TopTop
Begin typing your search above and press return to search.

"നമ്മുടെ ദേഹം ഇനി മീന്‍ തിന്നു പോകും അല്ലെ?" അരനൂറ്റാണ്ട് മുന്‍പ് തൃപ്രയാറിലെ ഒരു പതിനെട്ടുകാരന്‍ പേര്‍ഷ്യയിലേക്ക് നടത്തിയ പത്തേമാരി യാത്രയുടെ ഓര്‍മ്മ

"നമ്മുടെ ദേഹം ഇനി മീന്‍ തിന്നു പോകും അല്ലെ?" അരനൂറ്റാണ്ട് മുന്‍പ് തൃപ്രയാറിലെ ഒരു പതിനെട്ടുകാരന്‍ പേര്‍ഷ്യയിലേക്ക് നടത്തിയ പത്തേമാരി യാത്രയുടെ ഓര്‍മ്മ

ഞാന്‍ തൃപ്രയാര്‍ പോളിടെക്‌നിക്കില്‍ പഠിക്കുന്ന കാലം. പഠിപ്പില്‍ ഞാനൊരു മോശക്കാരന്‍. അത് മനസ്സിലാക്കിയിട്ടുണ്ട് ഉപ്പ എന്ന് തോന്നുന്നു. അപ്പോഴാണ് മറ്റു ചെറുപ്പക്കാരെ പേര്‍ഷ്യയിലേക്ക് പറഞ്ഞയക്കുന്ന പോലെ എന്നേയും ഉപ്പ പേര്‍ഷ്യയിലേക്ക് പത്തേമാരിയില്‍ പറഞ്ഞയക്കുന്നത്. ഇന്നത്തെപോലെ വാര്‍ത്താവിനിമയങ്ങള്‍ ഇല്ലാത്ത, ഇങ്ങനെയൊരു രാജ്യം കേട്ടുകേള്‍വി പോലുമില്ലാത്ത അക്കാലത്ത് ഉപ്പയും ഉപ്പയെ പോലെ ഗ്രാമങ്ങളില്‍ ഉള്ളവരും ഇത് എങ്ങിനെ അറിഞ്ഞു എന്ന് ഞാന്‍ അത്ഭുതപ്പെടാറുണ്ട്. ഒരു പക്ഷെ, അറിഞ്ഞ ആളുകളില്‍ നിന്ന് കേട്ടറിഞ്ഞതാവാം.

അക്കാലങ്ങളില്‍ സാധാരണ ഇടത്തരം കുടുംബങ്ങളില്‍ ജോലിയില്ലാതെ നടക്കുന്നവരോട് മാതാപിതാക്കള്‍ കുത്ത് വാക്ക് പറയുകയും മുഖം കറുപ്പിക്കുകയും ചെയ്യുന്ന ഒരു കാലമായിരുന്നു. വെളുത്ത ചോറും കറുത്ത മോറും എന്നൊരു സംസാരം പോലും അന്നുണ്ടായിരുന്നു. എന്നാല്‍ എന്റെ മാതാപിതാക്കള്‍ അത്തരക്കാരായിരുന്നില്ല. അപ്പോള്‍ എനിക്ക് മനസ്സിലാവുന്നത് മക്കളെ ഒരു കരക്ക് എത്തിക്കണമെന്നുള്ള ദീര്‍ഘവീക്ഷണമായിരിക്കണം ഉപ്പാടെ ഈ പ്രവൃത്തിക്ക് കാരണം എന്ന് എനിക്കുറപ്പാണ്.

അന്നൊക്കെ ബോംബെയിലെ ദാദറിലേക്കുള്ള ട്രെയിന്‍ പുറപ്പെടുന്നത് കൊച്ചിയിലെ മട്ടാഞ്ചേരി വാര്‍ഫില്‍ നിന്നാണ്. അന്യസംസ്ഥാനങ്ങള്‍ കണ്ടിട്ടില്ലാത്ത, ഹിന്ദി അന്നും ഇന്നും എനിക്ക് വഴങ്ങാത്ത, എന്റെ ബോംബെയിലെ ലാഞ്ചി എജെന്റ് ആയ എടമുട്ടം പയച്ചോടുള്ള ഹമീദുക്കാടെ ബോംബെ അഡ്രസ്സും ലാഞ്ചിക്ക് കൊടുക്കേണ്ട എഴുനൂറ്റിയമ്പത് രൂപക്കുള്ള ഡ്രാഫ്റ്റും ആയിട്ടാണ് ഞാന്‍ ബോംബെയിലെ ദാദറില്‍ വന്നിറങ്ങിയത്. യാത്ര പുറപ്പെടുമ്പോള്‍ 'ബിസ്മില്ലാഹി തവക്കല്‍തു അല അള്ളാ (ദൈവത്തിന്റെ നാമത്തില്‍ തുടങ്ങുന്നു, ദൈവത്തെ ഭരമേല്‍പ്പിക്കുന്നു)' എന്ന പ്രാര്‍ത്ഥനയാണ് ഉപ്പ എന്നെ പഠിപ്പിച്ചു വിട്ടത്. കൂട്ടത്തില്‍ ഉപ്പാടെ പൊരുത്തവും ഗുരുത്വവും. ഇരിങ്ങാലക്കുട കല്ലേറ്റുംകര റെയില്‍വേ സ്റ്റെഷനില്‍ ജനറല്‍ കമ്പാര്‍റ്റുമെന്റില്‍ സീറ്റ് ലഭിക്കാന്‍ ഉപ്പ ട്രെയിന്‍ സ്റ്റാര്‍ട്ട് ചെയ്യുന്ന കൊച്ചിയിലെ മട്ടാഞ്ചേരിയിലേക്ക് പോയി അവിടെ നിന്ന് ബോംബെ ടിക്കെറ്റ് എടുത്തു സീറ്റില്‍ ഇരുന്ന് കല്ലേറ്റുംകരയില്‍ എത്തുമ്പോള്‍ ഇറങ്ങി ഞാന്‍ കയറി ആ സീറ്റില്‍ ഇരിക്കും. റിസര്‍വേഷന്‍ സിസ്റ്റം അന്ന് ഇല്ലാത്തത് കൊണ്ടോ, അതല്ലെങ്കില്‍ അതിന്നുള്ള പൈസ ഇല്ലാത്തത് കൊണ്ടാണോ അന്ന് ഉപ്പ അത് ചെയ്തത് എന്നിനിക്കറിയില്ല.

