TopTop
Begin typing your search above and press return to search.

തമിഴ്‌നാട്ടിലെ 'ചുവന്ന മരുഭൂമി'; തേരിക്കാട്ടിലേയ്‌ക്കൊരു അവിസ്മരണീയ ഡ്രൈവ്

തമിഴ്‌നാട്ടിലെ ചുവന്ന മരുഭൂമി; തേരിക്കാട്ടിലേയ്‌ക്കൊരു അവിസ്മരണീയ ഡ്രൈവ്

ഈ യാത്ര തേരിക്കാട്ടിലേയ്ക്ക്.. തിരുവനന്തപുരത്ത് നിന്ന് 174 കിലോമീറ്റര്‍ അകലെയായി തമിഴ്‌നാട്ടിലെ തിരിച്ചെന്തൂരിനടുത്തായി സ്ഥിതി ചെയ്യുന്ന ഒരു ചുവന്ന മരുഭൂമി. ഏകദേശം 12000 ഏക്കറുകളിലായി ചെറുകുന്നുകളും നിരപ്പുള്ള പ്രദേശങ്ങളും ഒക്കെയായി അത് വ്യാപിച്ചുകിടക്കുന്നു.

അതിരാവിലെ പുറപ്പെടണം എന്ന് തീരുമാനിച്ചിരുന്നതാണ്. നാലരമണിക്ക് ഉണരുകയും ചെയ്തു. എന്നാല്‍ രാത്രി മുതല്‍ പെയ്ത മഴ അപ്പോഴും അവസാനിച്ചിരുന്നില്ല. നായകള്‍ക്ക് ആഹാരമൊക്കെ കൊടുത്ത് കഴിഞ്ഞപ്പോള്‍ സമയം വൈകിയെങ്കിലും അഞ്ചര മണിയോടെ യാത്ര തുടങ്ങി. തക്കല എത്തുമ്പോഴേയ്ക്കും മഴ അവസാനിച്ചിരുന്നു. നാഗര്‍കോവില്‍ - അഞ്ചുഗ്രാമം - കൂടങ്കുളം - ഉവരി - മണപ്പാട് - കുലശേഖരപട്ടണം - ഉടങ്കുടി - കായംമൊഴി വഴി തേരിക്കാട്, ആ വഴിയാണ് തെരഞ്ഞെടുത്തത്. ബീച്ച് റോഡായതിനാല്‍ ആ വഴി തിരക്ക് കുറവായിരിക്കും.

ശുചീന്ദ്രം കഴിഞ്ഞ് വഴുക്കമ്പാറയില്‍ നിന്ന് ഇടത്തേയ്ക്ക് തിരിഞ്ഞു അഞ്ചുഗ്രാമത്തിലേയ്ക്ക് (നേരേ പോയാല്‍ കന്യാകുമാരി). ആ വഴിയേ പോകുമ്പോള്‍ കൊയ്ത്ത് കഴിഞ്ഞ പാടങ്ങള്‍ക്കപ്പുറത്തായി തലയുയര്‍ത്തി നില്‍ക്കുന്ന മരുത്വാമല. മലയുടെ പിന്‍ഭാഗമാണ് ഇവിടം. രാമ-രാവണ യുദ്ധത്തില്‍ മുറിവേറ്റ ലക്ഷ്മണനെ രക്ഷിക്കാനായി മൃതസഞ്ജീവനി തേടി ഹിമാലയത്തില്‍ പോയ ഹനുമാന്‍ ആ മരുന്ന് തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ ആ മല അപ്പാടെ ഉയര്‍ത്തിയെടുത്ത് ശ്രീലങ്കയിലേയ്ക്ക് പറക്കുന്നതിനിടയില്‍ ഒരു കഷ്ണം അടര്‍ന്നു വീണതാണ് ഈ മരുത്വാമല എന്നാണ് ഐതിഹ്യം. മരുന്ത് വാഴും മലൈ ലോപിച്ച് പിന്നെ മരുത്വാമലയായി. ഇപ്പോഴും മലയുടെ പലഭാഗങ്ങളിലും മരുന്ന് ചെടികള്‍ വളരുന്നുവെന്ന് പറയപ്പെടുന്നു. (ഈ മല കയറുന്നത് നല്ലൊരു അനുഭവമാണ്. അത് പിന്നൊരിക്കല്‍ പറയാം.)

