TopTop
Begin typing your search above and press return to search.

മുഗള്‍ രാജക്കന്മാര്‍ കുടുംബത്തോടൊപ്പം കഴിഞ്ഞ, ചുവന്ന കല്ലുകള്‍ കൊണ്ട് പണിതുയര്‍ത്തിയ ആ കോട്ടയിലേക്ക്...

മുഗള്‍ രാജക്കന്മാര്‍ കുടുംബത്തോടൊപ്പം കഴിഞ്ഞ, ചുവന്ന കല്ലുകള്‍ കൊണ്ട് പണിതുയര്‍ത്തിയ ആ കോട്ടയിലേക്ക്...

ജയ്പൂരില്‍ നിന്നും ആഗ്രയിലേക്ക് തീവണ്ടി കയറിയത് താജ്മഹല്‍ കാണാനായിരുന്നു. ശ്രീകൃഷ്ണന്‍ ജനിച്ചു വളര്‍ന്ന മധുര വൃന്ദവനവും കണ്ടു, ഡല്‍ഹിക്ക് പോകാനായിരുന്നു ആ യാത്രയിലെ പ്ലാന്‍. കുടുംബത്തോടൊപ്പമായിരുന്നു യാത്ര. പുലര്‍ച്ചെ മൂന്നരക്ക് ആഗ്ര ഫോര്‍ട്ട് സ്‌റ്റേഷനില്‍ ട്രെയിന്‍ ഇറങ്ങി. മരം കോച്ചുന്ന തണുപ്പില്‍ ഓട്ടോറിക്ഷയില്‍ കയറി ബുക്ക് ചെയ്ത ഓയോ റൂമിലേക്ക് പോകുമ്പോഴാണ് ഓട്ടോക്കാരന്‍ പറഞ്ഞത് ഇന്ന് വെള്ളിയഴ്ച്ചയല്ലേ താജ്മഹല്‍ അവധി ആണ് എന്ന്. 'അയ്യോ പെട്ടുപോയല്ലോ' എന്ന് കരുതിയപ്പോള്‍ ഓട്ടോക്കാരന്റെ വക പരിഹാരവും എത്തി, 'ഇന്ന് വേണമെങ്കില്‍ നിങ്ങള്‍ക്ക് ഫത്തേപ്പൂര്‍ സിക്രി കാണാം' എന്നായിരുന്നു അത്. ഹോട്ടല്‍ റൂമില്‍ ചെന്ന് നാലു മണിക്കൂര്‍ ഉറങ്ങി എണീറ്റ് ഫ്രഷ് ആയി ടാക്‌സിയില്‍ നേരെ പിടിച്ചു ഫത്തേപ്പൂര്‍ സിക്രിയിലെക്ക്.

ആഗ്രയില്‍ നിന്നും ഏകദേശം 40 കിലോമീറ്റര്‍ അകലെയാണ് മുഗള്‍ ചക്രവര്‍ത്തിയായ അക്ബര്‍ പണിത ഫത്തേപ്പൂര്‍ സിക്രിയെന്ന നഗരം. ടൂറിസ്റ്റ് സ്‌പോട്ടില്‍ നിന്നും ഗവര്‍ന്മെന്റ് വക ഷട്ടില്‍ സര്‍വീസ് നടത്തുന്ന ബസ്സില്‍ ഒരാള്‍ക്ക് പത്തു രൂപ ടിക്കറ്റ് കൊടുത്താണ് ഞങ്ങള്‍ മുഗള്‍ സാമ്രാജ്യാധിപധികളായ അക്ബറും ജഹാംഗീറും എല്ലാം ഭരിച്ച, കുടുംബത്തോടൊപ്പം കഴിഞ്ഞ, ചുവന്ന കല്ലുകള്‍ കൊണ്ട് പണിതുയര്‍ത്തിയ ആ മേടകളിലെക്ക്... രാജസഭകളിലെക്ക്... അകത്തളങ്ങളിലേക്ക്... അന്തപുരങ്ങളിലെക്ക്... ഖബര്‍സ്ഥാനുകളിലെക്ക് ചെന്നെത്തിയത്.


