TopTop
Begin typing your search above and press return to search.

'പടച്ചോനേ! പിന്നില്‍ നല്ല അസ്സലൊരു കൊമ്പന്‍, തൊണ്ടയില്‍ വെള്ളം വറ്റി തുടങ്ങി.. പണി പാളി എന്നുറപ്പിച്ച നിമിഷം'

വയനാട്ടില്‍ പോയി വരാമെന്നും പറഞ്ഞ് രാവിലെ 5 മണിക്ക് വീട്ടില്‍ നിന്നിറങ്ങുമ്പോ വൈകുന്നേരം തിരിച്ചെത്തണേ എന്ന ഓര്‍മ്മപ്പെടുത്തലുമായി ഉറക്കച്ചടപ്പില്‍ എന്നെ പറഞ്ഞയച്ച പെമ്പറന്നോത്തിക്ക് അറിയില്ലായിരുന്നു ശരിക്കും ഞാനെവിടെ പോവാണെന്ന്! അതു കൊണ്ട് തന്നെ, ആ പറഞ്ഞ വൈകുന്നേരം തൊട്ട് ഞാന്‍ വീട്ടില്‍ കാലു കുത്തും വരേ... എന്റെ പൊന്നോ.. ഇനിയും ഒരു ഫോണ്‍ കൂടി വാങ്ങാനുള്ള പൈസ ഇല്ലാത്തതു കൊണ്ട് അത് എറിഞ്ഞു പൊട്ടിക്കാന്‍ തോന്നിയില്ല. വല്ലാത്തൊരു ഫീലാണത്.. ഇത് വായിക്കുന്നവരില്‍ പലരും ആ ഫീല്‍ അനുഭവിച്ചവരുമായിരിക്കും..

ഇനി കാര്യത്തിലേക്ക് വരാം.. മഴ നനച്ചിട്ട വയനാടന്‍ ചുരം കയറി, ഇല തളിരിട്ട നീലഗിരി കുന്നുകളിലൂടെ മസിനഗുഡിയിലേക്ക് വളയം പിടിക്കുമ്പോള്‍ ചെറിയൊരു ചടപ്പുണ്ടായിരുന്നു. കാരണം, ഇത് മൂന്നാം തവണയാണ് മസിനഗുഡിയില്‍ പോകുന്നത്. രണ്ട് തവണ ഭാര്യയോടൊപ്പം. ഇത് മൂന്നാം തവണ നൈസാം ഹുസൈന്‍ എന്ന യാത്രാ പ്രേമിയായ ചങ്കനോടൊപ്പം. പക്ഷെ, സ്ഥിരം കാടും മേടും കണ്ടിറങ്ങുന്ന പരിപാടിയില്‍ നിന്ന് വ്യത്യസ്തമായി കുറച്ച് സാഹസികത ലക്ഷ്യമിട്ടുള്ളതായിരുന്നു ഈ യാത്ര.

ബത്തേരി-പന്തലൂര്‍-ഗൂഡലൂര്‍ വഴി മസനഗുഡി.. ഒന്നാഞ്ഞു പിടിച്ചാല്‍ രാവിലെ ആ നേരത്തൊക്കെ 3 മണിക്കൂര്‍ കൊണ്ട് എത്തിച്ചേരാവുന്ന ഒരിടമായിട്ടും, പതുക്കെ കഥയാക്കെ പറഞ്ഞ്, തോന്നുന്നിടത്തൊക്കെ നിര്‍ത്തി, ചായയും കുടിച്ച്, വഴിനീളെ കണ്ട് കണ്ടറിഞ്ഞ് 8 മണിക്കൂര്‍ സമയമെടുത്താണ് ഞങ്ങളവിടെ എത്തിയത്.. കാരണം, ലക്ഷ്യം വേറെയാണ്.. മസിനഗുഡി ടൗണ്‍ മുഴുവനൊന്ന് കറങ്ങി അന്വേഷിച്ച് ഞങ്ങള്‍ ഒരു 'ചീപ്പ്' റൂമെടുത്തു.. കിടന്നുറങ്ങുക എന്നതിനേക്കാള്‍ ചിലവ് കുറക്കുക എന്ന ഉദ്ധേശമായതിനാല്‍ എടുത്ത റൂമിന്റെ ഡീറ്റയില്‍സ് ഇവിടെ പറയുന്നില്ല..

