TopTop
Begin typing your search above and press return to search.

സൂര്യോദയം കാണാന്‍ മഞ്ഞുമലകള്‍ താണ്ടി 12,500 അടി ഉയരത്തിലേക്ക് ഒരു ട്രെക്കിങ്ങ്

സൂര്യോദയം കാണാന്‍ മഞ്ഞുമലകള്‍ താണ്ടി 12,500 അടി ഉയരത്തിലേക്ക് ഒരു ട്രെക്കിങ്ങ്

ഡല്‍ഹിയില്‍ നിന്നും യാത്ര തുടങ്ങിയിട്ട് മൂന്നാം ദിവസം ആയി. പക്ഷെ നമ്മുടെ ട്രെക്കിങ് പ്രോഗ്രാം തുടങ്ങിയിട്ടില്ല. പ്രോഗ്രാം ഷെഡ്യൂള്‍ ഇങ്ങനെ ആണ്..

ഒന്നാം ദിവസം - മസൂറിയില്‍ റിപ്പോര്‍ട്ട് ചെയ്യുക

രണ്ടാം ദിവസം - മസൂറിയില്‍ നിന്ന് ബസില്‍ സാംക്രി ക്യാമ്പിലേക്ക്

മൂന്നാം ദിവസം - അടുത്തുള്ള വില്ലേജിലേക്ക് ഉള്ള ചെറിയ നടത്തം, ക്യാമ്പ് ഡയറക്ടറുടെ നിര്‍ദേശങ്ങള്‍. തീ ഇല്ലാത്ത ക്യാമ്പ് ഫയര്‍.

നാലാം ദിവസം - ജൂദാ കാ തലാബ് ക്യാമ്പ്

അഞ്ചാം ദിവസം - ജൂദാ കാ തലാബ് കണ്ട് കൊണ്ട് കേദാര്‍കാന്ത ബേസ് ക്യാമ്പിലേക്ക്. (അഥവാ ലുഹാസു )

ആറാം ദിവസം - ബേസ് ക്യാമ്പില്‍ നിന്നു കേദാര്‍കന്ത സമ്മിറ്റിലേക്കു വെളുപ്പിന് ഉള്ള ട്രെക്ക് പിന്നീട് ആര്‍ഗോണ്‍ ക്യാമ്പ്

ഏഴാം ദിവസം ആര്‍ഗോണ്‍ നിന്നു തിരിച്ചു സാംക്രി ബേസ് ക്യാമ്പിലേക്ക്.

എട്ടാം ദിവസം അവിടെ നിന്ന് എഴുന്നേറ്റു പൊയ്‌ക്കോണം!

അങ്ങനെ ഒക്കെ ആണ് കാര്യങ്ങള്‍. ചിലര്‍ ചോദിക്കാറുണ്ട് ഈ ആദ്യ ദിവസങ്ങളില്‍ മുതല്‍ 'മ്മക്ക് മല കേറി കൂടെ, എന്തിനാണ് ഈ ചുമ്മാ ചെറിയ ചെറിയ കാര്യങ്ങള്‍ എന്നു. ഞാന്‍ പണ്ട് ദേവ് ദിബ്ബ ട്രെക്ക് ന് പോയപ്പോള്‍ എന്റെ മനസ്സില്‍ ഉണ്ടായിരുന്നത്, ചെല്ലുക, കയറുക, കയറി പോരുക ആ രീതി ഇവര്‍ക്ക് എന്താ ഇല്ലാത്തത് എന്ന്.. പക്ഷെ ആദ്യ ദിവസം ചുമ്മാ കേറിയപ്പോള്‍ മനസിലായില്ല മനസും ശരീരവും കുറച്ചു മെരുക്കി എടുത്ത് കേറുന്നത് ആണ് ബുദ്ധി എന്ന്. അത് പോലെ എന്റെ ചെറുപ്പത്തില്‍ ഉള്ള ധാരണ ആയിരുന്നു, സ്‌റ്റൈല്‍ ലുക്കിന് വേണ്ടി ആയിരിക്കും മഞ്ഞു മല കേറുന്നവര്‍ വെക്കുന്ന കൂളിംഗ് ഗ്ലാസ് എന്നു, ഓരോരോ ധാരണകളെ..

