TopTop
Begin typing your search above and press return to search.

'ഗരീബോന്‍കി യാര്‍..'; പ്രാര്‍ത്ഥനകളും സൂറത്തുകളും നിറഞ്ഞ, കുന്തിരിക്കം പുകയുന്ന വഴിയിലൂടെയുള്ള ആ യാത്ര ആനന്ദമാണ്

ഗരീബോന്‍കി യാര്‍..; പ്രാര്‍ത്ഥനകളും സൂറത്തുകളും നിറഞ്ഞ, കുന്തിരിക്കം പുകയുന്ന വഴിയിലൂടെയുള്ള ആ യാത്ര ആനന്ദമാണ്

യാത്രകള്‍ പൂര്‍ണതയില്‍ എത്തുന്നത് ആ യാത്ര നമ്മെ അവിടത്തോട് മനസ്സ് കൊണ്ട് പൂര്‍ണ്ണമായും അടുപ്പിക്കുമ്പോള്‍ മാത്രമാണ്. പുണ്യ പുരാതന നഗരമായ അജ്മീര്‍ യാത്ര മനസ്സിനും ശരീരത്തിനും നല്‍കിയ പോസിറ്റിവ് വൈബ് അത് വര്‍ണ്ണനകള്‍ക്ക് അതീതമാണ്. പ്രത്യേകിച്ച് എന്തുണ്ട് രാജസ്ഥാന്റെ അജ്മീറില്‍ എന്ന് ചോദിച്ചാല്‍ ഉത്തരം ചിലപ്പോള്‍ വൈകി ആകാം എത്തുന്നത്. മുഈനുദ്ദീന്‍ ചിസ്തി എന്ന സൂഫിയുടെ മഖ്ബറ (ഖബറിടം) സ്ഥിതി ചെയ്യുന്ന സ്ഥലമാണ് അജ്മീര്‍ എന്നുള്ള അറിവിന് പുറമെ യാതൊരു മറ്ററിവും ഇല്ലാതെയാണ് ഡല്‍ഹിയില്‍ നിന്നും ഞങ്ങള്‍ യാത്ര തുടങ്ങിയത്. കൂട്ടിന് അരുണ്‍, ഫരീദ് ഭായ്, ദിലീപ് ജി, റല്‍ഫി പിന്നെ സാരഥിയായി സുരേഷ് ഏട്ടനും.

വഴിയില്‍ ഫരീദിക്ക പറഞ്ഞ കഥകള്‍ കേട്ടതുകൊണ്ട് മാത്രം മനസ്സില്‍ ഒരു സങ്കല്‍പ്പം മെനഞ്ഞുവച്ചിരുന്നു അജ്മീറിനെ കുറിച്ച്.. ഡല്‍ഹിയില്‍ നിന്നും വൈകുന്നേരം മൂന്ന് മണിയോടെ ജയ്പ്പൂര്‍ തൊടാതെയുള്ള യാത്ര അവസനാപ്പിച്ചത് അജ്മീറില്‍ തന്നെയായിരുന്നു. 380 കിലോമീറ്റര്‍ വരുന്ന യാത്രയ്ക്ക് 7 -8 മണിക്കൂര്‍ ധാരാളം. അജ്മീറില്‍ ദര്‍ഗയോട് വളരെ ചേര്‍ന്നായിരുന്നു താമസം സ്ഥലം. രാവിലെ കുളിച്ച് ചെരിപ്പ് പോലും ഇടാതെ ദര്‍ഗയിലേയ്ക്ക്.ഇടക്ക് നടത്താറുള്ള ശബരിമല യാത്രയെ പോലെ ഒന്ന്.

