അതിരപ്പിള്ളിക്ക് പിന്നാലെ ആനക്കയം ജലവൈദ്യുതി പദ്ധതി. പ്രതിഷേധവുമായി ആദിവാസി സമൂഹവും പരിസ്ഥിതി സംഘടനകളും. ആനക്കയം ചെറുകിടജലവൈദ്യുത പദ്ധതിയുമായി കെഎസ്ഇബി മുന്നോട്ട് പോവുമ്പോള്‍ പരിസ്ഥിതി ദുര്‍ബല പ്രദേശത്ത് പദ്ധതി അനുവദിക്കില്ലെന്ന നിലപാടിലാണ് കാടര്‍ വിഭാഗത്തില്‍ പെടുന്ന ആദിവാസികളുള്‍പ്പെടെയുള്ളവര്‍. എന്നാല്‍ വൈദ്യുതി ഉത്പാദനം അവശ്യമായ ഘട്ടത്തിലാണ് പദ്ധതിയുമായി മുന്നോട്ട് പോവുന്നതെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം.
30 വര്‍ഷം മുമ്പ് ആലോചനയിലുണ്ടായിരുന്ന വൈദ്യുതോത്പാദന പദ്ധതിയാണ് ആനക്കയത്ത് നടപ്പാക്കാനൊരുങ്ങുന്നത്. ഷോളയാര്‍ പവര്‍ഹൗസില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിച്ചതിന് ശേഷമുള്ള വെള്ളം ടണലിലൂടെ വഴിതിരിച്ച് വിട്ട് ആനക്കയത്തെത്തിച്ച് വൈദ്യുതി. ഉത്പാദിപ്പിക്കുന്നതാണ് പദ്ധതി. ഷോളയാര്‍ മുതല്‍ ആനക്കയം വരെ നീളുന്നതാണ് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന ഭൂഗര്‍ഭ ടണല്‍. തുരങ്കത്തിനായി ഡ്രില്ലിങ് നടത്താനായിരുന്നു ആദ്യ ആലോചന. എന്നാല്‍ പദ്ധതി ചെലവ് ഏറുമെന്നതിനാല്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ പാറക്കെട്ടുകള്‍ പൊട്ടിച്ച് ടണല്‍ നിര്‍മ്മിക്കാനാണ് പിന്നീട് തീരുമാനിച്ചത്. ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലയായ ആനക്കയത്ത് കടുവ സങ്കേതത്തിനുള്ളില്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ ടണല്‍ നിര്‍മ്മിക്കാനാണ് കെഎസ്ഇബിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി അതിരപ്പിള്ളി വനമേഖലയിലെ 625 വന്‍ മരങ്ങള്‍ മുറിച്ച് മാറ്റാന്‍ കെഎസ്ഇബി കരാര്‍ നല്‍കിയിരുന്നു. മരം മുറിക്കല്‍ ജോലികള്‍ ഉടന്‍ ആരംഭിക്കുമെന്ന് കെഎസ്ഇബി അധികൃതര്‍ വ്യക്തമാക്കി. പറമ്പിക്കുളം കടുവാസങ്കേതത്തിന്റെ സംരക്ഷിതമേഖലയോട് ചേര്‍ന്നുള്ള പ്രദേശത്തെ (ബഫര്‍ സോണ്‍) വനമേഖലയിലാണ് ഇതിനായി മരങ്ങള്‍ മുറിക്കുന്നത്. ഷോളയാറില്‍ നിന്ന് ആനക്കയത്തേക്ക് 5.5 കിലോമീറ്റര്‍ നീളത്തിലാണ് തുരങ്കം നിര്‍മിക്കേണ്ടത്. പദ്ധതിയുടെ ഭാഗമായി വാഴച്ചാല്‍ വനം ഡിവിഷനില്‍പ്പെട്ട 20 ഏക്കര്‍ നിബിഡ വനത്തില്‍ 70 സെന്റി മീറ്റര്‍ മുതല്‍ 740 സെന്റി മീറ്റര്‍ വരെ ചുറ്റളവുള്ള മരങ്ങളാണ് മുറിച്ച് മാറ്റുക. 3.65 മീറ്റര്‍ വ്യാസവും 5167 മീറ്റര്‍ നീളവുമുള്ള തുരങ്കം നിയന്ത്രിത സ്ഫോടനത്തിലൂടെ മല തുരന്ന് വേണം നിര്‍മ്മിക്കാന്‍.
