TopTop
Begin typing your search above and press return to search.

Unlock യാത്ര | അതിഥികളായി വരൂ, ആതിഥേയരാകാം; ഇന്ത്യയിലെ ഏറ്റവും വലിയ സ്ത്രീ തൊഴിലാളി സംഘടന ഉത്തരാഖണ്ഡില്‍ ചെയ്യുന്നത്

Unlock യാത്ര | അതിഥികളായി വരൂ, ആതിഥേയരാകാം; ഇന്ത്യയിലെ ഏറ്റവും വലിയ സ്ത്രീ തൊഴിലാളി സംഘടന ഉത്തരാഖണ്ഡില്‍ ചെയ്യുന്നത്

വന്യമായ സൗന്ദര്യത്തോടെ കുത്തിയൊഴുക്കുന്ന കോസി നദിയുടെ അരികില്‍ കോട മഞ്ഞ് പുതഞ്ഞ് കിടക്കുന്ന കുമാവോണ്‍ മലനിരകളുടെ തെക്കെ അറ്റത്ത് കൊടുംവനങ്ങള്‍ക്ക് നടുവില്‍ നില്‍ക്കുമ്പോള്‍ അങ്ങ് ദൂരെ മേഘപാളികള്‍ക്ക് ഇടയിലൂടെ മഞ്ഞ് നിറഞ്ഞ് കിടക്കുന്ന ഹിമാലയപര്‍വതങ്ങള്‍ ആസ്വദിച്ച് നില്‍ക്കുന്ന അല്‍മോറയിലെ ഒരു പ്രഭാതം.. അല്ലെങ്കില്‍ ഹിമവാന്റെ മടിത്തട്ടിലൂടെ ആര്‍ത്തലച്ച് ഒഴുകിയെത്തി പരസ്പരം പോരടിച്ച് അളകനന്ദയും മന്ദാകിനിയും ഒടുവില്‍ കെട്ടിപ്പുണര്‍ന്ന് ഒറ്റ മനസായി ഒഴുകി തുടങ്ങുന്ന രുദ്രപ്രയാഗിലെ ആരതി മണികള്‍ മുഴങ്ങുന്ന ഒരു സന്ധ്യ.. ഒരു കപ്പ് ചൂടുള്ള കാപ്പി നുകര്‍ന്ന്, ഇഷ്ടമുള്ള ഈണങ്ങളില്‍ വിരലമര്‍ത്തി സ്വന്തം വീട്ടിലെ പോലെ ആലസ്യത്തില്‍ മടിപിടിച്ച് ജനാലക്കരികിലെ സ്വന്തം കിടക്കയില്‍ തണുപ്പ് പിടിച്ച് കമ്പിളിക്കടിയില്‍ നൂണ്ട് കിടന്ന് ഇതെല്ലാം ആസ്വദിക്കാന്‍ സാധിച്ചാലോ? സ്വപ്‌നമല്ല സാധിക്കും.. ടൂറിസ്റ്റുകളായിട്ടല്ല അതിഥികളായിട്ട് എത്തി ആതിഥേയരാകാനുള്ള, ബന്ധുവാകാനുള്ള, സുഹൃത്താകാനുള്ള ഒരവസരമാണിത്. സംശയമുണ്ടെങ്കില്‍ അല്‍മോറയിലെ ബഗവതി ബഹന്റെ ഈ വാക്കുകള്‍ ഒന്ന് കേള്‍ക്കൂ..

