Top

തോറ്റപ്പോഴും 'ജയിച്ച' അരുരിനെ പിടിക്കാന്‍ ഷാനിമോള്‍ ഇടതുകോട്ട നിലനിര്‍ത്താന്‍ മനു സി പുളിക്കന്‍

തോറ്റപ്പോഴും

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ പരാജയമേറ്റുവാങ്ങിയപ്പോഴും അരൂരില്‍ നേടിയ മേല്‍ക്കൈയുടെ ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. എന്നാല്‍ അഞ്ച് മാസത്തിനിപ്പുറം മാറിയ രാഷ്ട്രീയാവസ്ഥയില്‍ അരൂര്‍ അതിന്റെ ഇടത് ആഭിമുഖ്യം നിലനിര്‍ത്തുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. രാഷ്ട്രീയ സാമുദായിക കണക്കുകൂട്ടലുകളുമായി ഇരുമുന്നണികളും കളത്തിലിറങ്ങിയപ്പോള്‍ ബിഡിജെഎസ് മത്സരത്തില്‍ നിന്ന് പിന്‍മാറിയ സാഹചര്യത്തില്‍ സ്വന്തം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് ബിജെപിയും തയ്യാറായിക്കഴിഞ്ഞു.


ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് പരാജയമേറ്റുവാങ്ങേണ്ടി വന്ന ഏക മണ്ഡലമായിരുന്നു ആലപ്പുഴ. ഷാനിമോള്‍ ഉസ്മാന്‍ എ എം ആരിഫിനോട് 8878 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. എന്നാല്‍ അരൂര്‍ നിയമസഭാ മണ്ഡലത്തില്‍ 648 വോട്ടുകള്‍ക്ക് ഷാനിമോള്‍ മേല്‍ക്കൈ നേടി. സിറ്റിങ് എംഎല്‍എ ആയ ആരിഫ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 38,519 വോട്ടിന്റെ ഭൂരിപക്ഷം നേടിയ മണ്ഡലത്തില്‍ ഷാനിമോള്‍ ഉസ്മാന് മേല്‍ക്കൈ നേടാനായത് യുഡിഎഫിനെ ചെറുതല്ലാത്ത ആത്മവിശ്വാസമാണ് നല്‍കിയിരിക്കുന്നത്. അരൂരിലുണ്ടാക്കിയ മേല്‍ക്കൈ അതേ സ്ഥാനാര്‍ഥിയെ നിര്‍ത്തി നിലനിര്‍ത്തുകയാണ് കോണ്‍ഗ്രസും യുഡിഎഫും ലക്ഷ്യമിടുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞത് മുതല്‍ അരൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി ഷാനിമോള്‍ ഉസ്മാന്റെ പേരായിരുന്നു ഉയര്‍ന്നത്. പിന്നീട് ഗ്രൂപ്പ് വേര്‍തിരിവുകളില്‍ പിന്നാക്കം പോയെങ്കിലും അവസാന ലാപ്പില്‍ സ്ഥാനാര്‍ഥിത്വം ഉറപ്പിക്കുകയായിരുന്നു. ന്യൂനപക്ഷ വോട്ടുകള്‍ നിര്‍ണായകമായ അരൂര്‍, അരൂക്കുറ്റി പഞ്ചായത്തുകളില്‍ 1998,1907 വോട്ടുകളുടെ വ്യക്തമായ മുന്‍തൂക്കവും കുത്തിയതോട് എഴുപുന്ന പഞ്ചായത്തുകളില്‍ 568, 704 ഉും നേടി ആരിഫിനെ മറികടക്കുകയും ചെയ്തിരുന്നു. വീണ്ടും വോട്ടര്‍മാരുടെ മുന്നിലെത്തുമ്പോള്‍ കൂടുതല്‍ പിന്തുണ ലഭിക്കും എന്നതാണ് യുഡിഎഫ് പ്രവര്‍ത്തകരുടെ പ്രതീക്ഷ. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മറ്റ് മണ്ഡലങ്ങളില്‍ പലവിധ പ്രശ്നങ്ങള്‍ ഉണ്ടായെങ്കിലും അരൂരില്‍ ചെറിയ അഭിപ്രായ വ്യത്യസങ്ങള്‍ ഉണ്ടായതൊഴിച്ചാല്‍ ഷാനിമോള്‍ ഉസ്മാന്‍ മത്സരിക്കുന്നതിനോട് എ,ഐ ഗ്രൂപ്പുകള്‍ അനുകൂലമായിരുന്നു. ഐ ഗ്രൂപ്പ് പ്രതിനിധി എന്ന നിലക്കാണ് അരൂരില്‍ ത്സരിക്കാന്‍ തിരഞ്ഞെടുക്കപ്പെടുന്നതെങ്കിലും ഗ്രൂപ്പുകള്‍ക്കതീതയായി നില്‍ക്കുന്നയാളെന്ന ഇമേജ് ഷാനിമോള്‍ക്കുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ മേല്‍ക്കൈ നേടാനായത് ഗ്രൂപ്പുകള്‍ക്കുള്ളിലെ ഉള്‍വലിവുകള്‍ ഇല്ലാതിരുന്നതിനാലാണെന്ന കാര്യം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തുറന്ന് സമ്മതിക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ തോറ്റത് ആലപ്പുഴയില്‍ മാത്രമാണെന്നതിനാല്‍ അതിലൂടെയുണ്ടാകുന്ന സഹതാപവും ഷാനിമോള്‍ക്ക് ഗുണകരമാവുമെന്നാണ് അവരുടെ പ്രതീക്ഷ. ലത്തീന്‍ കത്തോലിക്ക, മുസ്ലിം വോട്ടുകള്‍ക്ക് വ്യക്തമായ പ്രാതിനിധ്യമുള്ള മണ്ഡലത്തില്‍ ന്യൂനപക്ഷ വോട്ടുകള്‍ പിടിക്കാന്‍ ഷാനിമോള്‍ക്ക് കഴിയും എന്നതാണ് യുഡിഎഫിന്റെ മറ്റൊരു പ്രതീക്ഷ. യുഡിഎഫ് കണ്‍വീനറായ ഉമേശന്‍ പറയുന്നു ' ഗ്രൂപ്പ് തര്‍ക്കങ്ങള്‍ക്കെല്ലാം മുകളിലാണ് ഷാനിമോള്‍ ഉസ്മാന്റെ സ്ഥാനം. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആദ്യ സമയത്ത് ഷാനിമോള്‍ വന്നാല്‍ തോല്‍ക്കുമെന്ന സംസാരമായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ മുന്നോട്ട് പോകുന്തോറും കടുത്ത മത്സരത്തിലേക്ക് ആലപ്പുഴ നീങ്ങുകയായിരുന്നു. ചിലയിടങ്ങളില്‍ സംഭവിച്ച വീഴ്ചകളാണ് പരാജയത്തിന് കാരണമായത്. എന്നാല്‍ ആരിഫിന്റെ അരൂരില്‍ തന്നെ ലീഡ് ചെയ്യാനായത് ചെറിയ കാര്യമല്ല. ആ ലീഡ് ഇക്കുറിയും ലഭിക്കും എന്നതാണ് പ്രതീക്ഷ. നല്ല ഭൂരിപക്ഷത്തിന് ജയിക്കാനുള്ള എല്ലാ അനുകൂല സാഹചര്യവും നിലവിലുണ്ട്.'