പദ്ധതി നടപ്പായാല്‍ കുടിയൊഴിയേണ്ടി വരുമെന്ന ഭയമാണ് പ്രദേശത്തെ ആദിവാസി സമൂഹത്തിന്. ഈ മേഖലകളില്‍ ഒമ്പത് ആദിവാസി ഊരുകളാണുള്ളത്. ഇതില്‍ രണ്ട് ഊരുകളെ നേരിട്ടും മറ്റ് ഊരുകളെ അല്ലാതെയും ബാധിക്കുന്നതാണ് പദ്ധതി എന്ന് കാടര്‍ സമുദായാംഗങ്ങള്‍ പറയുന്നു. "ചെറുകിട ജലവൈദ്യുത പദ്ധതിക്കായി നിര്‍മ്മിക്കുന്ന തുരങ്കം രണ്ട് ഊരുകളുടെ അടിയിലൂടെയാണ് കടന്ന് പോവുക. അങ്ങനെ വന്നാല്‍ രണ്ട് ഊരുകളും അവിടെ നിന്ന് മാറിത്താമസിക്കേണ്ടതായി വരും", വാഴച്ചാല്‍ ഊര് മൂപ്പത്തി വി.കെ ഗീത പറയുന്നു. ആനക്കയം, ഷോളയാര്‍ ഊരുകളെയാണ് പദ്ധതി നേരിട്ട് ബാധിക്കുക. 2018ലെ പ്രളയത്തിലും ഉരുള്‍പൊട്ടലിലും ആനക്കയം ഊര് ഒന്നാകെ ഒലിച്ച് പോയിരുന്നു. ഊര് നിവാസികളുടെ പുനരധിവാസ പദ്ധതികള്‍ എങ്ങുമെത്തിയില്ല. "ഇപ്പോള്‍ തന്നെ ആനക്കയം ഊരിലുള്ളവര്‍ ഊരിന് കുറച്ച് ഇപ്പുറത്തേക്ക് മാറി ഒരു പാറയുടെ മേല്‍ താമസിക്കുകയാണ്. അവര്‍ക്ക് താമസിക്കാനുള്ള സ്ഥലമോ സൗകര്യങ്ങളോ ഇനിയും സര്‍ക്കാര്‍ സൗകര്യം ചെയ്ത് നല്‍കിയിട്ടില്ല". അതിനാല്‍ തന്നെ പദ്ധതിയുടെ ഭാഗമായി സ്ഥലത്ത് നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടാല്‍ പുനരധിവാസത്തിന് വരുന്ന താമസം ഇവരെ ആശങ്കയിലാഴ്ത്തുന്നു. വനാവകാശ നിയമ പ്രകാരം മലഞ്ചരക്കുകള്‍ ശേഖരിക്കുകയും മത്സ്യബന്ധം നടത്തുകയും ചെയ്യുന്ന പ്രദേശമാണിത്. ജലവൈദ്യുത പദ്ധതി നിലവില്‍ വരുകയോ, ആദിവാസികള്‍ സ്ഥലത്ത് നിന്ന് മാറിപ്പോവേണ്ടി വരികയോ ചെയ്താല്‍ തൊഴില്‍ ഇല്ലാതാവും എന്ന ആശങ്കയും നിലനില്ക്കുന്നു.