'ഒട്ടും പരിചയമില്ലാത്ത ഒരു വ്യക്തി അയാള്‍ വീട്ടില്‍ അതിഥിയാവുന്നു, ഒരിക്കലും ചിന്തിച്ചിട്ടില്ല ഇക്കാര്യം. നാണമായിരുന്നു... അതിഥികളെ സ്വീകരിക്കുമ്പോള്‍ ആദ്യം ഒട്ടും ആത്മവിശ്വാസവും ഇല്ലായിരുന്നു. പക്ഷെ ആദ്യത്തെ ആ അനുഭവത്തിന് ശേഷം, അവര്‍ക്ക് ഞങ്ങളുടെ വീട്ടിലെ ഒരു മുറി നല്‍കിയതിന് ശേഷം സാഹചര്യങ്ങള്‍ മാറുകയായിരുന്നു. അവര്‍ ഞങ്ങളിലൊരാളാവുകയായിരുന്നു. അവസാനം വന്നയാള്‍ യാത്രയാവുന്നതിന് മുമ്പ് പങ്കുവച്ച അനുഭവങ്ങളും അനുമോദനങ്ങളും സ്‌നേഹവും ഇപ്പോഴും മറക്കാനായിട്ടില്ല. ഇതിനെല്ലാം അപ്പുറം ചെറിയൊരു വരുമാനം എന്ന നിലയിലും ഞാനും കുടുംബവും ഇപ്പോള്‍ പുതിയ അതിഥികളെ കാത്തിരിക്കുകയാണ്..'
മലനിരകള്‍ക്കിടയിലെ പാതയോരങ്ങളിലേക്ക് നോക്കി ബഗവതി ബഹന്‍ ഇത് പറയുമ്പോള്‍ ആ കണ്ണുകളില്‍ വല്ലാത്തൊരു തിളക്കമുണ്ടായിരുന്നു.
'ലാളിത്യത്തിന്റെ സ്വര്‍ഗം' എന്നാണ് ഉത്തരാഖണ്ഡിനെ വിശേഷിപ്പിക്കുന്നത്. ആ ഉത്തരാഖണ്ഡിലെ അല്‍മോറ താക്കുള സ്വദേശിനിയായ ബഗവതി ബഹന്‍ (27) എന്ന ബഗവതി ദേവിയുടെ ആ വാക്കുകളില്‍ നിന്ന് മനസിലായില്ലേ? അവര്‍ നിങ്ങളെ ഒരു കുടുംബാംഗത്തെപോലെ കൂടേ ചേര്‍ക്കാന്‍ കാത്തിരിക്കുകയാണന്ന്.. ഒപ്പം സ്വയംപര്യാപ്തതയുടേയും കുടുംബത്തിനെ താങ്ങിനിര്‍ത്തുന്നതിന്റെയും കരുത്തുമുണ്ട് ആ വാക്കുകളില്‍. ഇവരുടെ ഭര്‍ത്താവ് സ്വകാര്യ കമ്പനി ജോലിക്കാരനാണ്. സാമ്പത്തികം, പ്രദേശത്തെ മറ്റ് കുടുംബങ്ങളെപ്പോലെ പരിതാപകരം തന്നെ. സാമ്പത്തിക സുരക്ഷിതത്വവും കൂടി കണക്കിലെടുത്താണ് ബഗവതി ബഹന്‍, ഹോം സ്റ്റേ പദ്ധതിയില്‍ പങ്കുചേര്‍ന്നത്. പ്രദേശത്തെ ഒരു സ്‌ക്കൂളിലെ പാര്‍ട്ട് ടൈം - കെയര്‍ ടേക്കറായി ജോലി നോക്കുന്ന ബഗവതി ബഹന്‍ 2018-ലാണ് സേവ ഭാരത് (SEWA Bharat)ല്‍ അംഗമായത്. ഇവരുടെ കൂടെ പല പദ്ധതികളിലും പങ്കു ചേര്‍ന്ന് ബഗവതി ഒരു ഇതര വരുമാനം എന്ന നിലയ്ക്കും കൂടിയാണ് 2020 ഏപ്രിലില്‍ സേവ ഭാരത് ആരംഭിച്ച ഹോം സ്‌റ്റേ പദ്ധതിയിലേക്ക് എത്തുന്നത്. അതിഥികള്‍ക്കായി തന്റെ വീട്ടിലെ റൂമുകള്‍ സേവ ഭാരത്-ലെ അംഗങ്ങളുമായി ചേര്‍ന്നാണ് ഒരുക്കിയത്. കമ്മ്യൂണിറ്റി ബേസ്ഡ് ടൂറിസത്തിനും, ഹോം സ്‌റ്റേക്കും ഒക്കെയുള്ള നടപടിക്രമങ്ങള്‍ക്ക് ഇവരെ സഹായിച്ചതും സേവ തന്നെയാണ്.

