TopTop
Begin typing your search above and press return to search.

മൊബൈലും ടെലഫോണ്‍ ബൂത്തും മേല്‍വിലാസവുമില്ലാതെ ബോംബെ റെയില്‍വെസ്‌റ്റേഷനില്‍ / ഇന്ദിരയുടെ തീവണ്ടി കഥകള്‍

മൊബൈലും ടെലഫോണ്‍ ബൂത്തും മേല്‍വിലാസവുമില്ലാതെ ബോംബെ റെയില്‍വെസ്‌റ്റേഷനില്‍ / ഇന്ദിരയുടെ തീവണ്ടി കഥകള്‍

ബോംബെ ഐഐടിയില്‍ തിരിച്ചെത്തിയപ്പോള്‍ രാത്രിയായി. പിറ്റേന്ന് എങ്ങോട്ട് പോകുമെന്നാണ് നമ്മുടെ ടെന്‍ഷന്‍ അപ്പുറത്ത് അനിയത്തിയുടെ ടെന്‍ഷന്‍ ഇന്റര്‍വ്യു എന്താകുമെന്നും.. പിറ്റേന്ന് രാവിലെ അനിയത്തിയെ ഇന്റര്‍വ്യു ഹാളില്‍ എത്തിച്ച ശേഷം റോഡില്‍ ഇറങ്ങി പതിയെ നടന്നു. സബ്‌അര്‍ബന്‍ ട്രെയിന്‍ പിടിക്കാന്‍ കഞ്ജുമാര്‍ഗ് സ്റ്റേഷനില്‍ പോകാമെന്ന പദ്ധതി അങ്ങ് മാറ്റി. അടുത്ത ബസ് സ്റ്റോപ്പിലേക്ക് കയറി അങ്ങ് നിന്നു. ബസ് യാത്രയാണ് ലക്ഷ്യം. ഈ പറയുന്നപോലെ ബോംബെ (മുംബൈ) നഗരത്തിന്റെ തിരക്ക് ഒന്ന് അറിയണമല്ലോ? എന്തായാലും അത് വല്ലാത്ത ഒരു അറിവായിപ്പോയി. ബസിന്റെ ബോര്‍ഡ് ഒന്നും ഹിന്ദിയിലല്ല മറാത്തിയിലാണ്. ബസിന്റെ നമ്ബര്‍ പോലും മറാത്തിയില്‍. അവിടെയുള്ളവരോട് ചോദിച്ചാല്‍ മറുപടി മറാത്തിയില്‍, ഹിന്ദി അറിയാത്തതാണോ? അതോ അറിയാത്തമാതിരി നടിക്കുകയാണോ എന്നൊന്നും മനസിലായില്ല.

ഒരു കാര്യം മനസിലായി അവര്‍ക്ക് ചോദിച്ചത് ഇഷ്ടപ്പെട്ടില്ല. അതൊന്നും നമ്മളെ ബാധിക്കാത്ത കാര്യമായതുകൊണ്ട് വീണ്ടും വീണ്ടും ഗേറ്റ് വേ ഓഫ് ഇന്ത്യയിലേക്ക് പോകാനുള്ള ബസ് ചോദിച്ച്‌ ശല്യം ചെയ്തു. അവസാനം സഹിക്കെട്ട് പതിനൊന്നാം നമ്ബര്‍ എന്നും ഇരുപത്തിയൊന്നാം നമ്ബറെന്നുമൊക്കെ പറഞ്ഞ് തന്നു. ഇനി ഈ ബസ് കണ്ടുപിടിക്കണം. പക്ഷെ ഒരു കുഴപ്പം ബസിന്റെ നമ്ബര്‍ ഒക്കെ മറാത്തിയിലാണല്ലോ.. ഓരോ ബസ്് വരുമ്ബോഴും അടുത്ത് നില്‍ക്കുന്നവരോട് ചോദിക്കും.. അവരാണേല്‍ ഒന്നും പറഞ്ഞു തരത്തുമില്ല. അവസാനം ഒരു വഴി കണ്ടു, ബസിന്റെ നമ്ബര്‍ പ്ലേറ്റ് അക്കത്തിലാണ് അതില്‍ തന്നെ മറാത്തിയിലും അക്കങ്ങള്‍ എഴുതിയിട്ടുണ്ട്. അതു നോക്കി മറാത്തി അക്കങ്ങള്‍ മനസിലാക്കി. അങ്ങനെ അക്കങ്ങളുടെ മറാത്തി എഴുത്ത് ചിത്രം പോലെ കൈയില്‍ വരച്ചിട്ടു..