അഞ്ചുഗ്രാമത്തിനുമുമ്പ് ഒരു സുന്ദരമായ കാഴ്ച, റോഡിന്റെ ഇടതുഭാഗത്തായി വെള്ളം വറ്റാറായ ഒരു തടാകം. അതില്‍ നിറയെ വര്‍ണ കൊക്കുകളും ഐബിസുകളും. നിറയെ മീനുകളുണ്ട്. മറ്റൊന്നും ശ്രദ്ധിക്കാതെ ആഹാരം കഴിക്കുന്ന തിരക്കിലാണ് അവര്‍. കൂന്തങ്കുളത്താണ് സാധാരണയായി ഇവയെ ഇങ്ങനെ കൂട്ടമായി കാണാറ്. ഈ വഴിയില്‍ ഇവ ആദ്യമാണെന്ന് തോന്നുന്നു. ഞങ്ങള്‍ നില്‍ക്കുന്നതുകണ്ട് പിന്നെ ഒരുപാടുപേര്‍ വാഹനം നിറുത്തി അത് കാണാനായി വന്നു. അഞ്ചുഗ്രാമം കഴിഞ്ഞ് ദേശീയപാത 44-ലൂടെ കുറച്ച് ദൂരം. പിന്നെ വലത്തേയ്ക്ക് തിരിഞ്ഞ് കന്യാകുമാരി - തിരിച്ചെന്തൂര്‍ റോഡിലൂടെയായി യാത്ര. തീരെ തിരക്കില്ല. നല്ല റോഡ്. ചുറ്റും കാറ്റാടിയന്ത്രങ്ങള്‍. വീശിയടിക്കുന്ന ചൂടുകാറ്റ്.

പലപ്പോഴും പശുക്കളും ആട്ടിന്‍ കൂട്ടങ്ങളും റോഡിനുകുറുകെ കടന്നുപോയി. നല്ല റോഡായതിനാല്‍ ചിന്തിക്കുന്നതിലും കൂടുതല്‍ വേഗത്തിലായിരിക്കും നമ്മുടെ വാഹനം പോയ്‌ക്കൊണ്ടിരിക്കുന്നത്. അതിനാല്‍ ഇടയ്ക്ക് സ്പീഡോമീറ്ററില്‍ നോക്കുന്നത് ഉചിതമായിരിക്കും, പ്രത്യേകിച്ചും വളര്‍ത്തുമൃഗങ്ങള്‍ റോഡ് മുറിച്ച് പോകുന്നതിനാല്‍. യാത്രയില്‍ വടക്കങ്കുളം എന്ന സ്ഥലത്തിനടുത്ത് വച്ച് വണ്ടി ഒരു മണ്‍പാതയിലിറക്കി കുറച്ചു ദൂരം പോയി. അങ്ങനെ പോകാന്‍ നല്ല രസമാണ്. ഗുഡ് ഇയര്‍ ടയറില്‍ തീരെ വിശ്വാസമില്ലാത്തതിനാലും വിജനമായ സ്ഥലമായതിനാലും തിരികെ വന്ന് മെയിന്‍ റോഡിലൂടെ മുന്നോട്ട് പോയി.

തീരത്തോട് ചേര്‍ന്ന് പോകുന്ന റോഡ്. വരണ്ട ഭൂപ്രകൃതി. റോഡിനിരുവശവും മുള്‍ക്കാടുകള്‍ മാത്രം. കൃഷി ഇല്ല. ചിലയിടങ്ങളില്‍ തെങ്ങുകളുണ്ട്. കൂടുതലായുള്ളത് പനമരക്കൂട്ടങ്ങള്‍. ആയതിനാല്‍ വഴിയോരത്ത് നൊങ്കും അക്കാനിയും പനങ്കിഴങ്ങും ഒക്കെ വില്‍ക്കുന്ന ഒരുപാട് ആളുകളെ കാണാം. പാതയോരത്തെ ഓലപ്പുരകളിലിരുന്ന് അവര്‍ പനയോല വീശിക്കാണിക്കും. വാഹനം നിര്‍ത്തിയാല്‍ ആദ്യം കള്ള് വേണോ എന്ന് ചോദിക്കും. പിന്നെയേ ഉള്ളൂ ബാക്കി സാധനങ്ങളുടെ കച്ചവടം. സമീപത്തെ മണ്ണില്‍ പലയിടത്തായി കുപ്പികളിലാക്കി കള്ള് കുഴിച്ചിട്ടിരിക്കുന്നു.

