TopTop
Begin typing your search above and press return to search.

ഡബവാലകളുമൊത്തുള്ള ഒരു ട്രെയിന്‍ യാത്ര / ഇന്ദിരയുടെ തീവണ്ടി കഥകള്‍

ഡബവാലകളുമൊത്തുള്ള ഒരു ട്രെയിന്‍ യാത്ര / ഇന്ദിരയുടെ തീവണ്ടി കഥകള്‍

തീവണ്ടി കഥകള്‍ എന്ന പേരില്‍ ഇന്ദിര ഒരു പുതിയ പരമ്ബര തുടങ്ങുകയാണ്. അടുക്കും ചിട്ടയും ഈ പരമ്ബരയില്‍ പ്രതീക്ഷിക്കരുത്. ഇന്ദിരയെപ്പോലെ ലക്കും ലഗാനുമില്ലാതെയായിരിക്കും ഇതിന്റെ യാത്ര. തീവണ്ടി യാത്രകളിലുണ്ടായ അനുഭവങ്ങള്‍ അത് തീവണ്ടിക്കകത്താകാം പുറത്താകാം ചിലപ്പോള്‍ തീവണ്ടിയുമായി നേരിയ ബന്ധമാത്രമാകാം അതാണ് ഈ കഥകള്‍. അതുമാത്രമല്ലാ ചിലപ്പോള്‍ മനസ്സിനുള്ളിലുള്ളതും പുറത്തുമുള്ളതുമായ കാര്യങ്ങളും ഉണ്ടാവാം. ചിലപ്പോള്‍ ഈ കഥകളില്‍ യാത്ര ചെയ്യുമ്ബോള്‍ നിങ്ങള്‍ കാണുക ഇന്ദിരയുടെ വ്യക്തിപരമായ രീതിയിലുള്ള കാഴ്ചപ്പാടുകളായിരിക്കും.

ഒന്നാം ഭാഗം: നഗ്നപാദയായി മുംബൈ മഹാനഗരിയില്‍

ചെരിപ്പ് പോയതിന്റെ വിഷമത്തില്‍ കൂടെയുണ്ടായിരുന്നവര്‍ തന്ന എണ്ണ പലഹാരങ്ങള്‍ കുത്തിക്കയറ്റിയത് പണിയായി. ഒടുക്കത്തെ വയറുവേദന കാരണം രാത്രിയിലത്തെ ഉറക്കം കുളമായി എന്ന് പറഞ്ഞാല്‍ മതിയല്ലോ. ഉറക്കം പോയത് മാത്രമല്ല വിഷമം ലോണാവാല റൂട്ടൊക്കെ കാണാന്‍ എന്തെങ്കിലുമുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ (പാതിരാത്രിയില്‍ എന്തു കാണാന്‍ എന്ന് ചിന്തിക്കാതിരുന്നില്ല). കല്‍ബുര്‍ഗ്ഗി എത്തിയപ്പോള്‍ രണ്ട് മണിക്കൂറോളം ലേറ്റായിരുന്നു. രാത്രി പത്തര കഴിഞ്ഞപ്പോള്‍ സോണാപൂര്‍ എത്തി. വയറുവേദന കാരണം ഉറങ്ങാതെ പുറത്തോട്ടും നോക്കിയിരിപ്പാണ്. ഇടയ്ക്ക് കണ്ണ് അടഞ്ഞുപോകുമ്ബോള്‍ വയറുവേദന വന്ന് വിളിച്ചുണര്‍ത്തും. ഒന്ന് മയങ്ങി വന്നപ്പോള്‍ വലിയൊരു ബഹളം കേട്ടു. കണ്ണു തുറന്ന് നോക്കിയപ്പോള്‍ തമിഴും കന്നഡയുമൊക്കെ പറയുന്ന കുറെ സ്ത്രീകളും പുരുഷന്മാരും വലിയ തലചുമടുകളുമായി സ്ലീപ്പര്‍ ക്ലാസിലേക്ക് കയറുകയാണ്.