2018ല്‍ ശക്തമായ ഉരുള്‍ പൊട്ടലുണ്ടായതിന് ശേഷം ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നടത്തിയ പരിശോധനയില്‍ പ്രദേശം വാസയോഗ്യമല്ലെന്നും നിര്‍മ്മാണങ്ങള്‍ പാടില്ലെന്നും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ അതൊന്നും കണക്കിലെടുക്കാതെയാണ് മുപ്പത് വര്‍ഷം മുമ്പ് തീരുമാനിച്ച പദ്ധതി പ്രദേശത്ത് നടപ്പാക്കാനൊരുങ്ങുന്നത്. ഇത് പ്രദേശത്തെ ആദിവാസി ഊരുകളെയെല്ലാം അപകടത്തിലാക്കുമെന്നും ആദിവാസി വിഭാഗങ്ങള്‍ ഭയക്കുന്നു. "പദ്ധതി വരുന്നതിനെക്കുറിച്ചോ മറ്റ് വിവരങ്ങളോ അധികൃതര്‍ ഊരുകളിലെ ആദിവാസികളോട് പറഞ്ഞിട്ടില്ല. ബാധിക്കപ്പെടുന്ന ഊരുകളിലെ ആളുകള്‍ക്ക് ഇങ്ങനെയൈാരു പദ്ധതിയെക്കുറിച്ച് തന്നെ അറിയില്ല. 2006ല്‍ ഞങ്ങള്‍ക്ക് വനാവകാശം ലഭിച്ചതിന് ശേഷം ആ നിയമത്തെ പോലും മറികടന്നുകൊണ്ട് ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തില്‍ 2012-13 കാലഘട്ടത്തില്‍ പദ്ധതിയുടെ കാര്യങ്ങള്‍ക്കായി ഊരുകൂട്ടം കൂടി എന്നാണ് അറിയാന്‍ കഴിയുന്നത്. എന്നാല്‍ ഊരുകളിലുള്ളവര്‍ക്ക് ഇത് സംബന്ധിച്ച് കൃത്യമായ വിവരങ്ങളൈാന്നുമറിയില്ല. ജിയോളജിക്കല്‍ വിഭാഗം വന്ന നടത്തിയ പഠനത്തില്‍ ഇനിയും ഈ പ്രദേശത്ത് ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതായി പറയുന്നു. കടുവാ സങ്കേതത്തിന്റെ ബഫര്‍ സോണുമാണ്. ഇത്രയും പാരിസ്ഥിതിക ദുര്‍ബല പ്രദേശത്ത് എന്തിനാണ് പദ്ധതി കൊണ്ടുവരുന്നതെന്നാണ് അറിയാത്തത്" ഗീത തുടര്‍ന്നു.
മുമ്പ് അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിക്കെതിരെ കാടര്‍ സമുദായം നടത്തിയ ചെറുത്ത് നില്‍പ്പാണ് പദ്ധതി താല്‍ക്കാലികമായി അവസാനിപ്പിക്കുന്നതിലേക്ക് അധികൃതരെ എത്തിച്ചത്. തങ്ങളുടെ ജീവിതത്തിനും തൊഴിലിനും ഭീഷണിയാവുന്ന ചെറുകിടജലവൈദ്യുത പദ്ധതിക്കെതിരെയും ശക്തമായ മുന്നേറ്റം നടത്താനാണ് കാടര്‍ സമുദായാംഗങ്ങളുടെ തീരുമാനം. പദ്ധതിക്കെതിരെ ഹൈക്കോടതിയില്‍ ഇവര്‍ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്.
മരങ്ങള്‍ മുറിച്ച് മാറ്റുന്നതിനായി കെഎസ്ഇബി 45.94 ലക്ഷം രൂപയ്ക്കാണ് തിരുവനന്തപുരം ആസ്ഥാനമായ ചിത്ര എന്റര്‍പ്രൈസസിന് കരാര്‍ നല്‍കിയത്. കടുവാ സങ്കേതത്തിന്റെ ബഫര്‍ സോണില്‍ ഉള്‍പ്പെടുന്ന അഞ്ചു കിലോമീറ്ററില്‍ ഭൂര്‍ഭ ടണല്‍ നിര്‍മ്മിച്ചാണ് 7.5 മെഗാവാട്ട് ശേഷിയുള്ള പവര്‍ഹൗസ് സ്ഥാപിക്കുക. നിര്‍മ്മാണം ആരംഭിക്കുന്നതിന് മുന്നോടിയായാണ് ഇപ്പോള്‍ മരംമുറിക്കാന്‍ കരാര്‍ നല്‍കിയിരിക്കുന്നത്.