അങ്ങനെ മൂന്നാം ദിവസം ഓടാനും ചാടാനും ഇറങ്ങി, ടീമിനെ ഗൈഡ് ചെയ്തത് പേര് മറന്നു പോയ ഒരു സ്ത്രീ ആണ്. അവര്‍ ധ്രുവ പ്രദേശങ്ങളില്‍ വരെ ട്രെക്കിനു പോയിട്ടുണ്ടത്രേ. നമ്മളെ എക്‌സര്‍സൈസ് ചെയ്യിപ്പിക്കുമ്പോ 'ഡക്ക് വോക് ' ചെയ്യിപ്പിക്കുമ്പോ പണ്ടൊരു സുഹൃത്ത് പറഞ്ഞ കോമഡി ഓര്‍മ വരും. ക്യാമ്പുകളില്‍ സുരക്ഷിതമായി ടോയ്‌ലറ്റ് ഉപയോഗിക്കാന്‍ വേണ്ടി ആണത്രേ 'ഡക്ക് വോക് ' പരിശീലിപ്പിക്കുന്നത്. അതൊരു യാഥാര്‍ഥ്യമാണ് എന്നു മിക്കവരും സമ്മതിച്ചു തരാറുണ്ട്. എക്‌സര്‍സൈസിന് ശേഷം തൊട്ടടുത്തുള്ള ഒരു വില്ലേജിലും അവിടെയുള്ള അമ്പലത്തിലും കേറി. ആ ക്ഷേത്രവും ആ പശ്ചാത്തലവും കണ്ടു മതി മറന്നു നിലത്തു നോക്കാതെ അടുത്ത സ്റ്റെപ് എടുത്ത് വച്ച ഞാന്‍; ഈ ട്രെക്കിലെ ആദ്യത്തേതും അവസാനത്തേതും ആയ വീഴ്ച. പ്രഥമികമായ പാഠം ആണ് എപ്പോഴും അടുത്ത സ്റ്റെപിലേക്ക് ആയിരിക്കണം നമ്മുടെ ശ്രദ്ധ എന്നത്.

ഫോട്ടോ എടുക്കാനായി ഗ്ലോവ്‌സ് ഊരിയത് കൊണ്ട് വീഴ്ചയില്‍ വലതു ചെറു വിരലില്‍ നിന്നു ചെറുതായി ചോര പൊടിഞ്ഞിരുന്നു. ചോര കണ്ടാ തുടക്കം, അപ്പൊ മോശം ആകില്ല എന്നു മനസ് പറഞ്ഞു. ചെറുതായി ചോര വരുന്നു എന്നതിന് അപ്പുറം ഒന്നും ഇല്ല. അവിടെന്നു പോന്നു, ക്യാമ്പില്‍ വന്നു ഭക്ഷണം കഴിച്ചു നമ്മുടെ ചോട്ടാ ട്രെക്കിങ്ങിന് പോന്നു. ആദ്യ ദിവസം മഞ്ഞിലൂടെ അധികം യാത്ര ചെയ്യേണ്ടി വന്നില്ല, പക്ഷെ വെള്ളം ഘനീഭവിച്ചു കിടക്കുന്ന ഹിമാനി പ്രശ്‌നക്കാരന്‍ ആണ്. ഒന്ന് തെന്നി പോയാല്‍ നല്ല പണി കിട്ടും. അങ്ങനെ ശ്രദ്ധയോടെ ആയിരുന്നു മല കയറ്റം വല്യ കുഴപ്പം ഒന്നും ഉണ്ടായില്ല. ഉച്ചക്ക് ശേഷം വല്യ പരിപാടി ഒന്നും ഉണ്ടായില്ല. ക്യാമ്പിന് അടുത്തുള്ള ഒരു കടയില്‍ നിന്നും മഴക്കോട്ടും ഗേറ്റേഴ്‌സും വാങ്ങിച്ചു. കുത്തി നടക്കാന്‍ വടി വഴിയില്‍ നിന്നും 20 രൂപയ്ക്കു വാങ്ങി വെച്ചു.