ദാദര്‍ സ്റ്റേഷനില്‍ ഇറങ്ങി കഷ്ടപ്പെട്ട് ഓരോരോത്തരോടും ചോദിച്ചു ഹമീദ്ക്കാടെ കടയില്‍ എത്തി. അന്നെനിക്ക് പതിനെട്ട് വയസ്സ് പ്രായം. ഭാഷാപരിചയവുമില്ലാത്ത ഞാന്‍ അവിടെ എത്തിയതില്‍ ഹമീദ്ക്കാക്ക് അത്ഭുതം. 'മോനെ ഇത് ബോംബെ ആണ്. പണവും തലയും കാണില്ല.' എന്നായിരുന്നു ഹമീദ്ക്കാടെ കമന്റ്. അക്കരക്ക് - പേര്‍ഷ്യക്ക് (ഗള്‍ഫ്) പോകാന്‍ ചെറുപ്പക്കാരും അവരെ പറഞ്ഞയക്കാന്‍ അവരുടെ പിതാക്കളും ശ്രമിക്കുന്ന കാലം. അന്നൊക്കെ അതിന് അക്കരെ പോകാന്‍ എന്നാണ് പറയാറ്. അന്ന് വിസ എന്ന സമ്പ്രദായം ഇല്ല. NOC (No objection certificate) ആണ്. അന്ന് UAE ആയിട്ടില്ല. ബ്രിട്ടീഷ് പ്രോട്ടക്ക്ട്ടട് സംസ്ഥാനങ്ങള്‍ എന്നായിരുന്നു ആ ഗള്‍ഫ് രാജ്യങ്ങള്‍. പിന്നീട് ട്രുഷ്യല്‍ ഒമാന്‍ കോസ്റ്റ് എന്നായി മാറി.

പേര്‍ഷ്യയിലേക്ക് ആളെ അയക്കാന്‍ ഗ്രാമങ്ങളില്‍ ഏജെന്റ്മാര്‍ ഉണ്ടായിരുന്നു. എന്റെ ഏജന്റ് തൃശ്ശൂര്‍ എടമുട്ടം പയച്ചോടുള്ള ഹമീദ്ക്കയായിരുന്നു. ബോംബയില്‍ നിന്നും കോഴിക്കോട് നിന്നുമായിരുന്നു പത്തേമാരി പോയിരുന്നത്. ചുരുക്കം ചില പത്തെമാരികള്‍ തൃശൂര്‍ ജില്ലയിലെ ചേറ്റുവയില്‍ നിന്നും പോയിട്ടുണ്ട്. അങ്ങിനെ ഞാനും യാത്ര തിരിച്ചു, 1969-ഇല്‍ (50 വര്‍ഷം മുമ്പ്) ബോംബയിലേക്ക്. അവിടെ ഏകദേശം 3 ആഴ്ച പത്തെമാരിയുടെ (ലാഞ്ചി) വിവരം കാത്തു താമസിച്ചു. പണി നടന്നു കൊണ്ടിരിക്കുന്ന ഒരു കെട്ടിടത്തില്‍ പ്ലൈവുഡിന്മേല്‍ ആണ് ഉറക്കം. മുകളില്‍ ആകാശം കാണാം. ഓരോ ദിവസവും യാത്രയുണ്ടാവുമെന്നു പ്രതീക്ഷിച്ചു.

അങ്ങിനെ ഒരു രാത്രിയില്‍ പെട്ടെന്ന് ഏജന്റ് ഞങ്ങളോട് റെഡിയാവാനും ഇന്ന് യാത്രയുണ്ടാവുമെന്നും പറഞ്ഞു. ഞങ്ങളെ ബോംബയിലുള്ള ഇടിഞ്ഞു വീഴാറായ ഏതോ ഒരു കെട്ടിടത്തിലേക്ക് കൊണ്ടുപോയി. പണ്ടത്തെ മലയാളസിനിമകളിലെ വില്ലന്‍ കൊട്ടാരങ്ങള്‍ പോലെ. ഓരോരുത്തര്‍ക്കും ഓരോ നമ്പര്‍ കിട്ടി. എന്റെ നമ്പര്‍ 83. ബോംബെയിലെ വ്യത്യസ്തമായ റെയില്‍വേ സ്റ്റേഷനിലേക്ക് 10-15 പേരെ വീതം പറഞ്ഞയച്ചു. എനിക്ക് കിട്ടിയത് മഹാലക്ഷ്മിയിലേക്കായിരുന്നു. അങ്ങിനെ പല സ്റ്റേഷനുകളില്‍ നിന്നും എല്ലാവരും ബോംബയില്‍ നിന്നും വളരെ അകലെ വിരാര്‍ എന്ന സ്ഥലത്തേക്ക് യാത്ര തുടങ്ങി. അത് ഒരു മീന്‍പിടുത്ത കടലോര ഗ്രാമം ആയിരുന്നു. ഏകദേശം രാത്രി 11 മണി ആയിക്കാണും. അവിടെ നിന്നും ചെറിയ മീന്‍പിടുത്ത വള്ളങ്ങളില്‍ ആളുകളെ കയറ്റി ഉള്‍ക്കടലിലേക്ക് കൊണ്ട് പോയി. ഏകദേശം രണ്ടു മണിക്കൂര്‍ യാത്രക്ക് ശേഷം ഒരു ഭീമന്‍ പത്തേമാരി കണ്ടു. ഞങ്ങളെ ഓരോരുത്തരെ പത്തേമാരിയുടെ മുകളില്‍ നിന്നും താഴേക്കിട്ട കയറിലൂടെ മുകളിലേക്ക് കയറ്റി.

