TopTop
Begin typing your search above and press return to search.

3000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ചരിത്രത്തിലൂടെ 'തുഴയെറിയാന്‍' മുസിരിസ് പാഡില്‍

3000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ചരിത്രത്തിലൂടെ തുഴയെറിയാന്‍ മുസിരിസ് പാഡില്‍

സഞ്ചാരികള്‍ക്ക് ചരിത്രത്തിലൂടെ 'തുഴയെറിയാന്‍' അവസരമൊരുക്കുകയാണ് കേരള ടൂറിസം വകുപ്പ്. 3000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നില നിന്നിരുന്ന മുസരിസ് പട്ടണത്തിന്റെ (ഇന്നത്തെ കൊടുങ്ങല്ലൂര്‍ ഉള്‍പ്പെടുന്ന പ്രദേശം) സാംസ്‌കാരിക പൈതൃകത്തിന്റെ കാഴ്ചകള്‍ കാണാനുള്ള അവസരമാണ് യാത്രികര്‍ക്ക് കൈവന്നിരിക്കുന്നത്. കേരളാ ടൂറിസത്തിന്റെ മുസിരിസ് ഹെറിറ്റേജ് പദ്ധതിയും, ജെല്ലി ഫിഷ് വാട്ടര്‍ സ്പോര്‍ട്സും ചേര്‍ന്ന് മുസിരിസ് ബാക് വാട്ടര്‍ പാഡില്‍-2020 ജനുവരി 4, 5 തീയതികളില്‍ സംഘടിപ്പിക്കാനൊരുങ്ങുകയാണ്.

കൊടുങ്ങല്ലൂര്‍ കൊട്ടൂര്‍ പുരം ജെട്ടിയില്‍ നിന്നും ആരംഭിച്ച് കൊച്ചി ബോള്‍ഗാട്ടിയില്‍ അവസാനിക്കുന്ന 40 കിലോമീറ്റര്‍ ദൂരം രണ്ട് ദിവസം കൊണ്ട് പൂര്‍ത്തിയാക്കുന്ന യാത്രയാണിത്. ഇതിനോടകം തന്നെ വിവധ രാജ്യങ്ങളില്‍ നിന്നുള്‍പ്പടെ നൂറില്‍ അധികം പേര്‍ രജിസ്റ്റര്‍ ചെയ്ത യാത്രയില്‍ പ്രധാനപ്പെട്ട മുസിരിസ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും. നിരവധി വിനോദ പരിപാടികളും, പ്രാദേശിക ജനസമൂഹവുമായി ചേര്‍ന്നുള്ള ഇടപഴകലുകളും യാത്രയിലുടനീളം സംഘടിപ്പിച്ചിട്ടുണ്ട്. (രജിസ്‌ട്രേഷന്‍ ചെയ്യാനുള്ള ലിങ്ക് -

Muziris Paddle 2020

)

കയാക്കിംങ്, സപ്പിംങ്, സെയിലിംഗ്, കനോയിംഗ് തുടങ്ങിയ വാട്ടര്‍ സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണ് യാത്രയുടെ പ്രധാന ലക്ഷ്യം. പ്രാദേശിക, അന്തര്‍ദേശീയ വിനോദ സഞ്ചാരികള്‍, ഏതുപ്രായത്തിലുമുള്ള വാട്ടര്‍ സ്‌പോര്‍ട്‌സ് പ്രേമികള്‍, മുതിര്‍ന്ന പൗരന്മാര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി നീന്തലറിയാന്‍പാടില്ലാത്തവര്‍ക്കും തുടക്കകാര്‍ക്കും ഇതില്‍ പങ്ക് ചേരാം. പങ്കെടുക്കുന്നവര്‍ക്ക് പ്രത്യക പരിശീലനവും എല്ലാവിധ സുരക്ഷാ സൗകര്യങ്ങളും ഒരുക്കും. കൂടാതെ ജല വിതാനങ്ങള്‍ വൃത്തിയായി സൂക്ഷിക്കുവാനും, പ്ലാസ്റ്റിക് വേസ്റ്റുകള്‍ക്കെതിരെയുള്ള സന്ദേശം പ്രചരിപ്പിക്കുക എന്നതും മറ്റൊരു ലക്ഷ്യമാണ്.