വടി ഒരു ബലം തന്നെയാണ്. ഇരുപതോളം സ്ഥലങ്ങളില്‍ ഹിമവാനെ മലര്‍ന്നും കമിഴ്ന്നും കിടന്നും ചുംബിക്കാതെ എന്നെ കാത്തത് ആ വടിയാണ്. അങ്ങനെ ആ ദിവസം കടന്നു പോയി. ജൂദാ കാ തലാബ് ലേക്ക് ലഞ്ചും പാക്ക് ചെയ്തു പിറ്റേ ദിവസം യാത്രയായി. ഞങ്ങള്‍ പോയപ്പോള്‍ ക്യാമ്പിലേക്ക് ഉള്ള വഴി മഞ്ഞു മൂടി കിടക്കുക ആയിരുന്നു, ട്രെക്ക് കഴിഞ്ഞു തിരിച്ചു ഇറങ്ങുമ്പോ മഞ്ഞു അധികം കണ്ടില്ല. മരങ്ങള്‍ ഇടയ്ക്കു ഒന്നോ രണ്ടോ, ചുറ്റും മഞ്ഞു പുതച്ചു കിടക്കുന്നു. ആറര മണിക്ക് അത്താഴം കഴിച്ചു അന്ന് ഞങ്ങള്‍ കിടന്നു. പിറ്റേന്ന് ആ ക്യാമ്പില്‍ നിന്നും കേദാര്‍കാന്ത ബേസ് ക്യാമ്പിലേക്ക് പുറപ്പെട്ടു. ആ വഴി ആണ് നമുക്ക് ജൂദാ കാ തലാബ് എന്ന തടാകം കാണാന്‍ കഴിയുക.

അധികം കഷ്ടപ്പെടേണ്ടി വന്നില്ല നടക്കാന്‍. വല്യ ബുദ്ധിമുട്ടില്ല. തടാകം എത്തി, തടാകം മുഴുവന്‍ മഞ്ഞു മൂടി കിടക്കുക ആണ്. അവിടെ കുറച്ചു നേരം ചിലവഴിച്ചു. കുറെ ചിത്രങ്ങള്‍ എടുത്തു, ഒരു ചായ ഒക്കെ കുടിച്ചു. മൂന്നു മണി യോട് അടുപ്പിച്ചു ക്യാമ്പില്‍ എത്തി. നല്ല തണുപ്പുണ്ട്. കേദാര്‍കാന്ത സമ്മിറ്റിലേക്കു പോകുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങളെ കുറിച്ച് ഗൈഡ് സംസാരിച്ചു. നേരത്തേ കിടന്നു ഉറങ്ങിക്കോളാനും പറഞ്ഞു. വെളുപ്പിന് ഒന്നരക്ക് എഴുന്നേല്‍ക്കണം, രണ്ടേ മുക്കാല്‍ ആകുമ്പോഴേക്കും സൂര്യോദയം കാണാന്‍ വേണ്ടിയുള്ള യാത്ര ആരംഭിക്കണം. ഒരുപാട് ഫോട്ടോസ് കണ്ടിട്ടുള്ളത് കൊണ്ട്, കേദാര്‍കാന്ത പീക്കിലെ സൂര്യോദയം ഒന്നു മനസിനെ പ്രലോഭിപ്പിച്ചിരുന്നു. ഓഫീസ് ഉള്ള സമയത്ത് പോലും എട്ടര വരെ കിടന്നു ഉറങ്ങുന്ന ഞാന്‍ ഒന്നരക്ക് തന്നെ എഴുന്നേറ്റു.

പ്രഭാത കൃത്യങ്ങള്‍ക്കു ശേഷം രണ്ടു കപ്പ് ചായ കുടിച്ചു. കയ്യില്‍ ഒരു വെള്ള കുപ്പി മാത്രേ എടുക്കുന്നുള്ളൂ. അത് വേറെ ഒരുത്തന്റെ സഞ്ചിയില്‍ ഇട്ടു. രാവിലെ എഴുന്നേറ്റപ്പോള്‍ ഞാന്‍ ചെയ്ത മണ്ടത്തരം ഓര്‍ത്തു. കയ്യില്‍ ടോര്‍ച്ചു ഇല്ല. ഫോണിലെ ടോര്‍ച്ചു ഉപയോഗിക്കുക പ്രായോഗികം അല്ല. പിന്നെ സ്വയം ആശ്വസിച്ചു. മുന്നേ പോകുന്നവന്റെ വെട്ടത്തില്‍ അങ്ങ് നടക്കാം എന്നു. ഇത് വരെ പോയത് പോലെ അല്ല, വെളിച്ചം ഇല്ലാത്തതു കൊണ്ട് ഭൂപ്രകൃതി മനസിലാകുന്നില്ല. സ്പീഡ് കൂട്ടുമ്പോ നമ്മുടെ ഹൃദയം മിടിപ്പും കൂടുന്നത് നമ്മള്‍ അറിയുന്നുണ്ട്. കണ്ണിനു കൂടുതല്‍ ക്ഷീണം പോലെ.