അണക്കെട്ട് നിര്‍മ്മിക്കാതെ വൈദ്യുതി ഉത്പാദിപ്പിക്കാനാവും എന്ന നേട്ടമാണ് കെഎസ്ഇബി ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ സംരക്ഷിത വനമേഖലയോട് ചേര്‍ന്ന പാരിസ്ഥിതിക ദുര്‍ബല മേഖലയില്‍ വനം ഇല്ലാതാക്കിയും പാറ തുരന്നും ഉള്ള പദ്ധതിയോട് പരിസ്ഥിതി പ്രവര്‍ത്തകരും പരിസ്ഥിതി ശാസ്ത്രജ്ഞരുമടക്കം പലകുറി വിയോജിപ്പുകള്‍ രേഖപ്പെടുത്തിയിരുന്നു. രാജ്യത്തെ അമ്പത് കടുവാ സങ്കേതങ്ങളില്‍ ആദ്യ പത്തില്‍ വരുന്നതാണ് പറമ്പിക്കുളം. 27 കടുവകള്‍ ഇവിടെയുണ്ടെന്നാണ് കണക്ക്. 643.66 ചതുരശ്ര കിലോമീറ്റര്‍ വരുന്ന പറമ്പിക്കുളം കടുവാ സങ്കേതത്തിനോട് ചേര്‍ന്ന 252.77 ചതുരശ്ര കിലോമീറ്റര്‍ ബഫര്‍ സോണിനുള്ളിലാണ് നിയുക്ത പദ്ധതി വരിക. 2018ല്‍ വലിയ ഉരുള്‍പൊട്ടല്‍ ഉണ്ടായതിനെ തുടര്‍ന്ന് ചെറുതും വലുതുമായ നിരവധി മണ്ണിടിച്ചിലുകളും ഉരുള്‍പൊട്ടലുകളും ആനക്കയം പ്രദേശത്തുണ്ടായി. 2014ലാണ് കര്‍ശന നിബന്ധനകളോടെ ദേശീയ കടുവ സംരക്ഷണ അതോറിറ്റി പദ്ധതിക്ക് അനുമതി നല്‍കിയത്. എന്നാല്‍ 2018ന് ശേഷം കേരളത്തിലെ സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. 2018ല്‍ മഹാപ്രളത്തിനൊപ്പം നിരവധി ഉരുള്‍പൊട്ടലുകള്‍ക്കും മണ്ണിടിച്ചിലുകള്‍ക്കും കേരളം സാക്ഷിയായിരുന്നു. പിന്നീട് 2019ലും ഈ വര്‍ഷവും ചെറുതും വലുതുമായ മണ്ണിടിച്ചിലുകളും ഉരുള്‍പൊട്ടലുകളും വെള്ളപ്പൊക്കവും കേരളത്തെ പിന്തുടര്ന്നു. ഈ സാഹചര്യത്തില്‍ 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആലോചനകള്‍ തുടങ്ങിയ, 2014ല്‍ അനുമതി ലഭിച്ച പദ്ധതിയെക്കുറിച്ച് പുനര്‍വിചിന്തനം ചെയ്യണം എന്നതാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ ആവശ്യം. ചാലക്കുടി പുഴ സംരക്ഷണ സമിതി പ്രവര്‍ത്തകനായ എസ് പി രവി പറയുന്നു, "അനുമതി ലഭിച്ച പദ്ധതിയുമായി സാങ്കേതികമായി സര്‍ക്കാരിന് മുന്നോട്ട് പോവാം. എന്നാല്‍ 2018ന് ശേഷമുള്ള സാഹചര്യത്തില്‍ പരിസ്ഥിതിക്ക് പ്രാധാന്യം നല്‍കിയുള്ള വികസനത്തിന് അനുയോജ്യമായമായ പദ്ധതിയല്ല ഇത്. നിയന്ത്രിത സ്ഫോടനത്തിലൂടെ ശബ്ദമലിനീകരണം മാത്രമാണ് ഇല്ലാതാവുന്നത്. മറ്റെല്ലാ പാരിസ്ഥിതിക പ്രത്യാഘാതങ്ങളും ഉണ്ടാവാനിടയുണ്ട്. വന്യമൃഗങ്ങളുടെ സഞ്ചാര സ്ഥലം