TopTop
Begin typing your search above and press return to search.

'ആധുനിക ഇബ്‌നു ബത്തൂത്ത' ഒമര്‍ ബിന്‍ യൂസുഫ് അല്‍ ഒമയിറിയുമായുള്ള സമാഗമം

ആധുനിക ഇബ്‌നു ബത്തൂത്ത ഒമര്‍ ബിന്‍ യൂസുഫ് അല്‍ ഒമയിറിയുമായുള്ള സമാഗമം

ഷെരീഫ് ഇബ്രാഹിം


ഇത് സൗദി അറേബ്യന്‍ പൗരനായ ഒമര്‍ ബിന്‍ യൂസുഫ് അല്‍ ഒമയിറി. 15 രാജ്യങ്ങളിലൂടെ 15000 കിലോമീറ്റര്‍ (2016-ല്‍) സൈക്ലിളില്‍ യാത്ര ചെയ്ത സൈക്ലിസ്റ്റ്. ഇദ്ദേഹം റിയാദിലെ ദരാഞ്ചട്ടി ക്ലബ്ബിലെ മെമ്പര്‍ ആണ്. പക്ഷെ ആ ക്ലബ്ബ് റിയാദില് മാത്രം ഒതുങ്ങിയത് കൊണ്ട് അദ്ദേഹം സ്വന്തമായി മറ്റൊരു യാത്രക്കായി തയ്യാറായി. സൗദി അറേബ്യയിലെ ട്രാവല്‍ മാഗസിനായ 'ഡെസ്റ്റിനേഷന്‍', ഒമറിനെ വിശേഷിപ്പിച്ചിരിക്കുന്നത് 'The Tale of a Modern Day Ibn Battuta' എന്നാണ്. സൈക്കിള്‍ പര്യടനത്തില്‍ മൊറോക്കൊവില്‍ നിന്ന് റിയാദിലേക്ക് വീണ്ടും എത്തിയതിനുശേഷമാണ് ഇന്ത്യയിലേക്ക് ഇദ്ദേഹം കടക്കുന്നത്.

മുംബൈയില്‍ നിന്ന് സൈക്കിളില്‍ കേരളത്തിലൂടെ തിരുവനന്തപുരത്തേക്ക് പോകുമ്പോഴാണ് ഞങ്ങള്‍ കണ്ടുമുട്ടിയത്. ഒമറിന് ഇംഗ്ലീഷ് കുറച്ച് മാത്രമേ അറിയുകയുള്ളൂ. തൃപ്രയാറിന്നടുത്തുള്ള തളിക്കുളം എന്ന സ്ഥലത്ത് വെച്ച് ആരോ അദ്ദേഹത്തോട് പറഞ്ഞത്രേ തൃപ്രയാറില്‍ വന്ന് എന്നെ കണ്ടാല്‍ അദ്ദേഹത്തിന്റെ സംശയങ്ങള്‍ അറബിയില്‍ പറഞ്ഞു കൊടുക്കുമെന്ന്. അങ്ങനെയാണ് ഒമര്‍ എന്റെ അടുത്ത് വന്നത്. വന്ന വേഷവും രൂപവും കണ്ടാല്‍ ഒരു അറബി എന്ന് പോലും തോന്നുകയില്ല.
പാസ്‌പോര്‍ട്ട് കണ്ടപ്പോള്‍ ആ സംശയം തീര്‍ന്നു. അത് പോലെ യെമെനില്‍ നിന്നോ മറ്റു അറബ് നാടില്‍ നിന്നോ വന്നു സൗദി പൗരത്വം എടുത്ത ആളാണോ എന്ന സംശയവും ആ കബീല (ഗോത്രം) കേട്ടപ്പോള്‍ ഒറിജിനല്‍ സൗദി എന്ന് മനസ്സിലായി. ഇതൊന്നും അന്വേഷിക്കേണ്ട കാര്യമില്ല, അദ്ദേഹം വന്നത് ഒരു സൈക്കിളില്‍ ആയത് കൊണ്ടാണ് സംശയം തോന്നിയത്.