ഉവരി ഭാഗത്തൊക്കെ ചുവന്ന മണ്ണാണ്, ചുവന്ന മണലല്ല. മുള്‍ക്കാടുകളില്‍ ഒരുപാട് ചെറിയ കിളികളുണ്ട്. ചിലയിടങ്ങളില്‍ ആടുകള്‍ കൂട്ടമായി മേയുന്നു. പ്രശസ്തമായ കപ്പല്‍ മാതാ ചര്‍ച്ച് ഉവരിയിലാണ്. മണപ്പാട് തീരത്തോട് വളരെ അടുത്ത സ്ഥലം. പുറം ലോകവുമായി ഒരു ബന്ധവുമില്ലാത്ത കുറെ ആളുകള്‍. പുറത്ത് നിന്ന് പോകുന്നവരെ തുറിച്ച് നോക്കും തികഞ്ഞ അത്ഭുതത്തോടെ.

കുലശി മുത്താരമ്മന്റെ നാടായ കുലശേഖരപ്പട്ടണത്തിനു കുറച്ചു മാറിയാണ് പ്രധാന റോഡ് കടന്നുപോകുന്നത്. അടുത്ത ദസറ കൂടാന്‍ എന്തായാലും ഇവിടേയ്ക്ക് വരുന്നുണ്ട്. അവസാന ദസറ കൂടിയിട്ട് ഇപ്പോള്‍ എട്ട് വര്‍ഷമാകുന്നു. ഉടങ്കുടി ഒരു ചെറിയ പട്ടണം പോലെയായിരുന്നു. അത്യാവശ്യം കടകളും വാഹനങ്ങളും തിരക്കും പൊട്ടിയൊഴുകുന്ന ഓടകളുമൊക്കെയുള്ള സ്ഥലം.

കായംമൊഴി (ബസുകള്‍ സര്‍വ്വീസ് നടത്തുന്ന അവസാന സ്ഥലം) ആകുമ്പോള്‍ ആദ്യം വലത്തേയ്ക്കും ഉടനെ തന്നെ ഇടത്തേയ്ക്ക് തിരിഞ്ഞ് തേരിക്കാടിലേയ്ക്ക് കയറാം (ഇടത്തേയ്ക്ക് തിരിയാതെ നേരേ പോയാല്‍ ഒരു തടാകമുണ്ട്. ഇപ്പോള്‍ വെള്ളമില്ല). ഇടുങ്ങിയ റോഡ്. കുറച്ചുകൂടി മുന്നോട്ട് പോയി തേരിക്കുടിയിരുപ്പ് കഴിഞ്ഞ് തേരിസ്വാമി തേരി ഈശ്വരര്‍ കോവിലുകള്‍ക്കിടയിലായി കുറേ ദൂരം മൊത്തം ചുവന്ന മണലാണ്. കയ്യില്‍ വാരിയാല്‍ മണ്ണുപോലെ പിടിച്ചിരിക്കില്ല. കാറ്റ് വീശുമ്പോള്‍ മണല്‍ നേരിയ ശബ്ദത്തോടെ പറന്നുപോകുന്നു. പനമരങ്ങളും കശുമാവുകളും മുള്‍മരങ്ങളും പിന്നെയും ഏതൊക്കെയോ മരങ്ങളും മണല്‍ക്കുന്നുകളില്‍ പലയിടത്തായി കാണാം. കുറച്ച് ദൂരം നടന്നു കഴിഞ്ഞാല്‍ മുള്‍ക്കാടിനടുത്ത് ചുവന്ന മണല്‍ പ്രദേശം അവസാനിച്ചു.

പിന്നെ മുള്‍ക്കാടുകള്‍. ഇത്രയേ ഉള്ളൂ എന്ന് ചിന്തിച്ച് ചെറിയൊരു നിരാശയുമായി തിരികെ കാറിനടുത്തേയ്ക്ക് നടക്കുമ്പോള്‍ പനയോലക്കെട്ടും ചുമന്ന് ഒരു അമ്മൂമ്മ അതിലേ വന്നു. ഇനിയും മുന്നോട്ട് പോയി കുതിരമൊഴിയിലെ കരുക്കുവേല്‍ അയ്യനാര്‍ കോവിലിനു ചുറ്റുമായി നിറയെ മണല്‍ക്കുന്നുകള്‍ കാണാം എന്ന് അമ്മൂമ്മയില്‍ നിന്ന് അറിയാന്‍ കഴിഞ്ഞു. തേരിക്കാടിന്റെ ഒത്ത നടുവിലൂടെ തകര്‍ന്ന് കിടക്കുന്ന ചെറിയ റോഡിലൂടെ മുന്നോട്ട്, കുതിരമൊഴിയിലേയ്ക്ക്. ഇപ്പോള്‍ ഇരുവശവും നോക്കെത്താദൂരത്തോളം ചുവന്ന മണല്‍ പ്രദേശമാണ്. അമ്പലത്തിന്റെ കവാടത്തിനു കുറച്ചുമാറി കാര്‍ പാര്‍ക്ക് ചെയ്തു. കവാടത്തിനകത്ത് കയറ്റി അമ്പലത്തിനടുത്തായി പാര്‍ക്ക് ചെയ്യാം എന്ന് പിന്നെ മനസ്സിലായി (ഇത് മാത്രമല്ല, മണല്‍ക്കാട്ടില്‍ പലയിടത്തായി ഒരുപാട് അമ്പലങ്ങള്‍ കാണാം.).