കൂടിയാണ് ഇതെന്നിരിക്കെ ചുരുങ്ങിയത് നിര്‍മ്മാണ കാലയളവിലെങ്കിലും വന്യജീവികളുടെ സഞ്ചാരത്തെ അത് തടസ്സപ്പെടുത്തും". വന്യമൃഗങ്ങളുടെ സഞ്ചാരത്തേയും ആവാസവ്യവസ്ഥയേയും ബാധിക്കരുതെന്ന ഉദ്ദേശത്തോടെ വാഹനങ്ങളെ കടത്തി വിടുന്നതിന് പോലും നിയന്ത്രണമുള്ള പ്രദേശത്താണ് സ്ഫോടനം നടത്തി പാറ തുരന്ന് തുരങ്കം ഉണ്ടാക്കി ടണല്‍ സ്ഥാപിക്കുന്നത്. ഇതിനായി എട്ട് ഹെക്ടര്‍ സ്ഥലമാണ് വനംവകുപ്പ് വിട്ട് നല്‍കിയത്.
139.62 കോടിയാണ് പദ്ധതി തുകയായി കണക്കാക്കുന്നത്. എന്നാല്‍ സാമ്പത്തികമായി വലിയ നഷ്ടമാണ് പദ്ധതി വഴി ഉണ്ടാവുക എന്നും വിമര്‍ശനമുണ്ട്. ഷോളയാറില്‍ ഒരു വര്‍ഷം 23 കോടി യൂണിറ്റ് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്. അതിന്റെ പത്ത് ശതമാനം വൈദ്യുതിയാണ് ആനക്കയത്ത് ഉത്പാദിപ്പിക്കുക. പദ്ധതി ചെലവ് തിരിച്ച് പിടിക്കണമെങ്കില്‍ പോലും അമിത വിലയ്ക്ക് വര്‍ഷങ്ങളോളം വൈദ്യുതി വിറ്റാല്‍ മാത്രമേ സാധിക്കൂ എന്നും അഭിപ്രായമുണ്ട്. "2018ല്‍ 150 കോടിയോളം രൂപയാണ് പദ്ധതി തുകയായി കണക്കാക്കിയിട്ടുള്ളത്. ആ തുകുമായി തട്ടിച്ച് നോക്കിയാല്‍ ഒരു മെഗാവാട്ടിന് 20 കോടി രൂപയാണ് ചെലവ്. സാധാരണ ഇത് ഒമ്പത് മുതല്‍ 10 കോടി രൂപ വരെയായിരിക്കും. യൂണിറ്റിന് പത്ത് രൂപയെങ്കിലും ഈടാക്കാതെ പദ്ധതി ലാഭത്തിലാവില്ല. 4-ഉും നാലര രൂപയ്ക്കുമാണ് പുറത്ത് നിന്ന് ഇപ്പോള്‍ വൈദ്യുതി വാങ്ങുന്നത്. കേന്ദ്ര പൂളില്‍ നിന്ന് അതിലും കുറഞ്ഞ നിരക്കില്‍ ലഭിക്കും. പലപ്പോഴും ആ വിഹിതം പോലും കൂടുതലായി കേരളത്തില്‍ ഉപയോഗിക്കാറില്ല. അങ്ങനെയിരിക്കെ ഇത്രയും തുക ചെലവാക്കി ഇങ്ങനെയൊരു പദ്ധതി എന്തിനെന്നതാണ് ചോദ്യം. കായംകുളം താപനിലയം പോലുള്ള സ്ഥലങ്ങളില്‍ പോലും യൂണിറ്റിന് ആറര മുതല്‍ ഏഴ് രൂപ വരെയാണ് കോസ്റ്റ്. നിലയം അടച്ച് പൂട്ടി. ആ സമയത്ത് ഇത്രയും നഷ്ടമായേക്കാവുന്ന പദ്ധതി, കേരളത്തിന്റെ മാറിയ പരിസ്ഥിതിയില്‍, പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാക്കി നിര്‍മ്മിക്കുന്നതെന്തിന്?", എസ്.പി രവി കൂട്ടിച്ചേര്‍ത്തു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്കാന് പരിസ്ഥിതി പ്രവര്‍ത്തകരും പരിസ്ഥിതി ശാസ്ത്രജ്ഞരും തീരുമാനിച്ചിരിക്കുകയാണ്.
