TopTop
Begin typing your search above and press return to search.

ശാപം പിടിച്ച കുല്‍ദര; ഥാര്‍ മരുഭൂമിയ്ക്കുള്ളിലെ 'യക്ഷി പട്ടണം'

ശാപം പിടിച്ച കുല്‍ദര; ഥാര്‍ മരുഭൂമിയ്ക്കുള്ളിലെ

ചിരകാല അഭിലാഷമായിരുന്നു മരുഭൂമി സന്ദര്‍ശിക്കുക എന്നുള്ളത്. അങ്ങനെയാണ് രാജസ്ഥാന്‍ യാത്രയില്‍ ഥാര്‍ മരുഭൂമി കാണാന്‍ തീരുമാനിച്ചത്. രാജസ്ഥാന്‍ സംസ്ഥാനത്തിന്റെ പടിഞ്ഞാറ് ഭാഗത്താണ് ഥാര്‍ മരുഭൂമി. ജെയ്‌സാല്‍മേര്‍, ബികാനേര്‍, ജോധ്പുര്‍ എന്നിവിടങ്ങളില്‍ ആണ് യഥാര്‍ത്ഥ മരുഭൂമി. ജെയ്‌സാല്‍മീറില്‍ നിന്നും 35 കി.മീ അകലെ ഉള്ള ഥാര്‍ മരുഭൂമി ആണ് ഞങ്ങള്‍ സന്ദര്‍ശിക്കാന്‍ തിരഞ്ഞെടുത്തത്. ഉച്ചക്ക് 3.30 ആയപ്പോള്‍ ജെയ്‌സാല്‍മീറില്‍ നിന്നും ഒരു ജീപ്പില്‍ ഞാനും സുഹൃത്ത് അശേച്ചിയും, മരുഭൂമിയിലെ താമസം ഏര്‍പ്പാടാക്കി തന്ന അലിയും കൂടി യാത്ര തിരിച്ചു.

ആദ്യം സന്ദര്‍ശിച്ചത് 18 കി.മീ ദൂരെ സ്ഥിതി ചെയ്യുന്ന കുല്‍ദര എന്ന 'യക്ഷി പട്ടണം' ആയിരുന്നു. അവിടെ എത്തിയപ്പോള്‍ മനുഷ്യവാസം ഇല്ലാത്ത ഒരു പഴയ പട്ടണത്തിന്റെ അവശിഷ്ടങ്ങള്‍ മാത്രം. എങ്ങുന്നോ വീശുന്ന കാറ്റിന്റെ ശബ്ദവും. ഉള്ളില്‍ ചെറിയൊരു പേടി.. പെട്ടെന്നാണ് ഒരു കുട്ടിയുടെ ശബ്ദം കേട്ടത്. 'ഈശ്വരാ, ജൂനിയര്‍ യക്ഷിയോ' എന്ന് ഞെട്ടി തിരിഞ്ഞു നോക്കുമ്പോഴതാ ഒരു പയ്യന്‍ വരുന്നു. അവന്‍ അടുത്ത ഗ്രാമത്തിലെ കുട്ടിയാണ്. കുല്‍ദര കൊണ്ട് നടന്നു കാണിക്കാം എന്നതാണ് അവന്റെ വാഗ്ദാനം. പക്ഷേ സമയകുറവ് കാരണം ഞങ്ങള്‍ അവന്‍ പറഞ്ഞ കഥകള്‍ കേട്ട് കുല്‍ദരയെ അറിഞ്ഞു തൃപ്തിപ്പെട്ടു.


600 വര്‍ഷങ്ങള്‍ക്ക് മുന്പ് പാലിവാല്‍ ബ്രാഹ്മണര്‍ താമസിച്ചിരുന്ന പട്ടണം ആയിരുന്നു കുല്‍ദര. ജെയ്‌സാല്‍മീര്‍ എന്ന രാജ്യത്തെ മന്ത്രിയായിരുന്ന സലിം സിംഗ് ഗ്രാമതലവന്റെ മകളെ നോട്ടമിടുകയും അവളെ സ്വന്തമാക്കാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍, ഗ്രാമവാസികള്‍ അവരുടെ വീട് ഉപേക്ഷിച്ച് പാലായനം ചെയ്തു. അവരുടെ ശാപം കാരണം പിന്നീട് ആര്‍ക്കും അവിടെ വന്നു താമസിക്കാന്‍ പറ്റിയിട്ടില്ല. അങ്ങനെ കുല്‍ദര abandoned town അഥവാ ഉപേക്ഷിക്കപ്പെട്ട പട്ടണമായി മാറി.

