TopTop
Begin typing your search above and press return to search.

'ആ ചീറ്റിയ ചോര മരത്തിന്റെ ഗ്ലാസ്സില്‍ ശേഖരിച്ചു, വന്ന ആള്‍ക്ക് കൊടുത്തു; അയാള്‍ പെപ്‌സി കുടിക്കുന്ന ലാഘവത്തോടെ കുടിച്ചു'

അബുദാബിയില്‍ പഴയ എയര്‍പോര്‍ട്ടിനടുത്ത് പെപ്‌സികോള കമ്പനിയുടെ അടുത്ത ഫ്‌ലാറ്റില്‍ താമസിക്കുന്ന കാലം. യൂറോപ്പ് രാജ്യങ്ങളല്ലാത്ത ഏതെങ്കിലും രാജ്യത്ത് പോകണമെന്ന ചിന്ത. ഫാര്‍ ഈസ്റ്റ് രാജ്യമായ, ജപ്പാന് അടുത്തുള്ള റിപ്പബ്ലിക് ഓഫ് ചൈന എന്ന് പേരുള്ള തായ്‌വാന്‍ എന്ന സ്ഥലത്തേക്ക് പോകാം എന്ന് തീരുമാനിച്ചു. ഇതില്‍ ഏറ്റവും രസാവഹമായ കാര്യം ആ രാജ്യത്തിന്റെ UAE യിലെ കൊണ്‍സുലേറ്റ് ദുബായില്‍ ആയിരുന്നുവെന്നതല്ല, പ്രത്യുത ആ രാജ്യത്തിന്റെ കോണ്‍്‌സുലര്‍ ഒരു ദുബൈ അറബി ആയിരുന്നു എന്നതാണ്. അതിന്നു കാരണം അന്ന് അദ്ധേഹത്തിന്റെ കമ്പനി ആണ് ആ രാജ്യത്തില്‍ നിന്ന് ഒരു പാട് പ്രോഡക്റ്റ്‌സ് ഇമ്പോര്‍ട്ട് ചെയ്തിരുന്നത്.

വിസയെല്ലാം പെട്ടെന്ന് ശരിയായി. അങ്ങനെ ആയിരത്തി തൊള്ളായിരത്തി എണ്‍പത്തിനാല് ഏപ്രില്‍ ഇരുപത്തിനാലിന് ദുബൈ എയര്‍പോര്‍ട്ടില്‍ നിന്നും ചൈന എയര്‍ലൈന്‍സില്‍ പുറപ്പെട്ടു. പത്തു മണിക്കൂര്‍ നിര്‍ത്താതെയുള്ള (nonstop) ഫ്‌ലൈറ്റ് യാത്രക്ക് ശേഷം വൈകീട്ട് അഞ്ചു മണിക്ക് തായ്‌വാന്റെ തലസ്ഥാനമായ തായ്‌പേ നഗരത്തിലെ ചിയാങ്ങ് കൈഷേക് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ കൂറ്റന്‍ ജമ്പോയില്‍ ചെന്നിറങ്ങി. അവിടെ നിന്നും തായ്‌വാന്റെ ഹൃദയ ഭാഗത്തുള്ള ഏഷ്യ വേള്‍ഡ് പ്ലാസ ഹോട്ടലില്‍ തങ്ങി. ഇനി ഈ ഹോട്ടെലാണ് ഒരാഴ്ച്ചക്കാലം എന്റെ സെന്റര്‍.