1957 മുതല്‍ 2016 വരെയുള്ള നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാല്‍ മൂന്ന് തവണയൊഴികെ മറ്റെല്ലാ കാലത്തും ഇടതിനൊപ്പം നിന്ന മണ്ഡലമാണ് അരൂര്‍. 1957ലും 60ലും കോണ്‍ഗ്രസിന്റെ പിഎസ് കാര്‍ത്തികേയന്‍ ജയിച്ചു. എന്നാല്‍ പിന്നീടുള്ള തിരഞ്ഞെടുപ്പുകളില്‍ 1977ല്‍ സിപിഐ സ്ഥാനാര്‍ഥി പി എസ് ശ്രീനിവാസനും ജയിച്ചതൊഴിച്ചാല്‍ 1991ലെ തിരഞ്ഞെടുപ്പ് വരെ സിപിഎം സ്ഥാനാര്‍ഥിയായിരുന്ന കെ ആര്‍ ഗൗരിയമ്മയ്ക്ക് സ്വന്തമായിരുന്നു വിജയങ്ങള്‍. 1997ലും 2001ലും ജെഎസ്എസ് ആയി മത്സരിച്ച ഗൗരിയമ്മ തന്നെ വിജയം തുടര്‍ന്നു. എന്നാല്‍ ഗൗരിയമ്മയുടെ വ്യക്തി പ്രഭാവം ഏറെക്കുറെ അവസാനിച്ച സമയം ഇടതുപക്ഷ മുന്നണി എ എം ആരിഫിലൂടെ തിരിച്ചുവരവ് നടത്തി. 2006ല്‍ ഗൗരിയമ്മയെ 4753 വോട്ടുകള്‍ക്കാണ് ആരിഫ് പരാജയപ്പെടുത്തിയത്. പിന്നീട് വന്ന തിരഞ്ഞെടുപ്പുകളില്‍ എ എ ഷുക്കൂറിനെ 16,852 വോട്ടുകള്‍ക്കും അഡ്വ സി ആര്‍ ജയപ്രകാശിനെ 38519 വോട്ടുകളുടെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിനും തോല്‍പ്പിച്ച് ആരിഫ് അജയനായി. ഈ വിജയം മനു സി പുളിക്കലിലൂടെ തുടരാം എന്നാണ് എല്‍ഡിഎഫിന്റെ കണക്കുകൂട്ടല്‍. എല്‍ഡിഎഫിന്റെ കുത്തകയായ ഈഴവ സമുദായ വോട്ടുകളും ക്രിസ്ത്യന്‍ സമുദായ വോട്ടുകളും മനുവിന് അനുകൂലമായിരിക്കും എന്നതാണ് പ്രവര്‍ത്തകരുടെ പ്രതീക്ഷ. അരൂരിന്റെ വികസനപ്രവര്‍ത്തനം ഇടതുപക്ഷ സര്‍ക്കാരിലൂടെ തുടരാം എന്നതാണ് എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് മുദ്രാവാക്യം. പരമ്പരാഗത ഇടതു വോട്ടുകള്‍ക്കൊപ്പം യുവാക്കളുടെ പിന്തുണ മനുവിന് ലഭിക്കും എന്ന് പ്രവര്‍ത്തകര്‍ പ്രതീക്ഷ പങ്കുവക്കുന്നു. എന്നാല്‍ പ്രാദേശികമായി പാര്‍ട്ടിക്കുള്ളില്‍ നില്‍ക്കുന്ന വിഭാഗീയത തിരിച്ചടിയായേക്കുമെന്ന ഭയം ഒരു കൂട്ടം പ്രവര്‍ത്തകര്‍ക്കെങ്കിലുമുണ്ട്. ഇതില്ലാതാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി തലത്തില്‍ നിന്ന് നടത്താനും തീരുമാനമുണ്ട്. എതിര്‍ഘടകങ്ങള്‍ ഉണ്ടെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പില്‍ നിന്ന് രാഷ്ട്രീയം സാഹചര്യം മാറിയെന്നാണ് പ്രവര്‍ത്തകരുടെ അഭിപ്രായം. പാല ഉപതിരഞ്ഞെടുപ്പ് പകര്‍ന്ന ആത്മവിശ്വാസവും ഇവര്‍ക്കുണ്ട്. അനുകൂല തരംഗമുണ്ടായപ്പോഴും ഷാനിമോളുടെ ലീഡ് അരൂരില്‍ 648 വോട്ടുകള്‍ മാത്രമായി ചുരുങ്ങിയത് കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് തര്‍ക്കങ്ങളാണെന്നും, അത് ഇപ്പോഴും തുടരുന്ന സാഹചര്യത്തില്‍ അതും എല്‍ഡിഎഫിന് ഗുണമാവുമെന്ന് നേതാക്കള്‍ പറയുന്നു. സ്ഥാനാര്‍ഥി മനു സി പുളിക്കല്‍ പറഞ്ഞതിങ്ങനെ ' വളരെ അനുകൂലമായ പ്രതികരണമാണ് എല്ലായിടത്തു നിന്നും. പാര്‍ട്ടി ഒന്നിച്ച് നിന്നാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. പുറത്ത് പറഞ്ഞ് കേള്‍ക്കുന്ന പ്രശ്നങ്ങളൊന്നും പാര്‍ട്ടിക്കുള്ളില്‍ ഇല്ല. അതുള്ളത് മറുപക്ഷത്താണ്. അരൂരില്‍ വികസനത്തുടര്‍ച്ചയുണ്ടാവണം എന്നതാണ് ഞങ്ങള്‍ വക്കുന്ന മുദ്രൈവാക്യം. ഇക്കാലയളവിനുള്ളില്‍ അരൂരിലെ ജനത അത് തിരിച്ചറിഞ്ഞിട്ടുള്ളതാണ്. അതിനാല്‍ വികസന കാര്യങ്ങള്‍ക്കായി മറ്റ് വിയോജിപ്പുകള്‍ മറന്ന് എല്ലാ സാമൂഹിക-സാമുദായിക വിഭാഗങ്ങളും ഞങ്ങള്‍ക്കൊപ്പം നില്‍ക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.' നേരത്തെ എല്‍ഡിഎഫിന് ലഭിച്ചിരുന്ന ഈഴവ വോട്ടുകള്‍ ബിഡിജെഎസ് വഴി ചുരുങ്ങിയ ശതമാനമെങ്കിലും എന്‍ഡിഎക്ക് ലഭിച്ചിരുന്നു. എന്നാല്‍ ഇക്കുറി ബിഡിജെഎസ് മത്സര രംഗത്ത് നിന്ന് ഒഴിഞ്ഞ് നില്‍ക്കുന്നത് ശുഭസൂചനയാണെന്ന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കരുതുന്നു. മുസ്ലിം സമുദായ വോട്ടുകളും ലത്തീന്‍ കത്തോലിക്ക വോട്ടുകളും വെല്ലുവിളിയുയര്‍ത്തുമ്പോള്‍ മണ്ഡലത്തില്‍ ഏറെ പ്രാതിനിധ്യമുള്ള ഈഴവ സമുദായ വോട്ടുകള്‍ ലക്ഷ്യം വച്ച് നീങ്ങാനാണ് പ്രവര്‍ത്തകര്‍ക്കിടയിലെ ധാരണ.

