TopTop
Begin typing your search above and press return to search.

പ്രോസിക്യൂട്ടർ ഹാജരാകുന്നില്ല, നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ അനിശ്ചിതത്വത്തിൽ, കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് റജിസ്ട്രാർക്ക് അപേക്ഷ

പ്രോസിക്യൂട്ടർ ഹാജരാകുന്നില്ല, നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ അനിശ്ചിതത്വത്തിൽ, കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് റജിസ്ട്രാർക്ക് അപേക്ഷ

നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നടപടികള്‍ അനിശ്ചിതത്വത്തില്‍. ഇന്നും പ്രോസിക്യൂട്ടര്‍ കോടതിയില്‍ ഹാജരായില്ല. സാക്ഷി വിസ്താരം ഏറെക്കുറെ പൂര്‍ത്തിയാവുന്ന ഘട്ടത്തില്‍ പ്രോസിക്യൂട്ടര്‍ തുടര്‍ച്ചയായി കോടതിയില്‍ ഹാജരാവാത്തതാണ് വിചാരണ നടപടികള്‍ അനിശ്ചിതത്വത്തിലാക്കിയിരിക്കുന്നത്. വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നു എന്നും ഈ കോടതി മുമ്പാകെ കേസ് തുടര്‍ന്നാല്‍ ഇരയ്ക്ക് നീതി ലഭിക്കില്ലെന്നും പറഞ്ഞുകൊണ്ട് പ്രോസിക്യൂട്ടര്‍ കോടതിയെ സമീപിച്ചിരുന്നു. പിന്നാലെ വിചാരണ കോടതി മാറ്റണമെന്ന് ഹൈക്കോടതി രജിസ്ട്രാര്‍ക്കും അപേക്ഷ നല്‍കി.

ഇന്ന് കേസുമായി ബന്ധപ്പെട്ടവര്‍ സാക്ഷി വിസ്താരത്തിന് വന്നിരുന്നു എങ്കിലും പ്രോസിക്യൂട്ടര്‍ എ. സുരേശന്‍ ഹാജരാവാത്തതിനാല്‍ മടങ്ങി. കഴിഞ്ഞ ദിവസങ്ങളിലും സാക്ഷികളെത്തിയെങ്കിലും പ്രോസിക്യൂട്ടര്‍ ഹാജരാവാത്തതിനാല്‍ വിസ്താര നടപടികള്‍ പൂര്‍ത്തിയാക്കാനായിരുന്നില്ല. പ്രത്യേക കോടതിയിലെ ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ ഈ കോടതി മുമ്പാകെ തുടര്‍ന്നാല്‍ ഇരയ്ക്ക് നീതി കിട്ടില്ല, കോടതിയുടെ പെരുമാറ്റം അങ്ങേയറ്റം പക്ഷപാതിത്വം നിറഞ്ഞതാണ്, നീതിന്യായ വ്യവസ്ഥയ്ക്കാകെയും പ്രോസിക്യൂഷനും കോട്ടം വരുത്തുന്നതാണ് ഇത്തരം സമീപനമെന്നും പ്രോസിക്യൂട്ടര്‍ വിചാരണ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്കെതിരെ അനാവശ്യവും അടിസ്ഥാനരഹിതവും നിന്ദ്യവുമായ പരാമര്‍ശങ്ങള്‍ നടത്തുകയാണ് എന്നും നീതിപൂര്‍വ്വമായ വിചാരണ കേസില്‍ ഉറപ്പാക്കണമെന്നും നീതിക്ക് വേണ്ടി നിലനില്‍ക്കേണ്ടത് പ്രോസിക്യൂഷന്റെ കടമയാണെന്നും ഹര്‍ജിയില്‍ പറയുന്നു. കേസ് മറ്റേതെങ്കിലും കോടതിയിലേക്ക് മാറ്റണമെന്നും അദ്ദേഹം അപേക്ഷിച്ചു. പിന്നീട് ഇതേ ആവശ്യം ഉന്നയിച്ച് ഹൈക്കോടതി രജിസ്ട്രാര്‍ക്കും അപേക്ഷ നല്‍കിയിട്ടുണ്ട്. വിചാരണ ഈ കോടതിയില്‍ തുടരുന്നത് വരെ പ്രോസിക്യൂട്ടര്‍ ഹാജരാവാനിടയില്ലെന്നാണ് കേസുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന അഭിഭാഷകരില്‍ നിന്ന് അറിയാന്‍ കഴിയുന്നത്.

നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസം കൂടി സമയം സുപ്രീം കോടതി നീട്ടി നല്‍കിയിരുന്നു. വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന പ്രത്യേക കോടതി ജഡ്ജി ഹണി എം വര്‍ഗീസിന്റെ കത്ത് പരിഗണിച്ചായിരുന്നു സുപ്രീം കോടതി ഇതിന് അനുമതി നല്‍കിയത്. അതേസമയം കേസിലെ പ്രധാന സാക്ഷിയുള്‍പ്പെടെ മൊഴി മാറ്റിയതോടെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് നടന്‍ ദിലീപിന്റെ ജാമ്യം റദ്ദ് ചെയ്യണമെന്ന് പ്രോസിക്യൂഷനും കോടതിയോട് ആവശ്യപ്പെട്ടിരുന്നു.


കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ഡപ്യൂട്ടി എഡിറ്റര്‍

Next Story

Related Stories