TopTop
Begin typing your search above and press return to search.

'അങ്ങനെ 1990 മാര്‍ച്ച് എഴിന് ദുബായ് എയര്‍പോര്‍ട്ടില്‍ നിന്നും ഫ്രാങ്ക്ഫര്‍ട്ടിലേക്ക് ജര്‍മ്മന്‍ ഫ്‌ളൈറ്റായ ലുഫ്താന്‍സയില്‍ പുറപ്പെട്ടു'

അങ്ങനെ 1990 മാര്‍ച്ച് എഴിന് ദുബായ് എയര്‍പോര്‍ട്ടില്‍ നിന്നും ഫ്രാങ്ക്ഫര്‍ട്ടിലേക്ക് ജര്‍മ്മന്‍ ഫ്‌ളൈറ്റായ ലുഫ്താന്‍സയില്‍ പുറപ്പെട്ടു

ഷെരീഫ് ഇബ്രാഹിം

അന്നൊരു ദിവസം ജര്‍മ്മന്‍ എംബസിയില്‍ നിന്ന് എനിക്കൊരു കാള്‍ വന്നു. അവിടെത്തെ ഒരു സ്റ്റാഫ് ആയിരുന്നു വിളിച്ചത്. ഷൈഖ് ഹമദിന്റെ കാര്‍ കളക്ഷന്‍സ് ഒന്ന് കാണാന്‍ ജര്‍മ്മന്‍ അംബാസഡറും കുടുംബവും ആഗ്രഹിക്കുന്നത്രേ. ഷൈഖിന്റെ ഒരു പാട് അന്റിക്യു കളക്ഷന്‍സ് കാറുകള്‍ ഒരിക്കലും എയര്‍കണ്ടീഷന്‍ ഓഫ് ചെയ്യാത്ത വിശാലമായ ഹാളില്‍ സൂക്ഷിച്ചിരിക്കുകയാണ്. അതില്‍ 188ല്‍ നിര്‍മിച്ച ഡയാമിലര്‍ ബെന്‍സ് മുതല്‍ ഷൈഖ് നിര്‍മിച്ചെടുത്ത കാറുകളും അമേരിക്കന്‍ മിലിട്ടറി ഉപയോഗിച്ച ജീപ്പുകളും വെള്ളത്തിലും ചതുപ്പിലും കരയിലും ഓടിക്കാവുന്ന ആംഫിറെയ്ഞ്ചര്‍ ജീപ്പും കൂട്ടത്തില്‍ ഷൈഖിന്റെ സ്വന്തമായി പറപ്പിക്കുന്ന ഹെലികോപ്റ്ററും വരെ ഉണ്ട്
ഷൈഖിന്റെ അനുവാദമില്ലാതെ പ്രൈവറ്റ് കാര്‍ കളക്ഷന്‍സ് ഹാള്‍ തുറന്നു കൊടുക്കാന്‍ ബുദ്ധിമുട്ടാണെന്നും ആ സമയത്ത് ഷൈഖ് വിദേശത്താണെന്നും ഭവ്യതയോടെ ആ സ്റ്റാഫിനോട് പറഞ്ഞു മനസ്സിലാക്കി. അന്ന് മൊബൈല്‍ ഫോണിന് ഇന്റര്‍നാഷണല്‍ റോമിംഗ് ആയിട്ടില്ല. അംബാസഡര്‍, ഷൈഖുമായി സാറ്റെലൈറ്റ് ഫോണിലൂടെ ബന്ധപ്പെട്ട് സമ്മതം വാങ്ങിയെന്ന മറുപടിയാണ് സ്റ്റാഫ് എന്നോട് പറഞ്ഞത്. ഒരു മണിക്കൂറിന്നുള്ളില്‍ ബന്ധപ്പെടാം എന്നും പറഞ്ഞു ഞങ്ങള്‍ സംസാരം നിറുത്തി.
ഷൈഖുമായി സാറ്റെലൈറ്റ് ഫോണിലൂടെ ബന്ധപ്പെട്ടപ്പോള്‍ അനുവാദം കിട്ടി. വിവരം അറിയീച്ചതനുസരിച്ചു വൈകിട്ട് അംബാസഡറും പരിവാരങ്ങളും എത്തി. 'ബിരാല് ഇല്ലാത്തിടത്തു കരിപ്പിടി മൂപ്പന്‍' എന്ന് പറഞ്ഞ പോലെയായി ഞാന്‍. കിട്ടിയ അവസരം പാഴാക്കിയില്ല. എല്ലാ വാഹനങ്ങളെ പറ്റിയും വിശദീകരിച്ചു തന്നെ പറഞ്ഞു കൊടുത്തു. എന്തായാലും അദ്ദേഹത്തിന് എന്നെ 'ക്ഷ' പിടിച്ചു എന്നുതോന്നുന്നു. ഷൈഖ് നിര്‍ദേശിച്ച പോലെ അദ്ദേഹത്തിന് ഒരു വിഐപി ട്രീറ്റ്‌മെന്റ് കൊടുത്തു. ഒന്നര, രണ്ടു മണിക്കൂര്‍ കഴിഞ്ഞു അംബാസഡര്‍ പോകുമ്പോള്‍ ഷോകേസില്‍ വെക്കാവുന്ന വളരെ പഴയ മോഡല്‍ ഡയാമലര്‍ ബന്‍സിന്റെ ഒരു മോഡല്‍ തന്നു.
