TopTop
Begin typing your search above and press return to search.

'ഡിസുകോയോട് തോന്നിയ തീവ്ര പ്രണയത്തിന് മുന്നില്‍ അതൊന്നും തടസ്സമായില്ല'

ഡിസുകോയോട് തോന്നിയ തീവ്ര പ്രണയത്തിന് മുന്നില്‍ അതൊന്നും തടസ്സമായില്ല

ചില യാത്രകള്‍ അവിസ്മരണീയം ആകുന്നത് കണ്ട കാഴ്ചകള്‍ കൊണ്ട് മാത്രമല്ല, കാഴ്ചകള്‍ കാണാന്‍ വേണ്ടി നമ്മള്‍ അതിജീവിക്കുന്ന നമ്മുടെ പോരായ്മകള്‍ കൂടി കൊണ്ടാണ്. ഇന്‍സ്റ്റാഗ്രാം ഫീഡില്‍ വന്ന ഡിസുകോ താഴ്വരയുടെ (Dzokhu valley / Dzüko Valley ) ഒരു ഫോട്ടോ.. അതാണ് ഇതിനെല്ലാം തുടക്കം. ഉരുണ്ട് ഉരുണ്ട്, ഒരേ പോലെ ചേര്‍ത്ത് വെച്ചിരിക്കുന്ന കുഞ്ഞു മലകള്‍, നല്ല പച്ചപ്പ്.. അപ്പോഴേ മനസ്സില്‍ കുറിച്ചിട്ടു എന്നേലും ഒന്ന് പോകണം. നാഗാലാന്റിലെ ഹോണ്‍ബില്‍ ഫെസ്റ്റിവല്‍ നടക്കുന്ന സ്ഥലത്തിനടുത്താണ് ഡിസുകോ താഴ്‌വര എന്നറിഞ്ഞപ്പോള്‍ പിന്നെ രണ്ടാമതൊന്നാലോചിച്ചില്ല.

കൂടുതല്‍ വായിച്ചപ്പോള്‍ ഭയങ്കര തണുപ്പാണ് അവിടെ എന്ന് മനസ്സിലായി. വേനല്‍ കാലത്ത് പോലും കമ്പിളി പുതപ്പില്‍ ചുരുണ്ട് കൂടുന്ന ഞാന്‍, തണുപ്പാണ് എന്നുള്ള ഒറ്റ കാരണം കൊണ്ട് സിനിമ തീയേറ്ററില്‍ പോകാന്‍ മടിയുള്ള ഞാന്‍, കാറില്‍ എ സി ഇടാതെ ചില്ലും പൊക്കി വെച്ച് യാത്ര ചെയ്യുന്ന ഞാന്‍, ഡിസുകോ താഴ്‌വരയില്‍ പോകാന്‍ തീരുമാനിച്ചപ്പോള്‍ എനിക്കു തന്നെ എന്നോട് പരിഹാസം തോന്നി. പക്ഷേ ഡിസുകോ താഴ്‌വരയോട് തോന്നിയ തീവ്ര പ്രണയത്തിന് മുന്നില്‍ അതൊന്നും തടസ്സമായില്ല.

നേരെ വണ്ടി ഡെക്കാത്തോണിലേക്ക് (decathlon) വിട്ടു. അവിടുത്തെ ചേട്ടന്‍ ഒരു ലോഡ് തുണി പെറുക്കി കൊണ്ട് വന്നു - thermal, fleece, down jacket, gloves, cap മുതലായവ. ഒന്നും വിടാതെ വാങ്ങി. ഇതൊന്നും പോരാത്തതിന് അവിടുത്തെ പാവ കഴുത്തിലിട്ട നെക്ക് വാമര്‍ (neck warmer) കൂടി ഊരി വാങ്ങി. ഇതെല്ലാം കാറില്‍ കയറ്റിയപ്പള്‍ തന്നെ ഭയങ്കര അത്മ വിശ്വാസം. വേണമെങ്കില്‍ അന്റാര്‍ട്ടിക്ക വരെ പോകാം.. പക്ഷെ ഡിസുകോ താഴ്‌വാരയിലെത്തിയപ്പോള്‍ ബലൂണിന്റെ കാറ്റ് ഊരി വിട്ട പോലെ അത്മവിശ്വാസം ചോര്‍ന്നു പോയി എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യം.