ആ ചിത്രത്തില്‍ നോക്കി ബസ് കണ്ടുപിടിച്ചും ചാടിക്കയറി. കണ്ടക്ടറോട് ഒന്നൂടെ ചോദിച്ച്‌ ഉറപ്പിച്ച്‌ വിശാലമായി ഒരു സൈഡ് സീറ്റില്‍ ഇരുന്നു. തലേന്ന് കഞ്ജുമാര്‍ഗില്‍ നിന്ന് മുംബൈ സിഎസ്ടി-യിലേക്ക് മൂക്കാല്‍ മണിക്കൂറില്‍ താഴെ ട്രെയിന് എടുത്തുള്ളൂ. ബസില്‍ കയറിയപ്പോ ചുമ്മാ മനസില്‍ ഒന്ന് കണക്ക് കൂട്ടി എത്ര സമയം എടുക്കുമെന്ന്, നാല്‍പത് കി.മീ കാണും.. ട്രാഫിക്ക് ബ്ലോക്ക് ഒക്കെ കൂട്ടി ഏറിയാല്‍ ഒരു രണ്ട് രണ്ടര മണിക്കൂര്‍ എടുക്കുവായിരിക്കും എന്ന് കരുതി. അപ്പോ സമയം ഒന്‍പതര, പതിനൊന്നരയ്ക്ക് സ്ഥലത്ത് എത്തുമെന്ന് ഉറപ്പിച്ച്‌ ബോംബെ നഗരം വായി നോക്കി ഇരുന്നു. പത്തരയായി പതിനോന്നരയായി പന്ത്രണ്ടരയായപ്പോഴും ബസ് മാട്ടുങ്കയില്‍ എത്തിയിട്ടെയുള്ളൂ. നല്ല വെയില്‍ വിയര്‍ത്തുകുളിച്ച്‌ നാശമായി. പൊടിയും പുകയും വണ്ടികളുടെ ഹോണും ബഹളവും എല്ലാം കൂടി ഭ്രാന്തായി. അവിടെ എത്തിയപ്പോ ഒന്നര കഴിഞ്ഞു. ട്രെയിന് മുക്കാല്‍ മണിക്കൂര്‍ മാത്രമുള്ള യാത്രക്ക് ബസില്‍ എടുത്തത് നാലുമണിക്കൂര്‍.

സിഎസ്ടിയില്‍ ബസ് ഇറങ്ങി ആദ്യം രണ്ട് കരിമ്ബുജ്യൂസ് കുടിച്ച്‌ ക്ഷീണം മാറ്റി. പിന്നെ എങ്ങും പോയില്ല, അവിടുന്ന് അടുത്ത ട്രെയിന് കഞ്ജുമാര്‍ഗില്‍ വന്ന് ഇറങ്ങി ഐഐടിയിലെ കാന്റീനില്‍ നിന്ന് ഭക്ഷണവും കഴിച്ച്‌ കിടന്നുറങ്ങി. രാത്രി ഏഴുമണി കഴിഞ്ഞപ്പോ അനിയത്തിയോടൊപ്പം ബോംബെ ഐഐടി കാണാന്‍ ഇറങ്ങി. രാത്രികളില്‍ വളരെ സജീവമാണ് കാമ്ബസ്. പാട്ടുപാടിയും കളിച്ചും ഒക്കെ വിദ്യാര്‍ഥികള്‍ എന്‍ജോയ് ചെയ്യുമ്ബോ ചിലര്‍ ഗൗരവമായിട്ടിരുന്നു പഠിക്കുന്നു, ഗ്രൂപ്പ് ഡിസ്‌ക്ക്ഷന്‍ നടത്തുന്നു. മൊത്തതില്‍ കാമ്ബസ് ഒരു പാര്‍ക്ക് പോലെ തോന്നി. കാമ്ബസ് ചെറിയ കാട് തന്നെയാണ് ഒന്ന് ചുറ്റിയടിച്ചിട്ട് റൂമില്‍ എത്തിയപ്പോള്‍ പന്ത്രണ്ടു മണി കഴിഞ്ഞു. കാമ്ബസ് അപ്പോഴും സജീവമായിരുന്നു. പക്ഷെ പിറ്റേന്ന് ഞങ്ങള്‍ക്ക് തിരിച്ച്‌ പോകേണ്ടതാണ്. ഇന്റര്‍വ്യൂ റിസള്‍ട്ട് വരാന്‍ സമയം എടുക്കും. ടിക്കറ്റാണെങ്കില്‍ ശരിയായിട്ടുമില്ല.