അവിടെ നിന്നും ഞങ്ങള്‍ വീണ്ടും യാത്ര ചെയ്ത് മരുഭൂമി സ്ഥിതി ചെയ്യുന്ന സം ഡുണ്‌സിലേ താമസ സ്ഥലത്തെത്തി. അവിടെയെത്തിയപ്പോള്‍ അതാ ഞങ്ങള്‍ക്ക് മരുഭൂമി കാണാന്‍ പോകാന്‍ രണ്ടു ഒട്ടകങ്ങള്‍ തയ്യാറായി നില്‍ക്കുന്നു. സന്തോഷമായി ബാലേട്ടാ! ഞാന്‍ ചാടി ഒട്ടകപ്പുറത്ത് കയറി. നിലത്ത് കിടന്ന ഒട്ടകം മുന്‍കാലുകള്‍ നിവര്‍ത്തിയതും ഞാന്‍ പെന്‍ഡുലം പോലെ പിറകോട്ടു വീണു. എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാകുന്നതിനു മുമ്പ് ഒട്ടക്കം പിന്‍കാലുകള്‍ നിവര്‍ത്തി ഞാന്‍ പിറകോട്ട് മറിഞ്ഞ സ്പീഡില്‍ മുന്നോട്ട്... വീഴാതിരിക്കാന്‍ ഒട്ടകത്തിനെ അള്ളി പിടിച്ചിരുന്നു. നടന്നു തുടങ്ങിയപ്പോഴേക്കും നിലത്ത് വീണു നടുവ് ഓടിയുമോ എന്ന് ആകെ പേടി. വല്ല വിധേനയും 2 കി.മീ താണ്ടി മരുഭൂമിയിലെത്തി. നിലത്തിറങ്ങാന്‍ നേരത്ത് വീണ്ടും ഒട്ടകത്തിന്റെ പുറത്ത് പെന്‍ഡുലം ഡാന്‍സ് ഞാന്‍ അരങ്ങേറി. മഴക്കാലം ആയതിനാല്‍ സൂര്യാസ്തമയം കാണാന്‍ പറ്റിയില്ല. കുറച്ചു നേരം അവിടൊക്കെ ചുറ്റി കണ്ട് വീണ്ടും ഒട്ടക പുറത്തേറി റിസോര്‍ട്ടില്‍ തിരിച്ചെത്തി. അപ്പോള്‍ ശരിക്കും കിളിപോയ അവസ്ഥയായിരുന്നു. ഒട്ടകപ്പുറത്ത് കേറാനുള്ള എല്ലാ ആഗ്രഹവും അന്നതോടെ തീര്‍ന്നു. ഒട്ടകം ഒരു ഭീകര ജീവിയാണെന്നും ഇനി ജീവിതത്തില്‍ ഒട്ടകപ്പുറത്ത് കയറില്ല എന്നും അന്നോടെ തീരുമാനമായി.


വൈകിട്ട് താമസസ്ഥലത്ത് സംഗീത നൃത്ത സന്ധ്യ അരങ്ങേറി. സീസണ്‍ അല്ലാത്ത കൊണ്ട് ഞങ്ങള്‍ രണ്ടു പേര് മാത്രമേ റിസോര്‍ട്ടില്‍ ഉണ്ടായിരുന്നുള്ളു. സീസണ്‍ സമയത്ത് ഡീജെ പാര്‍ട്ടിയും മറ്റും ഉണ്ടാകാറുണ്ട്. രാത്രിയില്‍ രാജസ്ഥാനിലെ തനതു ഭക്ഷണമായ 'ദാല്‍ ബാട്ടി ചുര്‍മ' കഴിച്ചു. ഗോതമ്പ് പൊടി വറുത്ത് ഉരുട്ടി കനലില്‍ ചുട്ട് എടുക്കുന്നതാണ് ബാട്ടി. അത് ദാല്‍ ചേര്‍ത്ത് കുഴച്ചാണ് ഭക്ഷിക്കുന്നത്. ഗോതമ്പ് പൊടി കൊണ്ട് തന്നെ ഉണ്ടാക്കുന്ന ഒരു മധുര പലഹാരം ആണ് ചുര്‍മ. ഭക്ഷണം ഒക്കെ കഴിഞ്ഞു ഞങ്ങള്‍ സ്വിസ് ടെന്റില്‍ അന്തി ഉറങ്ങി.