ഏതായാലും, ഒരു 3 മണിയോടടുത്ത്, താഴെ കേരള മെസ്സ് എന്ന ഹോട്ടലില്‍ കയറി വെറും ചോറും കഴിച്ച് അങ്ങാടി മുഴുവനുമൊന്ന് നടന്നു കണ്ടു. അവിടെ കൂടുതല്‍ കച്ചവടക്കാരും ഒന്നുകില്‍ മലയാളികളോ, മലയാളം നന്നായി സംസാരിക്കുന്നവരോ ആണ്. അങ്ങനെ നടത്തം മതിയാക്കി റൂമിലേക്കടുത്തപ്പോള്‍ ഏകദേശം ഇരുട്ടു വീണു തുടങ്ങി, വീട്ടിന്നുള്ള വിളിയും..

എങ്ങോട്ടാണ് പോയതെന്ന് പറയാത്തതിനാല്‍ പുള്ളിക്കാരി കലിപ്പ് സീനിലാണ്. കണ്‍ വെട്ടത്ത് ചെന്നാല്‍ കടിച്ചു കീറാനൊക്കെ സാധ്യതയുണ്ട്. പക്ഷെ, ഉറക്കം വന്നു തുടങ്ങിയപ്പോള്‍ മെല്ലെ ഫോണ്‍ സൈലന്റാക്കി, അലാറം വെച്ച് കിടന്നുറങ്ങി.. രാവിലെ 5 മണിക്ക് അലാറമടിച്ചു തുടങ്ങിയപ്പോ പതുക്കെ എഴുന്നേറ്റു.. ഈ അതിരാവിലെ എങ്ങോട്ടെന്നല്ലേ? പറയാം..

ഇനിയാണ് ഞങ്ങളുടെ യാത്രയുടെ ലക്ഷ്യം തുടങ്ങുന്നത്. നിങ്ങളാരെങ്കിലും ട്രൈ ചെയ്തിട്ടുണ്ടോ എന്നറിയില്ല, ഇനി ഇത് വായിച്ച് പോയി പെടാനും നിക്കണ്ട. മുഴുവന്‍ വായിക്കുമ്പോള്‍ കാര്യം മനസ്സിലാവും.. നേരത്തെ പറഞ്ഞുറപ്പിച്ച പ്രകാരം, 5.30 ന് റൂം വെക്കേറ്റ് ചെയ്തു. വണ്ടിയെടുത്ത് പുറത്തിറങ്ങി. നേരെ ചെന്ന് മസിനഗുഡി - മുതുമല റോഡിലെ ചെക്ക് പോസ്റ്റിന് അടുത്ത് പോയി പാര്‍ക്ക് ചെയ്തു. 6 മണിക്ക് ഗേറ്റ് തുറക്കുന്നതും കാത്തിരുന്നു..

ഇനി ഞങ്ങളുടെ ലക്ഷ്യം പറയാം.. മുതുമല വന മേഖലയില്‍ സഞ്ചാര യോഗ്യമായതോടൊപ്പം ഏറ്റവും വന നിബിഡവുമായ ഏരിയയിലൂടെ, വാഹനങ്ങളുടെ ശല്യപ്പെടുത്തലില്ലാത്ത സമയങ്ങളില്‍ ഒരുപാട് പക്ഷി മൃഗ വര്‍ഗങ്ങള്‍ വിളയാടുന്ന നേരത്ത് സഞ്ചരിക്കാന്‍ പൂതി തോന്നിയ രണ്ട് പേരെ ദയവായി പൊങ്കാലയിടരുത്