കണ്ണുതിരുമ്മി എഴുന്നേല്‍ക്കാന്‍ നോക്കിയപ്പോള്‍ കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞു, എണീച്ചാല്‍ പിന്നെ അവര് സീറ്റില്‍ കയറി ഇരിക്കും പിന്നെ മാറില്ല. അവര് മുംബൈയിലേക്ക് കച്ചവടത്തിന് പോകുന്നവരാണ്. നോക്കിയപ്പോള്‍ ശരിയാണ് അവരുടെ കെട്ടില്‍ കറിവേപ്പിലയും മല്ലിയിലയും പയറും, തക്കാളിയും, കാേേബജും എന്നു വേണ്ട എല്ലാ പച്ചക്കറികളുമുണ്ട്. സീറ്റ് ഉള്ള ഭാഗത്ത് അവര് ചാടിക്കയറി ഇരിക്കുന്നുമുണ്ട്. സ്റ്റേഷന്‍ നോക്കിയപ്പോള്‍ പൂനെ-യാണ്. ആ തിരക്കിലും ഒരു ബുദ്ധിമുട്ടും തോന്നിയില്ല. ഒരു തരം ആവേശമായിരുന്നു, കഥകളിലും സിനിമകളിലും ഒക്കെ കേട്ടിട്ടുള്ള മുംബൈ മഹാ നഗരത്തില്‍ ആദ്യമായി എത്തുകയാണല്ലോ. പിന്നെ ഉറങ്ങിയില്ല. ലോണാവാലയും കല്യാണും ഒക്കെ എത്തിയപ്പോള്‍ കൂടുതല്‍ ആളുകള്‍ ഇടിച്ചുക്കയറി എത്തി. നാലരക്ക് എത്തേണ്ട ട്രെയിന്‍ അരമണിക്കൂര്‍ മാത്രം ലേറ്റായി അഞ്ച് മണിയോടെ മുംബൈ സിഎസ്റ്റിയില്‍ എത്തി. പിന്നെ ട്രെയിനില്‍ നിന്ന് ഇറങ്ങാനുള്ള തത്രപാടിലായിരുന്നു.

ഒരുവിധത്തില്‍ ട്രെയില്‍ ഇറങ്ങിയപ്പോള്‍ അവിടെ അനിയത്തിയുടെ ഒരു സുഹൃത്തിന്റെ സഹോദരന്‍ നമ്മളെയും കാത്തിരിപ്പുണ്ടായിരുന്നു. പുള്ളി യാണ് ഇനി മുംബൈ ഐഐടിയിലേക്ക് നമ്മളെ നയിക്കുന്നത്. സബര്‍ബന്‍ ട്രെയിനുകള്‍ വരുന്ന സ്റ്റേഷനിലേക്ക് പുള്ളി നമ്മളെ കൊണ്ടുപോയി. അപ്പോഴും നമ്മടെ കണ്ണ് സ്‌റ്റേഷന്റെ മട്ടുപാവിലാണ്. എന്തോന്നിത്? കൊട്ടാരമോ.. പഴയ വിക്ടോറിയന്‍ ശൈലിയില്‍ ബ്രിട്ടീഷുകാര്‍ പണിതുവച്ച ബോംബെ സ്റ്റേഷന്‍ (മുംബൈ ഒരു പഞ്ചില്ല) കണ്ട് അന്തംവിട്ടിരിക്കുവാണ്. ഒരുവിധത്തില്‍ ടിക്കറ്റും എടുത്ത് പ്ലാറ്റ്‌ഫോമിലെത്തി. അന്ധേരിക്കാണ് പോകുന്നത്. അവിടെ അടുത്താണ് ഐഐടി (നമ്മളെ ഐഐടിയിലേക്ക് കൊണ്ടുപോകുന്ന ചങ്ങായിക്ക് സ്ഥലം വല്യ പിടിയില്ലെന്ന് പിന്നെ മനസിലായി). ലോകത്തിലെ ഏറ്റവും തിരക്കേറിയ ട്രെയിന്‍ സര്‍വീസായി മുംബൈ സബര്‍ബര്‍ ട്രെയിന്‍ ഉണര്‍ന്ന് തുടങ്ങുന്നതെയുള്ളത്‌കൊണ്ട് കുറച്ച്‌ നേരം പ്ലാറ്റ്‌പോമില്‍ കാത്ത് നിന്നിട്ടാണ് ട്രെയിന്‍ എത്തിയത്.