അരൂരില്‍ ബിജെപി സ്ഥാനാര്‍ഥി വേണം എന്ന ആവശ്യം പ്രവര്‍ത്തകര്‍ മുമ്പ് തന്നെ ഉന്നയിച്ചിരുന്നു. എന്നാല്‍ മണ്ഡലത്തില്‍ ബിഡിജെഎസ് സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നത് സാമുദായിക വോട്ടുകള്‍ ലഭിക്കാന്‍ സഹായകമാവും എന്ന കണക്കുകൂട്ടലില്‍ ബിഡിജെഎസിന് സീറ്റ് നല്‍കാന്‍ മുമ്പ് തീരുമാനിച്ചു. എന്നാല്‍ മത്സരത്തില്‍ നിന്ന് ബിഡിജെഎസ് പിന്‍മാറി. ചെക്ക് കേസില്‍ ഉള്‍പ്പെട്ട തുഷാര്‍ വെള്ളാപ്പള്ളിക്ക് മുഖ്യമന്ത്രി സഹായമായെത്തിയതോടെ ബിഡിജെഎസ് എല്‍ഡിഎഫ് അനുകൂല നിലപാടില്‍ എത്തിയിരിക്കുകയാണെന്നാണ് ബിജെപി പ്രവര്‍ത്തകര്‍ ഉന്നയിക്കുന്ന വിമര്‍ശനം. പാല തിരഞ്ഞെടുപ്പില്‍ തനിക്ക് ബിഡിജെഎസിന്റെ സഹായം ലഭിച്ചു എന്ന് വിജയിച്ച മാണി സി കാപ്പന്‍ വെളിപ്പെടുത്തിയിരുന്നു. അരൂരിലെ പിന്‍മാറ്റം അതുമായി കൂട്ടിവായിച്ചാണ് പ്രവര്‍ത്തകര്‍ വിമര്‍ശനം ഉന്നയിക്കുന്നത്. ഈഴവ സമുദായത്തില്‍ നിന്നുള്ള പ്രകാശ് ബാബുവിനെ മത്സരത്തിനിറക്കി സമുദായ വോട്ടുകള്‍ പിരിക്കാനാണ് ബിജെപിയുടെ ഉദ്ദേശം. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുകയും അതുമായി ബന്ധപ്പെട്ട അനേകം കേസുകളില്‍ ഉള്‍പ്പെടുകയും ചെയ്ത പ്രകാശ് ബാബു ഏറ്റവും അനുയോജ്യനായ സ്ഥാനാര്‍ഥിയാണെന്നാണ് ബിജെപി മണ്ഡലം കമ്മിറ്റി പ്രവര്‍ത്തകരുടെ അഭിപ്രായം. ശബരമല വിഷയം തിരഞ്ഞെടുപ്പില്‍ വീണ്ടും ഉയര്‍ത്തി ഹൈന്ദവ വോട്ടുകള്‍ ശേഖരിക്കാനാണ് ബിജെപിയുടെ നീക്കം. ധീവര സഭ സ്വതന്ത്ര സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാനുള്ള നീക്കത്തിലാണ്. ധീവര സഭയുടെ രാഷ്ട്രീയ പാര്‍ട്ടി നിലവില്‍ വരുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പാര്‍ട്ടി രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായിട്ടില്ലാത്ത സാഹചര്യത്തിലാണ് സ്വതന്ത്ര സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നത്. എന്നാല്‍ ഇത് യുഡിഎഫിന് തിരിച്ചടിയാവുമെന്ന കണക്കുകൂട്ടലാണുള്ളത്. തീരദേശ വോട്ടുകളില്‍ എഴുപത് ശതമാനത്തിലധികവും ലഭിച്ചിരുന്നത് യുഡിഎഫിനായിരുന്നു എന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു.


Next Story

Related Stories