പിറ്റേന്ന് മുതല്‍ എന്റെ പ്രോഗ്രാം തുടങ്ങി. തായ്‌പേ എയര്‍ പോര്‍ട്ടില്‍ നിന്നും മൂന്നു മണിക്കൂര്‍ റണ്ണിംഗ് ടൈം ഉള്ള ഹുവാലിന്‍ എന്ന ഹില്‍സ്റ്റെഷനിലെ എയര്‍പോര്‍ട്ടിലേക്ക് പുറപ്പെട്ടു. അവിടെ നിന്നും സീലെവലില്‍ നിന്നും 2565 മീറ്റര്‍ ഉയരമുള്ള സണ്‍ മൂണ്‍ ലൈക് സിറ്റി കാണാമെന്നുള്ള ഉദേശത്തോടെ ടൂറിസ്റ്റ് ബസ്സില്‍ മലകള്‍ കയറി യാത്ര പുറപ്പെട്ടു. പക്ഷെ നിര്‍ഭാഗ്യവശാല്‍ ഞങ്ങള്‍ പോകുന്ന വഴിയില്‍ മല ഇടിഞ്ഞത് കൊണ്ട് യാത്ര പകുതി വഴി വെച്ച് അവസാനിപ്പിച്ചു. അന്ന് രാത്രി ലിഷാന്‍ ഗസ്റ്റ് ഹൗസില്‍ തങ്ങി. അവിടെ ഞാന്‍ ഒരു പ്രത്യേക കാല്‍കുലേറ്റര്‍ കണ്ടു. നമ്മുടെ നാട്ടിലെ ഒരു സ്ലേറ്റിന്റെ വലുപ്പത്തിലുള്ള ഫ്രൈം. അതില്‍ കുറുകെ പത്തു പ്ലാസ്റ്റിക് ചരടുകള്‍ ഫിറ്റ് ചെയ്തിരിക്കുന്നു. ഓരോ ചരടിലും പത്തു ഗോലികള്‍. നമ്മള്‍ എത്ര വലിയ സംഖ്യയെ എത്ര വലിയ സംഖ്യകൊണ്ട് ഗുണിക്കാനോ ഹരിക്കാനോ പറഞ്ഞാല്‍ ഉടനെ അവര്‍ ആ ഗോലികള്‍ അങ്ങോട്ടും ഇങ്ങോട്ടും ആക്കി ഉത്തരം കൃത്യമായി പറയും. അന്ന് രാത്രി തന്നെ അതിന്റെ ഗുട്ടന്‍സ് ഞാന്‍ പഠിച്ചു. പക്ഷെ, തിരക്കിന്നിടയില്‍ അത് വാങ്ങാന്‍ കഴിഞ്ഞില്ല.

പിറ്റേന്ന് വീണ്ടും ഹുവാലിന്‍ എയര്‍പോര്‍ട്ടില്‍ എത്തി.തായ്പേയിലേക്കുള്ള ഫ്‌ലൈറ്റ് ഒരു മണിക്കൂര്‍ ഡിലെ ആണത്രേ. മൂടല്‍മഞ്ഞു കാരണം വിസിബിലിറ്റി കുറഞ്ഞത്രേ. വിവരം വന്നു പറഞ്ഞ എയര്‍പോര്‍ട്ട് ഗ്രൗണ്ട് സ്റ്റാഫ് ഞങ്ങളോട് പലവട്ടം വന്നു സോറി പറഞ്ഞു. (നമ്മുടെ എയര്‍ ഇന്ത്യ പോലെ അല്ലെ?) അത് കഴിഞ്ഞു ഈ ഒരു മണിക്കൂര്‍ ചിലവഴിക്കാന്‍ എന്താണ് വേണ്ടത് എന്ന് ചോദിച്ചു. എയര്‍പോര്‍ട്ടിലുള്ള ഹോട്ടലില്‍ പോകണമെങ്കില്‍ അങ്ങനെ. ഞാന്‍ ആവശ്യപ്പെട്ടത് തായ്‌വാന്റെ ഹിസ്റ്ററി ഉള്ള ഏതെങ്കിലും ബുക്ക് അല്ലെങ്കില്‍ അതിന്റെ ഡോകുമെന്ററി വേണമെന്നാണ്. ഉടനെ എനിക്കും മറ്റു ചിലര്‍ക്കും വേണ്ടി ഒരു ഡോകുമെന്ററി കാണിച്ചു തന്നു. അതില്‍ തായ്‌വാന്‍, ഓസ്‌ട്രേലിയ തുടങ്ങിയ നാടുകളിലെ പഴയ അബോര്‍ഗിനികളായ ആളുകളുടെ ചരിത്രം കാണാന്‍ കഴിഞ്ഞു. ഇനി തായ്‌പേയില്‍ ചെന്നിട്ടു വേണം അവരുടെ ജീവിതരീതി നേരിട്ട് കാണാന്‍ എന്ന് തീരുമാനിച്ചു.