ഗരീബോന്‍കി യാര്‍.. പാവപ്പെട്ടവന്റെ കൂട്ടുകാരന്‍, അല്ലെങ്കില്‍ ആരുമില്ലാത്തവന് അഭയമേകുന്ന ഒരു ശക്തി.. അതാണ് എനിക്ക് വര്‍ണ്ണനകളില്‍ മുഈനുദ്ദീന്‍ ചിസ്തി എന്ന സൂഫിയുടെ കബറിടത്തെ കുറിച്ച് അജ്മീറിനെ കുറിച്ച് പറയാനുള്ളത്. ഖബര്‍സ്താന്‍ അല്ലെങ്കില്‍ ദര്‍ഗയുടെ പ്രധാന വാതില്‍ നിസാം ഗേറ്റ് ആണ്. പിന്നാലെ, മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ പണിത ഷാജഹാനി ഗേറ്റ്. ഇതിന് പിന്നാലെ സുല്‍ത്താന്‍ മഹ്മൂദ് ഖില്‍ജി പണികഴിപ്പിച്ച ബുലംദ് ദര്‍വാസ. അതും കഴിഞ്ഞാല്‍ നേരെ ദര്‍ഗയുടെ ഉള്ളില്‍ പ്രവേശിക്കാം. പിന്നെ മനസ്സിനെ അവനവന് തോന്നും പോലെ അഴിച്ചുവിടാം.
വന്ന് കണ്ട് മടങ്ങുന്നവന് മനസ്സിനെ ശാന്തമാക്കി മടങ്ങാം. ഇസ്ലാം പ്രാര്‍ത്ഥനകളും സൂറത്തുകളും നിറഞ്ഞ, കുന്തിരിക്കം പുകയുന്ന വഴിയിലൂടെ ഒരു തീര്‍ത്ഥയാത്ര. ആ യാത്ര ആനന്ദമാണ്.. സങ്കടങ്ങളെ കണ്ണീരുകൊണ്ട് ഒഴുക്കികളഞ്ഞ് ജീവിക്കാന്‍ മനസ്സിനെ വീണ്ടും പാകപ്പെടുത്തി മടങ്ങുന്ന ആയിരക്കണക്കിന് മുഖങ്ങള്‍ കാണുന്നതും നമ്മുടെ സന്തോഷങ്ങളെ ഈ പുണ്യഭൂമിയില്‍ ഇരട്ടിയാക്കുന്നു. ദര്‍ഗയ്ക്ക് ഉള്ളില്‍ ലഭിച്ച ആ ഒരു പ്ലസ് വൈബിന് പകരം വെക്കാന്‍ ആ നിമിഷത്തില്‍ മറ്റൊന്നിനും കഴിയുമായിരുന്നില്ല.

ഇനി അജ്മീര്‍ എന്ന പട്ടണത്തെ കുറിച്ച്...
എല്ലാ വശവും പര്‍വതങ്ങളാല്‍ ചുറ്റപ്പെട്ട മനോഹരമായ നന്നേ പഴയ ഒരിടമാണ് അജ്മീര്‍. പുതുതായി പണി കഴിപ്പിച്ച ഒന്നും തന്നെ ഒറ്റനോക്കില്‍ കണ്ടെന്നു വരില്ല അവിടെ. ആരവല്ലി മലനിരകളാണ് അജ്മീറിനെ ചുറ്റി നിലകൊള്ളുന്നത്. പൃഥ്വിരാജ് ചൗഹാന്‍ ഭരിച്ചിരുന്ന കാലത്തെ പേരായ അജയമേരു എന്നും അജ്മീര്‍ അറിയപ്പെടുന്നുണ്ട്. അഞ്ചു ലക്ഷത്തിനടുത്താണ് ജനസംഖ്യ. പക്ഷേ തീര്‍ത്ഥാടന കേന്ദ്രമായതിനാല്‍ വന്ന് പോകുന്നത് ദശോപലക്ഷം ആളുകളാണ്.
ബ്രിട്ടീഷ് ഇന്ത്യയില്‍ അജ്മീര്‍, മേര്‍വാഡ പ്രവിശ്യയുടെ ഭാഗമായിരുന്നു. ഇന്ത്യ സ്വതന്ത്രമായതിനു ശേഷം 1956 നവംബര്‍ ഒന്നിന് രാജസ്ഥാന്റെ ഭാഗമാകുന്നതുവരെ പ്രത്യേക സംസ്ഥാനമായിരുന്നു എന്നുള്ളതും ചരിത്രം. ഒപ്പം പന്ത്രണ്ടാം നൂറ്റാണ്ടിലെ ചൗഹാന്‍ രാജാക്കന്മാരുടെ തലസ്ഥാനവും അജ്മീര്‍ തന്നെ ആയിരുന്നു. മതസൗഹാര്‍ദ്ധത്തിന്റെ ഒരു ഉത്തമോദാഹരണമാണ് അജ്മീര്‍ എന്നുള്ളതില്‍ ആര്‍ക്കും ഒരു തര്‍ക്കത്തിനു ഇടം നല്‍കുകയില്ല. കാരണം നാനാ മത വിശ്വാസികള്‍ ഇവിടെ ജീവിക്കുന്നുണ്ട്.. വന്നുപോകുന്നുമുണ്ട്.