കടലിലൂടെ യാത്ര തുടങ്ങി. മീന്‍ പൊരിക്കാന്‍ ഇട്ട പോലെ മനുഷ്യര്‍, കൂട്ടത്തില്‍ സവോള നിറച്ച ചാക്കുകളും. പത്തേമാരിയുടെ മുകള്‍ ഭാഗത്ത് വലിയ തുരുമ്പ് പിടിച്ച ഒരു ഇരുമ്പിന്റെ ഡീസല്‍ ടാങ്ക്. അതില്‍ വെള്ളം നിറച്ചിട്ടുണ്ട്. വെള്ളത്തിന്ന് ഡീസലിന്റെ മണം ഉള്ളത് കൊണ്ട് ആധികമാരും വെള്ളം കുടിച്ചു തീര്‍ക്കില്ലല്ലൊ? ഒരു നേരമാണ് ഭക്ഷണം. അതിന്നു നമ്പര്‍ വിളിക്കാനും മറ്റും ചില നേതാക്കന്മാരുണ്ട്. അവര്‍ ഞങ്ങളെ പോലെ യാത്രക്കാരായിരുന്നെന്ന് പിന്നീടാണ് മനസ്സിലായത്. അവരെ പിന്നീട് ദുബായിയില്‍ ഫൂട്ട്പാത്തില്‍ കച്ചവടം ചെയ്യുന്നത് കണ്ടു.

ഒരു ദിവസത്തിന്നു ശേഷം പത്തേമാരി പാകിസ്ഥാന്‍ കടലിലെത്തി. ഭയങ്കരമായ കടലിളക്കം. ലാഞ്ചിയുടെ മുകള്‍ ഭാഗത്ത് വട്ടം കെട്ടിയ കമ്പി ഉരയുന്ന ശബ്ദം. മരണത്തെ മുന്നില്‍ കണ്ട മണിക്കൂറുകള്‍. ഞാന്‍ എന്റെ കൂട്ടുകാരനായ മുഹമ്മദാലിയോട് പറഞ്ഞു. 'നമ്മള്‍ മരിക്കാന്‍ പോകുകയാണ്. ഈ അവസ്ഥ നമ്മുടെ ഉപ്പ, ഉമ്മ, സഹോദരങ്ങള്‍ അറിയുന്നുണ്ടാവില്ലല്ലോ. നമ്മുടെ ദേഹം ഇനി മീന്‍ തിന്നു പോകും അല്ലെ?' ഉരുവില്‍ രാമനാമം, ദിക്‌റുകള്‍, യേശുവിനെ വിളിക്കല്‍. ദൈവാദീനം പിറ്റേന്ന് കടല്‍ ശാന്തമായി.

പത്തേമാരിയുടെ പിന്‍ഭാഗത്തുള്ള പ്രോപ്പെല്ലെറിന്റെ മുകളില്‍ കയറില്‍ കെട്ടിയിട്ട ഒരു പെട്ടിയാണ് കക്കൂസ്. വീണാല്‍ നേരെ പ്രോപ്പെല്ലറില്‍ പിന്നെ മൃതശരീരമായി കടലില്‍. നാല് ദിവസത്തിന്നു ശേഷം പത്തേമാരിയില്‍ മുകളിലെ തട്ടില്‍ കടലില്‍ നോക്കിയിരിക്കുന്നവരോട് ഉടനെ താഴെ ഉരുവിന്റെ ഉള്ളില്‍ പോകാന്‍ കല്പിച്ചു. അകലെ ഇറാന്‍ നേവി കറങ്ങുന്നുണ്ടത്രേ. പിറ്റേന്ന് കേട്ടു. ഇന്ന് പത്തേമാരി പേര്‍ഷ്യയില്‍ അടുക്കുമത്രെ. പിന്നീട് കേട്ടതു, വഴി തെറ്റിയെന്നും നാളെയെ അടുക്കൂ എന്നാണ്.