'യാ ഷെരീഫ്, തിരുന്ദ്രം (തിരുവനന്തപുരം എന്നാണ് അദ്ദേഹം ഉദേശിച്ചത്) ആണ് എനിക്ക് പോകേണ്ടത്. അവിടെ നിന്ന് ശ്രീലങ്കയിലേക്ക് പോണം. ശ്രീലങ്കയിലേക്ക് പോകാന്‍ ബോട്ട് (കപ്പല് ആണ്) കിട്ടുമോ?' അദ്ദേഹം ചോദിച്ചു.
'എന്റെ അറിവില്‍ ഇല്ല, പ്ലെയ്‌നില്‍ പോകണം'. എന്ന് മറുപടി കൊടുത്തു.
'ഷെരീഫ് നിങ്ങള്‍ നന്നായി അറബി പറയുന്നല്ലോ?' ഒമര്‍ ആകാംഷയോടെ ചോദിച്ചു.
അദ്ദേഹത്തിന്റെ വാക്ക് കേട്ടപ്പോള്‍ സ്വല്‍പം തലക്കനം കൂടിയെന്നതാണ് വാസ്തവം. അറബി എഴുതാനും വായിക്കാനും അറിയാമെന്ന് പറഞ്ഞു.. അറബിയില്‍ അദ്ദേഹം പറഞ്ഞതൊക്കെ എഴുതുകയും കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്യുകയും ചെയ്തു. അത് കണ്ടപ്പോള്‍ അദേഹം വീണ്ടും പറഞ്ഞു - 'മാശാഅള്ളാ'.. അപ്പോഴാണ് അദ്ദേഹം ആ സൈക്കിളിന്റെ കാര്യം എന്നോട് പറഞ്ഞത്. ഉടനെ എന്റെ രക്തത്തിലുള്ള സ്വഭാവം ഉയര്‍ന്നു. കൂടെ നിന്ന് ഫോട്ടോ എടുത്തു.
അപ്പോഴും എന്റെ സംശയം മറ്റുള്ളവര്‍ക്ക് ഉണ്ടാവുമല്ലോ എന്ന നിലയില്‍ അദ്ദേഹത്തിന്റെ അറബി വേഷത്തിലുള്ള ഒരു ഫോട്ടോ തരാമോ എന്ന് ചോദിച്ചു. ആ ഫോട്ടോ കൂടാതെ ചോദിക്കാതെ തന്നെ അദ്ദേഹത്തിന്റെ റിയാദിലെ ഫോണ്‍ നമ്പറും അഡ്രസ്സും തന്നിട്ട് പറഞ്ഞു - 'എന്ത് ആവശ്യമുണ്ടെങ്കിലും എന്നെ ബന്ധപ്പെടുക. ഞാന്‍ വിദേശത്തായാലും എന്റെ കുടുംബക്കാര് സഹായത്തിനുണ്ടാവും'. അത്‌കേട്ടപ്പോള്‍ തോന്നിയത് ഇതാണ്, ഞാന്‍ ആരെയും misuse (ദുര്‍വിനിയോഗം) ചെയ്യില്ലെന്ന് അദ്ദേഹത്തിന് എങ്ങിനെ മനസ്സിലായി എന്ന്..
'സൗദിയിലെ പുരാതന തറവാട്ടുകാരനും ബിസിനസുകാരനുമായ അഹമദ് ഖമീസ് സഈദ് അല്‍ ഖഹ്ത്താനിയുമായി ഞാന്‍ അബൂദാബിയില്‍ വച്ച് പരിചയപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ നമ്പര് കയ്യില്‍ നിന്നും നഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ ഫോണ്‍ നമ്പര്‍ എങ്ങനെയെങ്കിലും ഒന്ന് സംഘടിപ്പിച്ചു തരാമോ?' ഞാനെന്റെ ആവശ്യം പറഞ്ഞു.

ഞാന്‍ അത് പറഞ്ഞപ്പോള്‍ ഒമര്‍ അത് ശരിയാക്കാമെന്നും കൂട്ടത്തില്‍ ഇങ്ങനെയും പറഞ്ഞു - 'യാ അഖ് ഷെരീഫ് ബാബുല്‍ ഖിദുമ മിന്നീ മഫ്തൂഹ് ദാഇമാന്‍ ഇലൈക്കും (എന്റെ സഹായത്തിന്റെ വാതില്‍ നിങ്ങള്‍ക്ക് വേണ്ടി എപ്പോഴും തുറന്നിരിക്കും).
അദ്ദേഹത്തെപ്പറ്റി ഒരു ലേഖനം എഴുതി ഫേസ് ബുക്കില് പോസ്റ്റ് ചെയ്യട്ടെ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അദ്ദേഹം സമ്മതിച്ചെന്നു മാത്രമല്ല കോപ്പി അദ്ദേഹത്തിന് അയച്ചു കൊടുക്കാനും അത് റിയാദിലെ മലയാളികള്‍ക്ക് കാണിച്ചുകൊടുത്ത് ഞങ്ങളുടെ കണ്ടുമുട്ടല്‍ ഒരു ഓര്‍മയാക്കാം എന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
എന്ത് പുണ്യം ചെയ്തിട്ടാണാവോ ഇങ്ങിനെ ഓരോ നല്ല മനുഷ്യര്‍ ജീവിതത്തിലേക്ക് കടന്ന് വരുന്നതെന്ന് ഞാന്‍ പലപ്പോഴും ഓര്‍ക്കാറുണ്ട്.


Next Story

Related Stories