മുസരിസ്

നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ദക്ഷിണ ഇന്ത്യയെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന പ്രധാന തുറമുഖമായിരുന്ന കൊടുങ്ങല്ലൂര്‍ (മുസരിസ്) സ്‌പൈസസ് റൂട്ടിന്റെ പ്രധാന കേന്ദ്രമായിരുന്നു. ഏറണാകുളം ജില്ലയിലെ വടക്കന്‍ പറവൂര്‍ മുതല്‍ തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ വരെ നീണ്ടു കിടക്കുന്നതാണ് മുസിരിസ്. കേരള സര്‍ക്കാര്‍ ഈ പ്രദേശത്തെ മുസരിസ് പൈതൃക സംരക്ഷണമേഖലയായി തിരിച്ചിരിക്കുകയാണ്. ഏറണാകുളം ജില്ലയില്‍ ചേന്ദമംഗലം, ചിറ്റാറ്റുകര, വടക്കേക്കര, പള്ളിപ്പുറം പഞ്ചായത്തുകളും തൃശൂര്‍ ജില്ലയില്‍ എറിയാട്, മതിലകം, ശ്രീനാരായണപുരം വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തുകളും ഇതില്‍ ഉള്‍പ്പെടുന്നു.

മൂവായിരം കൊല്ലങ്ങള്‍ക്ക് മുമ്പ് ലോകത്തെ ഏറ്റവും വലിയ വാണിജ്യതുറമുഖവും പ്രമുഖ വാണിജ്യ കേന്ദ്രവുമൊക്കെയാണെന്ന് അനുമാനിക്കപ്പെടുന്ന സ്ഥലമാണ് മുസിരിസ്. ഇവിടെ സുഗന്ധവ്യഞ്ജനങ്ങള്‍ (കുരുമുളക്, ഏലം), അമൂല്യരത്‌നങ്ങള്‍ (മരതകം, മുത്ത്) ആനക്കൊമ്പ്, തുടങ്ങി ചൈനീസ് പട്ട് വരെ കയറ്റുമതി ചെയ്തിരുന്നു. ഗ്രീക്ക്, റോമം, ഫിനീഷ്യ, യമനി, അറബികളുടെ സ്വാധീനമുള്ള മധ്യേഷ്യ, തുടങ്ങിയ പ്രദേശങ്ങളിലെ പ്രമുഖ വാണിജ്യ നഗരങ്ങളുമായിട്ടായിരുന്നു കച്ചവട വിനിമയം നടന്നിരുന്നത്.

ഒന്നാം നൂറ്റാണ്ടിലെ പ്രമുഖ വാണിജ്യതുറമുഖ കേന്ദ്രമായിരുന്ന മുസിരിസ്, കൊടുങ്ങല്ലൂര്‍ ഭരിച്ചിരുന്ന ചേര-പാണ്ഡ്യരാജാക്കന്മാരുടെ കാലഘട്ടത്തിലാണ് പ്രബലമായ വാണിജ്യ കേന്ദ്രമായി രൂപപ്പെടുന്നത്. പൗരാണിക തമിഴ് കൃതികളിലും യൂറോപ്യന്‍ സഞ്ചാരികളുടെ രചനകളിലും മുസിരിസിനെക്കുറിച്ച് പരാമര്‍ശമുണ്ട്. 14ാം നൂറ്റാണ്ടില്‍ പെരിയാറിലെ പ്രളയത്തില്‍ മുസിരിസ് നാമാവശേഷമായി എന്നാണ് ചരിത്രരേഖകള്‍ സാക്ഷ്യപ്പെടുത്തുന്നത്.


Next Story

Related Stories