TopTop
Begin typing your search above and press return to search.

കോടമഞ്ഞ് മൂടി, വറുത്ത കാപ്പിക്കുരുവിന്റെ ഗന്ധമുള്ള, ഓക്കു മരങ്ങള്‍ നിറഞ്ഞ അനന്തഗിരിയിലെ ആ റെയില്‍വേ സ്റ്റേഷന്‍

കോടമഞ്ഞ് മൂടി, വറുത്ത കാപ്പിക്കുരുവിന്റെ ഗന്ധമുള്ള, ഓക്കു മരങ്ങള്‍ നിറഞ്ഞ അനന്തഗിരിയിലെ ആ റെയില്‍വേ സ്റ്റേഷന്‍

ഒരൊറ്റ പ്ലാറ്റ്‌ഫോം, മൂന്ന് റയില്‍പ്പാളങ്ങള്‍.. പ്ലാറ്റ്‌ഫോമിന് അഭിമുഖമായി കോടമഞ്ഞ് മൂടിയ മലനിരകള്‍, തണുത്ത അന്തരീക്ഷത്തില്‍ നല്ല ചൂട് കാപ്പികുടിക്കാന്‍ തോന്നിപ്പിക്കുന്ന വറുത്ത കാപ്പിക്കുരുവിന്റെ ഗന്ധമുള്ള റെയില്‍വേ സ്റ്റേഷന്‍, ഓക്കു മരങ്ങള്‍ നിറഞ്ഞ ആ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് കനലില്‍ ചുട്ടെടുത്ത ചോളത്തെ ഉപ്പും മുളക്‌പൊടിയും തൂവി തീവണ്ടി യാത്രക്കാര്‍ക്ക് വില്‍ക്കാനായിരിക്കുന്ന ഗോത്രവര്‍ഗ്ഗക്കാര്‍.. അങ്ങോട്ടെത്തിച്ചേര്‍ന്ന മനോഹരമായ ആ തീവണ്ടിയാത്ര ഓര്‍മ്മകളില്‍ എത്തുമ്പോള്‍ വീണ്ടും വീണ്ടും വിളിക്കുകയാണ് ആ മലനിരകളിലേക്ക്.. ആന്ധ്രാപ്രദേശിലെ അരക്കു താഴ്‌വരയിലേക്കുള്ള യാത്രയിലെ ഏറ്റവും ആകര്‍ഷണീയമായ കാര്യം വിശാഖപട്ടണത്തു നിന്നുമുള്ള ആ തീവണ്ടി യാത്രയായിരുന്നു.

വിശാഖപട്ടണത്ത് നിന്ന് ഏതാണ്ട് മൂന്നര മണിക്കൂര്‍ എടുത്ത ആ തീവണ്ടി യാത്ര, പകുതി ദൂരം പിന്നിട്ടു കഴിഞ്ഞപ്പോള്‍ തന്നെ പൂര്‍വ്വഘട്ട മലനിരകള്‍ ദൃശ്യമായി തുടങ്ങി. തട്ട് തട്ടുകളായി കിടക്കുന്ന താഴ്‌വരകളും അവ മേലോട്ട് ചേര്‍ന്നുച്ചേര്‍ന്ന് കിടക്കുന്ന വൃക്ഷ നിബിഡമായ അനന്തഗിരിയും. തേയില തോട്ടങ്ങളും ചോളവും പച്ചക്കറികളുമൊക്കെയായി ആ താഴ്‌വാരമാകെ കൃഷിയിടങ്ങളാണ്. മേഘങ്ങള്‍ താഴോട്ടിറങ്ങി വന്നത്‌പോലെ മൂടല്‍മഞ്ഞ് അവിടെയാകെ ചുറ്റിപ്പിടിച്ചിരിക്കുകയായിരുന്നു. തീവണ്ടി കയറ്റം കയറിപ്പോകാന്‍ തുടങ്ങിയതോടെ താഴ്‌വാരങ്ങള്‍ കൊക്കകളാകാന്‍ തുടങ്ങി. വലിയ പാറ മടകളെ തുരന്നു ഭേദിച്ചുണ്ടാക്കിയ തുരങ്കങ്ങളിലൂടെയായിരുന്നു പിന്നീട് തീവണ്ടി നീങ്ങിയത്.
രാവിലെ ഏഴു മണിക്കായിരുന്നു വിശാഖപട്ടണത്തു നിന്നും തീവണ്ടി പുറപ്പെട്ടത്. പത്തുമണിയോടടുത്ത സമയത്തൊന്നും ട്രയിനിന്റെ ഉള്ളില്‍ ലൈറ്റുകള്‍ പ്രകാശിപ്പിക്കേണ്ടതില്ലാതിരുന്നതിനാല്‍ ടണലിലൂടെ വണ്ടി നീങ്ങിയപ്പോഴെല്ലാം അകത്ത് നല്ല ഇരുട്ട് പരന്നു. ആ സമയം യാത്രക്കാരെല്ലാം നന്നായി കൂക്കി വിളിച്ചാസ്വദിക്കുന്നുണ്ടായിരുന്നു. അവരും വിനോദ യാത്രികര്‍ തന്നെയായിരുന്നു. ഓരോ ടണലുകള്‍ പിന്നിട്ട് കഴിയുമ്പോഴും അഗാധമായ കൊക്കകളാണ് ദൃശ്യമാവുക. റെയില്‍വെ പാളത്തിന്റെ ഒരു വശത്ത് കരിങ്കല്‍ കെട്ടുകളായിരുന്നതിനാല്‍ മറു വശത്ത് മാത്രമേ കാഴ്ചകള്‍ ഉണ്ടായിരുന്നുള്ളൂ.