വേറൊരു കാര്യം പറയാന്‍ മറന്നു. രാവിലെ എഴുന്നേറ്റപ്പോ നമ്മുടെ ലിജോ ജോസിന്റെ സിനിമ ഓര്‍മ വന്നു. ഹിമാലയന്‍ ചെരുവില്‍ നിറയെ ഹെഡ് ടോര്‍ച്ചുകള്‍. ഒന്നല്ല, നൂറല്ല മൊത്തം ചിലപ്പോള്‍ ആയിരം കണ്ടേയ്ക്കും. ഒരുപാടു ട്രെക്കിങ്ങ് ഗ്രൂപ്പുകള്‍. ഞാന്‍ ഉള്‍പ്പെടെ ഉള്ളവരുടെ ആത്മരതിക്കു ഹിമാലയന്‍ ചെരുവുകള്‍ കഷ്ടപ്പെടുന്നുണ്ട്. നിയന്ത്രിച്ചില്ലേല്‍ ഹിമാലയത്തിനു എന്ത് നഷ്ടപ്പെടാന്‍, മനുഷ്യ രാശിക്ക് മാത്രം. ഇത്രേം ഇനം ജീവജാലങ്ങള്‍ക്ക് മടിതൊട്ടില്‍ ആകാം എന്നു ഹിമാലയം ആര്‍ക്കും വാക്ക് കൊടുത്തിട്ട് ഉണ്ടാകില്ല.

അങ്ങനെ നടന്നു പീക്ക് എത്തി. മുകളിലേക്ക് കേറാന്‍ കുറച്ചു കഷ്ടപ്പെട്ട്. എങ്കിലും എന്താ സൂര്യന്‍ ഉദിച്ചിട്ടില്ല. കുറച്ചു കഴിഞ്ഞപ്പോ അതാ വരുന്നു. ഇത്രേം ഭംഗിയുള്ള സൂര്യോദയം ഞാന്‍ കണ്ടിട്ടില്ല. എന്റെ സാറേ.. ശബ്ദാരവം, സല്യൂട്ട് അടിക്കല്‍, ദേശഭക്തി ഗാനങ്ങള്‍ മുദ്രാവാക്യങ്ങള്‍.. അങ്ങനെ ആ പ്രഭാതം പൊട്ടി തന്നെ വിരിഞ്ഞു. എത്രയോ മനസുകള്‍ ധന്യമായിട്ടുണ്ടാകും.. മുക്കാല്‍ മണിക്കൂര്‍ അടുത്ത് അവിടെ ചിലവഴിച്ചു ഇറങ്ങാന്‍ തുടങ്ങി. ചെറുതായി പേടിക്കാതെ ഇരുന്നില്ല. മൈക്രോ സ്പെക്‌സ് ഇല്ല ഷൂവിന്, അതോണ്ട് ഗ്രിപ്പ് അത്ര പോരാ. ഒറ്റ അടികള്‍ വെച്ചു പതുക്കെ അവിടെന്നു ഇറങ്ങി. മഞ്ഞിലൂടെ ഇറങ്ങുക ദുഷ്‌ക്കരം ആണ് കേറുന്നതിനേക്കാള്‍. എന്തായാലും ആ സൂര്യോദയം കണ്ട എനര്‍ജി സുരക്ഷിതമായി ബേസ് ക്യാമ്പില്‍ എത്താന്‍ സഹായിച്ചു.