അപകടമാണ്, പക്ഷെ, വലിയ സാഹസത്തിന് മുതിരാതെ രാവിലെ ഗേറ്റ് തുറക്കുന്ന സമയത്ത് തന്നെ പോയാല്‍ എന്തെങ്കിലുമൊക്കെ കാണാമല്ലോ.. അതു കൊണ്ടാണ് വണ്ടിയെടുത്ത് അവിടെ ചെന്നു നിന്നത്. വെളിച്ചം വീണിട്ട് വേണം നല്ല ഫോട്ടോയെടുക്കണമെന്നൊക്കെ ചിന്തിച്ച് സമയവും നോക്കിയങ്ങനെ ഇരിക്കുമ്പോള്‍.. ഒരു നിഴലനക്കം തോന്നി മെല്ലെ പിന്നോട്ട് നോക്കി.. നല്ല അസ്സലൊരു കൊമ്പന്‍.. വണ്ടിക്കടുത്ത് നില്‍ക്കുന്നു. പടച്ചോനേ... കാറ്റു പോയി... തൊണ്ടയില്‍ വെള്ളം വറ്റി തുടങ്ങി. പണി പാളി എന്നുറപ്പിച്ച നിമിഷം.

ഞങ്ങളുടെ വണ്ടി ഓഫാണ്. ലൈറ്റുമിട്ടിട്ടില്ല. കണ്ണാടിയിലൂടെ മെല്ലെ നോക്കി.. അത് അടുത്തേക്ക് വരുന്നില്ല. പക്ഷെ, പോകുന്നുമില്ല. സാഹസികത എല്ലാം കൂടെ പണ്ടാരടക്കുമെന്ന് തോന്നി തുടങ്ങി. പക്ഷെ, ഭാഗ്യം കൊണ്ട്, കുറച്ച് കഴിഞ്ഞ് അത് മെല്ലെ കാട്ടിലേക്ക് തന്നെ പോയി.. അഞ്ച് മിനിറ്റ് നേരമാണെങ്കിലും, അടപടലം പണികിട്ടുമായിരുന്ന ആ സീന്‍ ഇപ്പോഴും ഒരു ചങ്കിടിപ്പോടെ മാത്രമേ ഓര്‍ക്കാനാവുന്നുള്ളു. പിന്നെ 6 മണി വരേ എങ്ങനെ അവിടെ നില്‍ക്കുമെന്നും, തിരിച്ച് ടൗണിലേക്ക് പോയാലോ എന്നോക്കെ ചര്‍ച്ച ചെയ്ത് നില്‍ക്കുമ്പോഴും പേടിമാറിയിട്ടില്ലായിരുന്നു. പെമ്പൊറന്നോത്തീടെ പ്രാക്കായിരിക്കും. അല്ലാതെന്താ...

ഏകദേശം 5.50 ആയപ്പോള്‍ ചെക്ക് പോസ്റ്റിനുള്ളില്‍ നിന്ന് ഒരാള്‍ വന്ന് ആ കമ്പി പൊക്കിത്തന്നു. വെളിച്ചം വീണിട്ടുണ്ട്, മുന്നോട്ട് പോണോ എന്ന് ചിന്തിച്ച് കുറച്ചു നേരം കൂടെ നിന്നു.. പിന്നെ വരുന്നിടത്ത് വെച്ച് കാണാമെന്നും പറഞ്ഞ് വണ്ടി സ്റ്റാര്‍ട്ട് ചെയ്തു നീങ്ങിത്തുടങ്ങി.. പക്ഷെ സീന്‍ വേറെയായിരുന്നു.. വെളിച്ചം തട്ടിത്തുടങ്ങിയ മരങ്ങള്‍ക്കിടയില്‍ നിന്ന് മാനുകളും മയിലുകളും കളിച്ചാടുന്നത് കണ്ടപ്പോള്‍ പണ്ട് കഥാ പുസ്തകങ്ങളില്‍ വായിച്ചു കേട്ട കാടിനെ അടുത്തു കാണും പോലെ തോന്നി..