കൂറ്റന്‍ മതില്‍ കെട്ടുകള്‍ക്ക് പുറത്ത് ടിക്കറ്റ് എടുക്കാനും ചെക്കിങ്ങിനുമായി കാത്ത് നിന്നപ്പോഴേക്കും കുറെ ഒദ്യോഗിക ഗൈഡ്മാര്‍ ഞങ്ങളുടെ പിന്നാലെ കൂടി. അതിന്റെ ആവശ്യമൊന്നും ഇല്ല, പൗരണികമായ സഞ്ചാര കേന്ദ്രങ്ങളില്‍ ചരിത്ര ഫലകങ്ങളും കാണുമല്ലോ! അത് നോക്കി വായിച്ചു മനസിലാക്കാം എന്ന് കരുതിയാണ് അകത്തേക്ക് കയറിയത്. നീണ്ടു പരന്നു കിടക്കുന്ന പുല്‍ത്തകിടി, അതിനു ചുറ്റുമായി നിറയെ തൂണുകളുള്ള വരാന്തകള്‍... ചുമരുകള്‍ എല്ലാം കാവി കലര്‍ന്ന ചുവപ്പ് നിറത്തിലാണ്. ജയ്പൂരില്‍ കണ്ട എല്ലാ കെട്ടിടങ്ങള്‍ക്കും ഇതേ നിറമായിരുന്നു. അതുകൊണ്ടാണ് ജയ്പൂര്‍ പിങ്ക് സിറ്റി എന്നറിയപ്പെടുന്നത്. ഇവിടെയും എല്ലാ ചുമരുകളും മതിലുകളും തൂണുകളും മേല്‍ക്കൂരകളും എല്ലാം കാവിച്ചുവപ്പില്‍ തന്നെ. അവിടം കടന്നു അകത്തേക്ക് ചെന്നപ്പോള്‍ ഒന്നിനൊന്നു വേറിട്ട് കെട്ടിയുയര്‍ത്തിയ നിരവധി മന്ദിരങ്ങള്‍ ആണ്.

രാജകീയ പ്രൗഡിയല്ല മുഗള്‍ സാമ്രാജ്യത്തിന്റെ പൗരാണിക തിരുശേഷിപ്പുകള്‍ ആയിരുന്നു അവയെല്ലാം. വലിയ കരിങ്കല്‍ പാകിയ പ്രതലങ്ങളില്‍ കുറച്ചു ദൂരം നടന്നാല്‍ മാത്രമേ അടുത്ത മന്ദിരത്തിലേക്ക് എത്താനാകൂ. വായിച്ചു മനസ്സിലാക്കാന്‍ ഒരു ഫലകം പോലും ഇല്ലെന്നു കണ്ടപ്പോള്‍, പിന്നാലെ വന്ന ഗൈഡിന്റെ സഹായം തേടാമെന്ന് തീരുമാനിച്ചു. നാനൂറ്റന്‍പത് രൂപ പറഞ്ഞത് ഇരുന്നൂറ്റി അന്‍പതാക്കി പേശി. കേരളക്കാരാണെന്ന് മനസ്സിലായപ്പോള്‍ മധ്യ വയസ്‌കനായ ആ ഹിന്ദിവാല ഇടക്ക് തമിഴും മലയാളം വാക്കുകളും ചേര്‍ത്തു ഇംഗ്ലീഷില്‍ വിവരണം തുടങ്ങി.


മുഗള്‍ ചക്രവര്‍ത്തി അക്ബറിന്റെ ഭരണ കാലത്ത് ഫത്തേപ്പൂര്‍ എന്നും സിക്രി എന്നും അറിയപ്പെട്ടിരുന്ന രണ്ടു ഗ്രാമങ്ങളെ യോജിപ്പിച്ച് കൊണ്ട് കെട്ടിപ്പടുത്തതാണ് ഫത്തേപ്പൂര്‍ സിക്രി യെന്ന ഈ കൊട്ടാരം. എങ്കിലും വലിയൊരു കോട്ട മതില്‍ കെട്ടികൊണ്ട് ഈ രണ്ടു ഭാഗങ്ങളെയും ഇവിടെ വേര്‍തിരിച്ചിട്ടുമുണ്ട്. അക്ബറും അദ്ധേഹത്തിന്റെ ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലിം മതവിഭാഗത്തില്‍ പെട്ട മൂന്നു ഭാര്യമാരും മകനുമെല്ലാം താമസിച്ചിരുന്നത് ഇവിടെ സിക്രിയിലാണ്. മതപരമായ കാര്യങ്ങള്‍ക്കു വേണ്ടിയുള്ള സ്ഥലമാണ് ഫത്തേപ്പൂര്‍. ജുമാ മസ്ജിദ്, സൂഫി പ്രവാചകനായിരുന്ന സലിം കിഷ്ടിയുടെ ശവകുടീരം എന്നിവയെല്ലാം ഇവിടെയാണ്. മുഗള്‍ ഭരണത്തിന്റെ പ്രതാപം വിളിച്ചോതുന്ന പ്രവേശന കാവാടമായ ബുലന്ദ് ധര്‍വാജയുടെ പിന്നിലായിട്ടാണ് ഇവയെല്ലാം ഉള്ളത്.