പിറ്റേന്ന് ഉച്ച കഴിഞ്ഞാണ് ട്രെയിന്‍. അപ്പോഴാണ് അനിയത്തി പറയുന്നത് ഡോംബിവാലിയില്‍ ഒരു സുഹൃത്ത് ഉണ്ട് അവരെകൂടി കാണണമെന്ന്. പിറ്റേന്ന് രാവിലെ തന്നെ ഡോംബിവാലിക്ക് വിട്ടു. താനെ കഴിഞ്ഞപ്പോ ഞങ്ങള്‍ രണ്ടുപേരുടെയും മൊബൈല്‍ റേഞ്ച് കട്ടായി. സുഹൃത്തുമായി ബന്ധപ്പെടാന്‍ ഒരു മാര്‍ഗ്ഗമവുമില്ല ട്രെയിന്‍ ഇറങ്ങി അപ്പുറത്തെ വശത്തും ഇപ്പുറത്തെ വശത്തും ഇറങ്ങി വായി നോക്കി നടന്നു. ടെലിഫോണ്‍ ബൂത്തെന്ന സംഭവമെ അവിടെ കണ്ടില്ല. മൊബൈല്‍ ഫോണ്‍ ഇല്ല, ടെലഫോണ്‍ ബൂത്ത് ഇല്ല, മേല്‍വിലാസവും അറിയില്ല മാനത്തോട്ട് നോക്കി ബോംബെയിലെ ആ റെയില്‍വെ സ്‌റ്റേഷനില്‍ കുറെനേരം ഇരുന്നു. അവസാനം ഗതികെട്ട് ഒരാളോട് ഫോണ്‍ ചോദിച്ച്‌ കോള്‍ ചെയ്തു. അടയാളത്തിന് ഒരു കെട്ടിടത്തിന്റെ പേരും പറഞ്ഞു കൊടുത്തു. അനസാനം സുഹൃത്ത് എത്തി. ഏതായാലും അവരുടെ സല്‍ക്കാരം ഗംഭീരമായിരുന്നു. ബോംബെയുടെ തനതുവിഭവമായ വടപാവും, പാവ്ബാജിയുമൊക്കെ (ബ്രഡ്ഡിനകത്ത് ഉരുളകിഴങ്ങും കടലയും ഒക്കെ വച്ച്‌ തരുന്നതാണ്) തന്നാണ് അവര്‍ സല്‍ക്കരിച്ചത്.

