്ഷിതരായി കഴിയുന്നത്. തോട്ടത്തിലേക്ക് കടന്നപ്പോള്‍ ആദ്യം ശ്രദ്ധയിപ്പെട്ടത്ത് ഒരു വലിയ മരം അതോടെ കത്തിച്ച് അതിന്റെ ചുറ്റിനും ഇരിക്കുന്ന ഈട്ടി തടിയെ വെല്ലുന്ന കരുത്തുള്ള ഒരു കൂട്ടം ആളുകളെയാണ്. തീ ജ്വാലയുടെ വെട്ടത്തില്‍ അവരുടെ നിഴലുകള്‍ മലപോലെ വളര്‍ന്നിരുന്നു. പാട്ടുകള്‍ പോലെ എന്തോ ചൊല്ലുന്ന അവരുടെ അടുത്തേക്ക് ഞങ്ങള്‍ക്ക് അറിയാതെ തന്നെ ചുവടുകള്‍വച്ചു..

തുടരും..

(ഫോട്ടോകള്‍ നഷ്ടപ്പെട്ടതുകൊണ്ട് വിക്കിപീഡിയ ചിത്രങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്.)


Next Story

Related Stories