രാവിലെ ആറു മണിക്ക് മരുഭൂമിയിലെ സൂര്യോദയം കാണാന്‍ ജീപ്പില്‍ പുറപെട്ടു. ജീപ്പിന്റെ പുറകില്‍ ഒരു കമ്പിയില്‍ പിടിച്ചാണ് നില്‍ക്കേണ്ടത്. മരുഭൂമിയില്‍ എത്തിയതും ഡ്രൈവര്‍ ചീറി പായാന്‍ തുടങ്ങി. ഇരുവശത്തും മണ്ണ് തെറിച്ചു വീണു കൊണ്ടിരുന്നു. വളരെ രസകരമായ ഒരു അനുഭവമായിരുന്നു. കുറച്ചു കഴിഞ്ഞു മരുഭൂമിയിലെ ഒരു ചായ പീടികയില്‍ വണ്ടി നിര്‍ത്തി. അവിടെ ഇരുന്ന് ഒരു ചായയും കുടിച്ച് ഞങ്ങള്‍ ഒരു മനോഹരമായ സൂര്യോദയത്തിനു സാക്ഷ്യം വഹിച്ചു. തൊട്ടടുത്ത് കുറച്ചു ഒട്ടകങ്ങളും സൂര്യോദയം ആസ്വദിച്ചു കിടന്നു. പതുക്കെ തിരക്ക് കൂടി വന്നപ്പോള്‍ ഞങ്ങള്‍ അവിടെ നിന്നും തിരിച്ചു റിസോര്‍ട്ടിലേക്ക് തിരിച്ചു.


പോകുന്ന വഴി ബഞ്ചാരാസ് എന്ന് വിളി പേരുള്ള നാടോടികള്‍ താമസിക്കുന്നുണ്ടയിരുന്ന്. സുരക്ഷാ കാരണങ്ങളാല്‍ ആദ്യം ഡ്രൈവര്‍ വണ്ടി അവിടെ നിര്‍ത്താന്‍ വിസ്സമിതിച്ചെങ്കിലും എന്റെ നിര്‍ബന്ധത്തിന് വഴങ്ങി അവിടെ നിര്‍ത്തി. ഞാന്‍ വെറുതേ അവിടെയൊക്കെ ഒന്നു കിറങ്ങി. മണല്‍പ്പുറത്ത് കമ്പ് വളച്ച് വെച്ച് പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടു ഒരു മേല്‍ക്കൂരയും, അതാണ് പലരുടെയും വീട്. ആടുകളും മനുഷ്യരും പട്ടിയും എല്ലാം ഒന്നിച്ചാണ് താമസം. ചില കട്ടിലിനു പുറത്ത് ആട് കിടക്കുന്നത് കണ്ട്. വിളറിയ മുഖമുള്ള ഒരു പറ്റം കുട്ടികള്‍ പൈസക്ക് വേണ്ടി എന്നെ പൊതിഞ്ഞു. അപ്പോളേക്കും ഡ്രൈവര്‍ വണ്ടി എടുത്ത് എന്നെ അവിടെ നിന്നും കടത്തി.

പ്രഭാത ഭക്ഷണത്തിന് ശേഷം, അലി ഞങ്ങളെ 12 കി.മീ അകലെ ഉള്ള അലിയുടെ ഗ്രാമത്തില്‍ കൊണ്ടു പോയി. ഒരു ഗ്രാമത്തില്‍ നിന്നും അടുത്ത ഗ്രാമത്തിലേക്ക് 2-3 കി.മീ നടക്കണം. പൊതു ഗതാഗത സംവിധാനം ഒന്നുമില്ല. മിക്ക വീടുകളും മണ്‍ വീടുകളായിരുന്നൂ. മേല്‍ക്കൂര കച്ചി കൊണ്ട് മേഞ്ഞതും. ചില വീടുകള്‍ മാത്രം ഇഷ്ടിക വെച്ച് നിര്‍മിച്ച രണ്ടു മുറി കെട്ടിടം ആയിരുന്നു. രാത്രിയില്‍ എല്ലാവരും മണലില്‍ പായ് വിരിച്ചാണ് കിടക്കുക. മഞ്ഞ് കാലത്ത് മാത്രമാണ് അകത്തു കിടക്കുന്നത്.


ഇവരുടെ ജീവിത മാര്‍ഗ്ഗം ആടിനെ മേയ്ക്കലാണ്. കുട്ടികള്‍ക്ക് ഭക്ഷണം ഉണക്ക റൊട്ടിയും പാലുമയിരുന്നൂ. പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍ ഒന്നും തന്നെ ലഭ്യമല്ല. അത് കൊണ്ട് തന്നെ കുട്ടികളില്‍ വിളര്‍ച്ച പ്രകടമായിരുന്നു. അവിടെ സ്‌കൂളുകളില്‍ ഉച്ച ഭക്ഷണം ഒന്നും കിട്ടില്ല. മിക്ക കുട്ടികളും സ്‌കൂളുകളില്‍ പോകാതെ ആട്/ഒട്ടകം മേയിച്ച് നടക്കും. ഞങ്ങള്‍ കുട്ടികള്‍ക്ക് വേണ്ടി കരുതിയിരുന്ന ബിസ്‌കറ്റ്, ബുക്ക്, പെന്‍സില്‍ എല്ലാം വിതരണം ചെയ്തതു, കുട്ടികള്‍ വലിയ സന്തോഷത്തില്‍ ആയി. പക്ഷേ എനിക്ക് ഗ്രാമത്തിലെ ജീവിതം ശരിക്കും ഒരു നൊമ്പരമായി. പുറം ലോകവുമായി അധികം ബന്ധമില്ലാതെ കഷ്ടപ്പാടില്‍ ജീവിക്കുന്ന കുറച്ചു മനുഷ്യര്‍. രാജസ്ഥാനിലെ മിക്ക ഗ്രാമങ്ങളെയും അവസ്ഥ ഇത് തന്നെ.