മലനിരകളില്‍ നിന്നും പ്രവഹിച്ച് കൂറ്റന്‍ പാറക്കെട്ടുകളെ തഴുകി പതിക്കുന്ന വെള്ളച്ചാട്ടങ്ങളും ഇടക്കിടെ കാണാമായിരുന്നു. അങ്ങനെ ആസ്വദിച്ചു കൊണ്ടിരിക്കുമ്പോഴായിരിക്കും ഒരു മുന്നറിയിപ്പും കൂടാതെ തീവണ്ടി തുരങ്കത്തിലേക്ക് കടക്കുന്നത്, പിന്നെ വീണ്ടും ഇരുട്ടാകും, കൂക്ക് വിളികളും ഉയരും.. അങ്ങനെ പതിനാറ് ടണലുകളിലൂടെയാണ് ആ തീവണ്ടി കൂകിപ്പാഞ്ഞത്. ആന്ധ്രാപ്രദേശിലെ തന്നെ ഏറ്റവും ഉയര്‍ന്ന മലമ്പ്രദേശമായ അനന്തഗിരി, സമുദ്ര നിരപ്പില്‍ നിന്നും 800 മുതല്‍ 1300 മീറ്റര്‍ വരെ ഉയര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. മുകളിലേക്ക് തീവണ്ടി കുതിക്കുന്തോറും ദൃശ്യങ്ങള്‍ കൂടുതല്‍ മനോഹരമാവുകയായിരുന്നു. താഴ്‌വാരത്തിനു അരഞ്ഞാണം ചാര്‍ത്തിയത് പോലെ താഴെ ഏതോ ഒരരുവി ഒഴുകുന്നതും കാണാമായിരുന്നു.
അങ്ങനെ മനസ്സു നിറയെ മനം കുളിര്‍പ്പിച്ച കാഴ്ചകള്‍ കണ്ടു കൊണ്ടാണ് ഞങ്ങള്‍ അരക്കു റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയത്. അരക്കുവില്‍ നിന്നും മുപ്പത്തഞ്ച് കിലോമീറ്റര്‍ അകലെയായിരുന്നു ബോറാ കേവ്‌സ്. ഇന്ത്യയിലെ തന്നെ ഭീമാകാരമായ ഗുഹകളില്‍ ഒന്നാണ് ബോറാ ഗുഹകള്‍. അങ്ങോട്ട് ട്രെയിനിലോ ജീപ്പിലോ ഓട്ടോറിക്ഷയിലോ പോകാം. ചിലരൊക്കെ വിശാഖപട്ടണത്തു നിന്നും നേരെ ബോറാ ഗുഹലൂവിലെക്കുള്ള ട്രെയിനിലാണ് കയറുക. റൂട്ട് ഏതായാലും കാഴ്ചകള്‍ ഇതൊക്കെത്തന്നെ ആയിരിക്കും. ബോറാ ഗുഹാലുവിലേക്കുള്ള വഴിയരികാകെ കാപ്പിത്തോട്ടങ്ങളാണ്. പൂത്തു നില്‍ക്കുന്ന കാപ്പിത്തോട്ടങ്ങള്‍ക്കിടയിലെ അധികം വീതിയില്ലാത്ത സുഗന്ധം പരന്ന റോഡിലൂടെ ജീപ്പിലായിരുന്നു ഞങ്ങള്‍ പോയത്. പോകും വഴി അനന്തഗിരി വെള്ളച്ചാട്ടം കാണാനായി കുറെ നേരം ഇറങ്ങി നടന്ന് മല കയറണ്ടതായി വന്നു. വെള്ളച്ചാട്ടത്തില്‍ ഇറങ്ങി ഒന്ന് നഞ്ഞു കഴിഞ്ഞപ്പോഴേക്കും മല കയറിയ ക്ഷീണമൊക്കെ മാറിയിരുന്നു. കരിമ്പനയുടെ ഓല കൊണ്ട് കൂര മേഞ്ഞ ചെറിയ ഹോട്ടലുകളായിരുന്നു വഴിയോരത്തോക്കെ. അതില്‍ ഒന്നില്‍ കയറി നല്ല നടന്‍ ഭോജനം കഴിച്ചതിനു ശേഷമായിരുന്നു ഗുഹയിലേക്ക് പോയത്.

