TopTop
Begin typing your search above and press return to search.

ലോകത്തിലെ പ്രകൃതിദത്ത അത്ഭുതങ്ങളില്‍ ഒന്നാണ്, പോയാല്‍ റോമന്‍ സ്‌റ്റൈലില്‍ ചൂട് വെള്ളത്തില്‍ കുളിക്കാം

ലോകത്തിലെ പ്രകൃതിദത്ത അത്ഭുതങ്ങളില്‍ ഒന്നാണ്, പോയാല്‍ റോമന്‍ സ്‌റ്റൈലില്‍ ചൂട് വെള്ളത്തില്‍ കുളിക്കാം

ലോകത്തിലെ പ്രകൃതിദത്ത അത്ഭുതങ്ങളില്‍ ഒന്നാണ് റോമന്‍ ബാത്ത് സ്പാ (Roman Bath Spa). പ്രകൃതി തന്നെ നേരിട്ട് ചൂടുവെള്ളം തരുന്ന ഒരുചെറിയ അരുവിയും അതിനു ചുറ്റും, റോമന്‍കാരുടെ കാലത്ത് പൊതു ജനങ്ങള്‍ക്ക് കുളിക്കാന്‍ വേണ്ടി നിര്‍മിക്കപ്പെട്ട ഒരു സ്‌നാനഗോപുരവുമാണ് സംഭവം. നമ്മള്‍ സാധാരണ വെള്ളം ചൂടാക്കാന്‍ ഉപയോഗിക്കുന്ന അടുപ്പോ, വൈദ്യുതിയോ, സൗരോര്‍ജ്ജമോ ഇല്ലാതെ, ചൂട് വെള്ളത്തിന്റെ അരുവികള്‍ ഇംഗ്ലണ്ടിലെ ബാത്ത് എന്ന പ്രദേശത്തു ഉണ്ടാവുന്നു. അത് കേട്ടപ്പോള്‍ ഒരു താല്‍പ്പര്യം തോന്നി. യുനെസ്‌കോയുടെ പൈതൃക പുരാതന സ്ഥലങ്ങള്‍ (UNESCO World Heritage Sites) ക്ക് പിന്നാലെ പോവുന്ന എന്റെ അടുത്ത യാത്ര ആ ലിസ്റ്റിലുള്ള മറ്റൊരു ആകര്‍ഷണത്തിനു പിന്നാലെ. പ്രകൃതിയിലെ വിസ്മയങ്ങളോടുള്ള കൗതുകത്തില്‍, പ്രകൃതിദത്ത ബാത്തിനു പിന്നിലെ ചരിത്രവും ശാസ്ത്രവും എഞ്ചിനീയറിംഗും തേടി.

രാവിലെ 9.30 യോടെ ബാത്ത് നഗരത്തില്‍ വന്നു ട്രെയിന്‍ ഇറങ്ങി. പ്രതീക്ഷിച്ചതു പോലെതന്നെ, ഇംഗ്ലണ്ടിന്റെ തനതായ ഗ്രാമഭംഗിയില്‍ കുന്നുകളും താഴ്‌വരകളും നിറഞ്ഞ, തണുപ്പില്‍ കുളിച്ചു നില്‍ക്കുന്ന അതിമനോഹരമായ ഒരു കൊച്ചു നഗരം. തലയും ചെവിയും മൂടിയ തൊപ്പിയും കയ്യിലിട്ട ഗ്ലൗസും ഒക്കെയായി തണുപ്പിനെ പ്രതിരോധിക്കാന്‍ കുറച്ചു കഷ്ടപ്പെട്ടു. രാജകീയമായ വീഥികളിലൂടെ ഞാന്‍ ബാത്ത് സ്പായെ ലക്ഷ്യമിട്ടു നടന്നു. അവിടെ എത്തിയപ്പോള്‍ മനസിലായത് ബാത്ത് സ്പാ, ബാത്ത് ആബി (Abbey Church of Saint Peter and Saint Paul, Bath) യോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്.


ഗോഥിക് നിര്‍മാണ രീതിയില്‍ പണിതുയര്‍ത്തിയ തലയെടുപ്പോടെ നില്‍ക്കുന്ന ബാത്ത് ടെമ്പിള്‍. ആളുകളോട് കുശലം പറഞ്ഞു ഫോട്ടോ ഒക്കെ എടുത്തു നില്‍ക്കുന്ന ജീവന്‍ വെച്ച ജെയിന്‍ ആസ്റ്റണ്‍ കഥാപാത്രങ്ങള്‍ കവാടത്തിനു മുന്നില്‍ നിരന്നു നില്‍ക്കുന്നു. ബാത്ത് സ്പായും ആബിയും കാണാനുള്ള ടിക്കറ്റ് എടുത്തു ഉള്ളില്‍ പ്രവേശിച്ചു. ബാത്ത് ക്ഷേത്രത്തിന്റെ ഒന്നാം നിലയിലേക്ക് ആണ് നമ്മള്‍ ആദ്യം ചെന്നെത്തുന്നത്. റോമന്‍ ദേവന്മാരുടെ പ്രതിമകള്‍ രാജകീയമായി തന്നെ നമ്മളെ സ്വാഗതം ചെയ്യുന്നത്.

