Top

സെല്‍ഫി ഭ്രാന്തന്‍മാരും തെരുവ് കഫേകളും കയ്യേറി ഹനോയിലെ ട്രെയിന്‍ സ്ട്രീറ്റ്

സെല്‍ഫി ഭ്രാന്തന്‍മാരും തെരുവ് കഫേകളും കയ്യേറി ഹനോയിലെ ട്രെയിന്‍ സ്ട്രീറ്റ്

ഹനോയിയുടെ 'ട്രെയിൻ സ്ട്രീറ്റി'ലൂടെയുള്ള യാത്ര ഇഷ്ടപ്പെടാത്ത സഞ്ചാരികൾ ഉണ്ടാവില്ല. എന്നാൽ വികസനത്തിന്റെ ഭാഗമായി ആ ഇടുങ്ങിയ തെരുവിലുള്ള കഫേകളെല്ലാം അടച്ചുപൂട്ടാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ. ഹനോയിയുടെ ഓൾഡ് ക്വാർട്ടറിലൂടെ കടകളേയും വീടുകളേയും തൊട്ടു തൊട്ടില്ല എന്ന മട്ടിലാണ് ട്രെയിനുകൾ സഞ്ചരിക്കുക. അതുതന്നെയാണ് പ്രാദേശിക ഭരണകൂടത്തെ ആശങ്കപ്പെടുത്തുന്നതും.

1902-ൽ ഫ്രഞ്ച് കൊളോണിയൽ കാലത്താണ് ഹാനോയി റെയിൽവേ ലൈൻ നിർമ്മിക്കുന്നത്. ഇന്നത് രാജ്യത്തെ പ്രധാന 'സെൽഫി സ്‌പോട്ട്' കൂടിയാണ്. സെൽഫി പ്രിയരേ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന തെരുവായതിനാൽതന്നെ ഇൻസ്റ്റാഗ്രാമിലും ജനനിബിഡമായ ഈ തെരുവ് ഏറെ പ്രശസ്തമാണ്. സെല്ഫിക്കാർ ട്രാക്കു പോലും കയ്യടക്കിയതു കാരണം അടുത്തിടെ ട്രെയിൻതന്നെ വഴി തിരിച്ചുവിടേണ്ടി വന്നിരുന്നു.

പെട്ടന്നു ട്രെയിൻ വരുമ്പോൾ തിരക്കുകാരണം ജനങ്ങൾക്ക് ട്രാക്കിൽ നിന്നും കയറാൻ കഴിയാതെ വന്നതോടെ മൂന്നുതവണ ഹാനോയിയിൽവെച്ച് ട്രെയിൻ അടിയന്തിരമായി നിർത്തേണ്ടി വന്നുവെന്ന് ട്രെയിൻ ഡ്രൈവർ ങ്‌യുഎൻ ഹു നാം പറയുന്നു. സ്ഥിതിഗതികൾ അത്രത്തോളം ഗുരുതരമായ സാഹചര്യത്തിലാണ് ഒക്ടോബർ 12 നകം തെരുവിലുള്ള അനധികൃത കഫേകളെല്ലാം അടച്ചുപൂട്ടാൻ അധികൃതർ ഉത്തരവിട്ടിരിക്കുന്നത്.

ട്രാക്കിനോട്‌ ചേർന്ന് ഔട്ഡോർ ഫുഡ് കൗണ്ടറുകൾ ഇടുന്നതുകൊണ്ടാണ് കഫേകളിൽ ഇത്രമാത്രം ജനത്തിരക്കുണ്ടാകുന്നകുത്. ട്രെയിനിനോട് ചേർന്ന് മനോഹരമായ ഫോട്ടോകൾ ലഭിക്കുവാൻ ആളുകൾ മത്സരമാണ്. 2018 ൽ 15.5 മില്യണ് സഞ്ചാരികളാണ് വിയറ്റ്നാം സന്ദർശിച്ചത്. അതുകൊണ്ടുതന്നെ തെരുവുകൾ കൂടുതൽ സുരക്ഷിതമാക്കേണ്ട ഭാരിച്ച ഉത്തരവാദിത്വത്തിലാണ് അധികൃതർ. 'റെയിൽ‌വേ കഫേകൾ‌ ധാരാളം വിനോദസഞ്ചാരികളെ ആകർഷിക്കുന്നുണ്ടെങ്കിലും അവർ ചില നിയമങ്ങൾ ലംഘിക്കുന്നുമുണ്ടെന്ന്' വിയറ്റ്നാം നാഷണൽ അഡ്മിനിസ്ട്രേഷൻ ഓഫ് ടൂറിസം വൈസ് ചെയർമാൻ ഹ വാൻ സിയു പറഞ്ഞു.


Next Story

Related Stories