TopTop
Begin typing your search above and press return to search.

ട്രക്കിംഗിന് പറ്റിയ ഹിമാചലിലെ അഞ്ച് പര്‍വ്വത ഗ്രാമങ്ങള്‍

ട്രക്കിംഗിന് പറ്റിയ ഹിമാചലിലെ അഞ്ച് പര്‍വ്വത ഗ്രാമങ്ങള്‍

ഹിമാലയന്‍ താഴ്വരയില്‍ വ്യാപിച്ചുകിടക്കുന്ന ഹിമാചല്‍ പ്രദേശ് സാഹസിക വിനോദസഞ്ചാരികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടയിടമാണ്. ഒട്ടേറെ നദികളുടെ ഉത്ഭവ സ്ഥാനം കൂടിയായ ഹിമാചലിലേക്ക് സാഹസിക പര്‍വ്വതാരോഹണത്തിനായി ഒട്ടേറെ സഞ്ചാരികളാണ് എത്തുന്നത്. തുടക്കകാര്‍ക്ക് പര്‍വ്വതാരോഹണത്തിന് പറ്റിയ ഹിമാചലിനെ ചില ഇടങ്ങള്‍ അറിയാം..

മലാന

ഭ്രാന്തമായി യാത്ര ചെയ്യുന്നവരുടെയും ഏകാന്ത യാത്രികരുടെയും മെക്കയാണ് മലാന. ഹാഷിഷിലെ ഏറ്റവും മികച്ചതും ചെലവേറിയതുമായ ചില ഇനങ്ങളുടെ ഉറവിടമാണ് മലാന ഗ്രാമം എന്നാണ് പറയപ്പെടുന്നത്. ഇത് തേടി വിദേശികള്‍ അടക്കമുള്ള സഞ്ചാരികള്‍ ഈ പ്രദശത്ത് എത്താറുമുണ്ട്. ഹിമാചല്‍ പ്രദേശിലെ ഒരു പുരാതന ഇന്ത്യന്‍ ഗ്രാമമാണ് മലാന. കുളുവിന്റെ വടക്ക് - കിഴക്കായി ഒറ്റപ്പെട്ട് കിടക്കുന്നു ഈ ഗ്രാമത്തെ ചന്ദ്രഖാനി, ദിയോട്ടിബ്ബ മലനിരകള്‍ പുറം ലോകത്ത് നിന്നും മറയ്ക്കുന്നു. ഇവിടെക്ക് ട്രക്കിംഗിനായി സഞ്ചാരികള്‍ എത്താറുണ്ട്. പാര്‍വ്വതി താഴ്വരയിലെ മഞ്ഞുമൂടിയ പര്‍വതങ്ങളുടെയും ആര്‍ത്തലച്ച് എത്തുന്ന മലാന നദിയുടെയും അതിമനോഹരമായ കാഴ്ചകള്‍ ഇവിടെ നിന്നാല്‍ ദൃശ്യമാകും.

സമുദ്ര നിരപ്പില്‍ നിന്ന് 2,652 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം മലാന നദിക്കരയിലെ ഒരു പീഠഭൂമി ആണ്. കനാശി/രക്ഷ് ഭാഷ സംസാരിക്കുന്ന പുരാതന മലാന വംശജര്‍ ഇന്ന് ഏതാണ്ട് 1700ഓളം വരും. ഈ ഭാഷ അവിടുത്തുകാര്‍ക്ക് മാത്രമെ മനസിലാവുകയുള്ളൂ. മലാനയിലെ ഭാഷ സമീപ പ്രദേശങ്ങളിലെ യാതൊരു ഭാഷയുമായും സാമ്യത പുലര്‍ത്തുന്നില്ല. സംസ്‌കൃതത്തിന്റെയും തിബറ്റന്‍ ഭാഷകളുടെയും ഒരു സങ്കരമാണ്. അത് കൊണ്ട് തന്നെ ഈ ഭാഷയെ ഇന്തോ-യൂറോപ്യന്‍ ഭാഷകളില്‍ പെടുത്താതെ തിബറ്റന്‍-ബര്‍മീസ് ഭാഷകളില്‍ ആണ് പെടുത്തിയിരിക്കുന്നത്. മലാനയിലെ ജനങ്ങള്‍ ആര്യന്മാരുടെ നേരിട്ടുള്ള തലമുറ ആണെന്നും അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ സൈന്യത്തിന്റെ തലമുറകളാണ് ഈ ഗ്രാമം നിര്‍മ്മിച്ചതെന്നുമൊക്കെയാണ് കഥകള്‍.