എയര്‍പോര്‍ട്ട് ഗ്രൗണ്ട് സ്റ്റാഫ് വീണ്ടും ഫ്‌ലൈറ്റ് ഡിലെ ആവും എന്ന് സോറി പറഞ്ഞപ്പോള്‍ എനിക്ക് പണ്ടൊരു ജഡ്ജിയുടെ സംഭവം ഓര്‍മ വന്നു. ഒരു ദിവസം ജഡ്ജി കോടതിയില്‍ പോകാന്‍ വേണ്ടി അദ്ധേഹത്തിന്റെ കാറിന്നടുത്തെക്ക് ചെന്നു. ജഡ്ജിക്ക് കയറാനായി ഡ്രൈവര്‍ പിന്നിലെ ഡോര്‍ തുറന്നു കൊടുത്തു. അപ്പോഴാണ് അത് സംഭവിച്ചത്. ഡ്രൈവര്‍ ഒന്ന് തുമ്മി. ഉടനെ, ഡ്രൈവര്‍ ജഡ്ജിയോട് സോറി പറഞ്ഞു. ' ഓ അത് സാരമില്ല' എന്ന് ജഡ്ജി മറുപടി കൊടുത്തു. കാര്‍ പകുതി വഴി ഓടി. ഡ്രൈവര്‍ പിന്നിലിരുന്ന ജഡ്ജിയോട് വീണ്ടും പറഞ്ഞു 'സാര്‍ ക്ഷമിക്കണം. ഞാന്‍ അറിയാതെ സംഭവിച്ച തെറ്റാണ്.' അപ്പോഴും ജഡ്ജി പറഞ്ഞത് അത് കാര്യമാക്കണ്ട എന്നാണ്. ജഡ്ജി തിരിച്ചു കോടതിയില്‍ നിന്ന് വന്നു കാറില്‍ കയറുമ്പോഴും പകുതി വഴി എത്തിയപ്പോഴും ഡ്രൈവര്‍ ഇത് തന്നെ ആവര്‍ത്തിച്ചു. ജഡ്ജി ആദ്യം പറഞ്ഞ പോലെ മറുപടി പറഞ്ഞു. അങ്ങനെ കാര്‍ ജഡ്ജിയുടെ വീടിന്നടുത്തെതി. വീണ്ടും ഡ്രൈവര്‍ സോറി പറഞ്ഞു. അപ്പോള്‍ ജഡ്ജി ഡ്രൈവറോട് കാറിന്റെ താക്കോല്‍ വാങ്ങിയിട്ട് പറഞ്ഞു 'നാളെ മുതല്‍ നീ ജോലിക്ക് വരേണ്ട'.

ലേഖകന്‍ തായ്‌വാനില്‍

പിന്നെ കേട്ടത് മൂടല്‍മഞ്ഞു മാറുന്നില്ല എന്നാണ്. അത് കൊണ്ട് ഒരു ട്രെയിനില്‍ തിരിച്ചു തായ്‌പ്പേയിലേക്ക് പോകാന്‍ വേണ്ടത് ചെയ്തിട്ടുണ്ടെന്നാണ്. മറ്റൊന്ന് കൂടി അവര്‍ ചെയ്തു. ആ ട്രെയിന്‍ ടിക്കറ്റ് ചാര്‍ജ് വാങ്ങിയില്ലെന്ന് മാത്രമല്ല, ഫ്‌ലൈറ്റ് ടിക്കറ്റ് ചാര്‍ജ് മടക്കി തരികയും ചെയ്തു (നമ്മുടെ എയര്‍ ഇന്ത്യ പോലെ അല്ലെ?). ട്രെയിനില്‍ ഞാന്‍ ഒരു പ്രത്യേക സംഭവം കണ്ടു. ജോലി കഴിഞ്ഞു വീട്ടിലേക്കു വരുന്ന സ്ത്രീകളും പുരുഷന്മാരും, എന്തിനേറെ കുട്ടികള്‍ വരെ ഓരോ ഉല്പന്നങ്ങള്‍ ആസ്സമ്പിള്‍ ചെയ്യുന്നുണ്ടായിരുന്നു. വെറുതെയല്ല, മെയിന്‍ലാന്‍ഡ് ചൈനയില്‍ നിന്ന് ചിയാങ്ങ് കൈഷേക്കിനെ തായ്‌വാനിലേക്ക് നാട് കടത്തിയിട്ടും തായ്‌വാനെ ഐക്യരാഷ്ട്രസഭയില്‍ അംഗത്വം കൊടുക്കെരുതെന്നു വീറ്റോ ചെയ്തിട്ടും ആ കൊച്ചു രാജ്യം ഇത്രകണ്ടു പുരോഗതി നേടിയത്.