അങ്ങനെ അന്ധേരി എത്തി. മോഹന്‍ലാലിന്റെ സിനിമയില്‍ പറയുന്ന അണ്ടര്‍വേള്‍ഡ് രാജക്കന്മാരുടെ സ്ഥലം അന്ധേരി മനസില്‍ വന്നത് അങ്ങനെയൊക്കെയാണ്. അവിടെ നിന്ന് ഒരു ഒമ്‌നി വാനില്‍ കയറി ഐഐടി എത്തി. വാതിക്കല്‍ നില്‍ക്കുന്ന തോക്കുധാരികള്‍ക്ക് ഐഡിപ്രൂഫ് ഒക്കെ കൊടുത്ത് റിസ്‌പെഷന്‍ ഏരിയയില്‍ ചെന്ന് താമസിക്കാനുള്ള റൂമും ബാക്കിയുള്ള കാര്യങ്ങളുമൊക്കെ അന്വേഷിച്ചു. ഹോസ്റ്റലില്‍ തന്നെയാണ് റൂം ശരിയാക്കി തന്നത് (ഇരുന്നൂറ് രൂപയ്ക്ക് 1000 രൂപയുടെ സെറ്റപ്പുള്ള റൂം കിട്ടി). ഫുഡും അവിടുത്തെ കാന്റീനില്‍ തന്നെ കിട്ടും. ദക്ഷിണേന്ത്യന്‍ ഭക്ഷണം രണ്ടുമൂന്ന് ഹോസ്റ്റലിലെ (മുംബൈ ഐഐടി ക്യാമ്ബസിനുള്ളില്‍ ഇഷ്ടം പോലെ ഹോസ്റ്റലുകളുണ്ട്) കാന്റീനുകളിലെ കിട്ടൂ. റൂമിലെത്തി ആദ്യം വൃത്തിയായി ഒന്നു കുളിച്ചു. പിന്നെ രണ്ട് മണിക്കൂര്‍ കിടന്നുറങ്ങി. പിന്നെ പോയി ഭക്ഷണം കഴിച്ച്‌, ഇന്റര്‍വ്യൂ ഭാഗത്തേക്ക് അനിയത്തിയെ കയറ്റിവിട്ടിട്ട് ബോംബെ കാണാന്‍ ഇറങ്ങി.