മടങ്ങിപോകാനുള്ള ട്രെയിന്‍ പിടിക്കാന്‍ സിഎസ്ടിക്ക് പോകാന്‍ ഇരുന്നപ്പോ അവര് പറഞ്ഞു. ഇനിയും അവിടം വരം പോകേണ്ട, ഡോംബിവാലിയുടെ അടുത്തെ സ്‌റ്റേഷന്‍ കല്യാണ്‍ ആണ്, അവിടുന്ന് പോകാമെന്ന്. അങ്ങനെ ഒരു വിധത്തില്‍ കല്യാണില്‍ എത്തി ട്രെയിന്‍ പിടിച്ചപ്പോ. അടുത്ത പണി. ആര്‍എഎസി ആണ്. ടിടിആറിന് കൈക്കൂലി കൊടുക്കാത്തത് കൊണ്ട് സൈഡ് സിറ്റിന് പകരം മൂന്ന് പേര്‍ ഇരിക്കുന്ന സീറ്റാണ് കിട്ടിയത്. താഴെത്ത് ബര്‍ത്തില്‍ അനിയത്തിയോട് കെടന്നോള്‍ പറഞ്ഞിട്ട്.. നമ്മള് താഴെ വിശാലമായി ഇരുന്നു. ഈ ആര്‍എഎസി പരിപാടി ഒക്കെ അന്ന് കൃത്യമായിട്ട് അറിയാത്തക്കൊണ്ട് ആ ടിടിആര്‍ പാര നമ്മളെ ഇടയ്ക്കിടെ സീറ്റ് മാറ്റി ശല്യം ചെയ്തുകൊണ്ടിരുന്നു. അവസാനം ഒരു ആന്ധ്ര കൂട്ടുകുടുംബമാണ് സഹായിച്ചത്. അവരുടെ ബന്ധുക്കള്‍ വരാത്തത് കൊണ്ടുള്ള സ്ലീപ്പറില്‍ നമ്മള്‍ക്കും ഇടം തന്നു. സീറ്റ് മാത്രമല്ല ഭക്ഷണവും വെള്ളവും എല്ലാം അവര്‍ ഞങ്ങള്‍ക്ക് പങ്കുവച്ചു തന്നു.

വേറെ ടിടിആര്‍ എത്തിയപ്പോള്‍ ആ സീറ്റ് തന്നെ ഞങ്ങള്‍ക്ക് കിട്ടുകയും ചെയ്തു. മനസമാധാനത്തോടെ ഇരുന്ന് കഴിഞ്ഞപ്പോള്‍ ആലോചിച്ചു, കഴിഞ്ഞ മൂന്നാലുദിവസത്തെ യാത്രകള്‍. ഒരു പരിചയവുമില്ലാത്ത ആളുകള്‍ സഹായിക്കുന്നു, വേറെ ചിലര്‍ പുച്ഛിക്കുന്നു, ഒഴിവാക്കുന്നു. യാത്രകള്‍ എപ്പോഴും ഇങ്ങനെയാണ് അല്ലേ.. അവിചാരിതമായിട്ട് ഓരോന്ന് സംഭവിക്കുന്നു. ബോംബെ നഗരത്തിലേക്ക് പിന്നീട് രണ്ടുമൂന്ന് തവണ കൂടി വന്നിട്ടുണ്ട്. ആ വരവിലാണ് മഹാരാഷ്ട്രയിലെ പല സ്ഥലങ്ങളും കണ്ടത്. പക്ഷെ ഈ യാത്ര ഒരിക്കലും മറക്കില്ല. മനുഷ്യന്മാരെ അറിയാനുണ്ടെന്ന് മനസിലാക്കിപ്പിച്ചു തന്നത് ഈ യാത്രയായിരുന്നു. ട്രെയിനല്‍ കാട്ട്പാടി കഴിഞ്ഞപ്പോ മേടിച്ച മാങ്ങയും തിന്ന് ട്രെയിനിന്റെ ആ സൈഡ് സീറ്റില്‍ കഴിഞ്ഞ കാര്യങ്ങള്‍ അയവിറക്കി ഈ യാത്ര കഴിയരുതെന്ന് ആഗ്രഹിച്ച്‌ പുറത്തോട്ടും നോക്കിയിരുന്നു.

അവസാനിച്ചു

ആദ്യ ഭാഗം - നഗ്‌നപാദയായി മുംബൈ മഹാനഗരിയില്‍

രണ്ടാം ഭാഗം - ഡബവാലകളുമൊത്തുള്ള ഒരു ട്രെയിന്‍ യാത്ര


Next Story

Related Stories