പാതിരമണല്‍ ദ്വീപ് ഇനി അടിമുടി മാറും. ആര്.ട്ടി.എമ്മിന്റെ (ഉത്തരവാദിത്ത ടൂറിസം മിഷന് - Responsible Tourism Mission) ചുമതലയില്‍ സംസ്ഥാനത്തെ ഒരു പ്രധാന ടൂറിസം ഹബായി മാറുവാന്‍ ഒരുങ്ങുകയാണ് പാതിരമണല്‍. പാതിരമണല്‍ ദ്വീപിന്റെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ റെസ്പോണ്സിബിള് ടൂറിസത്തിന്റെ കീഴിലാക്കുകയാണെന്ന്, കുട്ടനാട് പാക്കേജിന്റെ രണ്ടാം ഘട്ടത്തിന്റെ സംസ്ഥാന തല ഉത്ഘാടനം നിര്‍വ്വഹിച്ച വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് പ്രഖ്യാപിച്ചിരുന്നു.
ആലപ്പുഴ, മുഹമ്മ പഞ്ചായത്തിലെ പത്താം വാര്‍ഡിന്റെ ഭാഗമായ പാതിരാമണല്‍, വേമ്പനാട് കായലിലെ ഒരു ചെറിയ ദ്വീപാണ്. മുഹമ്മ-കുമരകം ജലപാതയിലുള്ള ഈ ദ്വീപ് ഒട്ടേറെ ദേശാടനപ്പക്ഷികളുടെ വാസസ്ഥലം കൂടിയാണ്. അതുകൊണ്ട് തന്നെ ദ്വീപിന്റെ സംരക്ഷണം ഏറ്റെടുക്കുന്നതിനോടൊപ്പം റെസ്പോണ്സിബിള് ടൂറിസം പ്രവര്‍ത്തനങ്ങളുടെ കേന്ദ്രം കൂടിയാവും പാതിരമണല്‍ എന്ന് അഴിമുഖത്തോട് ഉത്തരവാദിത്ത ടൂറിസം സംസ്ഥാന കോര്‍ഡിനേറ്റര്‍ കെ. രൂപേഷ് കുമാര്‍ പറഞ്ഞു.
കുട്ടനാട് പാക്കേജിന്റെ രണ്ടാംഘട്ടത്തിന്റെ പ്രഖ്യാപനത്തില്‍ പാതിരമണലിന്റെ വികസനം കൂടാതെ മൂന്ന് പ്രധാന പദ്ധതികളും പഖ്യാപിച്ചിട്ടുണ്ട്. അയ്മനം ഗ്രാമ പഞ്ചായത്തിനെ മാതൃക ഉത്തരവാദിത്ത ടൂറിസം ഗ്രാമമായി പ്രഖ്യാപിച്ചതിനോടൊപ്പം, ഇവിടെ രണ്ട് ഇന്‍ഫ്രാ ഡെവലപ്പ് പ്രോഗാം നടപ്പിലാക്കാന്‍ പോവുകയാണ്. വലിയ ഹൗസ്ബോട്ട് ടെര്‍മിനലും, 10 ഏക്കറോളം വരുന്ന പഞ്ചായത്ത് കുളം നവീകരിച്ച് വാട്ടര്‍ പാര്‍ക്ക് ഒരുക്കുന്നതും അതില്‍പ്പെടും.
അടുത്തത്, അയ്മനം മാതൃകയില്‍ കുട്ടനാട് പാക്കേജില്‍ വരുന്ന എല്ല പഞ്ചായത്തുകളിലും റെസ്പോണ്സിബിള് ടൂറിസം വ്യാപിക്കും എന്നതാണ്. അതായത് അവിടുത്തെ ടൂറിസം മേഖല മുഴുവനായും റെസ്പോണ്സിബിള് ടൂറിസമായി മാറുന്നുവെന്നാണ്. നാലാമത്തേത് ടൂറിസം മിഷന് മുന്‍കൈ എടുത്തിട്ടുള്ള ഈ പദ്ധതി എന്നത്, വേമ്പനാട് കായലിലൂടെ പോകുന്ന ഹൗസ് ബോട്ടുകള്‍ക്ക് ഒരു മോണിറ്ററിങ് അല്ലെങ്കില്‍ ഒരു നിയന്ത്രണ സംവിധാനം ഒരുക്കുക എന്നതാണ്.