ഇങ്ങോട്ട് പോകുന്ന സഞ്ചാരികള്‍ക്ക് കര്‍ശനമായ നിര്‍ദേശങ്ങളാണ് നല്‍കുക. ഇപ്പോഴും പഴയ ഗോത്ര സംസ്‌കാരത്തില്‍ ജീവിക്കുന്ന ഇവരുടെ ശിക്ഷാരീതികള്‍ വളരെ പ്രാകൃതമാണ്. അതുകൊണ്ട് തന്നെ പുറത്ത് നിന്നുള്ളവര്‍ അവരുടെ സ്വകാര്യതയിലേക്ക് കടന്നാല്‍ ഒട്ടേറെ പ്രശ്‌നങ്ങള്‍ക്ക് കാരണമാകിനിടയുണ്ട്.

പാര്‍വ്വതി താഴ്വരയില്‍ നിന്ന് (മണികരണ്‍) റഷോള്‍ പാസിലൂടെ കടന്നുപോകുന്ന പാതയിലൂടെ 10 മണിക്കൂര്‍ യാത്രയ്ക്ക് ശേഷം നിങ്ങള്‍ക്ക് മലാനയില്‍ എത്തിച്ചേരാന്‍ സാധിക്കും. നഗറില്‍ നിന്ന് മലാനയില്‍ എത്തിച്ചേരാനും ചന്ദര്‍ഖാനി ചുരത്തിലൂടെ കടന്നുപോകാനും ഏകദേശം രണ്ട് ദിവസമെടുക്കുന്ന ഒരു പാതയുണ്ട്. മലാനയില്‍ നിന്നുള്ള ഏറ്റവും അടുത്തുള്ള ഗ്രാമമാണ് ജാരി.

തോഷ്

പാര്‍വതി താഴ്വരയിലെ കസോളിനടുത്തുള്ള ഒരു പര്‍വ്വത ഗ്രാമമാണ് തോഷ്. 2,400 മീറ്റര്‍ (7,900 അടി) ഉയരത്തിലുള്ള തോഷിനെ 'പരമ്പരാഗത ഗ്രാമമായി മാറിയ ഹിപ്പി കോളനി' എന്നാണ് വിശേഷിപ്പിക്കുന്നത്. മന്തലൈ ഗ്ലേയിസര്‍ ആരംഭിക്കുന്നത് ഇവിടെ നിന്നാണ്. 10 കിലോമീറ്റര്‍ മാത്രം വിസ്തൃതിയുള്ള ഈ ഗ്രാമം എളുപ്പത്തില്‍ നടന്ന് കാണാന്‍ കഴിയും. ഇവിടുത്തെ നടപ്പാതകളില്‍ പലതും ആപ്പിള്‍ തോട്ടങ്ങളിലൂടെയും ഹാഷിഷ് തോട്ടങ്ങളിലൂടെയുമാണ്. പര്‍വതങ്ങളുടെയും അരുവിയുടെയും താഴ്വരയുടെയും ഭംഗി മൂലം മാസങ്ങളോളം ഇവിടെ തങ്ങുന്ന സഞ്ചാരികളുമുണ്ട്.

തോഷ് ഗ്രാമം പപ്പാസുര, വൈറ്റ് സെയില്‍, അങ്ദുരി, പിനാക്കിള്‍, ദേവച്ചന്‍ എന്നീ ഗ്ലേയിസറുകളാല്‍ ചുറ്റപ്പെട്ട് കിടക്കുകയാണ്. ഹിമാലയന്‍ ബ്ലൂ പോപ്പിസ്, ഐറിസ്, മാര്‍ഷ് ജമന്തി, പ്രിമുല, ബട്ടര്‍കപ്പ്, ഹിമാലയന്‍ ബല്‍സം തുടങ്ങിയ മനോഹരമായ പുഷ്പങ്ങള്‍ തോഷിന് ചുറ്റുമുള്ള പുല്‍മേടുകളിലും താഴ്വരകളിലും വിരിഞ്ഞ് നില്‍ക്കും. ലാമജിയേഴ്‌സ്, ബുള്‍ ഫിഞ്ചുകള്‍, റോസ് ഫിഞ്ചുകള്‍, ഹിമാലയന്‍ ഗ്രിഫോണ്‍സ്, വൈറ്റ്-ക്യാപ്ഡ് വാട്ടര്‍ സ്റ്റാര്‍ട്ട്‌സ്, ബ്രൗ ഡിപ്പറുകള്‍ എന്നിവ ഈ പ്രദേശത്തെ പക്ഷികളില്‍ ഉള്‍പ്പെടുന്നു. ഹിമാലയന്‍ തവിട്ട്/കറുത്ത കരടികളും ഇവിടെ കാണാപ്പെടാറുണ്ട്.