പ്രവേശന പാസ് എടുത്തു കൊണ്ട് എല്ലാവരും കടന്നു ചെല്ലുന്നത് സിക്രിയിലേക്കാണ്. ഒദ്യോഗികമായ സ്വകാര്യ സംഭാഷണങ്ങള്‍ക്കായി അക്ബറും മറ്റുള്ളവരും ചേര്‍ന്നിരുന്നത് ദിവാന്‍ ഐ ഘാസ് എന്ന മന്ദിരത്തിലാണ്. മേല്‍ക്കൂരയുടെ അകവശം മുഴുവന്‍ ചിത്രരചനകളും കൊത്തുപണികളും കൊണ്ട് അലംകൃതമാണ്. നടുവിലുള്ള വലിയ തൂണാണ് ഏറെ ആകര്‍ഷകം. സര്‍പ്പാക്രിതിയിലുള്ള മുപ്പത്തിയാറ് സ്തംഭങ്ങള്‍ ചേര്‍ന്ന ഒറ്റ തൂണ്‍ ആണ് ആ കൊട്ടാര കെട്ടിടത്തെ താങ്ങി നിര്‍ത്തിയിരിക്കുന്നത്. കൂടാതെ പ്രസംഗ പീഠങ്ങള്‍ എന്ന് തോന്നിക്കുന്ന വിധത്തിലുള്ള നിര്‍മിതികളും നാലു കോണുകളില്‍ ഉണ്ട്. മേല്‍ക്കൂരയുടെ ഉള്‍വശം ചുമര്‍ ചിത്രകലകള്‍ കൊണ്ട് അലംകൃതമാണ്. മുഗള്‍ ചരിതവും രജപുത്ര ചരിതവും ഒക്കെയാണെന്ന് തോന്നുന്നു ചിത്രങ്ങളില്‍ സമ്മേളിച്ചിരിക്കുന്നത്. കൊട്ടാരത്തിലെ മിക്ക കെട്ടിടങ്ങളുടെ ഉള്‍ഭാഗത്തും ഇതുപോലുള്ള ചുമര്‍ ചിത്രങ്ങള്‍ കാണാം. ഇതിനോട് ചേര്‍ന്ന് തന്നെ പ്രാര്‍ഥനാ/ നിസ്‌കാര മുറിയായ ഇബാദത്ത് ഖാനയും ഉണ്ട്.


ദിവാന്‍ ഇ ആമാം എന്നറിയപ്പെടുന്ന ദീര്‍ഘ ചതുരാകൃതിയിലുള്ള കെട്ടിടത്തില്‍ വച്ചായിരുന്നു അക്ബറും മറ്റു മുഗള്‍ ചക്രവര്‍ത്തിമാരുമെല്ലാം സഭ കൂടിയിരുന്നത്. പൊതുജനങ്ങള്‍ക്ക് നില്‍ക്കുവനായി വിശാലമായ തുറസ്സായ സ്ഥലം ഇതിന് മുന്നില്‍ തന്നെയുണ്ട്. ഇടതു വശത്ത് മതിലിനോട് ചേര്‍ന്നുള്ള ആ ഭാഗത്ത് വച്ചായിരുന്നു കഠിനമായ തെറ്റ് ചെയ്തവര്‍ക്കുള്ള ശിക്ഷ കൊടുത്തിരുന്നത്. ആനയെ കൊണ്ട് ചവിട്ടി കൊല്ലിക്കല്‍ ആയിരുന്നു അതില്‍ ഏറ്റവും കഠിനം.

