TopTop
Begin typing your search above and press return to search.

കുഫ്രി.. മലമുകളിലെ വിസ്മയം

കുഫ്രി.. മലമുകളിലെ വിസ്മയം

യാത്രകള്‍ക്ക് അന്നും ഇന്നും മുന്‍കൂട്ടി നിശ്ചയിച്ച തീരുമാനങ്ങള്‍ കുറവാണ്. പൊടുന്നനെ ഉള്ള തീരുമാനം. കൂട്ടിന് അരുണ്‍, ദിലീപ് ജി, ഒപ്പം പ്രവീണും. തുടരേ ഉള്ള മൂന്ന് അവധി ദിനങ്ങള്‍. രാത്രിയില്‍ പറഞ്ഞ് ഉറപ്പിച്ചതിനാല്‍ രാവിലെ 8 മണി നോക്കിയുള്ള ഉണരല്‍. ഡ്രൈവിംഗ് സീറ്റില്‍ പഞ്ചാബ് ലക്ഷ്യം വച്ചുള്ള ഈ ഉള്ളവന്‍. ഡല്‍ഹി അംബാല റൂട്ടിലെ സെല്‍ഫ് ഡ്രൈവിംഗ് ആദ്യമാണ്. നാല് മണിക്കൂര്‍ കൊണ്ട് ചണ്ഡിഗഡ്. പിന്നീടങ്ങോട്ടുള്ള തീരുമാvങ്ങളും ലക്ഷ്യങ്ങളും പൊടുന്നനെ വന്നതാണ്.

കുഫ്രി... മലമുകളിലെ വിസ്മയത്തെ ആവോളം നുകരണം. വണ്ടി നേരെ ഷിംലയിലേയ്ക്ക്.. റോഡും അതിന്റെ നിര്‍മ്മാണവും രാജ്യന്തര നിലവാരത്തില്‍ എന്നുള്ളതില്‍ നമ്മള്‍ തന്നെ കൗതുകം കൊള്ളും. എന്നാല്‍ പൊടുന്നനെ പ്രത്യക്ഷ പെടുന്ന സോളന്‍ വെല്‍ക്കം ബോര്‍ഡുകള്‍ നമ്മെ ആചര്യപ്പെടുത്തും. വയനാടന്‍ ചുരങ്ങള്‍ കണ്ടും ഓടിച്ചിറങ്ങിയും ശീലമുള്ള നമ്മളെ പിന്നോട്ട് വലിപ്പിക്കുന്ന ചുരം റോഡ്. അഗാധമായ കൊക്കയില്ലേയ്ക്ക് കണ്ണും നോക്കിയിരുന്നാല്‍ കുഫ്രി ഭീതി നിറയ്ക്കും. തുടരേ തുടരേ കുണ്ടും കുഴിയും നിറഞ്ഞ വഴികള്‍. പതിയെ ഷിംല മല നിരകളെ ലക്ഷ്യം വച്ചുള്ള യാത്ര ആയതിനാല്‍ ആസ്വാദനം തന്നെയാണ് ഭീതിയെക്കാള്‍ ഏറെ. തണുപ്പില്‍ മഞ്ഞു മൂടികിടക്കുന്ന ഷിംലയാണ് മനസ്സില്‍.