അങ്ങിനെ ആറാം ദിവസം പാതിരാവില്‍ ഞാന്‍ ചെറിയ ഉറക്കത്തിലായിരുന്നു. ചുറ്റും ശബ്ദം കേട്ടപ്പോള്‍ ഉണര്‍ന്നു. കുറെ ആളുകള്‍ കരയില്‍ ഇറങ്ങി കഴിഞ്ഞു. പിന്നെയും ആളുകള്‍ ഇറങ്ങുകയാണ്. ഞങ്ങളും ഇറങ്ങാന്‍ തയ്യാറായി. ലഗ്ഗേജ് ഒന്നും എടുക്കാനില്ലല്ലോ. ബന്ധക്കാര്‍ക്ക് നല്‍കാന്‍ ഉമ്മ തന്ന അവില്‍ വിശന്നപ്പോള്‍ ഉരുവില്‍ വെച്ച് തന്നെ ഞങ്ങള്‍ തിന്നു തീര്‍ത്തു. ഉരുവിന്റെ അടുത്ത് ചെറിയ മീന്‍പിടുത്ത വള്ളങ്ങള്‍. ഓരോരുത്തരായി അതില്‍ ചാടി. എന്റെ കാല്‍ ആ വള്ളത്തിന്റെ പടിയില്‍ തട്ടി. നല്ല വേദന. മുറിഞ്ഞെന്നു തോന്നുന്നു (ആ മുറിവിന്റെ അടയാളം ഇപ്പോഴും കാലിന്മേല്‍ ഉണ്ട്). ചെറിയ വള്ളം ഏകദേശം കരയോടടുത്തു. പിന്നെ നീന്തി. ചാട്ടത്തില്‍ കാലിലെ ചെരുപ്പ് പൊട്ടി.

ആ സ്ഥലം കൊര്‍ഫുക്കാന്‍ ആയിരുന്നു. ആദ്യം ഇറങ്ങിയവര്‍ എല്ലാം അറിയാമെന്ന ഭാവത്തോടെ കുറച്ചു നടക്കും. പിന്നീട് നില്‍ക്കും. ഞങ്ങളും അവരുടെ മുന്നിലൂടെ കുറെ നടക്കും. വീണ്ടും നില്‍ക്കും. ഡിസംബര്‍ മാസത്തിലെ തണുപ്പ്. വിശപ്പും ഉറക്കക്ഷീണവും. ചെരുപ്പ് ഇല്ലാത്തത് കൊണ്ട് കല്ല് തട്ടുമ്പോള്‍ കാലിന്നു വല്ലാത്ത വേദന. കൂട്ടത്തില്‍ മരം കോച്ചുന്ന തണുപ്പും. അകലെ കാട്ടുവര്‍ഗക്കാരുടെ പോലെയുള്ള കൊട്ടും പാട്ടും. ഞങ്ങളില്‍ നിന്നും ഒരാളെ അങ്ങോട്ട് പറഞ്ഞയച്ചു.കുറച്ചു ഭക്ഷണമോ ഈത്തപ്പഴമോ വാങ്ങാനാണ് പറഞ്ഞയച്ചത്.

ആ പോയ ആള്‍ പോയതിനേക്കാള്‍ വേഗതയില്‍ തിരിച്ചു വന്നു. അവന്‍ നന്നായി പേടിച്ചു വിറക്കുന്നുണ്ടായിരുന്നു. കൂടെ നിസ്‌കാര കുപ്പായമിട്ട ഉയരം കുറഞ്ഞ വയസ്സായ സ്ത്രീയും. (പിന്നീടാണ് അത് വയസ്സായ സ്ത്രീയല്ലെന്നും അറബി ഡ്രസ്സ് ഇട്ട ഒരു കുട്ടിയാണെന്നും മനസ്സിലായത്). അവിടെ അറബികള്‍ ഒരു വലിയ ആടിനെ ഫുള്‍ സൈസില്‍ പൊരിച്ചത് തിന്നുകയും പാട്ടും ആട്ടവും നടത്തുന്നത് കണ്ടു പേടിച്ചിട്ടാണ് പോയ ആള്‍ തിരിച്ചു വന്നത്.

സമസ്തയുടെ കിതാബ് പഠിച്ചത് കൊണ്ട് അറബി നന്നായിട്ട് അറിയാമെന്ന ഒരു അഹംഭാവം എനിക്കുണ്ടായി. അതറിഞ്ഞ മറ്റുള്ളവര്‍ അറബി കുട്ടിയോട് സംസാരിക്കാന്‍ എന്നെ ഏല്പിച്ചു. എന്റെ അറബി കേട്ടപ്പോള്‍ അറബി കുട്ടി ഇംഗ്ലീഷില്‍ ഞങ്ങളോട് സംസാരിച്ചു. എന്റെ അറബി അറിയാമെന്ന ഭാവം മുളയിലേ ചീറ്റിപ്പോയി. ഇവിടെ പഠിച്ച അല്‍അവ്വലു, അല്‍റാബിഉ ഒന്നും അവിടെ എശൂല. ദുബായ് എന്ന് മാത്രം പറഞ്ഞു. അതിനു ഭാഷ വേണ്ടല്ലോ? ഒടുവില്‍ ഇംഗ്ലീഷ് ഭാഷ സംസാരിച്ചു ചാര്‍ജ് ഉറപ്പിച്ചു ഞങ്ങള്‍ അവന്റെ ലാന്‍ഡ് റോവര്‍ ജീപ്പില്‍ യാത്ര തുടര്‍ന്നു. വണ്ടിയുടെ മുന്‍ഭാഗത്ത് ഇരിക്കാന്‍ ഇരുപത്തിയഞ്ചു ഇന്ത്യന്‍ രൂപയും പിന്നില്‍ ഇരിക്കാന്‍ പതിനഞ്ചു രൂപയുമാണ് ചാര്‍ജ്. പിന്നില്‍ ഓപ്പണ്‍ ആയത് കൊണ്ട് നല്ല തണുപ്പും പൊടിയും ഉണ്ടാവും. ഞങ്ങള്‍ പിന്നില്‍ ഇരുന്നു. പൊടിയും തണുപ്പും ആലോചിച്ചു കൂടുതല്‍ പൈസ കൊടുക്കാന്‍ ഞങ്ങളുടെ കയ്യിലില്ലല്ലോ?

