TopTop
Begin typing your search above and press return to search.

ജയ്പൂര്‍ രാജകൊട്ടാരത്തില്‍ ഡയാനാ രാജകുമാരി തങ്ങിയ മുറിയില്‍ ഒരു രാത്രി അന്തിയുറങ്ങാന്‍ അഞ്ചര ലക്ഷം രൂപ

ജയ്പൂര്‍ രാജകൊട്ടാരത്തില്‍ ഡയാനാ രാജകുമാരി തങ്ങിയ മുറിയില്‍ ഒരു രാത്രി അന്തിയുറങ്ങാന്‍ അഞ്ചര ലക്ഷം രൂപ

ഡയാന രാജകുമാരി, ജാക്വലിന്‍ കെന്നഡി, ബില്‍ ക്ലിന്റണ്‍, ഓപ്ര വിന്‍ഫ്രി ഉള്‍പ്പടെയുള്ള വിശിഷ്ടാതിഥികള്‍ക്ക് മാത്രമായി ആതിഥേയത്വം വഹിച്ച രാജസ്ഥാനിലെ ജയ്പൂര്‍ കൊട്ടാരം ഇതാദ്യമായി എല്ലാ അതിഥികള്‍ക്കുമായി തുറക്കുന്നു. ജയ്പൂരിലെ രാജകുടുംബത്തിന്റെ ആസ്ഥാനവും 300 വര്‍ഷം പഴക്കമുള്ളതുമായ സിറ്റി പാലസ് ആണ് എല്ലാ അതിഥികള്‍ക്കുമായി തുറന്നിരിക്കുന്നിരിക്കുന്നത്. 1729-ല്‍ മഹാരാജ സവായ് ജയ് സിംഗ് രണ്ടാമന്റെ കാലത്താണ് ജയ്പൂര്‍ നഗരവും കൊട്ടാരവും പണികഴിപ്പിച്ചത്. പതിനെട്ടാം നൂറ്റാണ്ടിലെ രജപുത്ര വാസ്തുവിദ്യയുടെ ഏറ്റവും മികച്ച ഉദാഹരണമാണ് സിറ്റി പാലസ്.

സിറ്റിപാലസിലെ ഒരു ഭാഗം മാത്രമാണ് നേരത്തെ സന്ദര്‍കര്‍ക്കും മറ്റും തുറന്ന് നല്‍കിയിരുന്നത്. ജയ്പൂര്‍ രാജവംശത്തിന്റെ വിശിഷ്ടാതിഥികള്‍ക്കും അപൂര്‍വമായി രാജ്യത്തിന്റെ വിശിഷ്ടാതിഥികള്‍ക്കും മാത്രമായി ആതിഥേയത്വം വഹിച്ചു പോന്ന സ്യൂട്ടുകള്‍ ഇപ്പോള്‍ എല്ലാ അതിഥികള്‍ക്കുമായി തുറന്ന് നല്‍കിയെന്ന് കൊട്ടാരത്തിന്റെ അവകാശികളിലൊരാളായ സവായ് പദ്മനാഭ് സിംഗ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. സിറ്റി പാലസിലെ സ്യൂട്ടുകള്‍ ബുക്ക് ചെയ്യാനായി എയര്‍ബണ്‍ബിയില്‍ (

Airbnb

- റൂമുകള്‍ ബുക്ക് ചെയ്യാനും, യാത്രകള്‍ സംബന്ധമായ സേവനങ്ങള്‍ക്കുമുള്ള ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം) സൗകര്യം ഒരുക്കിയിട്ടുണ്ട്.

കൊട്ടാരത്തിലെ ഏറ്റവും സ്വകാര്യമായ ഭാഗത്തുള്ള ചന്ദ്രമഹല്‍ മാളികയിലെ റോയല്‍ സ്യൂട്ടില്‍ രണ്ട് അതിഥികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു കിടപ്പുമുറി, ഒരു സ്വീകരണ മുറി, ഒരു ബാത്ത് റൂം, അടുക്കള, ഉള്ളില്‍ തന്നെ സ്വകാര്യമായിട്ടുള്ള നീന്തല്‍കുളം കൂടാത്തെ രാജകീയമായ വാസ്തുശൈലിയിലെ ചുമരകളും തട്ടുകളും, ഉള്ളില്‍ മനോഹരമായ അലങ്കരിച്ച അറകള്‍, വലുതും വായുസഞ്ചാരമുള്ളതുമായ സ്വീകരണ ഹാളുകള്‍, ക്രിസ്റ്റല്‍ ചാന്‍ഡിലിയേഴ്‌സ്, ഗില്‍ഡഡ് മതില്‍ അലങ്കാരങ്ങള്‍, സങ്കീര്‍ണ്ണമായ കൊത്തുപണികള്‍ എന്നിവ അടങ്ങിയിരിക്കുന്നു. അതിഥികളെ വിമാനത്താവളത്തില്‍ നിന്ന് കൊട്ടാരത്തിലേക്ക് എത്തിക്കുന്നതിനും മറ്റും സ്യൂട്ട് സൗകര്യത്തിലുള്‍പ്പെടും.