എന്നാല്‍ ഷിംലയ്ക്ക് ഞങ്ങള്‍ എത്തുമ്പോള്‍ മഞ്ഞിന്റെ അകമ്പടി ഒട്ടും തന്നെ ഇല്ല. എന്നാല്‍ അവള്‍ തണുപ്പില്‍ കേമിതന്നെ. കൃത്യമായി പറഞ്ഞാല്‍ ഡല്‍ഹിയില്‍ നിന്നും 354 കിലോമീറ്റര്‍ ദൂരം താണ്ടിയാല്‍ ഷിംല. പ്രധാന ലക്ഷ്യം കുഫ്രി ആയതിനാല്‍ ഷിംല - കുഫ്രി റൂട്ടില്‍ തന്നെ ആയിരുന്നു അന്നത്തെ താമസം. കൊറോണ കാലമായതിനാല്‍ സഞ്ചാരികള്‍ കുറവാണ്. 1000 രൂപ മുതല്‍ ഡബിള്‍ റൂമുകള്‍ കിട്ടാനുണ്ട് ഈ സമയത്ത് ഷിംലയില്‍. അത്തരത്തില്‍ എടുത്ത രണ്ട് റൂമിലാണ് അന്ന് ഞങ്ങളും താമസിച്ചത്. രാത്രിയിലും വെളുപ്പിനുമുള്ള സാധാരണ തണുപ്പ് തന്നെ അസഹ്യമാണ്. പ്രദേശത്തെവിടെയും മഞ്ഞു വീണ് തുടങ്ങീട്ടില്ല. രാവിലെ തന്നെ ട്രിപ്പ് തുടങ്ങാനുള്ളതാണ്. അതുകൊണ്ട് തന്നെ പോകാനുള്ള വഴിയിലെവിടെ എങ്കിലും മറ്റൊരു റൂം എടുക്കലായിരുന്നു ആദ്യ പരിപാടി.
കുഫ്രി റൂട്ടില്‍ ഹോട്ടല്‍ ഷിംല ഇന്‍..2000 രൂപയ്ക്കുള്ള മനോഹരമായ ഹോം സ്റ്റേ. പിന്നീട് ഷിംല വിടും വരെ ഞങ്ങളുടെ താമസവും അവിടെത്തന്നെ ആയിരുന്നു. മിതമായ നിരക്കില്‍ ഫുഡ് ലഭിക്കുന്ന ഒരിടം തന്നെയാണ് ഷിംല. തവ റൊട്ടിയും, തന്ദൂരി റൊട്ടിയും, ആലൂ പൊറോട്ടയും എന്നിങ്ങനെയുള്ള പ്രാതല്‍. കൂട്ടിന് ചന്ന മസാലക്കൊപ്പം നല്ല കട്ട തൈരും. ഇതാണ് ഷിംലയുടെ പ്രഭാത രുചികളില്‍ ഏറെയും. സ്വയം വണ്ടി ഓടിച്ചുപോകുന്നവര്‍ക്ക് വണ്ടി ഹോട്ടലില്‍ വച്ച് മറ്റൊരു വണ്ടിയെ ആശ്രയിക്കുന്നതാവും നല്ലത്. സ്വസ്ഥമായ ഷിംല കറക്കത്തിനും ആസ്വാദനത്തിനും അത് തന്നെയാണ് നല്ലതും. 1400 രൂപയ്ക്ക് ഹയര്‍ ചെയ്ത അള്‍ട്ടോ കാറും ഡ്രൈവറായി സുഭാഷ് ചന്ദ്രനും. ലക്ഷ്യം നേരെ കുഫ്രി മലനിരകള്‍. താമസസ്ഥലത്ത് നിന്നും 25 കിലോമീറ്ററിനടുത്ത് ദൂരത്തില്‍ കുഫ്രി.

വളഞ്ഞും പുളഞ്ഞമുള്ള വഴിയിലൂടെ ഞങ്ങള്‍ കുഫ്രിയുടെ മുകളില്‍ എത്തി. മഞ്ഞു കാലത്ത് കുഫ്രിയില്‍ മലകളും, മരങ്ങളും റോഡുകളും ഐസുകൊണ്ട് നിറയുന്ന ഇടം. ഞങ്ങള്‍ എത്തിയ സമയം സൂര്യന്‍ ഉച്ചസ്ഥായില്‍.. എങ്കിലും തണുത്ത കാറ്റാണ്. സമുദ്രനിരപ്പില്‍ നിന്ന് 8290 അടി മുകളിലാണ് കുഫ്രി മലനിരകള്‍. കുതിര സവാരിയാണ് മലനിരകളെ കണ്ട് കുഫ്രി ആസ്വദിക്കാനുള്ള ഏക മാര്‍ഗ്ഗം. തലയെണ്ണി 500 രൂപ മുടക്കിയാല്‍ ഒരു മണിക്കൂര്‍ നീളുന്ന കുതിര സവാരി ആസ്വദിക്കാം ഇവിടെ. തിരികെ ഇറങ്ങി വന്നയുടനെ ഉള്ള കട്ടനടി, മലനിരയില്‍ കുടുങ്ങിയ തണുപ്പിനെ ഇല്ലാതാക്കാന്‍ നല്ലതാണ്. താഴ്വാര കാഴ്ചകള്‍ സമ്മാനിക്കുന്ന അനുഭൂതി ഒരുപാട് മനസ്സിനെ ഈ ഇടത്തോട്ട് ചേര്‍ത്ത് പിടിക്കും നമ്മളെ.
എന്നെ പോലെത്തന്നെ ആസ്വാദന മികവില്‍ കേമന്‍മാരാണ് ദിലീപേട്ടനും, അരുണും, പ്രവീണും. ഒരേ അഭിപ്രായവും, ഇഷ്ടങ്ങളും സ്ഥലങ്ങള്‍ കണ്ടെത്തുന്നതിനും കറങ്ങുന്നതിനും ഞങ്ങള്‍ക്കിടയില്‍ തടസ്സമായില്ല. കുഫ്രി തന്നെ ആയിരുന്നു ആദ്യ ദിനത്തിലേ പ്രധാന പരിപാടി. തിരികെ റൂമിലേയ്ക്ക് പോകും വഴി, റോഡില്‍ കണ്ട ഇറച്ചിക്കടയില്‍ നിന്നും ഒരു ചെമ്മരിയാടിനെ വാങ്ങി. 500 രൂപയാണ് കിലോ വില. ഹോട്ടലില്‍ കൊടുത്താല്‍ നമ്മളുടെ ഇഷ്ടത്തിന് പാകം ചെയ്ത് തരും. നാട്ടിലേത് പോലെ തന്നെ സായാഹ്ന തട്ടുകടകള്‍ ധാരാളമായി ഉണ്ട് ഷിംലയുടെ വഴികളില്‍. തണുപ്പില്‍ വറുത്ത് കോരിയെടുക്കുന്ന രോഗ്ഗ് മീനും ചട്ടിയില്‍ വെന്തു വറ്റിയ ചിക്കനും കൂട്ടിയുള്ള കട്ടനടി വേറിട്ട സ്വാദ് തന്നെയാണ്. വൈകുന്നേരം 6 മണികഴിഞ്ഞാല്‍ സ്വെറ്ററിന്റെ സഹായമില്ലാതെ പുറത്ത് നടക്കല്‍ ബുദ്ദിമുട്ടാണ്. അതുകൊണ്ട് തന്നെ മട്ടനും ചോറും തിന്ന് റൂമില്‍ തന്നെ വിശ്രമിച്ചു.