അകലെ ഒരു കെട്ടിടത്തിന്റെ മുകളില്‍ ലൈറ്റ് കണ്ടു. ഞാന്‍ പറഞ്ഞു അത് കപ്പലിന്നു വഴികാട്ടിയായ ലൈറ്റ് ഹൌസ് ആണെന്ന്. വണ്ടി ആ ലൈറ്റിന്നടുത്തു നിര്‍ത്തി. ഞങ്ങള്‍ ഇറങ്ങി. അതൊരു പള്ളിയുടെ മിനാരത്തിന്റെ മുകളിലെ ലൈറ്റ് ആയിരുന്നു. എന്റെ രണ്ടാമത്തെ തോല്‍വി. അന്ന് ഫുജൈറയില്‍ ഒരു നിലയില്‍ കൂടുതലുള്ള കെട്ടിടങ്ങള്‍ ഇല്ലായിരുന്നു എന്ന് നേരം വെളുത്തപ്പോള്‍ മനസ്സിലായി.മൊസൈക് ടൈല്‍ ഇട്ട ആ പള്ളിയുടെ വരാന്തയില്‍ കടലാസ് വിരിച്ചു കിടന്നു. ക്ഷീണം കൊണ്ട് ഉറങ്ങിയത് അറിഞ്ഞില്ല. വാങ്ക് വിളി കേട്ട് ഉണര്‍ന്നു.

ഞാനും മുഹമ്മദലിയും (കാട്ടൂര്‍, തൊപ്പിത്തറ) ബാവയും (പെരിങ്ങോട്ടുകര) (ബാവ പിന്നീട് ദുബായിലുണ്ടായ ഒരു വാഹന അപകടത്തില്‍ മരിച്ചു) ഫ്രാന്‍സീസും (കാട്ടൂര്‍, ഏടത്തിരുത്തി) ആ പള്ളിയിലെ വരാന്തയില്‍ ഉറങ്ങി. നിസ്‌കരിക്കാന്‍ സമയം ആവുമ്പോള്‍ ഞങ്ങള്‍ കാണിക്കുന്ന പോലെ ചെയ്യണമെന്ന് ഫ്രാന്‍സീസിനോട് ഞാന്‍ പറഞ്ഞു. അവന്‍ അപ്രകാരം ചെയ്തു, അല്ലെങ്കില്‍ തന്നെ അന്നൊക്കെ ഞങ്ങളും തോന്നുമ്പോള്‍ നിസ്‌കരിക്കുന്നവര്‍ ആയിരുന്നല്ലോ.

നിസ്‌കാരം കഴിഞ്ഞപ്പോള്‍ അടുത്ത ഹോട്ടലില്‍ നിന്നും ഒരു മലയാളം പാട്ട് കേട്ടു. 'ഒരു കൊട്ട പോന്നുണ്ടല്ലോ മിന്നുണ്ടല്ലോ മേനി നിറയെ, കരയല്ലേ കല്‍ബിന്‍ മണിയെ കല്‍ക്കണ്ട കനിയല്ലേ'

ഓ. സന്തോഷമായി. ഒരു മലയാളിയുടെ ഹോട്ടല്‍ ഉണ്ടല്ലോ. നല്ല വിശപ്പ്. കയ്യിലാണെങ്കില്‍ പൈസ കുറവ്. ഒരു മിഡില്‍ ക്ലാസ് ഫാമിലിക്കാരായ ഞങ്ങള്‍ പൊറോട്ടക്കും മറ്റും വില ചോദിച്ചിട്ടാണ് കഴിക്കുന്നത്. പൊറോട്ടക്കു കൂട്ട് പഞ്ചസാര. അല്ലാതെ കറി വാങ്ങാന്‍ പൈസ എവിടെ. അന്ന് ഇന്ത്യയിലെ രണ്ടര രൂപ കൊടുത്താല്‍ അവിടെത്തെ ഒരു QDR (Qatar Dubai Riyal) കിട്ടും. ഹോട്ടല്‍ ഉടമ മലയാളി ആയതു കൊണ്ട് ഒരു QDRനു മൂന്നര രൂപയെ വാങ്ങിയുള്ളൂ.

നേരം വെളുത്തു. ദുബായിക്ക് പോകണം കയ്യില്‍ പൈസ ഇല്ല. ഞങ്ങളുടെ കയ്യിലുള്ള പൈസയില്‍ നിന്നും എടുത്തു ബാവയെ ഞങ്ങളുടെ ബന്ധക്കാരുടെ അടുത്തേക്ക് വിട്ടു, ഞങ്ങളെ കൂട്ടിക്കൊണ്ടു പോകാന്‍ വരാന്‍ വേണ്ടി. ഞങ്ങള്‍ നടന്നു. ചുറ്റും മലകള്‍. ഒരു ഭാഗം കടലും. ഇതിനിടെ ചിലരെ അവിടെത്തെ അറബികള്‍ ജോലിക്ക് കൊണ്ടുപോയി. ഡിസംബര്‍ മാസത്തെ തണുപ്പ് കാലത്തെ ചൂടിന്നു കാഠിന്യം കൂടി. ചെരിപ്പില്ലാത്തത് കൊണ്ട് നടക്കുമ്പോള്‍ നല്ല വേദന. പിന്നീട് ഞങ്ങള്‍ക്ക് മനസ്സിലായി ദുബൈ വളരെ ദൂരെയാണെന്നു.

