ദുബായ് സര്‍ക്കാരിന്റെ രേഖകള്‍ പ്രകാരം ഈ ഫോട്ടോ ദുബായ് ക്രീക്കിന്റെ അറ്റത്തുള്ള ഭാഗത്തിലെ 1936ലെ ഫോട്ടോ ആണെന്ന് കാണുന്നു. ഇപ്പോഴത്തെ ടണല്‍ കഴിഞ്ഞു കടല്‍ എത്താറാവുമ്പോഴാണ് ഈ ഫോട്ടോവിലെ സ്ഥലം എന്നാണ് മനസ്സിലാക്കുന്നത്. ചിത്രത്തില്‍ കാലി ടാര്വീപ്പകള്ക്ക് മുകളില്‍ മരപ്പട്ടിക അടിച്ചു കൂട്ടികെട്ടിയ ഒരു സാധനം കാണുന്നില്ലേ? നമ്മുടെ നാട്ടിലെ ചങ്ങാടം പോലെയുള്ള ഇത് മീന്‍ പിടിക്കാനും മുത്ത് വാരാനും കടലിന്റെ ഉള്ളിലേക്ക് പോകാന്‍ ഉപയോഗിച്ചിരുന്നതാണ്.
പത്തേമാരിയുടെ നടുവില്‍ വലിയൊരു തൂണ് കാണുന്നില്ലേ? ഞാന്‍ യാത്ര ചെയ്തിരുന്ന പത്തേമാരിയിലും ഇങ്ങിനെ തൂണ് ഉണ്ടായിരുന്നു. അത് പണ്ടൊക്കെ അതില്‍ പായ പോലെയുള്ളത് കെട്ടി കാറ്റിന്റെ സഹായത്തോടെ പോകാനുള്ള സംവിധാനം ആയിരുന്നു. പായ്ക്കപ്പല്‍ എന്ന് കേട്ടിട്ടില്ലേ? കാരണം അന്നൊക്കെ മറൈന്‍ എന്ജിന് ആയിട്ടില്ല. പിന്നീട് ഞങ്ങള്‍ യാത്ര ചെയ്യുന്ന സമയത്തുള്ള പത്തേമാരിയില്‍ കിര്ലോസ്കര് (Kirloskar) എന്ജിന് ആയിരുന്നു. അത് എട്ട് സിലിണ്ടര്‍ ഉള്ള ഒറ്റ എന്ജിന് ആയിരുന്നു. എന്തെങ്കിലും പ്രശ്നം എഞ്ചിന് വന്നാല്‍ തത്കാലപരിഹാരമായി ഇത്തരം പായകള്‍ ഉപയോഗിക്കും.
ഫോട്ടോവില്‍ കാണുന്ന ഈ കെട്ടിടങ്ങളുടെ ഇടത്തെ അറ്റത്തെ കെട്ടിടം അന്ന് ദുബായ് ഭരിച്ചിരുന്ന എച്ച്.എച്ച്. ഷെയ്ഖ് സഈദ് ബിന്‍ മക്തൂം ബിന്‍ ഹാശര് ആല്‍മക്തൂമിന്റെ ആയിരുന്നു. ഞാനവിടെ എത്തുമ്പോള്‍ ഈ വീട് കുറച്ചൊക്കെ പുതുക്കി പണിത് മരത്തിന്റെ വലിയ പടിവാതില്‍ (ഗേറ്റ്) ഉണ്ടായിരുന്നു. ഈ ഷെയ്ഖിന്റെ ഭരണകാലത്താണ് ചില പ്രധാന സംഭവങ്ങള്‍ ഉണ്ടായത്.
മുത്ത് പ്രധാന വരുമാനമാര്‍ഗമായിരുന്ന ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ദൈവം തമ്പുരാന് അവരുടെ ക്ഷമയെ പരീക്ഷിക്കാന്‍ ഒരവസരം കൊടുത്തു. ജപ്പാന്‍കാര്‍, കൃത്രിമമുത്ത് (artificial pearl) വികസിപ്പിച്ചെടുത്തു. ഗള്‍ഫിന്റെ പ്രത്യേകിച്ച് ദുബായിയുടെ വരുമാനസ്രോതസ് മൂക്ക് കുത്തിവീണു. പക്ഷെ, അവര്‍ ക്ഷമിച്ചു. പരീക്ഷണങ്ങളില്‍ അവര്‍ വിജയിച്ചു. ദൈവം അവര്‍ക്ക് പെട്രോള്‍ നല്കി. ഫിനിക്സ് പക്ഷിയെപ്പോലെ അവര്‍ കുതിച്ചു.
അത് പോലെ ദുബായ് ഒരു ഫ്രീപോര്‍ട്ട് ആയത് ഈ ഷെയ്ഖിന്റെ കാലത്തിലാണ്. ഇരുപതോ ഇരുപത്തിരണ്ടോ വര്‍ഷമാണ് (മരണം 1944) ഈ ഷെയ്ഖിന്റെ ഭരണം. ഇതിന്നിടയില്‍ ഈ ഷെയ്ഖിന്റെ ഒരു ബന്ധു ഭരണം പിടിച്ചെടുത്തു. അത് മൂന്ന് ദിവസം മാത്രമേ നിലനിന്നുള്ളൂ. യാതൊരു രക്തചൊരിച്ചിലുമില്ലാതെ ഭരണം മടക്കികിട്ടി.
1944ല്‍ ഈ ഷെയ്ഖ് മരണപ്പെട്ട ശേഷം മകന് എച്ച്.എച്ച്. ഷെയ്ഖ് റാശിദ് ബിന്‍ സഈദ് ബിന്‍ മക്തൂം ബിന്‍ ഹാശര് ആല്‍മക്തൂം ഭരണാധികാരിയായി. ലോകജനതക്ക്, പ്രത്യേകിച്ച് മലയാളികള്‍ക്ക് മറക്കാനാവാത്ത ഒരു ഭരണാധികാരിയായിരുന്നു H.H. ഷെയ്ഖ് റാശിദ്. പുഞ്ചിരിയോടെ അല്ലാത്ത ഒരു മുഖം അദ്ദേഹത്തില്‍ ഒരിക്കലും കാണാന്‍ കഴിയില്ല. എപ്പോഴും എല്ലാവരോടും സന്തോഷവാനായിരുന്നു അദ്ദേഹം.