അടുത്തുള്ള സബര്‍ബന്‍ റെയില്‍വെ സ്‌റ്റേഷന്‍ കഞ്ജുര്‍മാര്‍ഗാണ്. അങ്ങോട്ട് തന്നെ പിടിപ്പിച്ചു ആദ്യം. റെയില്‍വെ റോഡില്‍ ഇറങ്ങിയിട്ട് ആദ്യം ചെയ്തത് ഒരു ചെരുപ്പുക്കടയിലേക്ക് കയറുകയായിരുന്നു. ഒട്ടും കുറയ്ക്കാന്‍ പോയില്ല നൂറ്റമ്ബതുരൂപയുടെ ഒരു ചെരുപ്പ് അങ്ങ് വാങ്ങിച്ചു. അതും ഇട്ടോണ്ട് ടിക്കറ്റുമെടുത്ത് പ്ലാറ്റ്‌ഫോമില്‍ കയറി. അറിയാവുന്ന ഭാഷയില്‍ എന്തോക്കയോ പറഞ്ഞ് മുംബൈ സിഎസ്ടിക്കുള്ള പ്ലാറ്റ്‌ഫോം വശത്തില്‍ എത്തി. (അപ്പോ നേരിട്ട് സിഎസ്ടിക്ക് ട്രെയിന്‍ ഉണ്ട്. രാവിലെ അന്ധേരി ഇറങ്ങി കറങ്ങി ഐഐടിയില്‍ എത്തിച്ച ആ സഹോദരന് ഇവിടെ വലിയ പിടി ഒന്നുമില്ലെന്ന് മനസിലായി) ട്രെയിന്‍ വരുന്നത് കണ്ടു പിന്നെ ഇച്ചിരി ബോധം വന്നപ്പോള്‍ കാണുന്നത് ട്രെയിനിന്റെ വാതിലിനിടയിലൂടെ വിക്രോളി സ്‌റ്റേഷന്റെ ബോര്‍ഡാണ്. ഒന്ന് റിവൈന്‍ഡ് അടിച്ചപ്പോഴാണ് സംഭവം മനസിലായത്. ട്രെയിന്‍ വന്നപ്പോള്‍ പുറകില്‍ നിന്ന് ഇരച്ചെത്തിയ യാത്രക്കാര്‍ തള്ളി അകത്ത് കയറ്റിയതാണ്. തിരക്കില്‍ ശ്വാസം വിടാന്‍ കഴിഞ്ഞപ്പോഴാണ് അതുമനസിലായതെന്ന് മാത്രം. സെക്കന്‍ഡുക്കള്‍ക്കൊണ്ട് എത്രായിരം ജനങ്ങളാണ് ഇവിടെ കയറുകയും ഇറങ്ങുകയും ചെയ്യുന്നത്. ഇവിടെ ട്രെയിനില്‍ കയറണമെങ്കില്‍ പോലും പല ആഭ്യാസങ്ങളും പഠിക്കാനുണ്ട് ഭായ്.

ട്രെയിനില്‍ അകത്താണെങ്കില്‍ ഡബ വാലകളുടെ തിരക്കും. ഉച്ചഭക്ഷണ പാത്രം വീടുകളില്‍ നിന്ന് ഓഫീസില്‍ എത്തിക്കുന്ന ഈ ഡബവാലകള്‍ മുംബൈയുടെ മുഖമാണ്. ആസാധ്യമായ കൃത്യതയും വിശ്വാസിയതയുകൊണ്ട് ലോക പ്രസിദ്ധമാണ് മുംബൈയിലെ ഡബവാലകള്‍. ഏതോ മറാത്തി പാട്ടൊക്കെപാടി കൂട്ടംകൂടിയിരുന്നാണ് അവരുടെ യാത്ര. പാട്ടിന് അകമ്ബടിയായി അവരുടെ കൈയിലുള്ള ചെറിയ കൈമണിയില്‍ താളം ഒക്കെ ഇടുന്നുണ്ട്. സംഭവം കളറാണ്. നമ്മടെ ശ്രദ്ധ അതില്‍ അറിയാണ്ട് പെട്ടുപോകും. നമ്മള് ആദ്യമായിട്ട് എത്തിയ 'മദ്രാസി' ആണെന്ന് മനസിലായതുകൊണ്ടാണെന്ന് തോന്നുന്നു ഒരു ഡബവാല വന്ന് പറഞ്ഞു, 'ഞങ്ങളെ ശ്രദ്ധിച്ചോണ്ടിരുന്നാല്‍ നിങ്ങടെ പോക്കറ്റ് ഒക്കെ അടിച്ചോണ്ടുപോകും. ബാഗ് പുറകുവശത്തേക്ക് ഇടാതെ മുന്‍വശത്തേക്ക് ഇടൂ' എന്ന്. ഈ കണ്ട ആളുകള്‍ ലാപ്പ്‌ടോപ്പ് ബാഗ് ഉള്‍പ്പടെ മുന്‍വശത്ത് കങ്കാരു, കുഞ്ഞുങ്ങളെ തൂക്കിയിടുന്നപോലെ നടക്കുന്നത് എന്തിനാണന്ന് അപ്പോഴാണ് മനസിലായത്.