പിറ്റേന്ന് എന്റെ യാത്ര അബോര്‍ഗിനി വില്ലേജും സ്‌നേക്ക് മാര്‍ക്കറ്റും പഗോഡകള്‍ സന്ദര്‍ശിക്കലും ആയിരുന്നു. ആദ്യം സ്‌നേക്ക് മാര്‍ക്കറ്റിലേക്ക് പോയി. വളരെ വീതി കുറഞ്ഞ ഒരു ടാര്‍ റോഡ്. അതിന്റെ ഇരുവശവും ലൈന്‍ ആയി വീടുകള്‍. വീടുകളുടെ മുമ്പില്‍ റോഡിനോടു ചേര്‍ന്ന് ഒരു ഗ്യാസ് സ്റ്റൗവ്. അതിന്മേല്‍ നമ്മുടെ നാട്ടിലെ ദോശകല്ല് പോലെ ഒന്ന്. തൊട്ടടുത്ത് വെള്ളമില്ലാത്ത അക്ക്യോറിയം പോലെയുള്ള ഒരു കണ്ണാടികൂട്ടില്‍ ജീവനുള്ള ഒരു പാട് പാമ്പുകള്‍. ആളുകള്‍ക്ക് ഇരിക്കാനായി ചെറിയ സ്റ്റൂളുകള്‍. ഞാന്‍ ഒന്നില്‍ ഇരുന്നു. അവിടെ ആരെയും കണ്ടില്ല. പുറത്തു നിന്നും ഒരാള്‍ വന്നു വീടിന്റെ മുന്‍വാതിലിന്റെ മുകളില്‍ തൂക്കിയിട്ടിരിക്കുന്ന, അമ്പലത്തിലെ മണി പോലെയുള്ള ഒരു മണി അടിച്ചു. എല്ലാ വീടുകള്‍ക്കും ഇത്തരത്തിലുള്ള മണികളാണ് ഉള്ളത് വന്ന ആള്‍ എന്റെ അടുത്ത സ്റ്റൂളില്‍ ഇരുന്നു. മാന്‍ഡരിന്‍ ഭാഷയില്‍ അവര്‍ തമ്മില്‍ സംസാരിച്ചു. ആ വീട്ടുടമ ആ ചില്ല് കൂട്ടില്‍നിന്നും ഒരു പാമ്പിനെ കുടുക്കിട്ടു പിടിച്ചു. അതിനെ വേണ്ട വേറെ വേണമെന്ന് പറഞ്ഞപ്പോള്‍ ആ പാമ്പിനെ തിരിച്ചു കൂട്ടില്‍ ഇട്ടു അയാള്‍ പറഞ്ഞ പാമ്പിനെ പിടിച്ചു. പേനകത്തി പോലെയുള്ള ഒരു സാധനം കൊണ്ട് ആ പാമ്പിന്റെ കഴുത്തില്‍ മുറിവുണ്ടാക്കി. ആ ചീറ്റിയ ചോര മരത്തിന്റെ ഗ്ലാസ്സില്‍ ശേഖരിച്ചു, വന്ന ആള്‍ക്ക് കൊടുത്തു. അയാള്‍ പെപ്‌സി കുടിക്കുന്ന ലാഘവത്തോടെ കുടിച്ചു. അതിന്നു ശേഷം ആ പാമ്പിനെ, വാള മുറിക്കുന്ന പോലെ കഷണങ്ങളാക്കി ആ കല്ലില്‍ ഇട്ടു ഏതോ വൃത്തികെട്ട മണമുള്ള എണ്ണയില്‍ പൊരിച്ചെടുത്തു.