വിശപ്പ്, ഉറക്കക്ഷീണം കൊണ്ട് ഞങ്ങള്‍ തളര്‍ന്നു. ഇനി എന്ത് ചെയ്യും. ഉച്ചക്ക് ഭക്ഷണത്തിനു പൈസ തികയില്ല. പട്ടിണി തന്നെ ശരണം. ചെറുപ്പത്തില്‍ നോമ്പ് എടുത്ത് പഠിച്ചത് നന്നായി. കുറച്ചു ഈത്തപഴം തിന്നു. ഞങ്ങള്‍ വിഷമിച്ചു ഇരിക്കുമ്പോള്‍ വിശ്വസിക്കാന്‍ പ്രയാസമായ ഒരു കാര്യം. ഞങ്ങളുടെ അയല്‍വാസി അതാ ഞങ്ങളുടെ മുമ്പില്‍. ഞങ്ങള്‍ക്ക് ഞങ്ങളുടെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഞങ്ങള്‍ ഉണ്ടെന്നറിഞ്ഞ് വന്നതല്ല. ദൈവത്തിന്റെ ഓരോ കളികള്‍.

ഞങ്ങളെ അദ്ദേഹം കൊണ്ടുപോയി കല്‍ബയില്‍ ഒരു മലയാളി ഹോട്ടലില്‍ നിന്നും വയറു നിറച്ചു ഭക്ഷണം വാങ്ങിത്തന്നു. സുഖമായി ഉറങ്ങി. അതിന്നു ശേഷം ലോകത്തിലെ ഒരു പാട് രാജ്യങ്ങളിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നിന്നും സെവന്‍ കോഴ്‌സ് ഭക്ഷണം കഴിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ടെങ്കിലും ആ കല്‍ബയില്‍ നിന്നും കഴിച്ച ഭക്ഷണത്തിന്റെ സ്വാദ് മറക്കാന്‍ കഴിയില്ല. പിറ്റേന്ന് ഞങ്ങളെ അദ്ദേഹം ഒരു അറബിയുടെ ലാന്‍ഡ് റോവര്‍ വണ്ടിയില്‍ ഷാര്‍ജയിലേക്ക് പറഞ്ഞയച്ചു. കാട്ടുപാത പോലെയുള്ള ടാറിംഗ് ചെയ്യാത്ത ദുര്‍ഘടം പിടിച്ച വഴി. മലകള്‍ കയറിയും ഇറങ്ങിയും ഉള്ള വഴി. കുറെ ദൂരം പോയപ്പോള്‍ മലയുടെ ഇടുക്കില്‍ ഒരു വലിയ അലുമിനിയം പെട്ടി തുറന്നു അതില്‍ നിന്നും റൊട്ടികള്‍ പുറത്തു കിടക്കുന്നു. ഏതോ വണ്ടിയില്‍ നിന്നും തെറിച്ചു വീണതായിരിക്കും. ഞങ്ങള്‍ നിറുത്തി കുറെ തിന്നു. കുറെ ശേഖരിച്ചു. അന്നാണ് ആദ്യമായി നീളന്‍ ബ്രെഡ് കാണുന്നത്.

ഞങ്ങള്‍ ഉച്ചയോടെ ഷാര്‍ജയില്‍ എത്തി. തൃശ്ശൂര്‍ ജില്ലയിലെ കുട്ടമംഗലം എന്ന സ്ഥലത്തെ ബന്ധക്കാരുടെ റൂമില്‍ നിന്ന് കുളിയെല്ലാം പാസാക്കി, ഉള്ള ഡ്രസ്സ് കഴുകി ഉണക്കി, അത് ധരിച്ചു വൈകീട്ട് ദുബായിലേക്ക്. ഞങ്ങളുടെ വഴികാട്ടി അയല്‍വാസിയായ ഉബൈദ് (കാട്ടൂര്‍), അന്നത്തെ എയര്‍പോര്‍ട്ട്, റേഡിയോ സ്റ്റേഷന്‍ ഇവ കാണിച്ചു തന്നു. ഞങ്ങള്‍ അമ്പരപ്പോടെ നോക്കി. ഉബൈദ് കുറച്ചു വര്‍ഷം മുമ്പ് മസ്‌കത്തില്‍ വെച്ച് മരിച്ചു. ദൈരയില്‍ കാദര്‍ ഹോട്ടെലിനടുത്തു ഇറങ്ങി. അവിടെ ഒരു പാട് മലയാളികള്‍. അവര്‍ സൗജന്യ സേവനം. ഓരോരുത്തരെയും ബന്ധക്കാരുടെ റൂമുകളിലേക്ക് എത്തിച്ചു. 18 വയസ്സായ ഞാനും 1969ഇല്‍ പേര്‍ഷ്യക്കാരനായി. അല്‍ഹംദുലില്ല (ദൈവത്തിനു സ്തുതി).