അത് വാങ്ങുമ്പോളും അദ്ദേഹത്തോട് സംസാരിക്കുമ്പോഴും എന്റെ ചിന്ത ആ ജര്‍മ്മനി ഒന്ന് സന്ദര്‍ശിക്കണം എന്നുള്ളതായിരുന്നു.ഷൈഖ് വിദേശത്ത് നിന്ന് തിരിച്ചു വന്നപ്പോള്‍ എന്റെ ആഗ്രഹം നല്ല നേരം നോക്കി പറഞ്ഞു. എന്ത് കാര്യവും നല്ല തമാശകളൊക്കെ കേട്ടിരിക്കുമ്പോള്‍ പറഞ്ഞാല്‍ ഉടനെ സമ്മതിക്കും. അത് പോലെ ആ കാര്യം ഓക്കേ. അംബാസഡറെ നേരിട്ട് ഫോണ്‍ ചെയ്യാന്‍ ഒരു മടി, അദ്ധേഹത്തിന്റെ ഫോണ്‍ നമ്പരുള്ള വിസിറ്റിംഗ് കാര്‍ഡ് തന്നിട്ടുണ്ടെങ്കില്‍ കൂടി. എന്തായാലും കോണ്‍സുലറെ ഫോണ്‍ ചെയ്തു വിഷയം പറഞ്ഞു. അദ്ദേഹം നിര്‍ദേശിച്ചതനുസരിച്ച് പാസ്‌പോര്‍ട്ടും ഫോട്ടോയും കൊടുത്തു. പത്തു മിനിട്ടിന്നുള്ളില്‍ വിസ റെഡി.
പക്ഷെ ഒരു പ്രശ്‌നം. എവിടെ പോകുകയാണെങ്കിലും ആ രാജ്യത്ത് എന്റെ ഒരു ആതിഥേയനോ മറ്റോ ഉണ്ടാവും. ഇത് ഞാന്‍ തനിച്ചു പോകുക എന്നത് ഒരു കീറാമുട്ടിയായി. ഈ വിഷയം ഷൈഖിനോട് പറഞ്ഞാല്‍ യാത്ര പോകേണ്ടെന്നു പറഞ്ഞാലോ. അത് മാത്രമല്ല, ഏതു അന്റാര്‍റ്റികയില്‍ പോകാനും ധൈര്യമുണ്ടെന്നു ഒരിക്കല്‍ ഞാനൊരു കാച്ചു കാച്ചിയിട്ടുള്ളതുമാണ്. ഗതികേട്ടാല്‍ ഷെരീഫ് പുല്ലും തിന്നും. നല്ല സമയം നോക്കി വിവരം പറഞ്ഞു. (അല്ലെങ്കില്‍ തന്നെ എപ്പോഴും വാഹനത്തെപറ്റി മാത്രം ചിന്തിക്കുന്ന ഷൈഖ് ഞാന്‍ പറഞ്ഞതൊക്കെ എങ്ങിനെ ഓര്‍മവെക്കാനാ?). അദ്ദേഹം ഹാംബര്‍ഗില്‍ ഉള്ള ഒരു ഹെല്‍മുത്ത് (രണ്ടാമത്തെ പേര്‍ ഇപ്പോള്‍ ഓര്‍മയിലില്ല) എന്ന ആളുടെ അഡ്രസ് കാര്‍ഡ് തന്നു. സമാധാനമായി.