അനുപ് തലാവ് എന്നറിയപ്പെടുന്ന ഒരു കുളവും ഈ കൊട്ടാരക്കെട്ടുകളുടെ ഇടയിലയുണ്ട്. വിശാലമായ നടപ്പാതകള്‍ ചുറ്റിനും ഉണ്ട്. എല്ലാ പ്രധാനപ്പെട്ട കൊട്ടാര അകത്തളങ്ങളും ഈ കുളത്തിനുചുറ്റുമായിട്ടാണ് നിര്‍മിച്ചിരിക്കുന്നത്. മഴവെള്ളം സംഭരിച്ചു സൂക്ഷിക്കാനായി രാജാ അനുപ് സിംഗ് സിക്കര്വാര്‍ പണി കഴിപ്പിച്ചത് കൊണ്ടാകണം കുളത്തിന് അനുപ് തലാവ് എന്ന പേര് കൊടുത്തത് എന്ന് തോന്നുന്നു. ഇപ്പോഴും കുളത്തില്‍ നിറയെ വെള്ളമുണ്ടായിരുന്നു. ഇതുപോലെ തന്നെ മറ്റൊരു കുളവും കൊട്ടര മതില്‍ കെട്ടിന് പുറത്തുള്ളതായി ഗൈഡ് ചൂണ്ടി കാണിച്ചു തന്നു. കുളത്തിനടുത്തായുള്ള ഒരു കൊട്ടരക്കെട്ട് ആണ് ഹുജ്ര ഇ അനുപ് തലാവ്. അക്ബറിന്റെ മുസ്ലിം ഭാര്യക്ക് വേണ്ടി പണികഴിപ്പിച്ചതായിരുന്നു ആ മന്ദിരം. അതിന് വലുപ്പം കുറവാണെന്ന് പറഞ്ഞു അവര്‍ തമ്മില്‍ എപ്പോഴും വഴക്കുണ്ടാക്കയിരുന്നത്രേ.


അക്ബറിന്റെ ഹിന്ദു ഭാര്യ രജപുത്ര സാമ്രാജ്യത്തിലെ ആയിരുന്നു. അവര്‍ക്ക് വേണ്ടി നിര്‍മ്മിച്ച മറിയം അജ് ജമാനി പാലസിന് ചുറ്റും ഗുജറാത്തി വാസ്തു വിദ്യയുടെ മാതൃകയില്‍ മുറ്റം നിര്‍മിച്ചിട്ടുണ്ട്. കൂടുതല്‍ സുരക്ഷക്ക് വേണ്ടി ഒരുക്കിയ ഈ കൊട്ടാരവും കുളത്തിനടുത്ത് തന്നെയാണുള്ളത്. കൊട്ടാര നിര്‍മിതികളില്‍ ഏറ്റവും ആകര്‍ഷകമായി തോന്നിയത് പഞ്ച മഹാള്‍ ആയിരുന്നു. അഞ്ചു നിലകളിലായി പണിതിരിക്കുന്ന ഈ രാജകൊട്ടാരത്തിലാണ് അക്ബര്‍ താമസിച്ചിരുന്നത്. താഴത്തെ നിലയെക്കള്‍ വലുപ്പ കുറവിലാണ് മുകളിലേക്കുള്ള ഓരോ നിലയും പണിതിരിക്കുന്നത്. പിരമിഡ് ആകൃതിയില്‍ എന്ന് തന്നെ പറയാം. ഓരോ നിലകള്‍ക്ക് ചുറ്റിനുമായി നിറയെ തൂണുകളും ഉണ്ട്. അഞ്ചു നിലകളിലായി 176 തൂണുകളുള്ള ഒരു സുന്ദരക്കോട്ടാരം.