55 കിലോമീറ്റര്‍ ദൂരെയുള്ള മണ്ഡി താഴ്വരയാണ് അടുത്ത ദിനത്തിലെ പ്രധാന ഇടം. കാലത്ത് 9 മണിയോടെ തന്നെ മണ്ഡി ജില്ലയിലേയ്ക്ക് വിട്ടു. കുഫ്രിയുടെ കുന്നിന്റെ വളഞ്ഞ വഴികളിലൂടെ താഴേക്കിറങ്ങണം. 30 കിലോമീറ്ററിനടുത്തുള്ള ചുരം റോഡിന്റെ ഒരു വശം കുഫ്രി മലനിരകളും മറുവശം ആഗാധമായ താഴ്വരയും. താഴ്വരയെ റോഡില്‍ നിന്നും ഒരു കമ്പി കൊണ്ട് പോലും കെട്ടി മറച്ചിട്ടില്ല. ആസ്വാദിക്കാനുള്ള അവസരം ഉണ്ടെങ്കിലും നീണ്ട് നിവര്‍ന്നു കിടക്കുന്ന കൊക്ക നമ്മളെ പേടിപെടുത്തും. ഷിംലയെയും മണ്ഡി ജില്ലയെയും വേര്‍പെടുത്തുന്നത് ഒരു പുഴയാണ്. പാലം കടന്നാല്‍ മണ്ഡി ജില്ല. പ്രകൃതി കനിഞ്ഞു നല്‍കിയ തടാകമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണവും ടൂറിസ വരുമാനവും.
കായലിലൂടെ ഉള്ള സ്പീഡ് ബോട്ടിങ് വേറിട്ട അനുഭവം സമ്മാനിക്കും എന്നുള്ളത് തീര്‍ച്ചയാണ്. മണ്ഡിയും താഴ്വാരവും വേണ്ടുവോളം കണ്ടുള്ള മടക്കം തിരികെ ഷിംലയിലേയ്ക്ക് തന്നെ.. ചുറ്റി കറങ്ങാന്‍ ഒരുപാട് ഇടങ്ങളുണ്ട് കുഫ്രിയിലും ഷിംലയിലുമായി. അതില്‍ പ്രധാനപ്പെട്ട രണ്ട് മൂന്നിടങ്ങള്‍ മാത്രമേ ഞങ്ങളുടെ പരിപാടികളില്‍ ഉണ്ടായിരുന്നുള്ളൂ. പിറ്റേനു രാവിലെ തന്നെ തിരികെ ചുരമിറങ്ങാന്‍ ഉള്ളത് കൊണ്ട് നേരത്തെ തന്നെ കിടന്നു.. രാവിലെ വീശിയടിക്കുന്ന കാറ്റിനൊപ്പം ഷിംലയോട് വിട പറഞ്ഞു കൊണ്ട് നേരെ ഡല്‍ഹിയിലേയ്ക്ക്. പോകുന്ന വഴിയിലെ പ്രധാന ആകര്‍ഷണങ്ങളായിരുന്നു പഞ്ചാബ്, കര്‍ന്നാല്‍, അംബാല, കുരുഷത്ര തുടങ്ങിയ ഇടങ്ങള്‍. ഏതായാലും ഈ റൂട്ടുകലില്‍ ഒരു മടക്കം ഉറപ്പാണ്. ഒരു മഞ്ഞുനാളില്‍ ഇവയെല്ലാം കണ്ട് ഒരിക്കല്‍ കൂടെ കുഫ്രി മലനിരകളെ കീഴടക്കാന്‍ എത്തണം..Next Story

Related Stories