രാജകീയ വസതിക്ക് പുറമേ, കൊട്ടാരം പൂന്തോട്ടങ്ങള്‍, പവലിയനുകള്‍, വിശാലമായ മുറ്റങ്ങള്‍, ക്ഷേത്രങ്ങള്‍ എന്നിവ സന്ദര്‍ശിക്കുകയും ഉപയോഗിക്കുന്നതിനോടൊപ്പം വിശാലമായ കൊട്ടാരം സമുച്ചയത്തിലെ അന്താരാഷ്ട്രതലത്തില്‍ അംഗീകാരമുള്ള ഒരു വലിയ മ്യൂസിയമുണ്ട്. അരാവല്ലി കുന്നുകളുടെയും കൊട്ടാരത്തിന്റെയും കോട്ടകളുടെയും മനോഹരമായ കാഴ്ചകള്‍ ആസ്വാദിച്ച് കൊട്ടാരം മട്ടുപ്പാവില്‍ ആധികാരിക രാജസ്ഥാനി ഭക്ഷണം ആസ്വദിക്കാം. ഒപ്പം കൊട്ടാരത്തിലെ സമൃദ്ധമായ പൂന്തോട്ടങ്ങളിലെ മയിലുകളുടെ കൂട്ടത്തില്‍ സമാധാനപരമായി സായഹ്ന സമയം ചിലവഴിക്കാം. കൂടാതെ അവര്‍ക്ക് മാത്രമായി ഒരു സ്വകാര്യ പാചകകാരനുമുണ്ടാകും.

കൊട്ടാരം കാവല്‍ക്കാര്‍ക്ക് തന്നെയായിരിക്കും അതിഥികള്‍ക്കുള്ള സുരക്ഷ ചുമതലയും നല്‍കുക. അതിഥികള്‍ക്ക് ചന്ദ്ര മഹലിലെ അവരുടെ രാജകീയ അറയിലേയിലേക്കും കൊട്ടാരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും പൊതുജനങ്ങള്‍ക്കായി തുറന്നിരിക്കുന്ന സ്വകാര്യ പാതയിലേക്കും പ്രവേശിക്കാന്‍ സാധിക്കും. ഇതൊക്കെ കേട്ടിട്ട് ഒരു ദിവസം അവിടെ തങ്ങണമെന്ന് തോന്നുന്നുണ്ടോ? എന്നാല്‍ ഇതും കൂടി അറിഞ്ഞുകൊള്ളൂ, കൊട്ടാരത്തിലെ റോയല്‍ സ്യൂട്ടില്‍ ഒരു രാത്രി തങ്ങണമെങ്കില്‍ അഞ്ചര ലക്ഷം രൂപയാണ് വാടക. ഇതില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ ഒരു വിഹിതം രാജസ്ഥാനിലെ ഗ്രാമീണ സ്ത്രീകളെയും കരകൗശലത്തൊഴിലാളികളെയും സഹായിക്കുന്നതിനായി ലാഭരഹിത സംഘടനയായ പ്രിന്‍സസ് ദിയ കുമാരി ഫൗണ്ടേഷന് നല്‍കുകയും ചെയ്യും.

സിറ്റി പാലസ്

ജയ്പൂര്‍ നഗരത്തിന്റെ വടക്ക്-കിഴക്കായിട്ട് സ്ഥിതി ചെയ്യുന്ന ഒരു കൊട്ടാരസമുച്ചയമാണ് സിറ്റി പാലസ്. ജയ്പൂരിന്റെ മുന്‍ ഭരണാധികാരികളായിരുന്ന കഛാവ രജപുത്രവംശത്തിന്റെ ആസ്ഥാനമായിരുന്നു ഈ കൊട്ടാരം. ചന്ദ്രമഹല്‍, മുബാരക് മഹല്‍ എന്നീ മാളികകളും മറ്റു വിശേഷനിര്‍മ്മിതികളും ഈ കൊട്ടാരസമുച്ചയത്തിനകത്തുണ്ട്. ചന്ദ്രമഹല്‍ മാളികയുടെ ഒരു ഭാഗം രാജകുടുംബത്തിന്റെ വാസസ്ഥലമായിട്ടാണ് ഉപയോഗിക്കപ്പെടുന്നത്. മുമ്പ് കൊട്ടാരസമുച്ചയത്തിന്റെ ഭാഗമായിരുന്ന ഹവാ മഹല്‍, ജന്തര്‍ മന്തര്‍ എന്നിവ ഇപ്പോള്‍ ഈ കൊട്ടാരത്തിന്റെ അടുത്താണ്.

1729-നും 1732-നും ഇടയിലാണ് ഈ കൊട്ടാരത്തിന്റെ പണിയാരംഭിച്ചത്. ആംബറിന്റെ അന്നത്തെ ഭരണാധികാരിയായിരുന്ന സവായ് ജയ്‌സിങ് രണ്ടാമന്റെ നേതൃത്വത്തിലാണ് കൊട്ടാരത്തിന്റെ രൂപരേഖ തയ്യാറാക്കുകയും ചുറ്റുമതിലുകള്‍ തീര്‍ക്കുകയും ചെയ്‌തെങ്കിലും മറ്റു കൂട്ടിച്ചേര്‍ക്കലുകള്‍, ഇരുപതാം നൂറ്റാണ്ടുവരെയുള്ള ജയ് സിങ്ങിന്റെ പിന്‍ഗാമികളാണ് പൂര്‍ത്തിയാക്കിയത്. കൊട്ടാരത്തിന്റേയും ചുറ്റുമുള്ള നഗരത്തിന്റേയും രൂപകല്‍പ്പന നിര്‍വഹിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത് വിദ്യാധര്‍ ഭട്ടാചാര്യ, സര്‍ സാമുവല്‍ സ്വിന്റണ്‍ ജേക്കബ് എന്നീ വാസ്തുശില്‍പ്പികള്‍ക്കാണ്. ഒരു വാസ്തുശില്പവിദഗ്ദ്ധനായിരുന്ന സവായ് ജയ് സിങ്ങും ഇതില്‍ പങ്കാളിയായിരുന്നു. രജപുത്ര-മുഗള്‍ സമ്മിശ്രശൈലിയിലാണ് ഇവിടത്തെ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്.


Next Story

Related Stories