അവിടുന്ന് നേരെ എന്റെ ഗൈഡിനെ കൂട്ടി ഞാന്‍ പഗോഡ (ബുദ്ധമതക്കാരുടെ ദേവാലയം) കാണാന്‍ പോയി. ഞാന്‍ ഒരു മുസ്ലിം ആയതു കൊണ്ട് ആ ദേവാലയത്തില്‍ കയറ്റുമോ എന്ന് ഗൈഡിനോട് ചോദിച്ചു. ഇത് ദേവാലയമാണെന്നും ആര്‍ക്കും കടക്കാം എന്നും ആ ബുദ്ധമതക്കാരനായ ഗൈഡ് പറഞ്ഞു. ഞാന്‍ പഗോഡയുടെ പുറത്തു ചെരിപ്പൂരിയിട്ട് ആ പഗോഡയില്‍ കടന്നു പ്രാര്‍ഥനകള്‍ നിരീക്ഷിച്ചു. പിന്നെ ഞാന്‍ പോയത് അബോര്‍ഗിനി വില്ലേജിലേക്കാണ്. അവിടെ അവരുടെ ജീവിത രീതി കണ്ടു. ഏകദേശം നമ്മുടെ ഗിരിവര്‍ഗ ക്കാരെ പോലെ. ഈ അബോര്‍ഗിനികളുടെ മരണശേഷം ശരീരം അവരുടെ പഗോഡയുടെ അടുത്തുള്ള മലയുടെ മുകളില്‍ തുറന്നു വെക്കും. അത് പരുന്തുകള്‍ വന്നു തിന്നു തീര്‍ക്കും. ഏകദേശം ബോംബയിലെ ഫാര്‍സികള്‍ ചെയ്യുന്ന പോലെ.

ഹോട്ടലില്‍ തിരിച്ചെത്തി ടെലിഫോണ്‍ ഡയറക്ടറി എടുത്തു മലയാളി പേരുള്ളവരെ നോക്കി. കിട്ടി, ഒരു ജോര്‍ജ്. ഞാന്‍ ഫോണ്‍ കറക്കി. അങ്ങേ തലയ്ക്കല്‍ നിന്നും ഗുഡ് ഈവെനിംഗ് കിട്ടി. ഞാന്‍ എന്നെ പരിചയപ്പെടുത്തി. അദ്ദേഹം തിരക്കിലാണെന്ന് പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു. എനിക്കദേഹത്തോട് ദേഷ്യം തോന്നി. വീണ്ടും ഞാന്‍ കറക്കി. അദ്ദേഹം പറഞ്ഞത് കേട്ടപ്പോള്‍ എനിക്ക് അദ്ദേഹത്തോടുള്ള ദേഷ്യം കുറഞ്ഞു. അദ്ദേഹം ലണ്ടനില്‍ ആയിരുന്നു. മലയാളികള്‍ വിളിക്കുന്നത് എന്തെങ്കിലും സഹായം ചോദിക്കാനാണെന്നും അത് ഉപദ്രവം ആവുമെന്നും അത് കൊണ്ടാണ് ഫോണ്‍ കട്ട് ചെയ്തതെന്നും പറഞ്ഞു. ഞാന്‍ എന്റെ കാര്യം പറഞ്ഞപ്പോള്‍ അര മണിക്കൂറിനുള്ളില്‍ ഞാന്‍ താമസിക്കുന്ന ഹോട്ടലില്‍ എത്താമെന്നു സമ്മതിച്ചു.