ഭൂന്തറില്‍ നിന്ന് കസോളിലേക്കുള്ള ബസ് വഴിയോ അല്ലെങ്കില്‍ മണികരണ്‍ - ബര്‍ഷൈനി റോഡുകളിലൂടെ ഒന്നര മണിക്കൂറത്തെ കാര്‍ യാത്രയും തുടര്‍ന്ന് ഒരു മണിക്കൂറത്തെ കാല്‍നടയാത്രയും വഴി തോഷിലെത്താം.

പാര്‍വ്വതി താഴ്‌വര

കുളുവില്‍ പാര്‍വതി താഴ്‌വരയിലേക്ക് പോകുമ്പോള്‍ ശ്രദ്ധയില്‍പ്പെടുക പാര്‍വ്വതി നദി പാതക്ക് അരികിലൂടെ വന്യമായി ഒഴുകുന്നതായിരിക്കും. ഓരോ വളവിലും രോഷകുലയായി പിന്തുടരുകയും പാര്‍വ്വതി നദി ഒടുവില്‍ ഭുന്തറിലെ ബിയാസ് നദിയില്‍ ലയിക്കുന്നതും കാണാം. മനോഹരമായ പാര്‍വതി താഴ്വര റോഡ്, സിഖ് - ഹിന്ദു തീര്‍ത്ഥാടന നഗരമായ മണികരണിലൂടെ കടന്നുപോകുകയും പുള്‍ഗയില്‍ അവസാനിക്കുകയും ചെയ്യുന്നു. ഇവിടെയുള്ള പിന്‍-പാര്‍വതി പാസും ചന്ദ്രഖാനി പാസും നിരവധി ട്രെക്കിംഗുകള്‍ക്കുള്ള ജമ്പിംഗ് ഓഫ് സൈറ്റാണ്.

ബാക്ക്പാക്കര്‍മാരുടെ ഒരു കേന്ദ്രമായ പാര്‍വതി താഴ്‌വരയിലേ ഗ്രാമങ്ങള്‍ ചരസിന് പേരുകേട്ടതാണ്. രുദ്ര-നാഗ് വെള്ളച്ചാട്ടം, ഖീര്‍ഗംഗയിലെ ചൂടുനീരുറവകള്‍, തുണ്ടാ ഭുജ് ഗ്രാമം(3285 മീറ്റര്‍), താക്കൂര്‍ കുവാന്‍ ഗ്രാമം(3560 മീറ്റര്‍), ഡിബിബോക്രി പിരമിഡ് പര്‍വതശിഖരം (6400 മീറ്റര്‍), മന്തലായ് തടാകം (4100 മീറ്റര്‍), പിന്‍ പാര്‍വതി ചുരം (5319 മീറ്റര്‍) തുടങ്ങിയ പ്രദേശങ്ങള്‍ ട്രെക്കിംഗിനും മറ്റുമായി വിനോദ സഞ്ചാരികള്‍ തിരഞ്ഞെടുക്കുന്ന റൂട്ടുകളാണ്. മണാലിയില്‍ നിന്ന് പാര്‍വതി താഴ്വരയിലേക്ക് ബസും മറ്റു വാഹനങ്ങളും ലഭിക്കും.

കസോള്‍

പാര്‍വതി നദിയുടെ തീരത്ത് വിശ്രമിക്കുന്ന കസോള്‍, ഭുന്തര്‍ വിമാനത്താവളത്തില്‍ നിന്ന് 42 കിലോമീറ്റര്‍ അകലെയാണ്. മണികരനിലേക്കുള്ള പാത തന്നെയാണ് കസോളിലേക്കുമുള്ളത്. ക്ലാസ്സി റിവര്‍സൈഡ് കഫേകള്‍, വിലകുറഞ്ഞ ഗസ്റ്റ്ഹൗസുകള്‍, ബാറുകള്‍, ബേക്കറികള്‍ എന്നിവയാല്‍ സമൃദ്ധമായ കസോള്‍ ഹിപ്പി ബാക്ക്പാക്കര്‍മാരുടെ ഒരു കേന്ദ്രമാണ്.