നാഗാലാന്‍ഡ് എത്തി. അവിടുത്തെ ഹോം സ്റ്റേയിലേ രണ്ടു ഗ്രൂപ്പുകള്‍ (ആന്ധ്ര, ബോംബെ) ചേര്‍ന്ന് ഡിസുകോയില്‍ പോകുന്നു എന്നറിഞ്ഞപ്പോള്‍ പിന്നാലെ കൂടി. അവര് 10 പേരുണ്ടായിരുന്നു. പിറ്റേന്ന് രാവിലെ 5.30 ന് വണ്ടി വന്നു. നോക്കുമ്പോള്‍ 10 പേര്‍ക്ക് കയറാവുന്ന വണ്ടി. ഇവരെന്നെ കൂട്ടാതെ പോകുമോ എന്ന് പേടി. ഒരു 'ശശി' അവസ്ഥ മണക്കുന്നു. രക്ഷക ആയി ബോംബെ ചേച്ചി നിമിഷ നേരം കൊണ്ട് വലിഞ്ഞു വണ്ടിയുടെ മുകളില്‍ ഇരിപ്പായി. വണ്ടി വിട്ടപ്പോള്‍ ഒരു നഷ്ടബോധം. മുകളില്‍ ഇരുന്നെങ്കില്‍ നല്ല പടം പിടിക്കമായിരുന്നു.

അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ടിക്കറ്റ് എടുക്കാന്‍ വിസേമ (Viswema) ഗ്രാമത്തില്‍ നിര്‍ത്തി. എല്ലാവരും ചായ കുടിക്കാന്‍ ഇറങ്ങി. കിട്ടിയ തക്കത്തിന് ഞാന്‍ വലിഞ്ഞു മുകളില്‍ കയറി. വണ്ടി വിടാറായപ്പോള്‍ ചേച്ചി വീണ്ടും മുകളില്‍ എത്തി. വണ്ടി നീങ്ങി തുടങ്ങി. ഞാന്‍ ക്യാമറാ സെറ്റ് ചെയ്ത് തകര്‍ക്കാന്‍ തയ്യാറായി. പക്ഷെ തകര്‍ന്നത് ഞാനായിരുന്നു.. അത്രേം നേരം നല്ല റോഡില്‍ കൂടി പോയിക്കൊണ്ടിരുന്ന വണ്ടി പതുക്കെ കുത്തനെയുള്ള ഒരു ഓഫ് റോഡിലേക്ക് തിരിഞ്ഞു. പിന്നങ്ങോട്ട് റോളര്‍ കോസ്റ്റര്‍ റൈഡ് പൊലയിരുന്ന് ഫോട്ടോ എടുക്കുന്നത് ചിന്തിക്കാന്‍ പോലും വയ്യ. കൈയ് മാത്രമല്ല കാലും കൂടി കമ്പനിയില്‍ മുറുക്കി ഇരുന്നാലേ തെറിച്ചു പോകാതിരിക്കു. സൈഡില്‍ ചെങ്കുത്തായ കൊക്ക എന്നേ മാടി മാടി വിളിക്കുന്നു. ഞാന്‍ കണ്ണു മുറുക്കി അടച്ചു സകല ഈശ്വരന്‍മാരെയും വിളിച്ച് ഇരിപ്പായി. ഒടുവില്‍ ഇറങ്ങേണ്ട സ്ഥലമെത്തിയപ്പോഴാണു ശ്വാസം നേരേ വീണത്.

ഏഴര ആയപ്പോള്‍ ട്രക്കിങ്ങ് തുടങ്ങി. നേവി ഉദ്യോഗസ്ഥരും ആര്‍മി ഉദ്യോഗസ്ഥരുമൊക്കെ അടങ്ങിയ ആന്ധ്ര ഗ്രൂപ്പ് നിമിഷ നേരം കൊണ്ട് അപ്രത്യക്ഷമായി. ബോംബെ ചേച്ചി അടങ്ങിയ ബോംബെ ഗ്രൂപ്പ് വളരെ റിലാക്‌സ് ആയി യാത്ര ചെയ്തതുകൊണ്ട് പിന്നിലും ആയി. ഞാന്‍ ഒറ്റക്ക് നടന്നു. ഏകദേശം ഒരു 500-600 പടികള്‍ കയറി മുകളില്‍ എത്തി. വിവരിക്കാന്‍ പറ്റാത്ത മനോഹാരിത. നോക്കെത്താ ദൂരത്തോളം നീലിമ മാത്രം. മലകളും ആകാശവും എല്ലാം നീല ചായത്തില്‍ മുക്കി എടുത്ത പോലെ. അവിടുന്ന് നിരപ്പായ പാതയില്‍ 5കി.മീ നടക്കണം. നടന്നു തുടങ്ങിയപ്പോള്‍ തന്നെ ഇന്‍സ്റ്റഗ്രാം ഫോട്ടോസിനെ വെല്ലുന്ന ദൃശ്യം മുന്നില്‍. കൊക്കയും, അതിനപ്പുറത്ത് ഉരുണ്ട മല നിരകളും ഒരു സൈഡില്‍, ചെറിയ മുള പോലത്തെ കുറ്റിച്ചെടികള്‍ നിറഞ്ഞ മല മറുവശത്ത്. ഇതിന്റെ ഇടയിലൂടെ ചെറിയ നടപ്പാത. വളരെ അധികം ആസ്വദിച്ചു, ധാരാളം ഫോട്ടോ ഒക്കെ എടുത്ത് ഞാന്‍ 11.30 ആയപ്പോള്‍ ബേസ് ക്യാമ്പ് എത്തി.