ഇനി എനിക്ക് എന്തെങ്കിലും പ്രശ്‌നം ഉണ്ടായാല്‍ മാത്രം അദ്ധേഹത്തെ ബന്ധപ്പെടാം എന്ന് കരുതി യാത്രക്കായി ഒരുങ്ങി. മൂന്നു ദിവസത്തെ ലീവാണ് കിട്ടിയത്. അത് സാരമില്ല. ചിലപ്പോള്‍ ഞാന്‍ അബുദാബിയില്‍ നിന്ന് ദുബായില്‍ പോയിട്ട് വരട്ടെ എന്ന് ഷൈഖിനൊട് ചോദിക്കും. അര മണിക്കൂറിനുള്ളില്‍ തിരിച്ചെത്താമെന്നും പറയും. അര മണിക്കൂര്‍ കൊണ്ട് അബുദാബിയില്‍ നിന്ന് ദുബായ്ക്ക് മുമ്പുള്ള ജബല്‍അലിയില്‍ പോലും എത്തുകയില്ലെന്നു ഷൈകിന്നു നന്നായറിയാം. അങ്ങനെ ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറു മാര്‍ച്ച് എഴിന് ദുബായ് എയര്‍പോര്‍ട്ടില്‍ നിന്നും ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടിലേക്ക് ജര്‍മന്‍ ഫ്‌ളൈറ്റായ ലുഫ്താന്‍സയില്‍ പുറപ്പെട്ടു. കാലത്ത് ഒമ്പത് മണിക്ക് പുറപ്പെട്ടു വൈകിട്ട് മൂന്നിന് (ജര്‍മന്‍ സമയം) എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്തു. ഹെല്‍മുത്തിന്റെ വിസിറ്റിംഗ് കാര്‍ഡ് കൈവശം ഉണ്ടെന്നു ഒന്ന് കൂടി ഉറപ്പാക്കി.
എന്റെ ഉദ്ദേശം തന്നെ ജര്‍മ്മനിയിലെ ബെര്‍ലിന്‍ എന്ന തലസ്ഥാനത്തെ മതില്‍ കാണുക എന്നതാണ്. അന്ന് രണ്ടു ജര്‍മ്മനികളാണ് ഉണ്ടായിരുന്നത്. ഫെഡറല്‍ റിപ്പബ്ലിക് ഓഫ് ജര്‍മ്മനിയും കമ്മ്യൂണിസ്റ്റ് അനുഭാവമുള്ള ജര്‍മ്മന്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക്കും. ഇത് ആയിരത്തി തൊള്ളായിരത്തി അറുപത്തിഒന്നിനാണ് നിലവില്‍ വന്നത്. അന്ന് യൂറോപ്പ്യന്‍ യൂണിയന്‍ ആയിട്ടില്ല. അത് വരെ ജര്‍മ്മന്‍ ഒന്നായിരുന്നപ്പോള്‍ ബര്‍ലിന്‍ എന്ന നഗരമായിരുന്നു തലസ്ഥാനം. ജര്‍മനി രണ്ടായപ്പോഴും രണ്ടു ജര്‍മനിയും തലസ്ഥാനമായി തീരുമാനിച്ചത് ബര്‍ലിന്‍ ആയിരുന്നു. ആ ബര്‍ലിന്‍ കിഴക്കേ ജര്‍മനിയുടെ ഉള്ളിലും ആണ്. ബര്‍ലിനെ മുറിച്ചു കിഴക്കന്‍ ബര്‍ലിനും പടിഞ്ഞാറന്‍ ബര്‍ലിനും ആക്കി. അത് വേര്‍തിരിക്കാന്‍ മതില്‍ നിര്‍മിച്ചു. അതാണ് ബര്‍ലിന്‍ മതില്‍. ജര്‍മ്മനി ഒന്നായപ്പോള്‍ ആ മതില്‍ ജനങ്ങള്‍ തന്നെ പൊളിച്ചു. അത് മറ്റൊരു ചരിത്രം. അത് കാണുക എന്നതായിരുന്നു എന്റെ ലക്ഷ്യം.
ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും ഞാന്‍ കയറിയ ഫ്‌ലൈറ്റ് ബര്‍ലിനില്‍ എത്തി. രാത്രി പതിനൊന്നു മണിയായിട്ടുണ്ട്. നല്ല ഉറക്ക, യാത്രാക്ഷീണം. ഒരു ഹോട്ടല്‍ ബുക്ക് ചെയ്യണം. ഹെല്‍മുത്തിനെ ഫോണ്‍ ചെയ്തു. അദ്ദേഹം സ്വിറ്റ്‌സര്‍ലന്‍ഡില്‍ ആണത്രേ. അധികം ദൂരെയല്ലാത്ത ഒരു ഹോട്ടലിലേക്ക് അദ്ദേഹം ഫോണ്‍ ചെയ്തു എല്ലാം അറേഞ്ച് ചെയ്തു. എന്റെ പാസ്‌പോര്‍ട്ടും ക്രെഡിറ്റ് കാര്‍ഡും കൊടുത്തു റൂം കിട്ടി. ലോക്കല്‍ അഡ്രസിന്റെ കോളം ഹോട്ടല്‍ റിസപ്ഷനില്‍ ഹെല്‍മുത്ത് പറഞ്ഞു കൊടുത്തത് കൊണ്ട് എനിക്ക് പണി എളുപ്പമായി. കട്ടിലില്‍ വീണതെ ഓര്‍മയുള്ളൂ. ഹീറ്ററിന്റെ മര്‍മര ശബ്ദം പോലും കേട്ടില്ല.