ഖീര്‍ഗംഗ, പിന്‍ പാര്‍വതി പാസ്, യാങ്കര്‍ പാസ്, സര്‍ പാസ് എന്നിവയുള്‍പ്പെടെ നിരവധി കാല്‍നടയാത്രകളുടെയും ആരംഭ കേന്ദ്രമാണ് കസോള്‍. രണ്ടു മൂന്ന് ദിവസം ഇവിടെ താമസിച്ച് പ്രകൃതിയുമായി ചേര്‍ന്ന് നിന്ന് അടുത്തുള്ള ഗ്രാമങ്ങള്‍ സന്ദര്‍ശിക്കുക, പ്രദേശങ്ങളുമായി സംവദിക്കുക, പ്രാദേശിക ഭക്ഷണം പരീക്ഷിക്കുക അങ്ങനെ അങ്ങനെ മനസ് നിറയ്ക്കുന്ന പലതിനും ഇവിടെ ഇടമുണ്ട്.

ഖീര്‍ഗംഗ

ഹിമാലയത്തിലെ ഏറ്റവും മികച്ച രഹസ്യങ്ങളിലൊന്ന് എന്നാണ് ഖീര്‍ഗംഗയെ വിശേഷിപ്പിക്കുന്നത്. തോഷില്‍ നിന്ന് 14 കിലോമീറ്റര്‍ ദൂരം മാത്രമുള്ള ട്രെക്കിംഗ് കൊണ്ട് ഖീര്‍ഗംഗയില്‍ എത്താം. കാല്‍നടയായി മാത്രമേ എത്താന്‍ ഖീര്‍ഗംഗയിലെക്ക് എത്താന്‍ സാധിക്കൂ. വെള്ളച്ചാട്ടങ്ങളും ഒറ്റപ്പെട്ട ഗ്രാമങ്ങളും പോകുന്ന ഇടുങ്ങിയ മലഞ്ചെരിവിലെ മനോഹരമായ ഒരു പകല്‍ യാത്രയാണിത്. നദിയുടെ അതിശയകരമായ ഒഴുക്ക് കണ്ട് ഒട്ടുമിക്ക സഞ്ചാരികളും പാതി വഴിയില്‍ യാത്ര ഉപേക്ഷിക്കണമെന്ന് കരുതുമെങ്കിലും അതിലെ മനോഹരമായ കാഴ്ചകള്‍ ഭയം മറന്ന് യാത്ര ചെയ്യാന്‍ സഹായിക്കും. വര്‍ഷത്തില്‍ ഏഴുമാസമെ ഇങ്ങോട്ട് പ്രവേശിക്കാന്‍ സാധിക്കൂ. മാര്‍ച്ച് മുതല്‍ ഒക്ടോബര്‍ വരെയാണ് ഇവിടെയേക്കുള്ള പ്രവേശന കാലം. ട്രക്കിംഗിന് ശേഷം ഇവിടുത്തെ ചൂടുനീരുറവകളിലെ നീരാട്ടും ഒരു അനുഭവമാണ്.

ചൈനയുമായി രാജ്യാന്തര അതിര്‍ത്തി പങ്കിടുന്ന ഹിമാചലിന്റെ തലസ്ഥാനം ഷിംലയാണ്. ജമ്മു - കാശ്മീര്‍, ലഡാക്ക്, പഞ്ചാബ് തുടങ്ങിയ പ്രദേശങ്ങള്‍ അയല്‍ സംസ്ഥാനങ്ങളാണ്. ഷിംല, കുളു, മണാലി എന്നിവ ഹിമാചല്‍ പ്രദേശിലെ പ്രസിദ്ധമായ വിനോദ സഞ്ചാരകേന്ദ്രങ്ങളാണ്. ഇത് കൂടാതെ ഹാപ്റ്റ പാസ്, ഭ്രിഗു ലേക്ക്, സാര്‍ പാസ്, ലാക്ക ഗ്ലേയിസര്‍ തുടങ്ങി പല ട്രക്കിംഗ് റൂട്ടുകളും ഒട്ടേറെ സാഹസിക പര്‍വ്വതാരോഹണത്തിനുള്ള ഇടങ്ങളും ഹിമാചലിലുണ്ട്.

Next Story

Related Stories