Top

'ഹെന്‍ലി പാസ്പോര്‍ട്ട് സൂചിക 2019': ഇന്ത്യന്‍ പാസ്പോര്‍ട്ട് ഒരു റാങ്ക് ഇടിഞ്ഞ് 82-ാം സ്ഥാനത്ത്

ഹെന്‍ലി ആന്‍ഡ് പാര്‍ട്‌ണേഴ്‌സ് പുറത്തിറക്കിയ 2019ലെ ആഗോള പാസ്പോര്‍ട്ട് സൂചികയില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ടിന്റെ റാങ്ക് 82-ല്‍ എത്തി. 2018-ല്‍ 81-ാം സ്ഥാനത്തായിരുന്നു ഇന്ത്യന്‍ പാസ്‌പോര്‍ട്ട്. ആഗോള പാസ്പോര്‍ട്ട് സൂചികയെക്കുറിച്ചുള്ള വാര്‍ഷിക റിപ്പോര്‍ട്ട് ഒക്ടോബര്‍ ഒന്നിനായിരുന്നു ഹെന്‍ലി ആന്‍ഡ് പാര്‍ട്‌ണേഴ്‌സ് പുറത്തിറക്കിയത്.

ലോകമെമ്പാടുമുള്ള എല്ലാ രാജ്യങ്ങളുടെയും പാസ്പോര്‍ട്ടുകള്‍ ഹെന്‍ലി ആന്‍ഡ് പാര്‍ട്‌ണേഴ്‌സ് പരിശോധിക്കുന്നുണ്ട്. പുറപ്പെടുന്നതിന് മുമ്പുള്ള വിസ അപേക്ഷയില്ലാതെ ഒരു നിര്‍ദ്ദിഷ്ട രാജ്യത്തിന്റെ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് എത്ര സ്ഥലങ്ങളിലേക്ക് പ്രവേശിക്കാമെന്നതിനെ അടിസ്ഥാനമാക്കിയും മറ്റുമാണ് ഓരോ വര്‍ഷവും ഹെന്‍ലി പാസ്പോര്‍ട്ട് സൂചിക തയ്യാറാക്കുന്നത്.

കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി ഇന്ത്യന്‍ പാസ്പോര്‍ട്ടിന്റെ റാങ്ക് കയറിയും ഇറങ്ങിയുമായിരുന്നു. 2014 മുതല്‍ 2019 വരെ ഹെന്‍ലി പാസ്പോര്‍ട്ട് സൂചികയില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഇന്ത്യയുടെ റാങ്കിംഗും സ്‌കോറും ഇതാണ് - 2014ല്‍ ഇന്ത്യ 76 ആയിരുന്നു. 2015ല്‍ 88ാം സ്ഥാനവും, 2016ല്‍ 85ഉം, 2017ല്‍ 87ഉം, 2018ല്‍ 81 ഉം സ്ഥാനമായിരുന്നു സൂചികയില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന് രേഖപ്പെടുത്തിയിരുന്നത്.

പുറപ്പെടുന്നതിന് മുമ്പുള്ള വിസയില്ലാതെ ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് പ്രവേശിക്കാവുന്ന സ്ഥലങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിട്ടും റാങ്കിംഗില്‍ നേട്ടമുണ്ടാക്കാന്‍ ഇന്ത്യക്ക് കഴിയുന്നില്ല. 2014ലെ ഇന്ത്യയുടെ സ്‌കോര്‍ 52 ആയിരുന്നപ്പോള്‍ 2019ല്‍ ഇത് 59 ആയി ഉയര്‍ന്നു, എന്നിട്ടും റാങ്കിംഗില്‍ വ്യത്യാസമുണ്ടായില്ല.

അതേസമയം 2019-ലെ റാങ്കിംഗില്‍ ഇന്ത്യയുടെ അയല്‍ രാജ്യങ്ങളുടെ സ്ഥാനങ്ങള്‍ ഇങ്ങനെയാണ് - ശ്രീലങ്ക 96ാം സ്ഥാനത്തും ബംഗ്ലാദേശ് 99ാം സ്ഥാനത്തും നേപ്പാള്‍ 101ാം സ്ഥാനത്തും പാകിസ്താന്‍ 104ാം സ്ഥാനത്തുമാണ്.


Next Story

Related Stories