കായംമൊഴിയില്‍ നിന്ന് ഇവിടേയ്ക്ക് ഏകദേശം മൂന്ന് കിലോമീറ്റര്‍ ദൂരമുണ്ട്. ഇവിടെ മൊത്തം മണല്‍ക്കുന്നുകള്‍. കുറെ സമയം പലയിടത്തുകൂടിയും നടന്നു. നല്ല ചൂടാണ്. എന്നാലും വീശിയടിക്കുന്ന കാറ്റ് ആശ്വാസമായി. മുള്‍മരങ്ങളും കശുമാവുകളും പനമരങ്ങളും പിന്നെ വെള്ളി പൂശിയതുപോലെയുള്ള ഇലകളുള്ള മരങ്ങളും (അതിന്റെ പേരറിയില്ല) മാത്രം. തലപോയ പനമരങ്ങളിലെ പൊത്തുകളിലൊക്കെയും മൂങ്ങകള്‍.

സമയം 12:30. ഒരു മിനിബസ് വന്നു. അതില്‍ നിറയെ അമ്പലത്തിലേയ്ക്ക് വന്ന ആളുകളായിരുന്നു. ആഹാരം പാകം ചെയ്യാനുള്ള സാമഗ്രികള്‍ കിടക്കാനുള്ള പായകള്‍ ഒക്കെ അവരുടെ കൈവശം ഉണ്ടായിരുന്നു. കായംമൊഴി കഴിഞ്ഞ് അമ്പലം വരേയ്ക്കും സര്‍വ്വീസ് നടത്തുന്ന സ്വകാര്യ മിനിബസായിരുന്നു അത്. മൈനിംഗ് കമ്പനികള്‍ അനധികൃതമായി ഇവിടെ നിന്നും ചുവന്ന മണല്‍ കോരി മാറ്റുന്ന തില്‍ നാട്ടുകാരില്‍ ചിലരെങ്കിലും ദുഖിതരാണ്, പ്രത്യേകിച്ചും യുവാക്കള്‍. പനമരങ്ങളും കൂട്ടമായി പിഴുതെറിയപ്പെടുന്നു. കാട്ടുമുയലുകളുടെയും കാട്ടുപൂച്ചകളുടെയും നിരവധി ചെറുകിളികളുടെയും വാസസ്ഥലമാണിവിടം. അതൊക്കെയും നശിപ്പിക്കപ്പെടുന്നു.

തികച്ചും അത്ഭുതമായിരുന്നു ആ ചുവന്ന മണല്‍ ഭൂമി. ഇനി മഴക്കാലത്തിനുശേഷം ഒരിക്കല്‍ക്കൂടി ഇവിടേയ്ക്ക് വരണം. ഇനി മടക്കം. അത് സാത്തങ്കുളം - വള്ളിയൂര്‍ റോഡ് വഴി എന്ന് തീരുമാനിച്ചു. ദൂരം കുറവാണ്. പുതിയ റോഡുകള്‍ പുതിയ അനുഭവമായിരിക്കും. യാത്ര അപ്പോഴും ചുവന്ന മണല്‍ക്കാടിലൂടെയുള്ള ചെറിയ റോഡിലൂടെ തന്നെ. ചുവന്ന മണല്‍ അവസാനിക്കുന്നയിടം മുതല്‍ ഈ വഴിയില്‍ കൃഷി ഉണ്ട്. മുരിങ്ങാത്തോട്ടങ്ങളാണ് കൂടുതല്‍. കുമ്പളങ്ങയും തണ്ണിമത്തനും കൃഷി ചെയ്തിരിക്കുന്നതും കാണാം. കള്ളിമുള്‍ച്ചെടികള്‍ നട്ടുവളര്‍ത്തി വേലികളാക്കി കൃഷികളെ സംരക്ഷിച്ചിരിക്കുന്നു. ഉണങ്ങിയ മുള്‍മരക്കൊമ്പുകളും അതിനോട് ചേര്‍ത്ത് നിരത്തിയിട്ടുണ്ട്.

