TopTop

"ഓർഡിനൻസിൽ ഒപ്പിടാത്തതിൽ അസ്വാഭാവികതയില്ല; ഗവർണർ പറയുന്നത് കണക്കിലെടുക്കും": എകെ ബാലൻ

"ഓർഡിനൻസിൽ ഒപ്പിടാത്തതിൽ അസ്വാഭാവികതയില്ല; ഗവർണർ പറയുന്നത് കണക്കിലെടുക്കും": എകെ ബാലൻ

ഗവർണറും സർക്കാരും തമ്മിൽ പ്രശ്നങ്ങളില്ലെന്ന് നിയമമന്ത്രി എകെ ബാലൻ. തദ്ദേശ വാർഡുകളുടെ എണ്ണം കൂട്ടുന്നതു സംബന്ധിച്ച ഓര്‍ഡിനന്‍സിൽ ഗവർണർ ഒപ്പിടാത്തത് ചർച്ചയായ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. ഗവർണറുമായി സർക്കാരിന് പ്രശ്നമൊന്നുമില്ല. ഓർഡിനൻസിൽ ഒപ്പിടാത്തതിൽ അസ്വാഭാവികതയില്ലെന്നും അദ്ദേഹം പറയുന്നത് കണക്കിലെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഗവർണറുമായി സർക്കാർ പ്രശ്നത്തിലാണെന്ന് വരുത്തിത്തീർ‌ക്കാൻ പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്ന് ശ്രമമുണ്ടെന്ന് എകെ ബാലൻ പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഗവര്‍ണറുമായിട്ടുണ്ടെങ്കിൽ അത് പരിഹരിക്കുന്നതിന് ശക്തനായ മുഖ്യമന്ത്രി കേരളത്തിലുണ്ടെന്നും മന്ത്രി പറഞ്ഞു.

ഓർഡിനൻസ് ഭരണഘടനാ വിരുദ്ധമാണെന്ന് തോന്നിയാൽ തിരിച്ചയയ്ക്കുന്നത് സ്വാഭാവികമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. മുൻകാലങ്ങളിലും ഗവർണർമാർ ഇങ്ങനെ ചെയ്തിട്ടുണ്ട്. തനിക്ക് ലഭിച്ച നിയമോപദേശ പ്രകാരമാണ് ഓർഡിനൻസിൽ ഒപ്പിടാത്തതെന്നാണ് ഗവർണർ പറയുന്നത്. അങ്ങനെയങ്കിൽ അദ്ദേഹം ചൂണ്ടിക്കാണിച്ച പ്രശ്നങ്ങൾ പരിശോധിച്ച് ഉൾപ്പെടുത്തുമെന്നും എകെ ബാലൻ വ്യക്തമാക്കി.

ഗവർണർക്ക് തന്റെ മൗലികമായ കാഴ്ചപ്പാട് സൂക്ഷിക്കാൻ അവകാശമുണ്ടെന്നും എകെ ബാലൻ പറഞ്ഞു. ഇപ്പോൾ പ്രശ്നങ്ങളൊന്നും നിലവിലില്ല. എന്തെങ്കിലും പ്രശ്നമുണ്ടെന്ന് തോന്നിയാൽ ഉചിതമായ ഇടപെടലും സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകും. സർക്കാരിനെതിരെ ഒരു അസംതൃപ്തി ഇന്നുവരെ ഗവർണർ പ്രകടിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മുൻ കാലങ്ങളിലും കേന്ദ്ര സർക്കാർ നിയമങ്ങൾക്കെതിരെ നിയമസഭ പ്രമേയം പാസ്സാക്കിയിട്ടുണ്ടെന്ന് എകെ ബാലൻ ചൂണ്ടിക്കാട്ടി. 1971ലും, 2006ലും, 2018ലും ഇത്തരം പ്രമേയങ്ങൾ പാസ്സാക്കപ്പെട്ടിട്ടുണ്ട്. പലതും പ്രതിപക്ഷത്തിന്റെ കൂടി പിന്തുണയോടെയായിരുന്നു. ഇതൊരു പുതിയ കാര്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.


Next Story

Related Stories