മുകളില്‍ നിന്നും താഴേയ്ക്ക് നോക്കുമ്പോള്‍ നാലുകെട്ടിന്റെ നടുമുറ്റം പോലെ ഒതുക്കി നിര്‍ത്തിയിരിക്കുന്ന ആവി പറക്കുന്ന ചൂട് നീരരുവി. പച്ച നിറത്തില്‍ ഉള്ള നല്ല തെളിഞ്ഞ വെള്ളം. മാര്‍ബിള്‍ പാകിയ പടവുകളില്‍ ആളുകള്‍ ഇരിക്കുന്നത് കാണാം. മൂന്ന് വശങ്ങളും നടപ്പാതകളാണ്. നാലാമത്തെ വശത്തെ ഒരു ഇടനാഴിയില്‍ ചരിത്രം വിളിച്ചോതുന്ന പെയിന്റിങ്ങുകളും, പുരാവസ്തുക്കളും. താഴേയ്ക്ക് ഇറങ്ങാനുള്ള സ്റ്റെപ്പുകളും. അതിലൂടെ ഇറങ്ങി താഴത്തെ നിലയിലുള്ള അരുവിയുടെ അടുത്തെത്തി.


ആവി പറക്കുന്നതു കാണാമെങ്കിലും, മലയാളിയുടെ സഹജമായ സംശയം തലപൊക്കി. ആരും കാണാതെ ഒരു വിരല്‍ വെള്ളത്തിലിട്ടു ചൂടുണ്ടോ എന്ന് നോക്കി. സംഗതി സത്യമാണ്, ചെറിയ ചൂടുണ്ട്. അവിടെയിവിടെ ആയി കുഞ്ഞ് നീര്‍കുമിളകളും ഉയര്‍ന്നു വരുന്നത് കാണാം. എല്ലാവരുടെ മുഖത്തും ഒരു വിസ്മയം ഉണ്ടായിരുന്നു. ജലാശയം ചുറ്റി നടന്നു കയറിയത് മ്യൂസിയത്തിലേക്കാണ്. അവിടെ ബാത്ത് ചരിത്രം, പുരാതന കല്ലുകള്‍, അക്കാലത്ത് ഉപയോഗിച്ചിരുന്ന പാത്രങ്ങള്‍, നാണയങ്ങള്‍, ആഭരണങ്ങള്‍ ഒക്കെ കാണാം.

ഇനി ഇതെങ്ങനെ ചൂടാവുന്നു എന്നതിന്റെ ശാസ്ത്ര രഹസ്യത്തിലേക്കായി അന്വേഷണം. മെന്‍ഡിപ് മലയിടുക്കുകളില്‍ മഴ പെയ്യുമ്പോള്‍, വെള്ളം ചുണ്ണാമ്പ് പാറയടുക്കുകളിലൂടെ (limestone), നാലായിരം മീറ്ററോളം ഊര്‍ന്നിറങ്ങി താഴെയെത്തുമ്പോഴേക്കും ഭൂസമ്മര്‍ദ്ദവും, ഭൗമതാപോര്‍ജം (Geothermal) കൊണ്ട് വെള്ളത്തിന്റെ താപനില 70 -90 ഡിഗ്രി സെല്‍ഷ്യത്തിലെത്തുന്നു. ഈ ജലം ഭൂമര്‍ദ്ദത്തിന്റെ ഫലമായി വിടവുകളിലൂടെ ഉപരിതലത്തിലേക്ക് പൊങ്ങി ചൂട് നീരുറവകളായി (Hot Spring) ഉയര്‍ന്നു വരുന്നത് ഈ ഭൂതലത്തിന്റെ ഒരു പ്രത്യേകതയാണ്.


A.D 60 -70 നോടടുത്താണ് ഇത്തരം മൂന്ന് അരുവികള്‍ റോമന്‍ അധിനിവേശകാലത്ത് ഇംഗ്ലണ്ടിലെ ബാത്ത് നഗരത്തില്‍ കണ്ടെത്തിയത്. റോമന്‍ ബാത്തുകള്‍ അവരുടെ ചരിത്രത്തിന്റെ തന്നേ ഭാഗമാണ്. സൂര്യന്‍ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം റോമന്‍ അധിനിവേശതിലായിരുന്ന കാലം. റോമന്‍ വീടുകളില്‍ വെള്ളം എത്തിക്കുന്നത് വളരെ ചിലവേറിയ കാര്യമായിരുന്നു കാരണം വിലകൂടിയ ഈയം (Lead) ലോഹനിര്‍മ്മിത പൈപ്പുകളിലൂടെയാണ് ജലസേചനം. അതുകൊണ്ട് തന്നെ വീടുകളില്‍ ജലശേഖരണം കുറവായിരുന്നു. കുളിക്കാനും മറ്റു ആവശ്യങ്ങള്‍ക്കുമായി പൊതു ജലസംഭരണികളെയാണ് അവര്‍ ആശ്രയിച്ചിരുന്നത്.

