TopTop
Begin typing your search above and press return to search.

നൂറ്റാണ്ടുകളായി നടന്നുവരുന്ന ഒട്ടകയോട്ട മത്സരങ്ങള്‍ രാജ്യത്ത് ഉടനീളം വര്‍ധിപ്പിക്കാന്‍ സൗദി

നൂറ്റാണ്ടുകളായി നടന്നുവരുന്ന ഒട്ടകയോട്ട മത്സരങ്ങള്‍ രാജ്യത്ത് ഉടനീളം വര്‍ധിപ്പിക്കാന്‍ സൗദി

കായിക - വിനോദ - സഞ്ചാര മേഖലയില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മികച്ച മാറ്റങ്ങളാണ് സൗദി അറേബ്യയില്‍ കാണാന്‍ കഴിയുന്നത്. ഇപ്പോള്‍ ഇതിന്റെ ഭാഗമായി, രാജ്യത്ത് ഉടനീളം കൂടുതല്‍ ഒട്ടകയോട്ട മത്സരങ്ങള്‍ നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് സൗദി. സൗദി കിരീടാവകാശിയും നിലവിലെ ഉപപ്രധാനമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനാണ് പൈതൃക കായിക വിനോദങ്ങളെയും, വിനോദസഞ്ചാര മേഖലകളെയും ശക്തമാക്കുന്നതിനായി പുതിയ ഉത്തരവിട്ടത്.

അന്താരാഷ്ട്ര സമൂഹത്തെ ലക്ഷ്യമിട്ട്, 1974 മുതലാണ് സൗദി ഭരണകൂടം ഒട്ടകയോട്ട മത്സരമേളകള്‍ സംഘടിപ്പിച്ച് തുടങ്ങിയത്. സൗദി ഉള്‍പ്പടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കായിക വിനോദമാണ് ഒട്ടകയോട്ടം. ഒട്ടകയോട്ട മത്സരങ്ങള്‍ പ്രദേശത്തെ ഇസ്ലാമിക കാലഘട്ടത്തിന് മുമ്പ് തന്നെയുള്ള കായിക വിനോദമായിരുന്നു.
കരുത്തുള്ളതും, വേഗതയേറിയതയും ഭംഗിയുള്ളതുമായ ഒട്ടകങ്ങളെ കണ്ടെത്തുകയെന്നതാണ് മത്സരത്തിലൂടെ ലക്ഷ്യമിടുന്നത്. നല്ല ആരോഗ്യമുള്ള ഒരു മത്സരയോട്ട ഒട്ടക മണിക്കൂറില്‍ 40 കി.മീ വേഗതയില്‍ ഓടും. പ്രത്യേക ഭക്ഷണ ക്രമീകരണങ്ങളോടെയാണ് ഈ ഒട്ടകങ്ങളെ വളര്‍ത്തി പരിശീലിപ്പിക്കുന്നത്. ഈന്തപ്പഴം,പാല്‍, തേന്‍, ഉണങ്ങിയ പുല്ല്, ചോളം തുടങ്ങിയവയാണ് ഈ ഒട്ടകങ്ങളുടെ ആഹാരം.
ദ മിനിസ്ട്രി ഓഫ് സ്‌പോര്‍ട്‌സ് കപ്പ്, ദ സൗദി അറേബ്യന്‍ ഒളിംപിക് കമ്മറ്റി കപ്പ്, സൗദി ക്യാമല്‍ റേസിംഗ് ഫേഡറേഷന്‍ കപ്പ് തുടങ്ങിയ മൂന്ന് ചാമ്പ്യഷിപ്പുകള്‍ ഉള്‍പ്പടെയുള്ള 2020-2021 സീസണിലെ ഒട്ടകയോട്ട മത്സര മേളയുടെ ഷെഡ്യൂള്‍ ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്ന് സൗദി ക്യാമല്‍ റേസിംഗ് ഫേഡറേഷന്‍ അറിയിച്ചിട്ടുണ്ട്.
സൗദി കായിക മന്ത്രിയും ഒളിംപിക്‌സ് കമ്മറ്റി ചെയര്‍മാനുമായ അമാര്‍ അബ്ദുള്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ഫൈസല്‍ രാജ്യത്തിന്റെ പുതിയ നിര്‍ദേശത്തെ സ്വാഗതം അറിയിക്കുകയും നന്ദി പറയുകയും ചെയ്തു. മത്സരമേള സംഘടിപ്പിക്കാന്‍ ആവശ്യമായ സ്ഥലങ്ങള്‍ ഉള്‍പ്പടെയുള്ള സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ ഭരണകൂടം, കായിക മേഖലയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.



Next Story

Related Stories