ഇന്ത്യയിലെ ഏറ്റവും വലിയ സ്ത്രീ തൊഴിലാളി സംഘടനയായ സേവ (SEWA) ഇപ്പോള്‍ ഉത്തരാഖണ്ഡിലെ ഗ്രാമീണ സ്ത്രീകളെയും അവരുടെ കുടുംബത്തെയും ടൂറിസത്തിലൂടെ സ്വയംപര്യാപ്തരാക്കാനുള്ള പരിശ്രമത്തിലാണ്. ഇന്ത്യയിലെ കുടുംബ ഘടനയില്‍ പൊതുവില്‍ കാണുന്നത്, സ്ത്രീകള്‍ അടുക്കളയിലും കുട്ടികളുടെ പരിപാലനത്തിനും മാത്രമായി ഒതുങ്ങിപ്പോകുന്നതാണ്. എന്നാല്‍ ഇതിന് കാര്യമായ ഒരു മാറ്റം വരുത്താന്‍ കഴിഞ്ഞ അരനൂറ്റാണ്ട് കാലത്തെ പ്രവര്‍ത്തനത്തിലൂടെ സേവയ്ക്ക്കഴിഞ്ഞിട്ടുണ്ട് എന്നത് ചെറിയ നേട്ടമല്ല. ഇപ്പോള്‍ ഈ കോവിഡ് മഹാമാരി കാലം, ഇന്ത്യന്‍ ഗ്രാമീണ മേഖലയെ സാമ്പത്തികമായി ഗുരുതരമായ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഉത്തരാഖണ്ഡിലെ ഗ്രാമീണ കുടുംബങ്ങള്‍ക്ക് സ്ത്രീകളിലൂടെ തന്നെ സാമ്പത്തികമായി ഒരു പിന്തുണ നല്‍കാന്‍ സാധിക്കുന്ന പദ്ധതി, സേവ ഭാരത് അവതരിപ്പിച്ചിരിക്കുന്നത്.
ഇന്ത്യയിലെ ദരിദ്രരും അസംഘടിത മേഖലയില്‍ സ്വയംതൊഴില്‍ ചെയ്യുന്നവരുമായ സ്ത്രീകള്‍ക്കായുള്ള ഒരു തൊഴിലാളി സംഘടനയാണ് സേവ എന്നറിയപ്പെടുന്ന സെല്‍ഫ് എംപ്ലോയ്ഡ് വിമന്‍സ് അസോസിയേഷന്‍ ( SEWA - Self Employed Women's Association). 1971-ല്‍ പൗരാവകാശ പ്രവര്‍ത്തകയായ ഇള ഭട്ട് ആണ് സേവ രൂപീകരിക്കുന്നത്. സേവയുടെ പ്രധാനകേന്ദ്രം ഗുജറാത്തിലെ അഹമ്മദാബാദിലാണെങ്കിലും രാജ്യത്തെ പല സംസ്ഥാനങ്ങളിലും ഇപ്പോള്‍ സംഘടന പ്രവര്‍ത്തിക്കുന്നു. 1972ലാണ് സേവ ഒരു തൊഴിലാളി സംഘടനയായി രജിസ്റ്റര്‍ ചെയ്യുന്നത്. 1984ല്‍ സേവ-യുടെ കീഴില്‍ 'സേവാ ഭാരത്' സ്ഥാപിതമായി. അസംഘടിത സമ്പദ് വ്യവസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ ദേശീയ ഫെഡറേഷനാണ് സേവാ ഭാരത്. അസംഘടിത വനിതാ തൊഴിലാളികളുടെ അവകാശങ്ങള്‍, ഉപജീവനമാര്‍ഗങ്ങള്‍, സാമ്പത്തിക സ്വാതന്ത്ര്യം, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക സുരക്ഷ എന്നിവയാണ് സേവാ ഭാരതിന്റെ പ്രധാന പ്രവര്‍ത്തന