മന്ത്രിയായിരുന്ന ബിര്‍ബല്ലിന് വേണ്ടി അക്ബര്‍ നിര്‍മിച്ചു കൊടുത്ത വീടും മനോഹരമാണ്. ചരിഞ്ഞു വരുന്ന സൂര്യപ്രകാശം അതെ നിലയില്‍ തന്നെ മേല്‍ക്കൂരയില്‍ പതിക്കത്തക്ക വിധത്തിലാണ് ഈ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. എലെഫന്റ്‌റ് ടവര്‍ എന്നറിയപ്പെടുന്ന ഹിരന്‍ മിനറിനെ കൊട്ടാര മതില്‍ കെട്ടിന് പുറത്ത് കുറെ അകലെയായി കാണാം. ആ വലിയ സ്തംഭത്തിന്റെ മുകള്‍ ഭാഗത്തു നിന്ന് നോക്കിയാല്‍ ഫത്തേപ്പൂര്‍സിക്രിയും അതിനു ചുറ്റുമുള്ള ഗ്രാമങ്ങളും കാണാനാകും. കരിങ്കല്ലില്‍ കൊത്തിയെടുത്ത ആനകൊമ്പുകളാല്‍ അലംകൃതമാണ് ടവറിന് മുകളിലായി നിരീക്ഷണത്തിന് നില്‍ക്കുന്ന ഭാഗം. അക്ബറിന്റെ പ്രിയപ്പെട്ട കൊമ്പനാനയുടെ ഓര്‍മ്മക്കായി പണിതതാണ് ഈ ഹിരന്‍ മിനാര്‍. ചക്രവര്‍ത്തി കടന്നു വരുമ്പോള്‍ അദ്ധേഹത്തിന്റെ മുഗള്‍ രാജകീയ പ്രതാപം വിളിച്ചോതികൊണ്ട് വലിയ ചെണ്ടകൊട്ടി കാഹളം മുഴക്കിയിരുന്ന നൗബറ്റ് ഘാന എലെഫന്റ്‌റ് ടവറിന്റെ അടുത്തു തന്നെ കാണാം.


മൂന്ന് വലിയ മുറികളുള്ള ഖജനാവ് കാണിച്ചു തന്നുകൊണ്ട് ഗൈഡ് പറഞ്ഞത്, ഇതില്‍ ഒരു മുറിയില്‍ നിറച്ചു സ്വര്‍ണ്ണം, ഒരു മുറിയില്‍ വെള്ളി, മറ്റേതില്‍ നാണയങ്ങളും മറ്റു വില പിടിപ്പുള്ള വസ്തുക്കളും മറ്റുമായിരുന്നു സൂക്ഷിച്ചിരുന്നതെന്നാണ്. ചുമരുകളില്‍ നിറയെ ശില്പപ്പണികളും കുഞ്ഞു കുഞ്ഞു ദ്വാരങ്ങളും കാണാമായിരുന്നു. ആ ദ്വാരങ്ങള്‍ എല്ലാം വൈരക്കല്ലുകളും രത്‌നങ്ങളും കൊണ്ടായിരുന്നുവത്രേ അലങ്കരിച്ചിരുന്നത്. ഒരു വാതില്‍ പോലും ഇല്ലാതെ തുറസ്സായി കിടക്കുന്ന ആ ഖജനാവിന്റെ പ്രതാപം വര്‍ണ്ണിച്ചു കൊണ്ടിരുന്നപ്പോള്‍ ഭാവനയില്‍ വിടര്‍ന്ന ആ ഖജനാവ് കണ്ട കണ്ണ് മഞ്ഞളിച്ചു എന്ന് പറയാതെ വയ്യ. യുദ്ധ സമയത്ത് ഇംഗ്ലീഷുകാര്‍ എല്ലാം പിടിച്ചടക്കി കൊണ്ട് പോവുകയായിരുന്നുവത്രേ.

ഇവിടെ കൊട്ടാരമാണ്, അന്തപുരമാണ് എന്നൊക്കെ പറഞ്ഞു കാണിച്ചു തരുന്ന ഒരു കെട്ടിടങ്ങള്‍ക്കും വാതിലുകളോ ജനലുകളോ ഒന്നും ഉണ്ടായിരുന്നില്ല. എല്ലാം യുദ്ധത്തില്‍ നശിച്ചു പോയതും കവര്‍ന്നെടുത്തുകൊണ്ട് പോയതുമാണെന്നുമൊക്കെയാണ് കഥകള്‍ പോലെ ഗൈഡ് പറയുന്നത്. 1803ല്‍ ഇംഗ്ലീഷുകാര്‍ ആഗ്ര പിടിച്ചടക്കുകയും, ഹെസ്ട്ടിംഗിന്റെ ഉത്തരവ് പ്രകാരം സിക്രിയിലെ കൊട്ടാര സ്മാരകങ്ങള്‍ എല്ലാം ഇംഗ്ലീഷുകാര്‍ക്ക് യോജിച്ച രീതിയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തുകയും ചെയ്തു. 1850വരെ അവരുടെ ഔദ്യോഗിക കാര്യങ്ങള്‍ക്കുള്ള കേന്ദ്രമായി ഫത്തേപ്പൂര്‍ സിക്രിയെ ഉപയോഗിക്കുകയുമായിരുന്നു.