എന്നാല്‍ വൈദ്യുതി കേരളത്തിന് ആവശ്യത്തിനുണ്ട് എന്ന് പറയുന്നത് തെറ്റിദ്ധാരണ ആണെന്ന് കെഎസ്ഇബി ഡയറക്ടര്‍ (സിവില്‍) ബിബിന്‍ ജോസഫ് പ്രതികരിച്ചു. "30 ശതമാനം മാത്രമാണ് അധിക വൈദ്യുതി കേരളം ഉത്പാദിപ്പിക്കുന്നത്. അതും മഴക്കാലത്ത്. അതുകഴിഞ്ഞാല്‍ വൈദ്യുതി വാങ്ങുകയാണ്. ഈ സാഹചര്യത്തില്‍ ദീര്‍ഘവീക്ഷണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. എല്ലാവിധ അനുമതികളും പദ്ധതിക്കായി ലഭിച്ചിട്ടുണ്ട്. മരം മുറിക്കല്‍ പൂര്‍ത്തിയായാല്‍ ടണല്‍, പവര്‍ഹൗസ് നിര്‍മ്മാണത്തിനായുള്ള ടെന്‍ഡര്‍ ക്ഷണിക്കും. കരാര്‍ നല്കി നാല് കൊല്ലം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനാവും എന്നാണ് പ്രതീക്ഷ", ബിബിന്‍ ജോസഫ് വ്യക്തമാക്കി. പെരിങ്ങല്‍ക്കുത്ത് റിസര്‍വോയറിന് മുകളിലായായിരിക്കും വൈദ്യുതി ഉത്പാദന കേന്ദ്രം. എല്ലാവിധ പഠനങ്ങളും പൂര്‍ത്തിയായതിന് ശേഷമാണ് പദ്ധതിക്ക് അനുമതി ലഭിച്ചത്. ബഫര്‍ സോണാണ്. എന്നാല്‍ ഡാം ഒന്നും പദ്ധതിയിലില്ല. ടണല്‍ മാത്രമാണുള്ളത്. പാറയ്ക്കകത്ത് കൂടി തുരന്ന് പോവുന്നു എന്ന് മാത്രമാണ് ഒരു പ്രശ്നമായി ചൂണ്ടിക്കാട്ടാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആനക്കയം പദ്ധതിക്കെതിരെ നവംബര്‍ 18ന് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനാണ് പരിസ്ഥിതി പ്രവര്‍ത്തകരും സാങ്കേതിക വിദഗ്ദ്ധരും ഉള്‍പ്പെടെയുള്ളവരുടെ തീരുമാനം. പദ്ധതി നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് കാടര്‍ സമുദായാംഗങ്ങള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പട്ടികവര്‍ഗവികസന വകുപ്പും ഉള്‍പ്പെടെയുള്ളവര്‍ക്ക് നിവേദനം നല്കി. ഇതില്‍ തീരുമാനത്തിനായി കാത്ത് നില്‍ക്കുകയാണെന്നും പദ്ധതിയുമായി മുന്നോട്ട് പോവുകയാണെങ്കില്‍ വലിയ പ്രതിഷേധ സമരങ്ങള്‍ ഉണ്ടാവുമെന്നും ആദിവാസികള്‍ പറയുന്നു.