മേഖലകള്‍. സേവ സംഘടനകളില്‍ അംഗങ്ങളെ സഹോദരങ്ങളായിട്ടാണ് കണക്കാക്കുന്നത്. ബഹന്‍, ബെന്‍ (സഹോദരി) എന്നാണ് പരസ്പരം സംബോദ്ധന ചെയ്യുന്നത്. ദരിദ്രരായ, സ്വയംതൊഴില്‍ ചെയ്യുന്ന സ്ത്രീകള്‍ക്ക് വായ്പയും മറ്റ് സാമ്പത്തിക സേവനങ്ങളും പ്രാപ്യമാക്കുകയായിരുന്നു ആദ്യകാലങ്ങളില്‍ സേവയുടെ പ്രവര്‍ത്തനങ്ങള്‍. പിന്നീട് വിദ്യാഭ്യാസം, ആരോഗ്യം, നിയമസഹായം തുടങ്ങിയ സേവനങ്ങള്‍ നല്‍കിക്കൊണ്ട് സ്ത്രീ ശാക്തീകരണത്തിലും സേവ പ്രവര്‍ത്തനങ്ങളാരംഭിച്ചു. 48 വര്‍ഷമായി സ്ത്രീ തൊഴിലാളികളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന സേവയില്‍ 2019ലെ കണക്ക് അനുസരിച്ച് 18 സംസ്ഥാനങ്ങളിലായി 17 ലക്ഷത്തോളം അംഗങ്ങളുണ്ട്. സേവയുടെ പല പദ്ധതികളും ദേശീയ തലത്തില്‍ ശ്രദ്ധ നേടികൊണ്ടിരിക്കുകയാണ്. ആക്കൂട്ടത്തില്‍പ്പെട്ടതാണ് ഉത്തരാഖണ്ഡിലെ ഹോം സ്‌റ്റേ പദ്ധതി.

സേവ ഭാരതിന്റെ എസ്.ഇ.എ അനുപ്രിയ, ഹോം സ്‌റ്റേ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ള ബഗവതി ബെഹന്റെ വീട്ടില്‍

സേവ ഭാരതിന്റെ സോഷ്യല്‍ എന്റര്‍പ്രൈസ് അസോസിയേറ്റ് അനുപ്രിയ എസ്, 'സേവ അതിഥി - ഹോം സ്‌റ്റേ - സോഷ്യല്‍ എന്റര്‍പ്രൈസ് ഇന്‍ ഉത്തരാഖണ്ഡ് ' (SEWA Atithi - Homestay - Social enterprise in Uttarakhand) എന്ന തങ്ങളുടെ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചത് ഇങ്ങനെയാണ്,
'2010 മുതലാണ് സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ച് സേവ ഭാരത് ഉത്തരാഖണ്ഡില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. തുടക്കത്തില്‍ സ്ത്രീകളുടെ കാര്‍ഷിക കൂട്ടായ്മ പോലെയുള്ള കാര്യങ്ങളില്‍ നിന്നും ഇപ്പോള്‍ സംസ്ഥാനത്തെ ഗ്രാമീണ മേഖലയിലെ സ്ത്രീകള്‍ക്ക് തൊഴിലും സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്ന പദ്ധതിയിലേക്ക് എത്തിയിട്ടുണ്ട്. ഉത്തരാഖണ്ഡിലെ ഭൂരിഭാഗം കുടുംബങ്ങളിലെ ആളുകളും മറ്റ് സംസ്ഥാനങ്ങളില്‍ ജോലിക്ക് പോകുന്നവരാണ്. അതായത് പ്രവാസികള്‍.. ഇവിടെയുള്ള സ്ത്രീകളുടെ ഉപജീവന മാര്‍ഗ്ഗങ്ങള്‍ പ്രധാനമായും കൃഷിയും കന്നുകാലി വളര്‍ത്തലുമായി ബന്ധപ്പെട്ടതാണ്. കൃഷിയില്‍ നിന്ന് അവര്‍ക്ക് ലാഭം ഒന്നും കിട്ടുന്നില്ല. കോവിഡ് സാഹചര്യവും എത്തിയപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലായിട്ടുണ്ട്. ഈ അവസ്ഥയില്‍ വേറെ ഒരു വരുമാനം അവര്‍ക്ക് വേണമെന്ന് നിലയിലേക്ക് ചിന്തിച്ചപ്പോള്‍ എത്തിയ ആശയമാണ് കമ്മ്യൂണിറ്റി ബേസ്ഡ് ടൂറിസവും അതിനോട് ചേര്‍ത്തുള്ള 'ഹോം സ്‌റ്റേ' എന്ന പദ്ധതിയും. കുടുംബാംഗങ്ങളിലെ പലരും പ്രവാസികളായതിനാല്‍ പലപ്പോഴും ഇവരുടെ വീടുകളിലെ ഒരു മുറി ഒഴിഞ്ഞ് കിടക്കുകയുമാണ്. ഇവിടെ എത്തുന്ന ടൂറിസ്റ്റുകള്‍ക്ക് ഈ ഗ്രാമീണ വീടുകളിലെ ഒഴിഞ്ഞ കിടക്കുന്ന മുറികള്‍ താമസത്തിന് നല്‍കുക (ചെറിയ വാടകയില്‍). കൂട്ടത്തില്‍ അതിഥികള്‍ക്ക് വേണ്ട ഭക്ഷണം (പ്രാദേശികമായ) മറ്റ് സൗകര്യങ്ങള്‍ എല്ലാം ഒരുക്കുക. അതുവഴി അവര്‍ക്ക് ചെറിയൊരു വരുമാനം ലഭ്യമാക്കുക. ഇതാണ് പദ്ധതി.'
'ഹോം സ്‌റ്റേ' പദ്ധതിയിലേക്ക് സേവയെ നയിച്ചതിന് മറ്റൊരു കാരണം കൂടിയുണ്ട്. ഉത്തരാഖണ്ഡിന്റെ പാരമ്പര്യങ്ങളും പൈതൃകങ്ങളും ഒക്കെ നഷ്ടമാവുന്ന തരത്തിലേക്ക്, സാമ്പത്തിക നിലനില്‍പ്പിനും മറ്റുമായി തദ്ദേശവാസികള്‍ സ്ഥിരമായി പ്രവാസത്തിലേക്ക് എത്തുന്നു എന്നതാണ് അത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രീവേന്ദ്ര സിംഗ് റാവത്ത് 2017-ല്‍ റൂറല്‍ ഡെവലപ്പ്‌മെന്റ് ആന്‍ഡ് മൈഗ്രേഷന്‍ കമ്മീഷനെ നിയമിച്ചിരുന്നു. തുടര്‍ന്ന് 2018-ല്‍ കമ്മീഷന്‍ സമര്‍പ്പിച്ച സര്‍വേ റിപ്പോര്‍ട്ടില്‍ ഉത്തരാഖണ്ഡിലെ പ്രവാസികളുടെ കണക്ക് ഞെട്ടിക്കുന്നതാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ സംസ്ഥാനത്തെ 3,946 ഗ്രാമപഞ്ചായത്തുകളില്‍ നിന്ന് 1,18,981 ആളുകള്‍ സ്ഥിരമായി പ്രവാസികളായി എന്നാണ് കണക്ക്. തീര്‍ന്നില്ല, 6,338 ഗ്രാമപഞ്ചായത്തുകളില്‍ നിന്നായി 3,83,726 പേര്‍ താല്‍ക്കാലികമായി പ്രവാസികളായി മാറി. യുവാക്കളാണ് കൂടുതലും പ്രവാസികളാവുന്നത്. ആകെ പ്രവാസികളിലെ 42% ആളുകളും 26 നും 35 നും ഇടയില്‍ പ്രായമുള്ളവരാണ്. 