ഫത്തേപ്പൂര്‍ സിക്രിയുടെ പകുതിയായ സിക്രി കണ്ടു കഴിഞ്ഞിരിക്കുന്നു. ഇനി കടക്കുന്നത് ഫത്തേപ്പൂരിലെക്കാണ്. അക്ബര്‍ ആദ്യം പണികഴിപ്പിച്ചത് ജുമ മസ്ജിദ് (പള്ളി) ആയിരുന്നു. എ.ഡി.1571 ല്‍. അതിന് അഞ്ച് വര്‍ഷത്തിന് ശേഷമാണ് ഫത്തേപ്പൂരിലേക്കുള്ള പ്രവേശന കാവാടമായ ബുലന്ദ് ധര്വാജ പണിതിട്ടുള്ളത്. 1577ല്‍ ഗുജറാത്ത് വിജയകരമായി പിടിച്ചടക്കിയത്തിന്റെ ഓര്‍മ്മക്കായിട്ടാണ് അക്ബര്‍ ഈ വിജയകവാടം പണിതത്. അന്‍പത്തിയഞ്ച് മീറ്റര്‍ ഉയരത്തില്‍ പണിതിട്ടുള്ളതും അര്‍ദ്ധ വൃത്താകൃതിയിലുള്ള നിരവധി മേല്‍ക്കൂരകളോടെ നിര്‍മിച്ചിട്ടുള്ള ആ ജുമ മസ്ജിദിന് മുന്നില്‍ വളരെ വിശാലമായ നിലത്തു മുഴുവനും മാര്‍ബിള്‍ കല്ലുകള്‍ വിരിച്ചിട്ടുണ്ട്. നൂറുകണക്കിന് തൂണുകളുള്ള വരാന്തയുടെ ഒരു വശത്ത് മാത്രമേ മുറികള്‍ ഉള്ളൂ. മറ്റേ വശം തുറസ്സാണ്. പണ്ട് കാലത്ത് വിവിധോദ്ദേശങ്ങള്‍ക്കായി പണിത ആ മുറികളെല്ലാം ഇപ്പോള്‍ പൊടിയും മാറാലയും പിടിച്ചു കിടക്കുകയാണ്. പലതിലും നിറച്ച് പ്രാവുകള്‍ കൂട്ടത്തോടെ വസിക്കുന്നുമുണ്ട്. അവിടത്തെ ജീവനക്കാരണെന്ന് തോന്നുന്നു ആ പ്രാവുകള്‍ ഒക്കെ ധാന്യ മണികള്‍ വിതറി കൊടുക്കുന്നുമുണ്ടായിരുന്നു. ചില മൂലകളിലായി വിനോദ സഞ്ചാരികളെ ലക്ഷ്യം വച്ചിരിക്കുന്ന ചെറു വാണിഭക്കാരും ഉണ്ട്. ചരടുകള്‍, കുന്തിരിക്കം പുകയ്ക്കാന്‍ ഉപയോഗിക്കുന്ന കൊത്ത് പണികള്‍ ഉള്ള വിവിധ തരം പത്രങ്ങള്‍, കല്ലുമാലകള്‍, വളകള്‍, കീ ചെയിനുകള്‍ അങ്ങനെ പലതും.