ചെറിയ റോഡ് ആയിരുന്നെങ്കിലും മെഗ്‌നാനപുരം വരെ കുഴപ്പമില്ലായിരുന്നു. പിന്നെ റോഡ് എന്ന് പറയാന്‍ ഒന്ന് ഇല്ല. മൊത്തം കല്ലുകള്‍. ഒന്നുകില്‍ ടാര്‍ ഇളകിപ്പോയത്. അല്ലെങ്കില്‍ ടാര്‍ ചെയ്തിട്ടില്ല. തികച്ചും വിജനമായ സ്ഥലം. മുകളിലായി റോഡ്. ഇരുവശങ്ങളിലും താഴെയായി മൊത്തം വരണ്ടുണങ്ങിയ പാടങ്ങളാണിപ്പോള്‍. ഗൂഗിള്‍ മാപ്‌സും അണ്‍നോണ്‍ റോഡ് എന്ന് കാണിക്കുന്നു. ഒന്നര കിലോമീറ്റര്‍ ആയി. ഇനിയും മൂന്ന് കിലോമീറ്റര്‍ കഴിഞ്ഞാല്‍ മുന്നില്‍ വലിയ റോഡ് കാണിക്കുന്നുണ്ടായിരുന്നു. അതിനാല്‍ സധൈര്യം മുന്നോട്ട് പോയി. മൊത്തം ഒരു നാലര കിലോമീറ്റര്‍ റോഡ് തകര്‍ന്നു കിടക്കുന്നു.

സാത്തങ്കുളം തിരക്കുള്ള ചെറിയ റോഡുകളുള്ള ഒരു പട്ടണമാണ്. കുതിരകളും കഴുതകളുമൊക്കെ ഒരുപാടുണ്ട്. പിന്നെ വള്ളിയൂര്‍ - നാഗര്‍കോവില്‍ വഴി നാട്ടിലേയ്ക്ക്. 6:15 ന് വീട്ടിലെത്തി.

NB: തേരിക്കാട് എന്ന് ഒരു പ്രത്യേക പോയിന്റ് ഇല്ല. ചുവന്ന മണലുള്ള ആ പ്രദേശം മൊത്തമായാണ് അങ്ങനെ അറിയപ്പെടുന്നത്. ഒത്ത നടുഭാഗമാണ് കുതിരമൊഴിയിലെ കരുക്കുവേല്‍ അയ്യനാര്‍ കോവില്‍. ഇത് ഒരു ടൂറിസ്റ്റ് സ്‌പോട്ട് അല്ല. നല്ല ചൂടാണ്. കാറ്റില്‍ മണല്‍ പറന്നുവന്ന് കണ്ണുകളില്‍ വീഴും. വ്യത്യസ്തമായ യാത്രകള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ഇവിടം തീര്‍ച്ചയായും ഇഷ്ടപ്പെടും. തിരുനെല്‍വേലി തൂത്തുക്കുടി ഇവിടങ്ങളില്‍ നിന്ന് കായംമൊഴി വരേയ്ക്ക് 30 മിനിട്ട് ഇടവേളയില്‍ ബസ് സര്‍വ്വീസ് ഉണ്ട്. പിന്നെ ചെറിയ റോഡാണ്. ഒരു മിനിബസ് കരുക്കുവേല്‍ അയ്യനാര്‍ കോവില്‍ വരെ സര്‍വ്വീസ് നടത്തുന്നുണ്ട്. ആഹാരവും വെള്ളവും കരുതണം. ഞങ്ങള്‍ തിരികെ വന്ന വഴിയിലെ തേരിക്കാട് - മെഗ്‌നാനപുരം റോഡ് മണല്‍ നിറഞ്ഞതും തീരെ ചെറിയതും തികച്ചും വിജനവുമാണ്. കഴിവതും വാഹനം മണലിലേയ്ക്ക് കയറ്റാതിരിക്കുക. തിരികെ റോഡില്‍ കയറ്റാന്‍ പ്രയാസമാണ്.

ലൊക്കേഷന് ഈ ലിങ്ക് ഉപയോഗിക്കാം -

https://maps.app.goo.gl/1HHTm6R1bNdRMu688

Next Story

Related Stories