ഡബവാലകളുടെ താളത്തിനൊത്താണ് ട്രെയിന്‍ പോകുന്നതെന്ന് തോന്നിപ്പോയി. ഒടുവില്‍ സ്‌റ്റേഷന്‍ എത്തി. സിഎസ്ടിയില്‍ ഇറങ്ങിയിട്ട് ആദ്യം ചെയ്തത് ആ വിക്ടോറിയന്‍ മാതൃകയിലുള്ള ടെര്‍മിനല്‍ വിശാലമായിട്ട് ഒന്ന് കാണുകയായിരുന്നു. പുറത്തോട്ട് ഇറങ്ങിയപ്പോള്‍ പഴയകാല ബ്രിട്ടീഷുകാരുടെ കെട്ടിടങ്ങളാണ് ശ്രദ്ധയില്‍പ്പെട്ടത്. തൊട്ടടുത്ത ബസ് സ്റ്റാന്‍ഡിലേക്ക് നടന്നു, ലക്ഷ്യം മുംബൈയുടെ താജ്മഹല്‍ എന്ന് വിളിക്കുന്ന ഗേറ്റ്‌വേ ഓഫ് ഇന്ത്യയും താജ് ഹോട്ടലും ഒന്നു കാണുക. ഒരു മറാത്തി ചേട്ടനോട് കാര്യം പറഞ്ഞപ്പോള്‍ നടക്കാനുള്ള ദൂരമെയുള്ളുവെന്ന് പറഞ്ഞു. പിന്നെ ഒന്നും നോക്കിയില്ല നീട്ടിവലിച്ച്‌ അങ്ങ് നടന്നു. ഫുട്പാത്ത് മുഴുവന്‍ കച്ചവടക്കാരുടെ ബഹളമാണ്. ബോംബെ നഗരം കാണാനുള്ള ആവേശത്തില്‍ കൗതുകം തോന്നിയ വഴിയിലൂടെ ഒക്കെ അങ്ങ് നടന്നു. സാധാരണ പത്തിരുപത്ത് മിനുറ്റുകൊണ്ട് നടന്ന് എത്തുന്ന ഗേറ്റ് വേ ഓഫ് ഇന്ത്യയിലേക്ക് എത്തിയത് രണ്ടുമൂന്ന് മണിക്കൂര്‍ എടുത്താണ്.

വഴിയിലുള്ള ലെസിയും കരിമ്ബിന്‍ ജ്യൂസും ഒക്കെ അകത്താക്കി ഒടുവില്‍ എത്തിപ്പറ്റി. അകത്ത് കയറി ഒന്ന് ചുറ്റിയടിച്ചപ്പോ ഒരു പൂതി ബോട്ടിലില്‍ കടലില്‍ കൂടി പോയാലോന്ന്. പിന്നെ ഒന്നും ആലോചിച്ചില്ല, അടുത്ത ബോട്ടില്‍ തന്നെ ഒരു ടിക്കറ്റ് അങ്ങ് ഒപ്പിച്ചു. വല്യ രസം ഒന്നും തോന്നിയില്ല. പിന്നെ ആകെയുള്ളത് കടലില്‍ നിന്നുള്ള ഗേറ്റ് വേ ഓഫ് ഇന്ത്യയുടെയും താജ് ഹോട്ടലിന്റെ കാഴ്ചയുമായിരുന്നു. ബോട്ടിംഗ് കഴിഞ്ഞ് വന്ന ക്ഷീണത്തില്‍ ഗേറ്റ് വേയുടെ പ്രധാന എന്‍ട്രന്‍സിന്റെ വശത്തുള്ള മരചുവട്ടില്‍ വീശാലമായി അങ്ങ് വിശ്രമിച്ചു. ഒരു കരിമ്ബിന്‍ ജ്യൂസും മേടിച്ച്‌ ആ മരതണലില്‍ കുറെനേരം ഇരുന്നിട്ട് പതിയെ താജ് ഹോട്ടലിന്റെ മുമ്ബിലേക്ക് പോയി. അവിടെയിരുന്ന് താജ് ഹോട്ടല്‍ ആകെ ഒന്ന് വീക്ഷിച്ചിട്ട് തൃപ്തി വരാതെ അതിനെ ഒന്ന് വലംവച്ച്‌ നഗരം ഒന്നൂടെ ചുമ്മാതെ ഒന്നു കറങ്ങി.