ദുബൈയില്‍ ഉള്ളപ്പോള്‍ എനിക്ക് മറക്കാന്‍ പറ്റാത്ത പല അനുഭവങ്ങളില്‍ ഒന്ന്... നാട്ടില്‍ ഒരു മിഡില്‍ ക്ലാസ്സ് ഫാമിലിക്കാരനായ ഞാന്‍ ഭക്ഷണത്തിനു പൈസ ഇല്ലാതെ വന്നപ്പോള്‍ ഞാന്‍ മോഹിച്ചു സ്വരൂപിച്ചു വാങ്ങിയ ഒരു രയ്‌ക്കോ (റിക്കോ) വാച്ച് പലിശയില്ലാതെ സെക്ക്യൂരിറ്റി വെച്ച് ഇരുപത്തിയഞ്ച് ഖത്തര്‍ ദുബായ് റിയാലിന് പണയം വെച്ച് ഭക്ഷണം കഴിച്ചിട്ടുണ്ട്. ദുബൈയില്‍ ഞാന്‍ എത്തിയ സമയത്ത് മിക്ക ദിവസങ്ങളിലും രാത്രി പവര്‍കട്ട് ഉണ്ടായിരുന്നു. അപ്പോള്‍ ഞങ്ങള്‍ കടപ്പുറത്തേക്ക് പായയും കൊണ്ട് ഉറങ്ങാന്‍ പോകും. അന്നൊക്കെ ബ്ലാക്ക്&വൈറ്റ് ടെലിവിഷന്‍ ആയിരുന്നു. എയര്‍ കണ്ടീഷന്‍ ഞങ്ങള്‍ക്ക് മിക്കയാളുകള്‍ക്കും ഉണ്ടായിരുന്നില്ല, ലാന്‍ഡ് ഫോണും ഉണ്ടായിരുന്നില്ല. UAE ആയതിനു ശേഷം എനിക്ക് കിട്ടിയ വിസ പേജില്‍ പതിക്കാനുള്ള റെവന്യൂ സ്റ്റാമ്പ് ഇറങ്ങാത്തതുകൊണ്ട് എന്റെ വിസ പേജില്‍ പോസ്റ്റല്‍ സ്റ്റാമ്പ് ആണ് ഒട്ടിച്ചിരിക്കുന്നത്. അങ്ങിനെ പോസ്റ്റല്‍ സ്റ്റാമ്പ് പതിച്ച ഇരുന്നൂറു പേരില്‍ ഒരാളാണ് ഞാന്‍. ആ പാസ്‌പോര്‍ട്ട് ഇപ്പോഴും എന്റെ കയ്യില്‍ ഉണ്ട്.

ഭാഷ ഒന്നും അറിയില്ല, തൃശൂര്‍ മലയാളം ഒഴിച്ച്. എഴുതി പഠിച്ചത് ഓരോ ഫ്ലാറ്റിലും ഓഫീസിലും മറ്റും പറഞ്ഞു. ശുഖല്‍ ഫീ? കാം ഹേ? എനി വേക്കന്‍സി? കിട്ടി. ഡോക്ടര്‍ അഹമദ് റഹ്ഫത്ത് മഹ്‌റൂസ് എന്ന ഈജിപ്ത്യന്‍ ഡോക്ടറുടെ വീട്ടില്‍ ഹൗസ് ബോയ് ആയി ജോലി കിട്ടി. ജോലിയുള്ളപ്പോള്‍ തന്നെ വേറെ ജോലി അന്വേഷിച്ചു. കിട്ടി. ഗള്‍ഫ് എറ്റെര്‍നിറ്റ് എന്ന കമ്പനിയില്‍ ഓഫീസ് ബോയ്ആയി. വീണ്ടും ജോലി അന്വഷണം. അങ്ങിനെ ഒരു മാസം കൊണ്ട് ദുബായിയില്‍ ഈദ് മുഹമ്മദ് മുധിയ എന്ന അറബിയുടെ പ്ലംബിംഗ് കടയിലെ സെയില്‍സ്മാന്‍. ഉച്ചക്ക് ഭക്ഷണ ശേഷം മൂടി പുതച്ചു ഉറങ്ങുന്ന സ്വഭാവം അന്ന് (ഇന്നും) ഉണ്ട്. 2 കിലോമീറ്റര്‍ ചുട്ടുപഴുത്ത മണലിലൂടെ നടക്കണം, റൂമില്‍ എത്താന്‍.

ഒരു ദിവസം. ഞാന്‍ പതിവ് പടി തറയില്‍ പായ വിരിച്ച് മൂടി പുതച്ചു കിടക്കുകയാണ്. റൂം ആദ്യം എടുത്തവര്‍ക്ക് കട്ടില്‍ ഇടാം. അല്ലാത്തവര്‍ താഴെ കിടക്കണം. ആരോടെയോ സംസാരം കേള്‍ക്കുന്നുണ്ട്. അതില്‍ റൂമില്‍ വന്ന ഗസ്റ്റ് പറയുന്നത് കേട്ടു :

'ഓ. എന്നാ പറയാനാ. ഈ പത്തേമാരി യാത്രയൊക്കെ ഭയങ്കര ബുദ്ധിമുട്ടാണ് അല്ലെ. അത് മാത്രമല്ല, പത്തേമാരിയില്‍ വരുന്നത് നാണക്കേടും ആണല്ലേ?'

സംസാരം നിന്നപ്പോള്‍ ഞാന്‍ പുതപ്പ് മാറ്റി നോക്കി.അത് എന്റെ പത്തേമാരി യാത്രയില്‍ കൂടെ ഉണ്ടായിരുന്ന 65 കാരന്‍ ആയിരുന്നു. കാരണം. ഞങ്ങള്‍ ചെറുപ്പക്കാര്‍ക്ക് ബോയ് പണി കിട്ടിയപ്പോള്‍, പ്രായമുള്ള അദ്ദേഹത്തിന്നു മാനേജര്‍ ആയി ഒരു സ്ഥാപനത്തില്‍ ജോലി കിട്ടിയിരുന്നു. പിന്നീട് ദുബൈ സത്വവയില്‍ ഒരു സ്‌പെയര്‍ പാര്‍ട്സ് കടയിലെ ഒരു മാസത്തെ ലീവ് വേക്കന്‍സി. അത് കഴിഞ്ഞു ബര്‍ദുബായില്‍ അലി ബിന്‍ അല്‍ഫര്‍ദാന്‍ എന്ന അറബിയുടെ സ്‌പെയര്‍ പാര്‍ട്സ് കടയിലെ 3 വര്‍ഷത്തെ ജോലി. അവിടെ നിന്നും വിസ ശരിയാക്കി ബോംബയിലേക്ക് അക്ബര്‍ എന്ന കപ്പലില്‍ മടക്ക യാത്ര.

