ഷെരീഫ് ഇബ്രാഹിം
ഈ ഫോട്ടോ 1970കളുടെ ഉത്തരാര്‍ദ്ധത്തിലോ 1980കളുടെ പൂര്‍വാര്‍ദ്ധത്തിലോ എടുത്തതാണ്. ദുബായിലെ ഫൂട്ട്പാത്തില്‍ റെഡിമേഡ് ഡ്രെസ്സുകള്‍ വില്‍ക്കുന്ന തദ്ദേശീയ അറബി സ്ത്രീകള്‍. ഈ ഫോട്ടോ കാണുമ്പോള്‍ 1970കളില്‍ (അമ്പത് വര്‍ഷം, അര നൂറ്റാണ്ട് മുമ്പ്) ഞാന്‍ നേരിട്ട് കണ്ട ഒരു സംഭവം ഓര്മ വരുന്നു. ഒരു അറബി സ്ത്രീയുടെ കാര്‍ മലയാളി ഡ്രൈവര്‍ ഓടിക്കുന്നു. കാര്‍ മുഴുവനും കൂളിംഗ് ഫിലിം ഒട്ടിച്ചിട്ടുണ്ട്. റോഡില്‍ ചെക്കിങ്. അന്നൊക്കെ റൗണ്ട് എബൗട്ടുകള്‍ ആണ്. സിഗ്നല്‍ ആയിട്ടില്ല.
പോലീസ് ഓഫീസര്‍ വണ്ടിയുടെ അടുത്ത് ചെന്നു. ഡ്രൈവര്‍ മുല്‍ക്കിയ (രജിസ്ട്രേഷന് കാര്‍ഡ്) കാണിച്ചു. എന്തോ ചെറിയ പ്രശ്നം. കാരണം മറ്റൊന്നുമല്ല ഡ്രൈവര്‍ക്ക് ലൈസന്‍സ് ഇല്ല. പോലീസ് അവനെ വിടാന്‍ ഭാവമില്ല. പിന്നില്‍ ഇരുന്ന അറബി സ്ത്രീ പലതും പോലീസുകാരനോട് പറയുന്നു. നോ രക്ഷ.. പിന്നെ കണ്ട രംഗമാണ് രസം. ആ അറബി സ്ത്രീ, മുല്‍ക്കിയ വാങ്ങി പോലീസിനെ കുറെ എന്തൊക്കെയോ പറഞ്ഞു ഡ്രൈവറോട് വണ്ടി എടുക്കാന്‍ പറഞ്ഞു. അതൊക്കെ അന്ന് നടക്കും. ഇന്നില്ല.
മറ്റൊരു സംഭവം. അത് 1984ലാണ്, ജോലി ചെയ്യുന്ന ഓഫീസില്‍ ലേബര്‍ ചെക്കിങ്. എന്റെ കൂടെ ജോലി ചെയ്യുന്ന തൃശൂര്‍ പെരിങ്ങോട്ടുകര നളന്ദ ഹൈസ്കൂളിനടുത്തുള്ള അമീറിന് ലേബര്‍ കാര്‍ഡ് ഇല്ല. പോലീസ് അവനെ പൊക്കി. ഞാന്‍ അന്നത്തെ ബോസ് മുഹമ്മദ് ഖലീഫ അല്ഖുബൈസിയോട് ഫോണിലൂടെ വിവരം പറഞ്ഞു. അദ്ദേഹം ഉടനെ ബുത്തീനിലുള്ള ലേബര്‍ ഓഫീസില്‍ എത്തി. എന്ത് പറഞ്ഞിട്ടും അവനെ വിടാന്‍ ഒരുക്കമല്ല. പെട്ടെന്നാണ് ബോസ് അവരുടെ മേശപ്പുറത്ത് ഇരുന്ന് തലയിലെ കയര്‍ ഊരിയത്. ഉടനെ സുഡാനിയായ ക്ലാര്‍ക്ക് പെട്ടെന്ന് എല്ലാം ശരിയാക്കി അമീറിനെ റിലീസ് ചെയ്തു.