ഉച്ചയോടെ ഞങ്ങള്‍ അവിടെ നിന്നും പുറപ്പെട്ടു. തിരികെ പോന്നപ്പോള്‍ ഞാനായിരുന്നു ജീപ്പിന്റെ ഡ്രൈവര്‍. ആ വിജനമായ വഴികളില്‍ കൂടി രാജസ്ഥാനി പാട്ടും ഇട്ട് വണ്ടി ഓടിക്കുന്നത് ഒരു മറക്കാനാവാത്ത അനുഭവമായിരുന്നു. പോകുന്ന വഴിക്ക് ഞങ്ങള്‍ കാബ ഫോര്‍ട്ട് സന്ദര്‍ശിച്ചു. രാജസ്ഥാനിലെ ബാക്കി കോട്ടകള്‍ വെച്ച് നോക്കുമ്പോള്‍ വളരെ ചെറിയ ഒരു കോട്ട. കുറച്ചു പുരാവസ്തുക്കള്‍ അവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.


വഴിയില്‍ ഉടനീളം ഒരാള്‍ പൊക്കത്തിന് വളര്‍ന്നു നില്‍ക്കുന്ന കള്ളി ചെടികള്‍ കാണാം. മരുഭൂമിയിലെ മരുപ്പച്ച ഒരു വിസ്മയം തന്നെയായിരുന്നു. ചുട്ടു പൊള്ളന്ന മണല്‍ കൂനകള്‍ ക്കിടയില്‍ ഒരു ചെറിയ ഭംഗിയുള്ള തടാകം. കണ്ണിനും മനസ്സിനും കുളിര്‍മ ഏകുന്ന കാഴ്ച്ച. ഉച്ചക്ക് ഒരു മണിയോടെ ഥാര്‍ പര്യടനം പൂര്‍ത്തിയാക്കി ഞങ്ങള്‍ തിരിച്ച് എത്തി. ഥാര്‍ മരുഭൂമിയും, സൂര്യോദയവും താമസവും എല്ലാം അസ്വദിച്ചെങ്കിലും ഗ്രാമങ്ങളിലെ ആളുകളുടെ അവസ്ഥ മനസ്സില്‍ ഇന്നും ഒരു വിങ്ങലായി നിലകൊള്ളുന്നു.

കുറിപ്പ് - മരുഭൂമിയില്‍ താമസിക്കാന്‍ ഒരാള്‍ക്ക് 1500 മുതല്‍ 4000 രൂപ വരെ ആകും. ഇതില്‍ സാധാരണ താമസം, ഒട്ടക സവാരി, രാത്രിയിലെ ഭക്ഷണം, രാവിലത്തെ ഭക്ഷണം, കലാസന്ധ്യ,ഡീജെ പാര്‍ട്ടി എന്നിവ ഉള്‍പ്പെടും. പക്ഷേ ജെയ്‌സാല്‍മീര്‍ നിന്നും Sand dunes എത്താന്‍ 750 രൂപ കൊടുത്ത് വേറേ ടാക്‌സി പിടിക്കണം. കുല്‍ദര, കാബ കാണണം എങ്കില്‍ കൂടുതല്‍ പൈസ നല്‍കണം. ജീപ്പ് സഫാരിക്ക് ഒരാള്‍ക്ക് 500 - 750 രൂപ വരെ ആകും. കുറേ വില പേശിയാണ് 2000 രൂപയ്ക്ക് ഞങ്ങള്‍ക്ക് ഇതെല്ലാം ലഭ്യമായത്. നല്ല വിശ്വസ്തനായ ട്രാവല്‍ ഏജന്റ് ആണ് അലി. ജെയ്‌സാല്‍മീര്‍ കൊട്ടക്കകത്ത് മിതമായ നിരക്കില്‍ അലിയുടെ ഹോം സ്‌റ്റേയില്‍ ഞങ്ങള്‍ താമസിച്ചിരുന്നു. അലി = +917742455158

ഡോ. മിത്ര സതീഷ്

ഡോ. മിത്ര സതീഷ്

അസിസ്റ്റന്‍റ് പ്രൊഫസര്‍, ഗവണ്‍മെന്‍റ് ആയുര്‍വേദ കോളേജ് തൃപ്പൂണിത്തുറ, യാത്രിക

Next Story

Related Stories