നിരവധി പക്ഷികള്‍, നിറങ്ങളിലും രൂപത്തിലും വ്യത്യാസമുള്ളവ.. മനോഹരമായ ശബ്ദം പുറപ്പെടുവിച്ചു കൊണ്ടു പാറിക്കളിക്കുന്നു.. ഞങ്ങളുടെ വണ്ടിയുടെ ശബ്ദം കേട്ട് അവ പറന്നകലുമ്പോള്‍ വെറുതെ ഒന്നു ഫോട്ടോയെടുക്കാന്‍ തോന്നിയെങ്കിലും, എന്തോ അപ്പോളതിന് കഴിഞ്ഞില്ല. കണ്ണു കൊണ്ട് കണ്ട് മറയുന്ന കാഴ്ചകളെ വിരസമാക്കേണ്ടെന്ന് കരുതി.. മുതുമലൈ പാലമെത്തുന്നതിനിടയിലുള്ള കുറച്ച് കിലോമീറ്ററുകള്‍.. ഞങ്ങള്‍ ലക്ഷ്യം നിറവേറ്റിയ ദൂരമായിരുന്നു.

യാത്ര തുടങ്ങിയിടത്തു നിന്ന് ഞങ്ങളെ വിറപ്പിച്ച കൊമ്പന്‍ മുതല്‍ മൂന്നിടത്താണ് തൊട്ട് മുന്നിലൂടെ ആനക്കൂട്ടങ്ങള്‍ റോഡ് മുറിച്ച് കടന്നത്.. പീലി വിടര്‍ത്തിയില്ലെങ്കിലും, മനോഹരമായ മയിലുകള്‍, കരുത്തുറ്റ കാട്ടു പോത്തുകള്‍, കണക്കില്ലാത്ത മാന്‍കൂട്ടങ്ങള്‍... കാഴ്ചകളങ്ങനെ രസം കയറി വന്നു. കോട പുതച്ചിടാതെ, നീലഗിരിയുടെ സ്വന്തം മസിനഗുഡിയങ്ങനെ നഗ്‌നയായി നിന്നു. വണ്ടിയുടെ ഗ്ലാസ് തുറന്നിട്ട് ആവോളം ശുദ്ധവായു ശ്വസിച്ചു.. കുറച്ച് പേടിച്ചെങ്കിലും, കൂടുതല്‍ ആസ്വദിച്ചതിനാല്‍ ആ യാത്ര അങ്ങ് ധന്യമായി..

വഴിയരികിലെ പെട്ടിക്കടയില്‍ നിന്ന് വാങ്ങിയ പാല്‍ച്ചായയും മൊത്തിക്കുടിച്ച്, വീട്ടിലെത്തി പെണ്ണാളോട് പറയേണ്ട മുടന്തു ന്യായങ്ങളും ചര്‍ച്ച ചെയ്ത് ഗൂഡലൂര്‍ വിട്ടു വണ്ടി നീങ്ങി. നം മടുപ്പിക്കുന്ന ജീവിതത്തിരക്കുകള്‍ക്കിടയില്‍ നിന്ന് റീഫ്രെഷ്‌നെസ്സിന്റെ മനോഹാരിത നുണയാന്‍ ഇനിയും യാത്രകള്‍ പോകണം. അതും, ചില വ്യത്യസ്തതകള്‍ നിറഞ്ഞ വട്ടു പരിപാടിയും, അതിനൊത്ത ചങ്കന്‍മാരും കൂടിയാല്‍.. ആഹാ... അന്തസ്സ്...!

(ചില സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം ഫോട്ടോയെടുക്കാന്‍ കഴിയാത്തതിനാല്‍, വിക്കിപീഡിയ ചിത്രമാണ് ചേര്‍ത്തിരിക്കുന്നത്.)


മുന്‍ഫി മലോറം

മുന്‍ഫി മലോറം

ഡയറക്ടര്‍, യൂനിസെര്‍വ് എന്‍റര്‍പ്രൈസ്, കോഴിക്കോട് സ്വദേശി

Next Story

Related Stories