പറഞ്ഞപോലെ അദ്ദേഹം വന്നു. ചെങ്ങന്നൂരിന്നടുത്ത് ബുധനൂര്‍ ആണ് അദ്ധേഹത്തിന്റെ വീട്. അദ്ദേഹം തായ്‌പേ വേള്‍ഡ് ട്രേഡ് സെന്ററില്‍ ഉദ്യോഗസ്ഥനാണ്. അദ്ദേഹം ആ സെന്റെറില്‍ എന്നെ കൊണ്ട് പോയി എല്ലാം കാണിച്ചു തന്നു. പിറ്റേന്ന് കാലത്ത് ജപ്പാന്‍ എയര്‍ലൈന്‍സില്‍ ഞാന്‍ തിരിച്ചു ദുബായിലോട്ട്. ഒരു ഇല പോലെയുള്ള ആ രാജ്യത്ത് നിന്ന് ഫ്‌ലൈറ്റ് ടേക്ക് ഓഫ് ചെയ്യുമ്പോള്‍ ഞാന്‍ ഓര്‍ത്തത്, വ്യവസായം പുരോഗമിക്കുന്ന, വിദേശികളെ വ്യവസായം നടത്താന്‍ ക്ഷണിക്കുന്ന, ഹര്‍ത്താല്‍ ഇല്ലാത്ത, അമിതമായി അധ്വാനിച്ചു രാജ്യപുരോഗതിക്കു വേണ്ടി നില കൊള്ളുന്ന ആ നാട്ടുകാരെയാണ്. ചിയാങ്ങ് കൈഷേക്കിന്റെ അനുയായികളേ, ഒരു ഭാരതീയനായ എന്റെ നമോവാകം.

[കിഴക്കനേഷ്യയിലെ ഒരു ദ്വീപായ തായ്വാന്‍, 'റിപ്പബ്ലിക് ഓഫ് ചൈന' എന്ന പേര് ഇന്നും തുടരുന്നതിന് ഒരു കാരണമുണ്ട്. ഇന്ന് ചൈന എന്ന് അറിയപ്പെടുന്നത് 'പീപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ് ചൈന' ആണ്. ചൈനയും തായ്‌വാനും ഈ പേരിലും അല്ലാതെയും തമ്മില്‍ വര്‍ഷങ്ങളായി തര്‍ക്കത്തിലാണ്. 1949 ഒക്ടോബര്‍ 1-നാണ് വിപ്ലവം ജയിച്ച് ചൈന നിലവില്‍ വരുന്നത്. വിപ്ലവത്തിന് നേതൃത്വം നല്‍കിയ മാവോ സേതൂങ്, ജനകീയ ചൈനയെ റിപ്പബ്ലിക് ആയി പ്രഖ്യാപിച്ചു. അന്ന് പരാജിതനായ ചിയാങ് കയ് ഷെക് തന്റെ സൈന്യത്തോടൊപ്പം തായ്വാന്‍ ദ്വീപിലേക്ക് പലായനം ചെയ്തു. തുടര്‍ന്ന് തായ്പെയ് തലസ്ഥാനമാക്കി ഭരണമാരംഭിക്കുകയും ചെയ്തു. തായ്വാനാണ് യഥാര്‍ഥ ചൈന റിപ്പബ്ലിക് എന്ന് ചിയാങ് അവകാശപ്പെടുകയും കമ്യൂണിസ്റ്റ് വിരുദ്ധരായ രാജ്യങ്ങള്‍ ഇത് അംഗീകരിക്കുകയും ചെയ്തു. അങ്ങനെ തായ്വാന്റെ 'റിപ്പബ്ലിക് ഓഫ് ചൈന' എന്ന നാമം ഇന്നും തുടരുന്നു. പക്ഷേ തായ്വാന്‍ ഒരു രാജ്യമായി ഇന്നും അംഗീകരിക്കപ്പെട്ടിട്ടില്ല.]

ഫീച്ചര്‍ ഇമേജ് ക്രഡിറ്റ് - തായ്‌വാന്‍ ന്യൂസ് (സ്ഥലം - Zhonghua Road , Taipei)ഷെരീഫ് ഇബ്രാഹിം

ഷെരീഫ് ഇബ്രാഹിം

തൃപ്രയാര്‍ സ്വദേശി, പ്രവാസി എഴുത്തുകാരന്‍

Next Story

Related Stories