അവിടത്തെ സ്‌റ്റോറില്‍ പുതപ്പ് വാടകക്ക് എടുക്കാന്‍ ചെന്നപ്പോള്‍ ദാ ഇരിക്കുന്നു നാല് മഞ്ച്, ലോട്ടറി അടിച്ച സന്തോഷത്തില്‍ അത് നാലും വാങ്ങി ബാഗില്‍ ഇട്ടു. ഒരു മണിക്ക് ആന്ധ്ര ഗ്രൂപ്പിനൊപ്പം താഴ്വര കാണാന്‍ ഇറങ്ങി. കൂടെയുള്ളവര്‍ ബഹു ദൂരം മുന്നെയും ഞാന്‍ പതിവ് പോലെ പിന്നാലെയും. 2.30 നുതാഴെ എത്തിയപ്പോള്‍ ഒരു മനുഷ്യന്റെയും പൊടി പോലുമില്ല. ചുറ്റും വളരെ സുന്ദരമായ താഴ്വര. ദൂരേ എവിടെയോ ഒരു അരുവി ഒഴുക്കുന്ന ശബ്ദം. അപ്പോഴേക്ക് കലശമായ ദാഹം തുടങ്ങി. നേരെ ശബ്ദം കേട്ട ദിക്കിലേക്ക് നടന്നു.

അരുവി കാണാം പക്ഷെ കുറ്റി കാടു കാരണം അങ്ങോട്ട് എത്താന്‍ പറ്റുന്നില്ല. അവസാനം ആന കരിമ്പിന്‍ കാട്ടില്‍ പോയ പോലെ എന്റെ ബൂട്ട്‌സ് ഇട്ടു മെതിച്ച് ഞാന്‍ അരുവിയിലെത്തി. അരുവിയിലിറങ്ങാതെ വെള്ളം എടുക്കാന്‍ പറ്റില്ല. വലിയ ആഴമില്ല. ഇറങ്ങി. അപ്പോ അരുവിയില്‍ കൂടി നടക്കാന്‍ പൂതി. നടന്നു. ബ്ലും... ബൂട്സിന്‍ ഉള്ളില്‍ വെള്ളം കയറി. സോക്‌സ് ഉള്‍പ്പടെ നനഞ്ഞു. ഇനി കുളിച്ചു കയറാം കരുതി അരുവിയുടെ തെക്ക് വടക്ക് നടന്നസ്വദിച്ച്.

തിരിച്ച് 3.30 നു പുറപെട്ടു 5 മണിക്ക് ബോസ് ക്യാമ്പില്‍ എത്തി. മുറ്റം നിറയെ ടെന്റ്. നിറയെ ആള്‍ക്കാരും ബഹളവും. ഒരു പൂരത്തിനുള്ള ആളുകള്‍ ഉണ്ട്. നല്ല തണുപ്പ്, ഞാന്‍ നേരെ ഡോര്‍മില്‍ പോയി. നനഞ്ഞസോക്ക്‌സ് ഊരിമാറ്റി, തണുത്തു വിറക്കുന്നുണ്ട്. ലഗേജ് ഭാരം കുറക്കാന്‍ ഹോസ്‌റ്റേയില്‍ നിന്നും വേറെ സോക്ക്‌സ് എടുത്തിരുന്നില്ല.. എന്റെ അവസ്ഥ മനസ്സിലാക്കി തൊട്ടപ്പുറത്തിരുന്ന മദാമ്മ അവരുടെ ബാഗില്‍ നിന്ന് ഒരുസോക്ക്‌സ് എടുത്തു തന്നു.

സമയം പോകും തോറും തണുപ്പ് കൂടി വന്നു. ഡെക്കത്തോണ്‍ ചേട്ടന്‍ എടുത്ത് തന്ന thermal, fleece, downs jacket ellam ഇട്ടിട്ടും ഒരു രക്ഷയുമില്ല. ഡോര്‍മറ്ററിയുടെ പൊളിഞ്ഞു വീഴാറായ വാതിലില്‍ കൂടി തണുപ്പ് ഇരച്ചു കയറി കൊണ്ടിരുന്നു. നിലത്ത് കനം തീരെ കുറഞ്ഞ ഫോം ഷീറ്റില്‍ ആണ് കിടക്കേണ്ടത്. വളരെ നീളം കുറഞ്ഞ പുതപ്പ്. പുതപ്പുകൊണ്ട് തലമൂടിയാല്‍ കാലു പുറത്ത് വരും കാലു മൂടിയാല്‍ തല പുറത്ത് എന്ന സ്ഥിതി. ആ കാള രാത്രി എങ്ങിനെ കഴിച്ചു കൂട്ടി എന്ന് എനിക്ക് തന്നെ അറിയില്ല.