29% പേര്‍ 35 വയസ് കഴിഞ്ഞവരും 28% പേര്‍ 25 വയസിന് താഴെയുള്ളവരുമാണ്. പ്രധാനമായും തൊഴില്‍ തേടിയാണ് ഇവര്‍ നാട് വിട്ട് കുടിയേറിപ്പാര്‍ക്കുന്നത്. സംസ്ഥാനത്തിന്റെ കാര്‍ഷിക സംഭാവന അതായത് ആഭ്യന്തര കൃഷി ഉത്പാദനം ഏകദേശം 22.4% ആണ്. കാര്‍ഷിക മേഖലയെ ആശ്രയിച്ചുള്ള ജനസംഖ്യ 75-85% ആണ്. ഉപജീവനമായ കൃഷി കുറഞ്ഞതും, കുറഞ്ഞ ഉപജീവന അവസരങ്ങളും കാരണം ജനങ്ങളുടെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ സാധിക്കാതായതാണ് നഗരത്തിലേക്കുള്ള കുടിയേറ്റം വര്‍ധിപ്പിക്കാന്‍ ഇടയായത്. പ്രദേശത്തെ സമ്പന്നമായ ഭൂപ്രകൃതി ടൂറിസ്റ്റുകള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച് ടൂറിസത്തിലൂടെ ഗ്രാമീണ സ്ത്രീകള്‍ക്കും അവരിലൂടെ കുടുംബങ്ങള്‍ക്കും സാമ്പത്തിക ഉന്നമനം നേടാനും 'ഹോം സ്‌റ്റേ' പദ്ധതിയിലൂടെ സാധിക്കുമെന്നാണ് സേവ ഭാരത് പ്രതീക്ഷിക്കുന്നത്.

ഉത്തരാഖണ്ഡിലെ അല്‍മോറ, രുദ്രപ്രയാഗ് ജില്ലകളിലെ പ്രദേശങ്ങളിലാണ് ഈ പദ്ധതി ആദ്യഘട്ടമായി അവതരിപ്പിച്ചിരിക്കുന്നത്. നിലവില്‍ ഇരുപതിനും അന്‍പതിനും ഇടയിലുള്ള 15 സ്ത്രീകളാണ് പദ്ധതിയില്‍ പങ്കുചേര്‍ന്നിരിക്കുന്നത്. ഇവര്‍ കൃഷി, കാലിവളര്‍ത്തല്‍ തുടങ്ങിയ ചെറിയ തൊഴിലുകളുമായി ഒക്കെ ജീവിക്കുന്നവരാണ്. ഹോം സ്‌റ്റേ പദ്ധതിയില്‍ തയ്യാറാവുന്നവര്‍ക്ക് കമ്മ്യൂണിറ്റി ബേസ്ഡ് ടൂറിസത്തിലും അനുബന്ധ കാര്യങ്ങളിലും അവരുടെ സമീപത്ത് തന്നെ പരിശീലനം നല്‍കുന്നുണ്ട് സേവ ഭാരത്. ഈ ആശയം സ്ത്രീ ശാക്തീകരണത്തിനും, ലിംഗഭേദം കല്‍പിക്കാതെ മികച്ച സാമ്പത്തിക സ്ഥിരതയും വാഗ്ദാനം ചെയ്യുന്നു. തദ്ദേശവാസികളുടെ കരകൗശല വസ്തുക്കളുടെ വിപണന സാധ്യത തുറക്കുകയും പ്രാദേശിക സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. ആസൂത്രണത്തിലൂടെയും ഉത്തരവാദിത്തത്തോടെയും സമൂഹത്തില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, സുസ്ഥിരതയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ആശയങ്ങളും തന്ത്രങ്ങളും സമന്വയിപ്പിച്ച് ഈ മേഖലയെ വികസിപ്പിക്കുക തുടങ്ങിയവയും ലക്ഷ്യമാണ്. ഗ്രാമീണ സാംസ്‌കാരിക അനുഭവം ആഗ്രഹിക്കുന്നവര്‍ക്ക് ഇത് അനുയോജ്യമായ ഇട
മാണ്
. കാര്‍ഷിക-ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് ഈ ആശയം. ഇവിടെ സഞ്ചാരികള്‍ക്ക് പങ്കുചേരാനും അവസരമുണ്ട്. കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ പഠിക്കുക, ഫാം ടു പ്ലേറ്റ് പ്രക്രിയ മനസ്സിലാക്കുക, പരിചയമില്ലാത്ത മറ്റൊരു വീട്ടില്‍ താമസിക്കുക എന്ന സാഹസികത തുടങ്ങിയവയെല്ലാം ഇതിലൂടെ സാധ്യമാകുന്നു.
കൃഷിയും കാലി വളര്‍ത്തലും തൊഴിലായി സ്വീകരിച്ചിട്ടുള്ള ബസോളിയിലെ മഞ്ജു പാണ്ഡേ മൂന്ന് വര്‍ഷമായി സേവയുടെ കൂടെയുണ്ട്. സേവയോടൊപ്പം പല തരത്തിലുള്ള ജോലികളിലും പദ്ധതികളിലും ഭാഗമായിട്ടുള്ള മഞ്ജു ബഹന്‍ 'ഹോം സ്‌റ്റേ' അനുഭവത്തെക്കുറിച്ച് പറഞ്ഞത്,
'കൂടെയുള്ള പല സഹോദരിമാരെയും (സേവയില്‍ അംഗങ്ങളായിട്ടുള്ള മറ്റ് സ്ത്രീകള്‍) സഹായിക്കാന്‍ സാധിച്ചിട്ടുണ്ട്. തിരിച്ചും സഹായം ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ സേവ, ഉത്തരാഖണ്ഡ് സര്‍ക്കാരുമായി ചേര്‍ന്ന് ഹോം സ്‌റ്റേ പദ്ധതി അവതരിപ്പിച്ചപ്പോള്‍ അതിലും പങ്കുചേര്‍ന്നു. കൃഷിയിലും കാലി വളര്‍ത്തലിലും ഒന്നും കാര്യമായ പ്രയോജനം ലഭിക്കുന്നില്ല. പല കാരണങ്ങള്‍ കൊണ്ട് വീട് വിട്ട് നിന്ന് അധികം ദൂരത്തേക്ക് ജോലിക്ക് പോവാന്‍ കഴിയില്ല. കൂടെയുള്ള സഹോദരിമാര്‍ പറഞ്ഞിട്ടാണ് ഒരു അതിഥിക്ക് വീട്ടില്‍ ഇടം കൊടുത്തത്. ആദ്യം അവര്‍ക്കും (അതിഥികള്‍) ഞങ്ങള്‍ക്കും അത് ഒരു നല്ല ആശമായി തോന്നിയില്ല.. പക്ഷെ അവര്‍ ഞങ്ങടെ കൂടെ കൂടുകയും ഞങ്ങളുടെ കാര്യങ്ങളില്‍ പങ്ക് ചേര്‍ക്കുകയും