പിറ്റേന്ന് ബര്‍ലിന്‍ മതില്‍ കാണാന്‍ പുറപ്പെട്ടു. ഒരു ടൂറിസ്റ്റ് ബസ്സിലാണ് യാത്ര. പുറത്ത് മഞ്ഞുമഴ പെയ്യുന്നു. ഞാന്‍ ആദ്യമായാണ് മഞ്ഞുമഴ കാണുന്നത്. ബര്‍ലിനില്‍നിന്ന് എഴുപതു കിലോമീറ്റര്‍ ദൂരമേയുള്ളൂ, മറ്റൊരു രാജ്യമായ പോളണ്ടിലേക്ക്. ഇത്രയും തണുപ്പുള്ള രാജ്യമായിട്ടും ഭൂരിഭാഗം പുരുഷന്മാരും സ്ത്രീകളും സാധാരണ ട്രൗസറും ഷര്‍ട്ടും ആണ് ധരിക്കുന്നത്. ചിലര്‍ പാന്റ് ധരിക്കുന്നു. ഒരു നിമിഷം എന്റെ നാടിനെ ഓര്‍ത്തു. നല്ല ചുട്ടു പൊള്ളുന്ന, ഉഷ്ണമുള്ള (Humidity) വേനല്‍ക്കാലത്ത് പോലും കേരളത്തില്‍ എല്‍കെജിയിലും മറ്റും പഠിക്കുന്ന കൊച്ചുമക്കളെ പാന്റും ടയ്യും ധരിപ്പിക്കുന്നത് എത്ര തെറ്റാണ്. യൂറോപ്പിലുള്ളവര്‍ തണുപ്പ് കാരണം പല കോപ്രായങ്ങളും കാണിക്കും. അവര്‍ തന്നെ കേരളത്തില്‍ വന്നാല്‍ ആ രീതി മാറും. എന്നിട്ടും നമ്മള്‍...?
ഞാന്‍ ബര്‍ലിന്‍ മതിലിന്നടുത്തെത്തി. ഈ മതിലിനപ്പുറം മറ്റൊരു രാജ്യമാണ്, അതും ഈ രാജ്യത്തിന്റെ ഒരു ഭാഗം. അന്ന് ബര്‍ലിന്‍ ചുറ്റിയടിച്ചു കണ്ടു. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ് ഒക്ടോബര്‍ മൂന്നിന് രണ്ട് ജര്‍മ്മനിയും ഒന്നായപ്പോള്‍ ബര്‍ലിന്‍ മതില്‍ ഇരു രാജ്യങ്ങളുടേയും ജനങ്ങള്‍ തന്നെ പൊളിച്ചു മാറ്റുകയായിരുന്നു. പിറ്റേന്ന് രാവിലെയാണ് ഫ്രാങ്ക്ഫര്‍ട്ടിലേക്ക് മടങ്ങിയത്. അവിടെ കൂടുതലൊന്നും കാണാന്‍ നിന്നില്ല, ആകെ പോയത് ഒരു നഗര പ്രദിക്ഷണവും, റൈന്‍ (RHINE) നദിയിലൂടെയുള്ള ഒരു ബോട്ട് സവാരിയും. എനിക്ക് അന്നും ഇന്നും ഏറ്റവും ഇഷ്ടമുള്ള യാത്ര കാറോ ഫ്‌ലൈറ്റൊ അല്ല, മറിച്ചു ബോട്ട് യാത്രയും ട്രെയിന്‍ യാത്രയും ആണ്.
ഇനി മടക്കമാണ്.. ഹെല്‍മുത്തെ നീ എന്റെ മുത്ത് ആണെന്ന് മനസ്സില്‍ പറഞ്ഞു കൊണ്ട് അദ്ദേഹത്തിനോട് ഫോണ്‍ ചെയ്തു പോകുന്ന കാര്യവും നന്ദിയും പറഞ്ഞു. ഹോട്ടലില്‍ തങ്ങേണ്ടി വന്നില്ല. രാത്രി എഴിനുള്ള ഫ്‌ലൈറ്റില്‍, എപ്പോഴും എഴുതാറുള്ളത് പോലെ.. എന്റെ പോറ്റമ്മയുടെ അടുത്തേക്ക്, അബൂദാബിയിലേക്ക്..

Next Story

Related Stories