കുറെ വര്‍ഷം വയനാട്ടില്‍ അദ്ധ്യാപനം ചെയ്തിരുന്ന സമയത്ത് യാത്ര ചെയ്തയിടങ്ങള്‍ മുഴുവന്‍ മലകളും വെള്ളച്ചാട്ടങ്ങളും തേയില തോട്ടങ്ങളും കാപ്പിതോട്ടങ്ങളുമൊക്കെ ആയിരുന്നെങ്കിലും ഓരോയിടത്തും പ്രകൃതി അവയെ ഒരുക്കിയിരിക്കുന്നത് വ്യത്യസ്തമായിട്ടാണ്. വയനാട്ടിലെ എടക്കല്‍ ഗുഹയിലേക്ക് കുത്തനെയുള്ള കുറെ പടികള്‍ ചവിട്ടിയാണ് കയറിപ്പോകെണ്ടിയിരുന്നത്. എന്നാല്‍ ബൊറാ ഗുഹകള്‍ ഭൂമിയുടെ അടിയിലേക്കാണ്. ഒരേ സമയം നൂറു കണക്കിന് ആളുകള്‍ക്ക് ഗുഹകക്കുള്ളില്‍ നില്‍കാനാവും. ഭൂനിരപ്പില്‍ നിന്നും എണ്‍പത് മീറ്റര്‍ താഴ്ചയിലുള്ള ആ ഗുഹകളെ ഇന്ത്യയിലെ ആഴമുള്ള ഗുഹകളായിട്ടാണ് പരിഗണിക്കുന്നത്. വെളിച്ചമെത്താത്ത ഭാഗങ്ങളിലൊക്കെ ചെറിയ ബള്‍ബുകള്‍ പ്രകാശിപ്പിച്ചിരുന്നു. ഗുഹക്കുള്ളില്‍ അവിടെയിവിടെയായി നീരൊഴുക്ക് ഉണ്ടായിരുന്നു. ശ്രദ്ധയോടെ നടന്നില്ലെങ്കില്‍ വെള്ളവും പാ യലുമോന്നും തിരിച്ചറിയാതെ പാറക്കല്ലുകളില്‍ തെന്നി വീഴാനും സാദ്ധ്യതയുണ്ട്.
ബ്രിട്ടീഷ് ഭൂമി ശാസ്ത്രജ്ഞനായ വില്ല്യം കിംഗ് ആയിരുന്നു 1807ല്‍ ഈ ഗുഹകളെ കണ്ടെത്തിയത്. പാറയില്‍ നിന്നും ഒലിച്ചു തൂങ്ങിയ മട്ടിലുള്ള ചുണ്ണാമ്പ് കല്ലുകള്‍ പല ആകൃതിയിലും വലുപ്പത്തിലുമായി പലയിടത്തും കാണാമായിരുന്നു. ഗുഹകളുടെ മുകളില്‍ നിന്നും ചൂട് നീരുറവകള്‍ ബഹിര്‍ഗമിച്ചുണ്ടായതാകാം അത്തരം ആകൃതികള്‍ എന്നാണ് പറയപ്പെടുന്നത്. ഗുഹക്കുള്ളിലെ ഏറ്റവും ഉയര്‍ന്ന ഭാഗത്തായി ചെറിയൊരു പാറയിടുക്കിനുള്ളില്‍ ഏതോ കല്‍വിഗ്രഹത്തെ ആരാധിക്കുന്നുണ്ട്. അത് കാണണമെങ്കില്‍ നമ്മള്‍, കുത്തനെയുള്ള ഇരുമ്പ് കോണിയിലൂടെ കയറണമായിരുന്നു. അവിടെ ദര്‍ശനം നടത്തിയവര്‍ തിരിച്ചു അതെ കോണിയിലൂടെയാണ് താഴോട്ട് ഇറങ്ങിയിരുന്നത്. കുനിഞ്ഞിരുന്നു നോക്കിയാല്‍ മാത്രമേ ഉള്ളിലെ കല്‍ വിഗ്രഹത്തെയും ദീപത്തെയും കാണാന്‍ കഴിയൂ. ദര്‍ശനം നടത്തുന്നവര്‍ക്ക് കുങ്കുമ പ്രസാദം നല്‍കാനായി ഗോത്രവര്‍ഗ്ഗക്കാരനായ ഒരു ബാലന്‍ ആ ഇടുക്കിനുള്ളില്‍ ഇരുപ്പുണ്ടായിരുന്നു.