തിരിച്ചു നേരെ അബുദാബിയിലേക്ക്. അവിടെ എയര്‍പോര്‍ട്ട് റോഡില്‍ ഗ്രാന്റ് മോസ്‌ക്കിന്നു മുമ്പില്‍ അല്‍ഹാമെലി ട്രെഡിംഗ് & ട്രാന്‍സ്പോര്‍ട്ട് കമ്പനിയുടെ സ്‌പെയര്‍ പാര്‍ട്ട്സ് കടയില്‍ എന്റെ അബുദാബി ജീവിതത്തിന്റെ തുടക്കം. ആദ്യമായി ഒരു വാഹനം വാങ്ങി. ഒരു സൈക്കിള്‍. അങ്ങനെ, തിരിച്ചു വന്നു വിവാഹം കഴിച്ചു. വീണ്ടും അബുദാബിക്ക്. അവിടെ ഒരു പാട് ഒരു പാട് ജോലികള്‍. ഇതിനിടെ മൂന്നു മക്കള്‍.

1987ല്‍ ഞാന്‍ ജോലി ചെയ്യുന്ന കമ്പനിയുടെ (ബിന്‍ കനേഷ്) പാര്‍ട്ട്ണര്‍, എന്റെ എല്ലാമെല്ലാമായ മുഹമ്മദ് മുഹമ്മദ് ബിന്‍ കനേഷ് അല്‍ ഖുബൈസിയുടെ പെട്ടെന്നുള്ള മരണം (ഉറക്കത്തില്‍ മരിച്ചു). ഗള്‍ഫ് ജീവിതം ഇനി മതിയാക്കാം എന്ന് കരുതി. നാട്ടിലെ ഉപ്പും ചോറും തിന്നാം എന്ന ചിന്ത. പോന്നു, വിസ ഉണ്ടായിട്ടു കൂടി.. ക്യാന്‍സല്‍ ചെയ്യാതെ. കമ്പനിയുടെ മറ്റൊരു പാര്‍ട്ട്ണര്‍ അബ്ദുള്ള ബിന്‍ കാനേഷിന്റെ ഫോണ്‍ കാള്‍. 'വരൂ, നിന്നെ ജോലിക്ക് വേണമെന്ന് ഷെയ്ഖ് ഹമദ് ബിന്‍ ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ നഹിയാന്‍ ആവശ്യപ്പെടുന്നു.

ഇനി ഈ ഗള്‍ഫ് കാണില്ല, എന്ന് കരുതി അവസാനം എയര്‍പോര്‍ട്ടിലേക്ക് വരുമ്പോള്‍ കാറിലിരുന്നു പിന്നോട്ടു നോക്കി ആ സ്ഥലം അവസാനമായി നോക്കിയിരുന്ന എന്നെ ദൈവം തമ്പുരാന്‍ നിയോഗിച്ചത് അബുദാബിയില്‍ വീണ്ടും ചെല്ലാനാണ്. വീണ്ടും അബൂദാബിയിലേക്ക്. പഴയ അറബിയെ (അബ്ദുള്ള ബിന്‍ കാനേഷ് അല്‍കുബൈസി) കണ്ടു. ഞങ്ങള്‍ രണ്ടു പേരും കൂടി രാജകുടുംബാംഗമായ ഷെയ്ക്കിന്റെ അരമനയിലേക്ക്. കണ്ട ഉടനെ ഷൈഖ് ഹമദിന്റെ ഉഗ്രന്‍ ചോദ്യം: ഇന്ത ഫീ ഹയ്? (നീ ജീവിച്ചിരിപ്പുണ്ടോ?).തമാശയിലെ ആ ചോദ്യം കഴിഞ്ഞു അവിടെ നീണ്ട വര്‍ഷങ്ങള്‍ അദ്ദേഹത്തിന്റെ പ്രൈവറ്റ് ഓഫീസ് മാനേജരുടെ ജോലി.

അവിടെ നിന്നും പലതും പഠിക്കാനും പല വിദേശ രാജ്യങ്ങളും സന്ദര്‍ശിക്കാനും കഴിഞ്ഞു. 68വയസ്സ് കഴിഞ്ഞ ഇപ്പോഴും ദൈവാനുഗ്രഹത്താല്‍ പല വിദേശ രാഷ്ട്രങ്ങളും സന്ദര്‍ശിക്കുന്നു. വിദേശമാസികകളില്‍ അടക്കം യാത്രാവിവരണം പ്രസിദ്ധീകരിക്കുന്നു. വീണ്ടും പഴയ ചിന്ത. എന്റെ പെറ്റമ്മ കേരളമാണ്, പോറ്റമ്മ അബുദാബിയും. തിരിച്ചു പോന്നു. ശിഷ്ടജീവിതം ഇവിടെ കഴിക്കാന്‍. എന്നെ ഞാനാക്കിയത് അബുദാബിയും അതില്‍ പ്രത്യേകിച്ച് (ഉത്തരവാദിത്വബോധം, കൃത്യനിഷ്ഠ, ഹാര്‍ഡ് വര്‍ക്ക്) പഠിപ്പിച്ചത് ഷെയ്ക്ക് ഹമദും ആയിരുന്നു.


Next Story

Related Stories