വീണ്ടും ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ മുമ്ബില്‍ കറങ്ങി തിരിഞ്ഞ് എത്തി. ഇരുട്ടായി തുടങ്ങിയപ്പോ ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ കമാനത്തിലും താജ് ഹോട്ടലുമൊക്ക നല്ല കളറാക്കി ലൈറ്റുകള്‍ കത്തിച്ചിരിക്കുന്നത് കണ്ടു. കടലില്‍ നിന്നുള്ള കാറ്റും ഒക്കെ ആസ്വാദിച്ച്‌ ആ ലൈറ്റിംഗ് ഒക്കെ കണ്ട് കുറെ നേരം ഇരുന്നു. തിരിച്ച്‌ പോകാന്‍ നടക്കാന്‍ ഒരു മടി. അതുകൊണ്ട് റെയില്‍വെ സ്‌റ്റേഷനിലേക്ക് ബസ് പിടിച്ചു. വണ്‍വേ ആയതുകൊണ്ട് താജ് ഹോട്ടലിനെ വലംവച്ചാണ് പോയത് (അപ്പോള്‍ എടുത്ത ചിത്രമാണ് ഫീച്ചര്‍ ഇമേജായി നല്‍കിയിരിക്കുന്നത്). റെയില്‍വെ സ്റ്റേഷന്‍ എത്തിയപ്പോ നല്ല തിരക്ക് ഒരുവിധത്തിലാണ് ടിക്കറ്റ് എടുത്ത് പ്ലാറ്റ് ഫോമില്‍ എത്തിയത്. എങ്ങനെയൊക്കയോ ഒരു ട്രെയിനിന്റെ അകത്ത് കയറിപ്പറ്റി. രണ്ട് സ്റ്റേഷന്‍ കഴിഞ്ഞപ്പോ സീറ്റ് കിട്ടി.

പിന്നെ ചിന്തകളായി. എന്തുമത്രം ജനങ്ങളാണ് ഇവിടെ പരക്കം പായുന്നത്. വല്ലാത്ത ഒരു ലോകം തന്നെ തിരക്കാണെങ്കിലും ബോംബെ നഗരം ന്നായിട്ടങ്ങ് ബോധിച്ചു. പഴയകാല കെട്ടിടങ്ങളും വല്ലാത്ത ഒരു താളമുള്ള ആ തിരക്കും ഒക്കെ അങ്ങ് ഇഷ്ടപ്പെട്ടു. സാധാരണ നഗരങ്ങളോട് വല്യ താല്‍പര്യം ഒന്നും തോന്നാറില്ല. പക്ഷെ അത് പെട്ടെന്ന് തന്നെ മടുത്തു. കാരണം വേറെ ഒന്നുമല്ല പിറ്റേന്ന് വീണ്ടും ഗേറ്റ് വേ ഓഫ് ഇന്ത്യയിലേക്ക് വന്നു. വന്നത് കുറച്ച്‌ 'വെറൈറ്റി'യായിട്ടായിരുന്നു. അതോടെ എല്ലാ നഗരങ്ങളുപോലെ തന്നെയാണ് ബോംബെ നഗരമെന്ന് തോന്നിപ്പോയി. ഒരു ആവേശത്തിന് ചാടിപ്പുറപ്പെട്ട ആ യാത്ര അടുത്ത ലക്കത്തില്‍.

തുടരും..


Next Story

Related Stories