രാവിലെ 5 മണിക്ക് അടുക്കളയില്‍ ചെന്ന് അടുപ്പിന്റെ ചൂട് കൊണ്ടപ്പോഴാണ് ബോധവും ശ്വാസവും നേരെ വീണത്. പുറത്തിറങ്ങിയപ്പോള്‍ മലകള്‍ വെള്ള പുതച്ചപോലെ മഞ്ഞ് കൊണ്ട് മൂടിയിരിക്കുന്നു. പുറത്തുള്ള ടെന്റിലും നിലത്തും എല്ലാം ഐസ് പാളികള്‍. കുറച്ചു നേരം അവിടെ ചുറ്റി കറങ്ങി 7 മണിക്ക് മടക്ക യാത്ര ആരംഭിച്ചു. ഇത്തവണ ജക്കാമ (jakhama) വഴിയാണ് യാത്ര തിരിച്ചത്. കാട്ടിലൂടെ 6000 കല്‍പടികള്‍ ഇറങ്ങി രണ്ട് കി.മീ നടന്ന് ഹൈവേയില്‍ എത്തി അവിടെ നിന്നും ടാക്‌സി പിടിച്ച് 12 മണിയാപ്പോള്‍ ഹോംസ്‌റ്റോയില്‍ എത്തി.

ട്രക്കിങ് വലിയ ബുദ്ധിമുട്ട് അല്ലെങ്കിലും, തണുപ്പ് കൊല്ലുന്നതായിരുന്നു. ഉഷ്ണ ജീവിയായ ഞാന്‍ സീറോ ഡിഗ്രി അതിജീവിച്ചതില്‍ വല്ലാത്ത അഭിമാനം തോന്നി. എന്റെ മനസ്സിലെ എവറസ്റ്റ് കൊടുമുടി ആയ ഡിസുകോ താഴ്വര അങ്ങനെ ഞാന്‍ കീഴ്‌പ്പെടുത്തി..

ട്രാവല്‍ ടിപ്‌സ്

1. viswema trekking point വരെയുള്ള യാത്ര ചിലവ് 2000 രൂപയാണ്. 10 പേര്‍ക്ക് സഞ്ചരിക്കാവുന്ന വണ്ടിയാണ്. സ്വന്തമായി വണ്ടി പിടിച്ചു പോയാല്‍ ചിലവ് എല്ലാം കൂടി 700-800 റൂപ്പീസേ ആകൂ.

2. നാഗലാന്‍ഡ് ടൂറിസം വകുപ്പ് 2500 റൂപ്പീസിന് ഇതേ ട്രെക്ക് സംഘടിപ്പിക്കുന്നുണ്ട്. Day trekking അതായത് രാവിലെ പോയി വൈകിട്ട് വരാന്‍ 1900 റൂപ്പീസാണ്

3. jakhama നല്ല കുത്തനെയുള്ള കയറ്റമാണ്. viswema വഴി പോകുന്നതാണ് ആയാസം കുറവും.. ഭംഗിയുള്ള കാഴ്ചകളും.

4. viswema trekking ഗ്രാമത്തില്‍ നിന്നും തുടങ്ങിയാല്‍ 3-4 കി.മീ കുത്തനെ കയറ്റം കയറണം. ഗ്രാമത്തില്‍ നിന്നും 7 കി.മീ ഓഫ് റോഡ് വാഹനത്തില്‍ പോകാന്‍ കഴിയും. അതാണ് ട്രക്കിങ് പരിചയമില്ലാത്തവര്‍ക്ക് എളുപ്പം.

5. ഡോര്‍മില്‍ സൗകര്യം വളരെ കുറവാണ്. രാവിലെ 6 മണിക്ക് മുന്നേ ട്രക്കിങ്ങ് ആരംഭിച്ചാല്‍ അന്ന് തന്നെ തിരികെ പോകാന്‍ പറ്റും.

6. ജൂണ്‍ - ഓഗസ്റ്റ് സമയത്ത് പല നിറങ്ങള്‍ ഉള്ള പൂക്കള്‍ വിരിഞ്ഞ് നില്‍ക്കുന്ന താഴ്‌വര കാണാന്‍ ധാരാളം ആളുകള്‍ എത്തും. മഴക്കാലമായത് കൊണ്ട് വഴിയില്‍ നല്ല വഴുക്കല്‍ ഉണ്ടാകും.


Next Story

Related Stories