രുചിയില്‍ മധുര പലഹാരങ്ങള്‍ക്കാണ് അജ്മീറില്‍ മുന്‍തൂക്കം. കാജുറും, ഗോണ്ട് ഗിരി ലഡ്ഡു, പഞ്ച് മേവ, സോഹാന്‍ ഹല്‍വ തുടങ്ങിയ വൈവിധ്യങ്ങള്‍ ഒരുപാട്. ദര്‍ഗയില്‍ നിന്നും ഇറങ്ങി സുഹൃത്ത് റല്‍ഫി പറഞ്ഞത് അനുസരിച്ച് നല്ല ആട് ബിരിയാണി കിട്ടുന്ന ഇടം അന്വേഷിച്ചുള്ള യാത്ര ഞങ്ങളെ നിരാശപ്പെടുത്തി. അജ്മീറിന്റെ ഒരു പ്രധാന ഏരിയ കഴിഞ്ഞാല്‍ പിന്നെ നോണ്‍ വെജ് റെസ്റ്റോറന്റുകള്‍ വളരെ കുറവാണ്. റോഡിന്റെ രണ്ട് വശങ്ങളിലും ഇടതോരാതെ ദാബകള്‍ കാണാമെങ്കിലും പക്ഷേ ഏറെയും വെജ് ദാബകളാണ്.
അതിനാല്‍ തന്നെ ഞങ്ങളുടെ ഡല്‍ഹിയിലേക്കുള്ള മടക്കം ആട് ബിരിയാണി തേടി ജയ്പ്പൂര്‍ വഴിയായിരുന്നു. ഹോട്ടല്‍ താമസവും ഭക്ഷണവും ഒരുക്കിത്തന്ന അജ്മീറിലെ സുഹൃത്ത് ശക്തി റല്‍വലാത്ത് ജിയുടെ വീട്ടില്‍ അദ്ദേഹത്തിന്റെ കുതിരകളോടൊപ്പം സെല്‍ഫിയും എടുത്ത് നന്ദിയും അറിയിച്ച് നേരെ ജയ്പ്പൂരിലേക്ക് വിട്ടു. ജയ്പ്പൂരിനെ കണ്ട് പൂര്‍ണ്ണതയടയാന്‍ ചുരുങ്ങിയത് രണ്ട് ദിവസമാണ് വേണ്ടത്. അതുകൊണ്ട് പിന്നീടൊരു മടക്കം ജയ്പ്പൂരിലേയ്ക്ക് മാത്രമായി കറങ്ങാന്‍ എത്താമെന്ന് തീരുമാനിച്ച്, അവിടെ നിന്ന് മട്ടന്‍ ബിരിയാണിയും കഴിച്ച് നേരെ ഇന്ദ്രപ്രസ്ഥത്തിലേക്ക് രഥം തിരിച്ചു..


ലേഖകനും സുഹൃത്തുക്കളും അജ്മീര്‍ ദര്‍ഗ്ഗയ്ക്ക് മുന്നില്‍Next Story

Related Stories