റോമക്കാര്‍ ഇംഗ്ലണ്ടില്‍ കുടിയേറിയ കാലത്ത് കണ്ടെത്തിയ ചൂട് നീരരുവികളാണ് പിന്നീട് റോമന്‍ ബാത്ത് സ്പാ ആയി രൂപാന്തരം പ്രാപിച്ചത്. ഏകദേശം 300 വര്‍ഷങ്ങള്‍ക്കുള്ളില്‍ പണിതുയര്‍ത്തിയ സ്‌നാന ഗോപുരവും, മ്യൂസിയവും, പമ്പ് റൂമും ഒക്കെ ചേര്‍ന്നതാണെ ഈ ആകര്‍ഷണം. ചെളിയില്‍ ഓക്ക് (OAK) മരത്തടികള്‍ പാകിയാണ് അടിത്തറ പണിതത്. ലെഡ് കൊണ്ട് പൊതിഞ്ഞ,കല്ല് കൊണ്ട് പണി തീര്‍ത്ത ഒരു വലിയ അറയിലാണ്, ചൂട് നീരരുവിയെ ശേഖരിച്ചു വയ്ക്കുന്നത്. ചൂട് വെള്ളം ഒഴുകി വരുന്ന വലിയ ചാലുകളും നമുക്ക് ഇവിടെ നേരിട്ട് കാണാം. ഓരോ ദിവസവും 1,170,000 ലിറ്റര്‍ ജലം വന്നു നിറയുന്നു എന്നാണ് കണക്ക്.


റോമന്‍ ദൈവമായ സുളിസ് മിനര്‍വയുടെ സാന്നിധ്യം കൊണ്ട് ഇവിടം അനുഗ്രഹീതമാണെന്ന് റോമാക്കാര്‍ വിശ്വസിച്ചിരുന്നു. ഇത് പുണ്യജലമാണെന്നും, അത് രോഗങ്ങളെ മാറ്റാന്‍ ശേഷിയുള്ളതാണെന്നും ആയിരുന്നു അന്നത്തെ വിശ്വാസം. ദൈവപ്രീതിക്കായി വിലയേറിയ വസ്തുക്കളും, നാണയങ്ങളും ജലത്തിലേക്കു എറിയുന്നത് പണ്ട് കാലത്തു സാധാരണമായിരുന്നു. റിസര്‍വോയര്‍ നിര്‍മിക്കാനായി ഖനനം ചെയ്തപ്പോള്‍ കിട്ടിയ പുരാ വസ്തുക്കളും, 12000ല്‍ പരം റോമന്‍ നാണയങ്ങളും മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. രണ്ടായിരത്തിലേറെ വര്‍ഷങ്ങള്‍ മുമ്പുള്ള ചരിത്രത്തിലൂടെ നമുക്ക് കടന്നു പോകാം. കാലമേറേ പിന്നിട്ടു, വിശ്വാസങ്ങള്‍ക്ക് മങ്ങലേറ്റതു കൊണ്ടും അതിനു പിന്നിലെ ശാസ്ത്ര വശങ്ങള്‍ ലോകം അറിഞ്ഞത് കൊണ്ടും പുണ്യസ്ഥലം എന്നതിന് ഉപരി ഇന്നതൊരു വിനോദ സഞ്ചാര കേന്ദ്രമായി മാറിയിരിക്കുന്നു.

അവിടെ നിന്നും ഇറങ്ങി നേരെ പോയത് ബാത്ത് പള്ളിയിലേക്കാണ്. ഗോഥിക് സ്‌റ്റൈലില്‍ പണിതിരിക്കുന്ന ഈ പള്ളിയില്‍, അവിടുത്തെ രാജാവിന്റെയും പരിശുദ്ധന്മാരുടെയും ജീവ ചരിത്രം ഗോഥിക് പെയിന്റിംഗിലൂടെ മനോഹരമായി വരച്ചു കാണിക്കുന്നു. ഒരു ക്വയര്‍ സംഘം പാട്ട് പരിശീലിക്കുന്ന തിരക്കിലായിരുന്നു. അവിടെ ഒരു ബെഞ്ചില്‍ ഇരുന്നു പാട്ട് കേട്ട് വിശ്രമിച്ചു. ശേഷം കുളിയും കറക്കവുമൊക്കെ കഴിഞ്ഞ് പതിയെ റൂമിലേക്ക്..


തഫ്നിത ഫൈസല്‍

തഫ്നിത ഫൈസല്‍

ടെക്കി, ട്രാവലര്‍, ട്രെക്കര്‍

Next Story

Related Stories