ഇരുന്നൂറ്റിയന്‍പത് രൂപ പറഞ്ഞത് കൊണ്ടാകാം ഓടിനടന്നു ചരിത്രം വിശദീകരിച്ച് ഗൈഡ് വേഗം തന്നെ പോയത്. ചുവപ്പുകൊട്ടാരങ്ങള്‍ക്കിടയില്‍ വേറിട്ട നിന്ന ആ വെളുത്ത കൊട്ടാരത്തിലേക്ക് കടക്കാനായിരുന്നു പിന്നീട് ഞങ്ങളുടെ ശ്രമം. ജുമ മസ്ജിദിന്റെ മുറ്റത്ത് തന്നെയായിരുന്നു ആ മാര്‍ബിള്‍ കൊട്ടാരം. മറ്റു സ്ഥലങ്ങള്‍ എല്ലാം കണ്ടു നടന്ന അതെ ഭാവത്തോടെ അങ്ങോട്ട് കടക്കാന്‍ ശ്രമിച്ചപ്പോള്‍, മുസ്ലിം മത വിശ്വസികളല്ല ഞങ്ങള്‍ എന്ന് തോന്നിയതിനാലാകാം ചിലര്‍ ഞങ്ങളെ തടഞ്ഞു. ആണുങ്ങളെ തലയില്‍ തൊപ്പിയിടീച്ചേ അങ്ങോട്ട് കടത്തുന്നുള്ളൂ. ആളുകള്‍ പൈസ വയ്ക്കുന്നതും പച്ച പട്ടു വിരിച്ചിടുന്നതും ചരട് കെട്ടുന്നതും ഒക്കെ കണ്ടു. അത് സൂഫി പ്രവാചകനായിരുന്ന കിഷ്ടിയുടെ ശവകുദീരമായിരുന്നു. അതിനു പുറത്ത് ഇടതു വശത്തായി ചുവപ്പുകല്ലുകളാല്‍ തീര്‍ത്ത 36 ശവകുടീരങ്ങള്‍ വേറെയും ഉണ്ട്. മുഗള്‍ചക്രവര്‍ത്തിയായിരുന്ന ജഹാംഗീറിന്റെ സൈന്യത്തിലെ സൈന്യാധിപനായിരുന്ന ഷെയ്ക്ക് ബദരുദ്ധീന്‍ കിഷ്ടി, ഷെയ്ക്ക് സലിം കിഷ്ടി തുടങ്ങിയ നിരവധി പോരാളികളുടെ ശവകുടീരങ്ങളായിരുന്നു അവയെല്ലാം. അവിടേക്ക് എല്ലാ വിഭാഗത്തില്‍ പെട്ട സഞ്ചാരികളും കടന്നു ചെല്ലുന്നുണ്ടായിരുന്നു.


ഫത്തേപ്പൂര്‍ സിക്രിയില്‍ നിന്നും പുറത്തേക്കിറങ്ങുന്നത് ഒരു വലിയ പ്ലാറ്റ്‌ഫോമിലേക്കാണ്. ഫത്തേപ്പൂര്‍ സിക്രിയുടെ അധീനതയില്‍ പെടുന്ന നാട്ടുരാജ്യങ്ങളെല്ലാം കാണാനും, ശത്രു സൈന്യങ്ങളുടെ അകലെ നിന്നുള്ള വരവ് വേഗത്തില്‍ കാണാനും ആകുന്ന വിധത്തില്‍ കെട്ടിയുണ്ടാക്കിയതാണ് പ്ലാറ്റ്‌ഫോം. അവിടം മുഴുവന്‍ ഇപ്പോള്‍ സന്ദര്‍ശകര്‍ പുറത്തേക്കിറങ്ങുന്നതും നോക്കി ഇരിക്കുന്ന വാണിഭക്കാരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഭക്ഷ്യ വസ്തുക്കളും കൗതുക വസ്തുക്കളും എല്ലാം ഉണ്ട് അവരുടെ മുന്നില്‍. ഭിക്ഷാടാകരും ഒട്ടും കുറവല്ല അവിടെ. കുത്തനെയുള്ള കല്‍പടവുകള്‍ ഓരോന്നായി ഇറങ്ങുമ്പോള്‍ ഫത്തേപ്പൂര്‍ സിക്രി കാണാന്‍ അവിചാരിതമായി ലഭിച്ച ആ നിമിഷങ്ങളെ ഓര്‍ത്ത് സന്തോഷിക്കുകയായിരുന്നു ഞങ്ങള്‍. ഇന്ന് വെള്ളിയാഴ്ചയല്ലായിരുന്നെങ്കില്‍ ആഗ്രയിലെ ആകര്‍ഷണം താജ് മഹല്‍ മാത്രമായിരിക്കും എന്ന ശുഷ്‌കമായ അറിവില്‍ വിശ്വസിച്ചു ഞങ്ങള്‍ മടങ്ങിയേനെ...
ചിത്രങ്ങള്‍: സന്തോഷ് പ്രഭാകര്‍Next Story

Related Stories