ഗുഹ കാഴ്ചകള്‍ കണ്ട് പുറത്തേക്കുള്ള കയറ്റവും കയറി അല്പം ദൂരെ മാറിനിന്നു ആ ഗുഹാമുഖതെക്ക് നോക്കിയപ്പോഴാണ് ശരിക്കും അത്ഭുതം തോന്നിയത്. ഈ ചെറിയ ഗുഹമുഖത്തൂടെ കടന്നു ചെന്ന് കണ്ടത് എത്ര വലിയ ഇരുണ്ട അല്‍ഭുതക്കാഴ്ചകള്‍ ആയിരുന്നു. അരക്കുവിലെ കാഴ്ചകള്‍ ഇതുകൊണ്ടൊന്നും അവസാനിക്കുന്നില്ല. പച്ച പുല്‍തകിടികളും വിവിധയിനം വൃക്ഷലതാധികളും ഏറുമാടങ്ങളും ഉള്ള പദ്മപുരം ഗാര്‍ഡന്‍, മുള ഉല്‍പ്പന്നങ്ങളും കളിമണ്‍ വസ്തുക്കളും നിര്‍മ്മിക്കുന്ന ഗോത്ര വര്‍ഗ്ഗക്കാരുടെ ഗ്രാമങ്ങള്‍, ട്രൈബല്‍ മ്യുസിയം, ആദിവാസികളുടെ ആരാധനാ ക്ഷേത്രങ്ങള്‍, ട്രക്കിംഗ് ഇഷ്ടപ്പെടുന്നവര്‍ക്ക് പറ്റിയ ചെങ്കുത്തായ മലയിടുക്കുകള്‍, പക്ഷി നീരീക്ഷണത്തിനു പറ്റിയ താവളങ്ങളില്‍ ഒക്കെ മനം നിറച്ചായിരുന്നു ചുവടുകള്‍ വച്ചത്.
സന്ധ്യ നേരത്ത് തിരിച്ച് അരക്കു റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ പലയിടത്തായി കണ്ടുമുട്ടിയ സഞ്ചാരികളെല്ലാം അവിടെ ഉണ്ടായിരുന്നു. അരക്കുവിലേക്കുള്ള തീവണ്ടികളുടെ ആദ്യവും അന്ത്യവുമെല്ലാം ആ സ്റ്റേഷനില്‍ തന്നെയായിരുന്നു. ചൂട് കാപ്പി കപ്പില്‍ രണ്ടുക്കൈപ്പത്തിയും ചേര്‍ത്തു പിടിച്ച് തണുപ്പ് അരിച്ചു കയറികൊണ്ടിരുന്ന വിരലുകളെ ചൂടാക്കികൊണ്ട് തീവണ്ടിക്കുള്ളില്‍ പുറപ്പാടിനായി കാത്തിരുന്നു. രാവിലെ കണ്ടപോലെയല്ല, ഇപ്പോള്‍ ചുവന്നു തുടുത്ത ഭംഗിയായിരുന്നു മലനിരകള്‍ക്ക്. ചൂളം വിളിയുയര്‍ന്നു.. തീവണ്ടിയുടെ ചക്രങ്ങള്‍ ഉരുണ്ടു തുടങ്ങി... അകന്നു പൊയ്‌കൊണ്ടിരുന്ന ആ ഗുണന ചിഹ്നത്തെ നോക്കി യാത്ര പറഞ്ഞു കൈ വീശി കാണിക്കാന്‍ പോലും അപ്പോള്‍ അരക്കു സ്റ്റേഷനില്‍ ആരും തന്നെ ഉണ്ടായിക്കാണില്ല.*ഫോട്ടോസ്: സന്തോഷ് പ്രഭാകര്‍
Next Story

Related Stories