TopTop
Begin typing your search above and press return to search.

വനിതകള്‍ ശിരോവസ്ത്രം ധരിക്കേണ്ട, പക്ഷെ വസ്ത്രം മാന്യമായിരിക്കണം; മതേതര വിനോദ സഞ്ചാരികള്‍ക്ക് വിസയുമായി സൗദി

വനിതകള്‍ ശിരോവസ്ത്രം ധരിക്കേണ്ട, പക്ഷെ വസ്ത്രം മാന്യമായിരിക്കണം; മതേതര വിനോദ സഞ്ചാരികള്‍ക്ക് വിസയുമായി സൗദി

മതേതര വിനോദ സഞ്ചാരികള്‍ക്ക് വിസ നല്‍കാനൊരുങ്ങി സൗദി അറേബ്യ. സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ടൂറിസ്റ്റുകള്‍ക്കായി രാജ്യം തുറന്നുകൊടുക്കുന്നതെന്ന് സൗദി പറയുന്നു. യുകെ, യുഎസ് തുടങ്ങിയ രാജ്യങ്ങള്‍ ഉള്‍പ്പടെയുള്ള 49 രാജ്യങ്ങളിലെ പൗരന്മാര്‍ക്കായുള്ള പുതിയ വിസ പ്രോഗ്രാം സൗദി ടൂറിസം ഉദ്യോഗസ്ഥരാണ് പ്രഖ്യാപിച്ചത്. പ്രഖ്യാപനത്തിന് പിന്നാലെ @VisitSaudiNow എന്ന പേരില്‍ ട്വിറ്റര്‍ കാമ്പെയ്ന്‍ ആരംഭിക്കുകയും ചെയ്തു.

പുതിയ പദ്ധതിയുടെ ഭാഗമായി ഏഴ് മിനിറ്റിനുള്ളില്‍ വിസ നല്‍കുമെന്നാണ് വാഗ്ദാനം. വനിതാ ടൂറിസ്റ്റുകള്‍ ശിരോവസ്ത്രം ധരിക്കേണ്ടതില്ലെങ്കിലും 'മാന്യമായ' വസ്ത്രം ധരിക്കണമെന്നാണ് പറയുന്നത്. സൗദി അറേബ്യയുടെ വാതിലുകള്‍ വിനോദസഞ്ചാരികള്‍ക്ക് മുന്നില്‍ തുറക്കുന്നത് ചരിത്രപരമായ തീരുമാനമാണെന്ന് ടൂറിസം വകുപ്പ് മേധാവി അഹമ്മദ് അല്‍ ഖത്തീബ് പറഞ്ഞു.

മദ്യം നിരോധിച്ചിട്ടുള്ള കര്‍ശനമായ സാമൂഹിക ക്രമങ്ങളുള്ള സൗദിക്ക് എത്രത്തോളം വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയുമെന്നത് കാത്തിരുന്നു കാണണം. എന്നാല്‍ ടൂറിസം മേഖലയുടെ സാധ്യതകളെ കൂടുതല്‍ തുറന്ന മനോഭാവത്തോടെ കാണാന്‍ സൗദി തുടങ്ങിയിരിക്കുന്നു എന്നുവേണം പുതിയ നീക്കത്തില്‍നിന്നും മനസ്സിലാക്കാന്‍.

സൗദി അറേബ്യയില്‍ താരതമ്യേന മികച്ച ഹോട്ടലുകളും, എയര്‍ ട്രാന്‍സിറ്റ് സംവിധാനവും ഉണ്ടെങ്കിലും അത് ഹജ്ജ്, ഉംറ തീര്‍ഥാടകരെ മാത്രം ലക്ഷ്യംവെച്ച് ഒരുക്കിയവയാണ്. യുനെസ്‌കോയുടെ പൈതൃക പട്ടികയിലുള്ള അഞ്ച് സ്ഥലങ്ങളടക്കം സൗദിയുടെ എല്ലാ പ്രത്യേകതകളും വിനോദ സഞ്ചാരികള്‍ക്ക് ആസ്വദിക്കാമെന്നാണ് അഹമ്മദ് അല്‍ ഖത്തീബ് വ്യക്തമാക്കിയത്.

നേരത്തെ തൊഴില്‍ വിസക്കാര്‍ക്കും തീര്‍ത്ഥാടകര്‍ക്കും മാത്രമാണ് സൗദി സന്ദര്‍ശനം അനുവദിച്ചിരുന്നത്. എണ്ണ ഇതര വരുമാനം ഉറപ്പാക്കുന്നതിനായി സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ആവിഷ്‌കരിച്ച വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായാണ് ടൂറിസ്റ്റ് വിസകള്‍ അനുവദിക്കാന്‍ ഇപ്പോള്‍ തീരുമാനമായത്.

മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്ക് പേരുകേട്ട സൗദി ഐക്യരാഷ്ട്രസഭയുടെയും മറ്റും സമ്മര്‍ദ്ദം മൂലം ചെറിയതോതില്‍ നിയമങ്ങളില്‍ മാറ്റം വരുത്താന്‍ തുടങ്ങിയിട്ടുണ്ട്. ഇക്കഴിഞ്ഞ യു.എന്‍ പൊതുസമ്മേളനത്തിലും സൗദിയുടെ കര്‍ക്കശ നിയമങ്ങള്‍ രൂക്ഷമായി വിമര്‍ശിക്കപ്പെട്ടിരുന്നു.


Next Story

Related Stories