Top

അറബ് രാജ്യങ്ങളുടെ ചരിത്രത്തിലേക്ക് പോകാന്‍ 'സമുദ്ര മേള'യുമായി ബഹ്‌റൈന്‍

അറബ് രാജ്യങ്ങളുടെ ചരിത്രത്തിലേക്ക് പോകാന്‍

സമുദ്രവുമായി ഇഴചേര്‍ന്ന് കിടക്കുന്നതാണ് ബഹ്‌റൈനിന്റെ സംസ്‌കാരം. 'രണ്ട് സമുദ്രങ്ങള്‍' എന്നാണ് ബഹ്‌റൈന്‍ എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ. ബഹ്‌റൈന്റെ ചരിത്രമറിയാന്‍ ഏറ്റവും നല്ല അവസരമാണ് ഇപ്പോള്‍. നാലാമത് സമുദ്ര മേളയ്ക്ക് വേദിയൊരുക്കിയാണ് ബഹ്‌റൈന്‍. നവംബര്‍ ഏഴുമുതല്‍ 16 വരെ പത്ത് ദിവസമായിരിക്കും മേള നടക്കുക, ബഹ്‌റൈന്‍ ടൂറിസം ആന്‍ഡ് എക്‌സിബിഷന്‍സ് അതോറിറ്റിയുടെ നേതൃത്വത്തില്‍ മറാസി ബീച്ചിലാണ് ആഘോങ്ങള്‍. സമുദ്രവുമായി ബന്ധപ്പെട്ട ആഴത്തിലുള്ള അറബ് ചരിത്രത്തിന്റെ സ്മരണാര്‍ഥവും സഞ്ചാരികള്‍ക്കും പുതിയ തലമുറയ്ക്കും അത് പകര്‍ന്ന് നല്‍കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സമുദ്രമേള സംഘടിപ്പിച്ചിരിക്കുന്നത്.

ടൂറിസം മേഖലയെ ശക്തിപ്പെടുത്തുകയെന്നതും ബഹ്‌റൈന്‍ ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നുണ്ട്. സമുദ്രവുമായി ബന്ധപ്പെട്ട പൈതൃക സംസ്‌കാരം അനാവരണം ചെയ്യുന്ന പ്രദര്‍ശനങ്ങളും കലാസംസ്‌കാരിക പരിപാടികളും മേളയുടെ സവിശേഷതയായിരിക്കും. വാട്ടര്‍ സ്‌പോര്‍ട്‌സ്, ബോട്ട് സവാരി, പരമ്പരാഗത സംഗീത പ്രകടനങ്ങള്‍, കരകൗശല വസ്തുക്കളുടെയും മുത്തുകളുടെയും പ്രദര്‍ശവും വിനോദ പരിപാടികളും മേളയിലുണ്ടാവും.

മധ്യപൂര്‍വ്വദേശത്തെ ചെറിയ ഒരു ദ്വീപു രാജ്യമായ ബഹ്റൈനിന്റെ സ്ഥാനം ഏഷ്യന്‍ വന്‍കരയുടെ തെക്ക്-പടിഞ്ഞാറ് പേര്‍ഷ്യന്‍ ഉള്‍ക്കടലിലാണ്. പടിഞ്ഞാറ് സൗദി അറേബ്യയും തെക്ക് ഖത്തറുമാണ് ബഹ്റൈനിന്റെ അയല്‍രാജ്യങ്ങള്‍. പുരാതന കാലം മുതലേ മനുഷ്യവാസമുണ്ടായിരുന്ന രാജ്യമാണ് ബഹ്‌റൈന്‍.

മെസൊപൊട്ടേമിയന്‍ സംസ്‌കാര കാലത്ത് ഡില്‍മന്‍ എന്ന പ്രദേശവുമായി ബഹ്‌റൈന് വ്യാപാര ബന്ധങ്ങളുണ്ടായിരുന്നതായി കരുതപ്പെടുന്നുണ്ട്. ബിസി മൂന്നാം നൂറ്റാണ്ട് മുമ്പ് തന്നെ ഈ പ്രദേശങ്ങളുമായി ബന്ധപ്പെട്ട ചരിത്ര ശേഷിപ്പുകള്‍ ലഭിച്ചിട്ടുണ്ട്. അക്കാലത്ത് ഈ രാജ്യം ഇറാനിലെ ഹഖാമനിഷിയാന്‍ പേര്‍ഷ്യന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു.

പേര്‍ഷ്യന്‍ ഉള്‍ക്കടലിലെ തന്ത്രപ്രധാനമായ സ്ഥാനത്താണ് ബഹ്‌റൈന്‍ സ്ഥിതിചെയ്യുന്നത് എന്നതുകൊണ്ട് അസ്സീറിയന്‍, ബാബിലോണിയന്‍, പേര്‍ഷ്യന്‍, അറബ് വംശജരെ ഈ രാജ്യത്തെ സ്വന്തം അധീനതയില്‍ നിര്‍ത്താന്‍ പ്രേരിപ്പിച്ചിരുന്നു. പുരാതന കാലത്ത് ലോകത്തിലെ ഏറ്റവും മികച്ച മുത്തുകള്‍ ബഹ്‌റൈനില്‍ നിന്നാണ് എത്തിയിരുന്നത്.

എണ്ണ നിക്ഷേപത്തിന്റെ കണ്ടെത്തലോടെ ബഹ്റൈനിലെ മുത്ത് വ്യാപാരത്തിന് അന്ത്യമായി. ഗള്‍ഫ് പ്രദേശത്ത് ആദ്യമായി എണ്ണ നിക്ഷേപം കണ്ടെത്തിയത് 1930-കളില്‍ ബഹ്റൈനിലാണ്. അറബ് രാജ്യങ്ങളില്‍ കൂടുതല്‍ സ്വതന്ത്രമായ സാമൂഹികഘടനയുള്ള ബഹ്‌റൈനില്‍ ആഘോഷങ്ങള്‍ക്കും വര്‍ണ്ണാഭമായ ആചാരങ്ങള്‍ക്കും മുന്‍ സ്ഥാനമാണുള്ളത്.

പാരമ്പര്യ കലാരൂപങ്ങളും സംഗീതവും നൃത്തവും കായികപാരമ്പര്യവും ഇഴ കലര്‍ന്നതാണ് ബഹ്റൈന്‍ സംസ്‌കാരം. വൈവിധ്യമുള്ള ഭക്ഷണങ്ങളും ബഹ്‌റൈന്‍ സംസ്‌കാരത്തിന്റെ ഒഴിച്ച് കൂടാനാവാത്ത ഭാഗമാണ്. ജനസംഖ്യയില്‍ മൂന്നില്‍ രണ്ടും അറബികളാണ്. അവരില്‍ തന്നെ ചെറിയൊരു വിഭാഗം ഒമാനികളും സൗദി അറേബ്യക്കാരും വരും.


Next Story

Related Stories