ഭക്ഷണം കഴിച്ചു, പിന്നെ ആര്‍ഗോണ്‍ ക്യാമ്പിലേക്ക് ഉള്ള ട്രെക്കിങ് വീണ്ടും തുടങ്ങി. ഈ ഇറക്കം ആയിരുന്നു കൂടുതല്‍ കടുപ്പം. തെന്നി തെന്നി വീഴും എന്നു തോന്നി എങ്കിലും വീണില്ല. ക്യാമ്പില്‍ എത്തി ബാഗ് വച്ചു സുഹൃത്തുകള്‍ക്ക് ഒപ്പം അടുത്തുള്ള ചെറിയ കടകള്‍ ലക്ഷ്യമാക്കി നടന്നു. മാഗിയും ഓംലെറ്റും ബ്രെഡ് ടോസ്റ്റും ഒക്കെ ഉണ്ട്. ഒരു കൗതുകത്തിനു ഞാന്‍ ഉണ്ടാക്കിക്കോട്ടെ എന്നു ചോദിച്ചു, കടയുടമക്ക് സമ്മതം. ആ കൗതുകത്തിനു കുറച്ചു കൂടുതല്‍ വില കൊടുക്കേണ്ടി വന്നു എന്നു മാത്രം. ഒരു ബ്രെഡ് കഷണം ടോസ്റ്റ് ചെയ്തതിനു വെറും 20 രൂപ മാത്രം. ഒരു മുട്ട ഉപയോഗിച്ചുള്ള ഓംലറ്റ് വെറും 60 രൂപ. വയറു നിറഞ്ഞില്ലേല്‍ എന്താ കടക്കാരന്റെ പെട്ടി നിറഞ്ഞല്ലോ എന്ന സന്തോഷത്തോടെ ഞങ്ങള്‍ തിരിച്ചു ടെന്റില്‍ വന്നു കിടന്നു. പിറ്റേന്നു രാവിലെ സാംക്രി ക്യാമ്പിലേക്ക് ട്രെക്ക് ചെയ്തു. ഉച്ച ആകാറായപ്പോ ഞങ്ങള്‍ അവിടെ എത്തി.

പുതുവത്സരം ഡല്‍ഹിയില്‍ ആഘോഷിക്കണം എന്നു ഉണ്ടായിരുന്നതിനാല്‍ ഞാന്‍ സാംക്രി വന്നു ഭക്ഷണം കഴിച്ച ഉടനെ ഒരു ബസ് പിടിച്ചു. നേരെ ഡെറാഡൂണ്‍ ലക്ഷ്യമാക്കി. പാതിരാത്രി അവിടെന്നു ഭാഗ്യത്തിന് ഒരു ലോക്കല്‍ ബസ് കിട്ടി, ഡല്‍ഹിക്ക്. കേദാര്‍കാന്ത ബേസ് ക്യാമ്പില്‍ മൈനസ് പത്തോ അതിന് താഴെയോ പോയപ്പോള്‍ പോലും വിറക്കാതെ ഇരുന്ന ഞാന്‍ ഡെറാഡൂണ്‍ ഡല്‍ഹി ബസില്‍ കിടന്നു വിറച്ചു. തുളച്ചു കയറുന്ന തണുത്ത കാറ്റിനെ പ്രതിരോധിക്കാന്‍ ആകാതെ എന്റെ കാലുകള്‍ മരവിച്ചു. എങ്ങനെയോ ഡല്‍ഹി എത്തി. മെട്രോ പിടിച്ചു റൂമില്‍ എത്തി. ഇനി ഉറങ്ങണം, കേദാര്‍കണ്ഠ യിലെ കാഴ്ചകള്‍ക്കും പുതു വര്‍ഷത്തെ പുല്‍കാന്‍ ഒരുങ്ങുന്ന ഇന്നത്തെ രാത്രിക്കും ഇടയില്‍ ആ പകല്‍ കിടന്നു ഞാന്‍ വിശ്രമിച്ചു. ഓര്‍മകളുടെ പുസ്തകത്തിലേക്ക് പുതിയ ഒരു അധ്യായം കൂടി.. കേദാര്‍കാന്ത!

അവസാനിച്ചു

ആദ്യ ഭാഗം വായിക്കാം -

ഡെറാഡൂണ്‍ - മസൂറി - സാംക്രി വഴി 12,500 അടി ഉയരമുള്ള കേദാര്‍കാന്തയിലേക്ക് ഒരു ട്രെക്കിങ്ങ്

Next Story

Related Stories