മാര്‍ച്ച് 23 മുതല്‍ സൂയസ് കനാലില്‍ ഗതാഗത തടസം സൃഷ്ടിച്ച ഭീമന് ചരക്കുകപ്പല്‍(എവര്‍ ഗിവണ്‍) നീക്കം ചെയ്തെങ്കിലും കപ്പലിലെ 25 ഇന്ത്യക്കാര്‍ ഉള്‍പ്പെടുന്ന ജീവനക്കാര്‍ ആശങ്കയിലാണ്. സൂയസ് കനാല്‍ അതോറിറ്റി ജീവനക്കാര്‍ക്കെതിരെ എന്ത് നടപടി സ്വീകരിക്കുമെന്നാണ് ഇന്ത്യന്‍ സര്‍ക്കാരും സീഫെയര്സ് സംഘടനയും ഉറ്റുനോക്കുന്നത്.
സംഭവത്തില്‍ എവര്‍ ഗിവണിന്റെ ക്യാപ്റ്റനും ചില ജീവനക്കാര്ക്കരും ക്രിമിനല്‍ കുറ്റങ്ങള്‍ നേരിട്ടേക്കാമെന്നാണ് സൂചന. ജീവനക്കാരെ തടഞ്ഞ് വെച്ച് യാത്ര തടയാനും അന്വേഷണം പൂര്‍ത്തിയാവുന്നത് വരെ വീട്ടുതടങ്കലില്‍ അടച്ചേക്കുമെന്നും ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇതുവരെയായും കപ്പലിന്റെ മാനേജ്മെന്റ് ജീവനക്കാര്‍ നേരിടേണ്ടി വരുന്ന തുടര്‍ നിയമ നടപടികളേക്കുറിച്ച് വിശദമാക്കിയിട്ടില്ല. സംഭവത്തില്‍ കപ്പല്‍ ജീവനക്കാര്‍ ബലിയാടായേക്കുമെന്ന സാധ്യതയും കപ്പല്‍ വ്യവസായ മേഖലയിലെ വിദഗ്ധര്‍ മറച്ചുവയ്ക്കുന്നില്ല.
കപ്പല്‍ എങ്ങനെ അപകടത്തില്‍പ്പെട്ടുവെന്നത് കണ്ടെത്തിയ ശേഷമാകും നടപടികളെന്നാണ് സൂചന. ഷിപ്പ് വോയേജ് ഡാറ്റാ റെക്കോര്‍ഡര്‍ പരിശോധിച്ചാല്‍ ഇക്കാര്യം വിശദമാകുമെന്നും നാഷണല്‍ ഷിപ്പിംഗ് ബോര്‍ഡ് മെമ്പറായ ക്യാപ്റ്റന്‍ സഞ്ജയ് പ്രഷാര്‍ പറയുന്നു. ക്രൂഡ് ഓയില്‍, കന്നുകാലികള്‍, തുണിത്തരങ്ങള്‍ എന്നിവ അടക്കം എത്തുന്ന നിരവധി കപ്പലുകളാണ് സൂയസ് കനാലിലെ ഒരാഴ്ചയോളം വലിയ ഗതാഗത തടസത്തില്‍ കുടുങ്ങിയത്. 350ഓളം കപ്പലുകള്‍ ട്രാഫിക്ക് ബ്ലോക്കില്‍ പെട്ടുവെന്നാണ് റിപോര്‍ട്ടുകള്‍ പുറത്തുവന്നത്.
യാത്രക്കിടെ നിയന്ത്രണം നഷ്ടമായ എവര്‍ ഗിവണ്‍ കണ്ടെയ്നര്‍ കപ്പല്‍ ഈജിപ്തിലെ സൂയസ് കനാലിന് കുറുകെ നിന്നതോടെയാണ് ഈ സമുദ്രപാത പൂര്‍ണമായും അടഞ്ഞത്. മെഡിറ്ററേനിയനേയും ചെങ്കടലിനേയും ബന്ധിപ്പിക്കുന്ന ഈ സമുദ്രപാത ഏഷ്യയും യൂറോപ്പും തമ്മിലുള്ള ഏറ്റവും നീളം കുറഞ്ഞ സമുദ്രപാതയാണ്. പനാമയില്‍ രജിസ്റ്റര്‍ ചെയ്ത 'എവര്‍ ഗിവണ്‍' എന്ന കപ്പലാണ് ഗതാഗത തടസം ഉണ്ടാക്കിയത്. നെതര്‍ലാന്‍ഡിലെ റോട്ടര്‍ഡാമില്‍ നിന്ന് ചൈനയിലേക്ക് പുറപ്പെട്ടതായിരുന്നു ഈ കപ്പല്‍.