ചെയ്തപ്പോള്‍ അവരും ഞങ്ങളും സന്തോഷത്തിലായി.. ഒടുവില്‍ അവര്‍ പോയത് വീണ്ടും വരുമെന്ന് പറഞ്ഞാണ്. കൂടെയുള്ള പല ബഹന്മാരും ഇതുപോലെ ഹോം സ്‌റ്റേക്ക് വീടുകള്‍ കൊടുത്തിട്ടുണ്ട്. സാന്‍വാലി, ഹഡവാലി, താക്കുള തുടങ്ങിയ സ്ഥലങ്ങളിലുള്ള സഹോദരിമാരും വീടുകള്‍ കൊടുക്കാന്‍ താല്‍പര്യം അറിയിച്ചിട്ടുണ്ട്. എല്ലാവരെയും സ്വാഗതം ചെയ്യുന്നു.. ഞങ്ങളുടെ അടുത്ത് പുരാതനമായ ഗര്‍നാദ് ക്ഷേത്രമുള്‍പ്പടെയുള്ള ഇടങ്ങളുണ്ട്. നദികളും, നല്ല ഭംഗിയുള്ള മലനിരകള്‍ നിറഞ്ഞ പ്രകൃതിയുണ്ട്. കഴിക്കാന്‍ റൊട്ടിയും സബ്ജിയും ഞങ്ങടെ കൃഷിയിടത്തില്‍ വിളയുന്ന കക്കടി, ചോളം, ഹല്‍ദി (മഞ്ഞള്‍), ആലൂ (ഉരുളക്കിഴങ്ങ്), ഛന്ന (കടല), ദാല്‍ (പരിപ്പ്) ഒക്കെയുണ്ട്.. നിങ്ങളെ ഒക്കെ ഞങ്ങളുടെ വീട്ടിലേക്ക് ക്ഷണിക്കുകയാണ്.'

ഈ സാമൂഹിക സംരംഭം ഒരു ശ്രമമാണ്, വിനോദസഞ്ചാരികള്‍ക്ക് ഗ്രാമീണ മേഖല എല്ലാ അര്‍ത്ഥത്തിലും മികച്ച അനുഭവമാക്കാനുള്ള ഒരു അവസരമാണെന്നാണ് അനുപ്രിയ വ്യക്തമാക്കുന്നത്. അനുപ്രിയ സേവയുടെ പദ്ധതിക്കുറിച്ച് പറഞ്ഞു നിര്‍ത്തിയത് ഇങ്ങനെയാണ്
'ആത്യന്തികമായ ലക്ഷ്യം പ്രദേശവാസികള്‍ക്ക് ഇതര ഉപജീവന മാര്‍ഗ്ഗങ്ങള്‍ തുറക്കുക, കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുക എന്നതാണ്. ലക്ഷ്വറിയസ് ടൈപ്പിലുള്ള താമസമല്ല ഇവിടെ ഒരുക്കുന്നത്. തികച്ചും ഗ്രാമീണ അന്തരീക്ഷത്തിലെ ലളിതമായ സൗകര്യങ്ങളോട് കൂടിയ വൃത്തിയുള്ള സമാധാനപൂര്‍ണമായ താമസയിടങ്ങളാണ് സേവ-യുമായി ചേര്‍ന്ന് ഈ കുടുംബങ്ങള്‍ ഒരുക്കുന്നത്. ബഗവതി ബഹനെ പോലെ, മഞ്ജു ബഹനെപോലെ അതിഥികളെ കാത്തിരിക്കുന്ന ഒട്ടേറെ ബഹന്മാരെ ഇപ്പോള്‍ ഇവിടെ കാണാന്‍ കഴിയും. അവരുടെ വീടിന്റെ ഒരു മുറി നമ്മുക്ക് വേണ്ടി അവര്‍ നല്ല രീതിയില്‍ ഒരുക്കി തരും. ഏറ്റവും സന്തോഷത്തോടെ..'
*ഹോം സ്‌റ്റേക്ക് ബന്ധപ്പെടാം: 8921077404, sewaatithi@sewabharat.org
*Photos - Team SEWA


Next Story

Related Stories